ഓറിയന്റൽ ഓർത്തഡോക്‌സ് സഭാകുടുംബത്തിലെ അംഗസഭകളിലൊന്നായ പൌരസ്ത്യ ഓർത്തഡോക്‌സ് സുറിയാനി സഭയുടെ പ്രധാന മേലദ്ധ്യക്ഷനായ പൌരസ്ത്യ കാതോലിക്കോസ് ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ നൽകിയ ഓണ സന്ദേശം:-
അന്നും ഇന്നും ഓർമ്മകളിൽ നിറഞ്ഞ് നിൽക്കുന്ന സന്തോഷമാണ് ഓണം. ഓണം മലയാളിക്ക് ഉത്സവകാലമാണ്.
ഓണത്തെപ്പറ്റി കേൾക്കുമ്പോൾ മനസ്സിൽ ഓടി എത്തുന്നത് കുട്ടിത്തം നിറഞ്ഞ ബാല്യകാലമാണ്. സ്‌കൂളിനോടും പുസ്തകത്തോടും അവധി പറയുന്ന പത്ത് ദിവസങ്ങൾ സമപ്രായക്കാരായ കുട്ടികൾ പൂക്കളമൊരുക്കുന്നതും, പാടത്തും പറമ്പിലുമെല്ലാം ഓടികളിക്കുന്നതും അനേകം കൂട്ടം കറികളോടെയുള്ള ഗംഭീര സദ്യയുമെല്ലാം ഓണത്തിന്റെ നിറമുള്ള ഓർമ്മകളാണ്.
ദാരിദ്യ്രം നിറഞ്ഞ പഴയകാലത്തെ ഓണസ്മരണകളെക്കുറിച്ച് ഞങ്ങളുടെ നാട്ടിലെ ഒരു പഴഞ്ചൊല്ല് ഇങ്ങനെയാണ്: ''തിരുവോണം തിരിഞ്ഞും മറിഞ്ഞും, രണ്ടോണം ഞണ്ടും ഞൗഞ്ഞീനും, മൂന്നോണം മുക്കിയും മൂളിയും, നാലോണം നക്കിയും നുണഞ്ഞും, അഞ്ചോണം അഞ്ചാം കഞ്ഞി അടുപ്പത്തും, അച്ഛൻ പാടത്തും''. ഉണ്ടും ഉണ്ണാതെയും കഴിഞ്ഞവർ പോലും തിരുവോണത്തിന് വിഭവസമൃദ്ധമായി ഭക്ഷണം തയ്യാറാക്കി കഴിക്കും. പാടത്തെ ഞണ്ടും ഞൗഞ്ഞീനും വളരെ സാവധാനം നടക്കുന്ന ജീവികളാണ്. രണ്ടാം ഓണത്തിന് തിരുവോണത്തിന്റെ അത്ര ആവേശമില്ലെന്ന് അർത്ഥം. മൂന്നാം ഓണത്തിനും നാലാം ഓണത്തിനും ദാരിദ്യ്രം കുറേശ്ശെ മറനീക്കി പുറത്തുവരുന്നു. അഞ്ചാം ഓണത്തിന് ചോറുമാറി വീണ്ടും കഞ്ഞിയിലേക്കും. വീട്ടിലെ കാരണവർ വീണ്ടും പാടത്തെ പണിയ്ക്കായും പോകുന്നു ഇതാണ് പഴഞ്ചൊല്ലിന്റെ സാരം.
പഴയകാല ഓണത്തിന്റെ നേർചിത്രം കൂടിയാണ് മേൽ സൂചിപ്പിച്ച പഴഞ്ചൊല്ല്. ആഘോഷങ്ങളോട് ഏറെ ആഭിമുഖ്യമുള്ള ഞങ്ങളുടെ നാട്ടിൽ ഓണത്തിന്റെ പ്രാദേശികമായ പല രീതികളും നിലവിലുണ്ട്. ഓണത്തോടനുബന്ധിച്ച് ഓണത്തല്ല് അഥവാ കയ്യാങ്കളി എന്ന കായിക അഭ്യാസം സംഘടിപ്പിക്കാറുണ്ട്. ഹൈന്ദവ വീടുകളിൽ മഹാബലിയെ വരവേൽക്കുന്നതിനായി അരിമാവുകൊണ്ട് കോലം വരച്ച് വീട്ടുമുറ്റത്തോ ഇറയത്തോ തൃക്കാക്കരഅപ്പനെ ഒരുക്കുന്ന പതിവുണ്ട്. ഐശ്വര്യത്തിന്റെ പ്രതീകമായാണ് ഇതിനെ കാണുന്നത്. ഓണക്കാഴ്ച്ച സമർപ്പണം കുന്നംകുളത്ത് വളരെ പ്രസിദ്ധമാണ്. പട്ടുകോണം, കുട്ടിസഞ്ചി, സൂര്യപന്ത് എന്നിവയാണ് കുട്ടികൾക്ക് ലഭിക്കുന്ന ഓണസമ്മാനങ്ങൾ. സ്വർണ്ണ നിറത്തിലുള്ള കാഴ്ച്ചക്കുലകൾ ഓണക്കാലത്തെ പ്രധാന കാഴ്ച്ചകളിലൊന്നാണ്. തെങ്ങാലിക്കോടൻ നേന്ത്രക്കായ എന്നാണിവ അറിയപ്പെടുന്നത്.
ഓണക്കാലത്ത് ബന്ധുവീടുകളിൽ കൊടുക്കുന്ന ഏറ്റവും മൂല്യവത്തായ സമ്മാനങ്ങളിലൊന്നാണ് കാഴ്ച്ചക്കുലകൾ. ഓണക്കാലത്ത് അങ്ങാടികളിലെങ്ങും ആയിരങ്ങൾ മുടക്കി ആവേശപൂർവ്വം ചെയ്യുന്ന കച്ചവടമാണ് കാഴ്ച്ചക്കുലകളുടേത്. എല്ലാ അങ്ങാടി വീടുകളുടെയും ഉമ്മറങ്ങൾ കാഴ്ച്ചക്കുലകളുടെ കച്ചവടത്തിന് വേണ്ടി ഓണക്കാലത്ത് വിട്ടുകൊടുക്കും. കാഴ്ച്ചക്കുലകൾ കാണാൻ മാത്രം അനേകർ അങ്ങാടികളിലേക്ക് എത്താറുണ്ട്.
ഓണം നൽകുന്നത് ഒന്നാകണം എന്ന സന്ദേശം കൂടിയാണ്. പാടവും, വിശാലമായ പറമ്പുകളും, ഗ്രാമീണരായ നല്ല ആളുകളും അവരുടെ സൗഹൃദവുമെല്ലാം ഓണത്തിന്റെ ഗ്രഹാതുരത്വങ്ങളാണ്.
ഓണം നമുക്ക് സമ്മാനിക്കുന്നത് സമ്പൽസമൃദ്ധിയുടെയും സമത്വത്തിന്റെയും, അഴിമതി രഹിതമായ സമൂഹത്തിന്റെയും സാമൂഹിക നീതിയുടെയും നല്ലകാലത്തിലേക്കുള്ള പ്രതീക്ഷയാണ്. ആ യാഥാർത്ഥ്യത്തിലേക്കുള്ള മടങ്ങിവരവാകട്ടെ നമ്മുടെ ഓണം.
എല്ലാവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ!
സെപ്തംബർ 6, 2014
ഉറവിടം:ഓർത്തഡോക്‌സ് സഭ
https://www.facebook.com/notes/811316552975538/
No comments:
Post a Comment