20141004

സഹോദരൻ കെ. അയ്യപ്പന്റെ ഓണപ്പാട്ട്


ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ നവോത്ഥാന, സാമൂഹിക വിപ്ലവങ്ങളുടെ ഭാഗമായി സഹോദരൻ കെ. അയ്യപ്പൻ ഒരു സവിശേഷ സംസ്‌കാര, രാഷ്ട്രീയ രചനയായി ഒരു ഓണപ്പാട്ടെഴുതുകയും പാടിനടക്കുകയും 1934-ലെ തന്റെ പദ്യകൃതികളിൽ അച്ചടിച്ച് പ്രസിദ്ധീകരിക്കുകയും ചെയ്തു.പതിനാറാം നൂറ്റാണ്ടിൽ വിരചിതമായതെന്നു് കരുതപ്പെടുന്ന മാവേലിചരിതം ഓണപ്പാട്ടിലെ ആറുവരികളോടെയാണതിന്റെ തുടക്കം.

സഹോദരൻ കെ. അയ്യപ്പൻറെ ഓണപ്പാട്ട് ചുവടെ:-


മാവേലി നാടു വാണീടും കാലം
മാനുഷരെല്ലാരുമൊന്നുപോലെ

ആമോദത്തോടെ വസിക്കും കാലം
ആപത്തങ്ങാർക്കുമൊട്ടില്ലതാനും

കള്ളവുമില്ല ചതിവുമില്ല
എള്ളോളമില്ല പൊളി വചനം

തീണ്ടലുമില്ല തൊടീലുമില്ല
വേണ്ടാതനങ്ങൾ മറ്റൊന്നുമില്ല

ചോറുകൾവച്ചുള്ള പൂജയില്ല
ജീവിയെക്കൊല്ലുന്ന യാഗമില്ല

ദല്ലാൾവഴിക്കീശസേവയില്ല
വല്ലാത്ത ദൈവങ്ങളൊന്നുമില്ല

സാധുധനിക വിഭാഗമില്ല
മൂലധനത്തിൻ ഞെരുക്കലില്ല

ആവതവരവർ ചെയ്തു നാട്ടിൽ
ഭൂതി വളർത്താൻ ജനം ശ്രമിച്ചു

വിദ്യ പഠിക്കാൻ വഴിയേവർക്കും
സിദ്ധിച്ചു മാബലി വാഴും കാലം

സ്ത്രീക്കും പുരുഷനും തുല്യമായി
വാച്ചുസ്വതന്ത്രതയെന്തു ഭാഗ്യം?

കാലിയ്ക്കുകൂടി ചികിത്സ ചെയ്യാൻ
ആലയം സ്ഥാപിച്ചിതന്നു മർത്ത്യർ

സൗഗതരേവം പരിഷ്‌കൃതരായ്
സർവ്വം ജയിച്ചു ഭരിച്ചുപോന്നാർ

ബ്രാഹ്മണർക്കീർഷ്യ വളർന്നുവന്നീ
ഭൂതി കെടുക്കാനവർ തുനിഞ്ഞു

കൗശലമാർന്നൊരു വാമനനെ
വിട്ടു ചതിച്ചവർ മാബലിയെ

ദാനം കൊടുത്ത സുമതിതന്റെ
ശീർഷം ചവിട്ടിയാ യാചകനും.

അന്നുതൊട്ടിന്ത്യയധഃപതിച്ചു
മന്നിലധർമ്മം സ്ഥലം പിടിച്ചു.

ദല്ലാൽമതങ്ങൾ നിറഞ്ഞു കഷ്ടം!
കൊല്ലുന്ന ക്രൂരമതവുമെത്തി

വർണ്ണവിഭാഗവ്യവസ്ഥ വന്നു
മന്നിടം തന്നെ നരകമാക്കി

മർത്ത്യനെ മർത്ത്യനശുദ്ധനാക്കു-
മയ്ത്തപ്പിശാചും കടന്നുകൂടി

തന്നിലശക്തന്റെമേലിൽക്കേറി
തന്നിൽ ബലിഷ്ഠന്റെ കാലുതാങ്ങും

സ്നേഹവും നാണവും കെട്ട രീതി
മാനവർക്കേകമാം ധർമ്മമായി.

സാധുജനത്തിൻ വിയർപ്പു ഞെക്കി
നക്കിക്കുടിച്ചു മടിയർ വീർത്തു

നന്ദിയും ദീനകരുണതാനും
തിന്നുകൊഴുത്തിവർക്കേതുമില്ല

സാധുക്കളക്ഷരം ചൊല്ലിയെങ്കിൽ
ഗർവ്വിഷ്ഠരീ ദുഷ്ടർ നാക്കറുത്തു

സ്ത്രീകളിവർക്കു കളിപ്പാനുള്ള
പാവകളെന്നു വരുത്തിവച്ചു

ആന്ധ്യമസൂയയും മൂത്തു പാരം
സ്വാന്തബലം പോയ് ജനങ്ങളെല്ലാം

കഷ്ടമേ, കഷ്ടം! പുറത്തുനിന്നു-
മെത്തിയോർക്കൊക്കെയടിമപ്പട്ടു

എത്ര നൂറ്റാണ്ടുകൾ നമ്മളേവം
ബുദ്ധിമുട്ടുന്നു സഹോദരരേ

നമ്മെയുയർത്തുവാൻ നമ്മളെല്ലാ-
മൊന്നിച്ചുണരണം കേൾക്ക നിങ്ങൾ

ബ്രാഹ്മണോപജ്ഞമാം കെട്ട മതം
സേവിപ്പവരെ ചവിട്ടും മതം

നമ്മളെത്തമ്മിലകറ്റും മതം
നമ്മൾ വെടിയണം നന്മ വരാൻ.

സത്യവും ധർമ്മവും മാത്രമല്ലൊ
സിദ്ധിവരുത്തുന്ന ശുദ്ധമതം

ധ്യാനത്തിനാലെ പ്രബുദ്ധരായ
ദിവ്യരാൽ നിർദ്ദിഷ്ടമായ മതം.

ആ മതത്തിന്നായ് ശ്രമിച്ചിടേണം
ആ മതത്തിന്നു നാം ചത്തിടേണം

വാമനാദർശം വെടിഞ്ഞിടേണം
മാബലിവാഴ്ച വരുത്തിടേണം

ഓണം നമുക്കിനി നിത്യമെങ്കിൽ
ഊനംവരാതെയിരുന്നുകൊള്ളും.



(ഡോ.ഷൊർണൂർ കാർത്തികേയൻ എഴുതി 2012-ൽ സാഹിത്യ പ്രവർത്തക സംഘം നാഷണൽ ബുക്ക് സ്റ്റാൾ പ്രസിദ്ധീകരിച്ച സഹോദരൻ അയ്യപ്പൻ എന്നപുസ്തകത്തിൽ നിന്നും ഉദ്ധരിച്ചതു്.)

ഇവ കാണുക

20141002

കാസര്‍കോടിന്റെ വടക്കന്‍ ഗ്രാമങ്ങളിലെ മഹാബലി ആരാധന

തൃക്കരിപ്പൂര്‍ മുതല്‍ കുന്താപുരം നീളുന്ന പഴയ തുളുനാട്ടില്‍ തുലാമസത്തില്‍ കറുത്തവാവ് വരുന്ന ദീപാവലി നാളില്‍ മഹാബലിയെ വരവേല്‍ക്കുന്നു

മാതൃഭൂമി .കോം ഓണം സ്പെഷ്യല്‍ താളില്‍ ഇ.വി ജയകൃഷ്ണന്‍ എഴുതിയ ലേഖനത്തില്‍ നിന്നു് 

കാഞ്ഞങ്ങാടിനടുത്ത് കൊടവലം ഗ്രാമത്തിലെ കൊടവലം ക്ഷേത്രത്തില്‍ മഹാബലി കണ്ട വാമനന്റെ വിശ്വരൂപമാണ് പ്രതിഷ്ഠ. മഹാബലിയെ മോക്ഷപ്രാപ്തനാക്കും മുമ്പ് വാമനന്‍ അദ്ദേഹത്തിന് കാട്ടിക്കൊടുത്ത ത്രിവിക്രമ സങ്കല്‍പ്പത്തിലാണ് ഇവിടുത്തെ ആരാധന. ദേശീയ പാതയില്‍ പൂല്ലൂര്‍ ബസ് സ്റ്റോപ്പിലെത്തിയാല്‍ മൂന്നര കിലോമീറ്റര്‍ കിഴക്ക്-തെക്ക് മാറിയാണ് കൊടവലം ക്ഷേത്രം.

കൊടവലം-മിത്തും യാഥാര്‍ഥ്യവും എന്ന ലേഖനത്തില്‍ എഴുത്തുകാരന്‍ ഡോ.അംബികാസുതന്‍ മാങ്ങാട് ഇങ്ങനെ വിവരിക്കുന്നു:- മൂന്നാമത്തെ കാല്‍വെപ്പിന് മഹാബലിയെ പാതാളത്തിലേക്ക് ചവുട്ടി താഴ്ത്തിയ വിഷ്ണു അവതാരത്തെ കുറിച്ചാണ് പറയുന്നതും പ്രചരിക്കുന്നതും.

എന്നാല്‍ പുരാണങ്ങളില്‍ വിഷ്ണുഭക്തനായ മഹാബലിയാണുള്ളത്.ബലിയെ എല്ലാ ഐശ്വര്യങ്ങളോടെയും ഏഴുകടലുകള്‍ക്കപ്പുറത്തുള്ള സുതലത്തില്‍ വാഴിക്കുകയാണ് അവതാരമൂര്‍ത്തി ചെയ്തതത്രെ.തുളുനാട്ടുകാര്‍ വൃശ്ചികത്തിലെ തിരുവോണമാണ് ആഘോഷിച്ചിരുന്നത്.

കൊടവലം ക്ഷേത്രത്തിലെ തിരുവോണോത്സവവും വൃശ്ചികത്തിലാണ്. തൃക്കരിപ്പൂര്‍ മുതല്‍ കുന്താപുരം നീളുന്ന പഴയ തുളുനാട്ടില്‍ തുലാമസത്തില്‍ കറുത്തവാവ് വരുന്ന ദീപാവലി നാളിലാണ് മഹാബലിയെ വരവേല്‍ക്കുന്നത്.പാലമരക്കൊമ്പ് മുറിച്ചെടുത്ത് പൊലിയന്ത്രമാക്കിയും ബലീന്ദ്ര പൂജ നടത്തിയും തുളുനാട്ടുകാര്‍ ആഘോഷം കൊണ്ടാടുന്നു.

ഈ ആഘോഷത്തിന് ഓണമെന്ന പേരൊന്നുമില്ല.പക്ഷെ മഹാബലി ആരാധനയാണ് ഈ ദിവസം നടക്കുന്നത്. കാസര്‍കോടിന്റെ വടക്കന്‍ ഗ്രാമങ്ങളിലാണ് ബലി ആരാധന കൂടുതലെന്നും അംബികാസുതന്റെ ലേഖനത്തിലുണ്ട്.
അവലംബം
മാതൃഭൂമി .കോം ഓണം സ്പെഷ്യല്‍ താള്‍


പൊലീന്ദ്രന്‍ വിളി



തുളുനാട്ടിലെ തുലാവാവിനെപ്പറ്റി

മാതൃഭൂമി .കോം  ഓണം സ്പെഷ്യല്‍ താളില്‍ പി.വി. ഷാജികുമാര്‍ എഴുതിയ ലേഖനത്തില്‍ നിന്നു്. പൂര്‍ണരൂപം ഇവിടെ

'കല്ല് കായാവുന്ന കാലത്ത് ,വെള്ളാരം കല്ല് പൂക്കുന്ന സമയത്ത്, ഉപ്പ് കര്‍പ്പൂരമാകുന്ന കാലത്ത്, ഉഴുന്ന് മദ്ദളം ആവുന്ന കാലത്ത്, നെച്ചിക്കാടിനടിയില്‍ വയല്‍ക്കൂട്ടം നടക്കുന്ന കാലത്ത്, കുന്നിക്കുരുവിന്റെ കറുത്ത കല മായുന്ന കാലത്ത്, മോരില്‍ വെണ്ണ മുങ്ങുന്ന കാലത്ത്, മരംകൊത്തി പക്ഷി തന്റെ കുടുമ താഴെയിറക്കുന്ന കാലത്ത് അല്ലയോഭൂമിപുത്രാ, ബലിയീന്ദ്രാ, നിനക്ക് തിരിച്ചു വന്നു നാട് ഭരിക്കാം.'

മറ്റ് സ്ഥലങ്ങളില്‍ അത്തം മുതല്‍ പത്ത് ദിവസം വരെ മാത്രം പൂവിടുമ്പോള്‍ ഞങ്ങള്‍ കാസര്‍ഗോഡുകാര്‍ ചിങ്ങം ഒന്ന് തൊട്ട് പൂവിട്ട് മഹാബലിയെ സ്‌നേഹിച്ച് കൊല്ലും. ഞങ്ങളുടെ സ്‌നേഹാധിക്യം കൊണ്ടാണോ എന്തോ തെക്കുള്ളവരില്‍ നിന്ന് വ്യത്യസ്തമായി ഞങ്ങള്‍ കാസര്‍ഗോഡുകാരെ കാണാന്‍ മാവേലി രണ്ട് പ്രാവശ്യം വരുന്നുണ്ട്. ആദ്യം വരുന്നത് എല്ലാവര്‍ക്കുമറിയാവുന്നത് പോലെ കേരളത്തില്‍ മൊത്തം സന്ദര്‍ശിക്കുന്ന ചിങ്ങമാസത്തില്‍.

രണ്ടാമത്തെ വരവ് തുലാം മാസത്തിലാണ്. പുതിയ കാസര്‍ഗോഡുകാര്‍ അതിന്റെ ഓര്‍മകള്‍ ഏറെക്കുറെ മായ്ച്ച് കളഞ്ഞെങ്കിലും കുറച്ച് മുന്നോട്ടുള്ള കാസര്‍ഗോഡുകാര്‍ക്ക് തുലാം മാസത്തെ ഓണം പരമപ്രധാനവും സവിശേഷതയാര്‍ന്നതുമായിരുന്നു.

തുലാം മാസത്തില്‍ മൂന്ന് ദിവസം മാവേലി ജനങ്ങളുടെയടുത്തുണ്ടാവുമെന്നാണ് തുളുനാട്ടിലെ വിശ്വാസം. എല്ലാം മറന്ന് ദാനം ചെയ്യുന്ന, സോഷ്യലിസത്തിന്റെ തലതൊട്ടപ്പനായ മാവേലിയുടെ മുന്നില്‍ മഹാവിഷ്ണു വാമനന്‍ എന്ന ചെറിയ മനുഷ്യനായി രംഗപ്രവേശം ചെയ്യുകയും മൂന്നടി മണ്ണ് ചോദിക്കുകയും രണ്ട് അടി കൊണ്ട് എല്ലാം അളന്നെടുക്കുകയും മൂന്നാമത്തെയടി മാവേലിയുടെ ശിരസ്സില്‍ വെച്ച് പാതാളത്തിലേക്ക് ചവുട്ടിത്താഴ്ത്തുകയും ചെയ്തു എന്നതാണല്ലോ ഐതിഹ്യം. അടിച്ചമര്‍ത്തപ്പെട്ടവര്‍ ഏതെങ്കിലും ഒരു കാലത്ത് ഉയര്‍ത്തെഴുന്നേല്‍ക്കുക തന്നെ ചെയ്യും എന്ന് മഹാബലി പറയാതെ പറയുന്നുണ്ട്. ഈ കഥ തന്നെയാണ് തുളുനാട്ടിലെ തുലാം മാസമിത്തിലും ആവര്‍ത്തിക്കുന്നത്. മഹാബലിയുടെ ഭരണത്തില്‍ അസൂയ മൂത്ത് ഭ്രാന്തായ ദേവേന്ദ്രനാണല്ലോ ഇതിന്റെ മുഖ്യഹേതു. ചവുട്ടിത്താഴ്ത്തിയപ്പോള്‍ കുറ്റബോധം തോന്നിയിട്ടോ എന്തോ, മഹാവിഷ്ണു മഹാബലിയോട് മൂന്ന് ദിവസം സ്വര്‍ഗ്ഗവും ഭൂമിയും ഭരിക്കാന്‍ അനുവാദം നല്‍കുന്നു. തുലാം മാസത്തെ ഈ മൂന്ന് ദിവസങ്ങളാണ് പഴയകാലത്തെ കാസര്‍ഗോഡുകാര്‍ സവിശേഷമായ ചടങ്ങുകളോടെ ആചരിക്കുന്നത്.

പൊലീന്ദ്രന്‍ വിളി എന്ന് അതിനെ പേരിട്ട് വിളിക്കാമെങ്കിലും ചടങ്ങിന് കൃത്യമായ പേരൊന്നുമില്ല. മൂന്ന് ദിവസങ്ങളിലെ സന്ധ്യകളിലാണ് പൊലീന്ദ്രന്‍ വിളികള്‍ കാസര്‍ഗോട്ടെ നാട്ടിന്‍പുറങ്ങളില്‍ മുഴങ്ങിക്കേള്‍ക്കുക. പാലമരത്തിന്റെ ചെറിയ കൊമ്പുകള്‍ വെട്ടി, കവണരൂപത്തിലാക്കി ഒരു താക്കമുണ്ടാക്കും. അത് വീട്ടുമുറ്റത്തും കിണറ്റിന് മുന്നിലും തൊഴുത്തിന് മുന്നിലും കുത്തിനിര്‍ത്തും. ചിരട്ട മൂന്ന് കഷണങ്ങളായി പൊട്ടിച്ചെടുത്ത് കുത്തിനിര്‍ത്തിയ പാലമരക്കൊമ്പിന് മേല്‍ വിളക്ക് കത്തിക്കുന്നതിനായി വെയ്ക്കും. സന്ധ്യാ നേരത്ത് വിളക്ക് വെച്ചുകഴിഞ്ഞാല്‍ വിളക്കും ഒരു പാത്രത്തില്‍ അരിയുമായി മുതിര്‍ന്ന സ്ത്രീകളും കുട്ടികളും ആദ്യം കിണറ്റിന്‍കരയിലെത്തും. പാലക്കൊമ്പില്‍ വെച്ചിരിക്കുന്ന ചിരട്ടകഷണത്തിന് മേല്‍ കൂട്ടത്തില്‍ ഏറ്റവും മുതിര്‍ന്നയാള്‍ എണ്ണയില്‍ കുതിര്‍ന്ന തിരി വെയ്ക്കും. വിളക്ക് കൊളുത്തിയ ശേഷം മുതിര്‍ന്നയാള്‍ എല്ലാവര്‍ക്കും കുറച്ച് അരിമണികള്‍ പകരും. കിണറ്റിന്‍ കരയില്‍ കത്തിച്ച് തിരിക്ക് നേര്‍ക്ക് തിരിഞ്ഞ് 'പൊലീന്ദ്രാ.. പൊലീന്ദ്രാ. അരിയോ.. അരി..' എന്ന് (ഹരിയോ.. ഹരി.. എന്നാണ് കൃത്യമായ വാക്ക്, പക്ഷേ അരിയിടുന്നതായത് കൊണ്ട് ഹരി പോയി, അരിയായി.) എല്ലാവരും ഉച്ചത്തില്‍ മൂന്ന് പ്രാവശ്യം വിളിച്ച് കൈയ്യിലെ അരി കത്തിക്കൊണ്ടിരിക്കുന്ന തിരിക്ക് മേലിടും. അതിന് ശേഷം തൊഴുത്തിനരികില്‍ കുത്തിനിര്‍ത്തിയ പാലക്കൊമ്പിലെ ചിരട്ടയിലും വീട്ടുമുറ്റത്തും വിളക്ക് കത്തിച്ച് പൊലീന്ദ്രനെ വിളിക്കും. ശേഷം വിളക്കിലെ തിരി കെടാതെ വിളക്ക് പടിഞ്ഞാറ്റക്കകത്തെത്തിക്കും. (പടിഞ്ഞാറ്റ- പൂജാമുറി.) തുടര്‍ന്നുള്ള രണ്ട് ദിവസങ്ങളിലെ സന്ധ്യകളിലും ഇതാവര്‍ത്തിക്കും. മഹാബലിയെ വിളക്ക് കാണിച്ച്, ഞങ്ങളിവിടെ പ്രകാശമാനമായ ജീവിതം എങ്ങനെയൊക്കെയോ കൊണ്ടുനടക്കുന്നുണ്ടെന്ന് മഹാബലിക്ക് കാണിച്ചുകൊടുക്കുകയാണ് പൊലീന്ദ്രന്‍ വിളിയിലൂടെ.

കുട്ടിക്കാലത്ത് വല്ല്യമ്മയോടൊത്ത് പൊലീന്ദ്രന്‍ വിളിച്ചിട്ടുണ്ട് കുറേ വര്‍ഷങ്ങള്‍. പൊലീന്ദ്രന്‍ വിളികള്‍ കൊണ്ട് വൈകുന്നേരങ്ങള്‍ ഉണരും. വെയില്‍ ചാഞ്ഞ് ഇരുട്ടിലേക്ക് കണ്ണടയ്ക്കുന്ന വൈകുന്നേരങ്ങളില്‍ വിളക്കുമെടുത്ത് വല്ല്യമ്മ കിണറ്റിന്‍കരയിലേക്ക് നടക്കും. തൊഴുത്തില്‍ നിന്ന് പശുക്കള്‍ ഞങ്ങളുടെ പൊലീന്ദ്രന്‍ വിളികള്‍ കേട്ട് തലയുയര്‍ത്തും. തെങ്ങിന്‍ പൊത്തുകളിലെ മൈനകള്‍ കണ്ണുമിഴിക്കും. വയലുകളില്‍ നിന്ന് മണ്ണിന്റെ മണവും കൊണ്ട് വരുന്ന കാറ്റ് തിരി കെടുത്താതെ ഞങ്ങളെ വന്ന് ആശ്ലേഷിക്കും.

ഇന്ന് ആരും പൊലീന്ദ്രന്‍ വിളിക്കാറില്ല. വൈകുന്നേരങ്ങളില്‍ ആരും ഒത്തുചേരാറുമില്ല. അന്ന് പൊലീന്ദ്രന് മാത്രമായിരുന്നില്ല, അരി നേര്‍ന്നത് എന്ന് ഇപ്പോള്‍ വിചാരിക്കുമ്പോള്‍ മനസ്സിലാകുന്നു. വെള്ളത്തിനും (കിണറ്റുകര) മൃഗങ്ങള്‍ക്കും (തൊഴുത്ത്) വീടിനുമായിരുന്നു. ദൈവം പ്രകൃതിയിലും ജീവജാലങ്ങളിലും വിഹരിക്കുന്നു എന്ന് മനസ്സിലാക്കാതെ മനസ്സിലാക്കിയവരായിരുന്നു മുന്‍തലമുറക്കാര്‍.
കടപ്പാടു്  മാതൃഭൂമി .കോം  2014 ഓഗസ്റ്റ് 14