20140920

തിരുവോണത്തിന് വരുന്നത് മഹാബലി


ഓണത്തിന് നാം എതിരേല്‍ക്കുന്നത് മാവേലിയെ അല്ലെന്ന ഭാഷ്യം 'നമ്മുടെ ഓണം' എന്ന പേരില്‍ സപ്തംബര്‍ ആറിലെ മാതൃഭൂമി പ്രസിദ്ധീകരിച്ചു. (1, 2) ഈ ഭാഷ്യത്തിനെതിരെ കടുത്ത പ്രതികരണങ്ങളാണുണ്ടായതു്. 2014 സെപ്തംബര്‍ 19 ആം തീയതിയിലെ മാതൃഭൂമി പ്രസിദ്ധീകരിച്ച തിരഞ്ഞെടുത്ത പ്രതികരണങ്ങള്‍ വായിക്കുക.


ഡോ. അംബികാസുതന്‍ മാങ്ങാട്‌
പ്രാചീനകാലത്ത് കേരളത്തിലെന്നല്ല, ഇന്ത്യ മുഴുവന്‍ തുലാം മാസത്തില്‍ (ചിങ്ങത്തിലല്ല) അമാവാസി ദിവസം മഹാബലിയെ വരവേല്‍ക്കുന്ന ഉത്സവംഓണം നടന്നിരുന്നു. കൃത്യമായി പറഞ്ഞാല്‍ ദീപാവലി പഴയ ഓണാഘോഷമാണ്.

'ഓണം ആഘോഷിക്കുന്നത് യഥാര്‍ഥത്തില്‍ ഭഗവാന്റെ അവതാരമായ വാമനമൂര്‍ത്തിയുടെ അവതാരസുദിനവുമായി ബന്ധപ്പെട്ടാണ്. അല്ലാതെ മാവേലി വരുന്നതൊന്നുമല്ല' എന്ന അഭിപ്രായമുള്ള ബ്രഹ്മചാരി ധ്രുവചൈതന്യയുടെ ലേഖനം (മാതൃഭൂമി, 2014 സപ്തംബര്‍ 6) മഹാബലിയെ സ്വീകരിക്കാന്‍ പൂക്കളമൊരുക്കിയും ഓണസദ്യയൊരുക്കിയും കാത്തിരിക്കുന്ന ലക്ഷോപലക്ഷം മലയാളികള്‍ക്ക് നല്ല കല്ലുകടിയായി.

പുരാതനകാലത്ത് വടക്കേ ഇന്ത്യയില്‍നിന്ന് കേരളത്തിലേക്ക് സംക്രമിച്ച മിത്തും ആഘോഷവുമാണ് ഓണം. പ്രാചീനകാലത്ത് ഓണം ബുദ്ധമതത്തിന്റെ ആഘോഷമായിരുന്നെന്ന് കരുതാന്‍ ധാരാളം ന്യായങ്ങളുണ്ട്. ശ്രമണപദത്തിലേക്ക് കടക്കുന്നവര്‍ക്ക് മഞ്ഞമുണ്ട് നല്‍കുന്ന സമ്പ്രദായം ഇപ്പോഴത്തെ ഓണക്കോടിയുടെ പൂര്‍വരൂപമാകണം. സംസ്‌കൃതത്തിലെ ശ്രാവണം (നക്ഷത്രം) ആണല്ലോ തിരുവോണവും ഓണവും. ആര്യാധിനിവേശക്കാലത്ത് കേരളത്തിലെ ബൗദ്ധജൈന ആരാധനാലയങ്ങള്‍ പരക്കെ പ്രസിദ്ധങ്ങളായ ഹിന്ദുക്ഷേത്രങ്ങളായി മാറിയതുപോലെ ഉത്സവങ്ങള്‍ക്കും രൂപമാറ്റംവന്നു. കേരളത്തിലെ ഓണാഘോഷങ്ങളുടെ കേന്ദ്രബിന്ദു തൃക്കാക്കരയാണെന്ന് ധ്രുവചൈതന്യ പറയുന്നത് സമ്മതിക്കാം. എന്നാല്‍, കേരളത്തിന്റെ രാജധാനിയെന്ന് വിശേഷിപ്പിക്കപ്പെട്ടിട്ടുള്ള തൃക്കാക്കര പ്രസിദ്ധമായ ബൗദ്ധകേന്ദ്രമായിരുന്നു. 13ാം നൂറ്റാണ്ടില്‍ തകര്‍ക്കപ്പെട്ട തൃക്കാക്കരയിലെ ക്ഷേത്രം പിന്നെ ഉയരുന്നത് വാമനപ്രതിഷ്ഠയോടുകൂടിയാണെന്നത് ചിന്തനീയം. ഉത്തരേന്ത്യയിലെ മഹാബലിവര്‍ണനകള്‍ക്ക് ചരിത്രത്തിലെ പല ചക്രവര്‍ത്തിമാരുമായും സാദൃശ്യമുണ്ട്. കേരളത്തില്‍, ധ്രുവചൈതന്യ പറയുന്നതുപോലെ ചേരമാന്‍ പെരുമാളുമായി കൂടുതല്‍ ബന്ധപ്പെടുത്താം (കാസര്‍കോട് ഉള്‍പ്പെടുന്ന തുളുനാട് ഭരിച്ചിരുന്ന മഹാബലിയെ ചതിച്ച് തോല്പിക്കാന്‍ വിജയനഗര സാമ്രാജ്യത്തില്‍നിന്ന് (ഒന്നല്ല) രണ്ട് വാമനന്മാര്‍ വരുന്നതിന്റെ വിവരണമുള്ള ഒരു കാവ്യം ഈ ലേഖകന്റെ കൈയിലുണ്ട്. വയനാട്ടിലെ കുറിച്യര്‍ക്കിടയില്‍ അവരുടെ മാവോതിയെന്ന രാജാവിനെ ദൈവം കടലില്‍ ചവിട്ടിത്താഴ്ത്തി രാജ്യം സ്വന്തമാക്കിയ പാട്ട് പ്രചാരത്തിലുണ്ട്).

'മാവേലി നാടുവാണീടുംകാലം' എന്ന് തുടങ്ങുന്ന പ്രശസ്തമായ നാടന്‍പാട്ട് കുട്ടികളറിയുന്നപോലെ പത്തുവരിയല്ല. സാമാന്യം ദീര്‍ഘമായ ആ പാട്ടിന്റെ അവസാനഭാഗത്ത് ഇങ്ങനെയുണ്ട്:

'മാവേലി മണ്ണുപേക്ഷിച്ചശേഷം
മാധവന്‍ നാടുവാണീടും കാലം
ആകവേ ആയിരം ബ്രാഹ്മണരെ
നിത്യവുമൂട്ടിത്തുടങ്ങിയല്ലോ
മാവേലിയോണം മുടങ്ങിയല്ലോ'

ബൗദ്ധന്റെതും അവര്‍ണന്റെതുമായിരുന്ന ഓണത്തെ ബ്രാഹ്മണ്യം എങ്ങനെയാണ് ഹൈജാക്ക് ചെയ്തതെന്ന് ഈ വരികളില്‍ വ്യക്തം. 'പൂക്കളത്തിന് നടുക്കുവെക്കുന്ന തൃക്കാക്കരയപ്പന്‍ വാമനനാണ്' എന്ന അഭിപ്രായവും വാമനപ്രതിഷ്ഠയ്ക്കുശേഷമേ ശരിയാകുന്നുള്ളൂ. മുമ്പ് ഓണത്തപ്പന്‍ മഹാബലിതന്നെ. ചിങ്ങത്തിലെ തിരുവോണനാള്‍ ചതിച്ചുജയിച്ചവന്റെ ദിവസമാണ്. 'പരാജിതനായ' ബലി ആ ദിവസം എങ്ങനെ വരും? അതും അട്ടിമറിക്കപ്പെട്ടതാണ്. പറയാം:

പ്രാചീനകാലത്ത് കേരളത്തിലെന്നല്ല, ഇന്ത്യ മുഴുവന്‍ തുലാം മാസത്തില്‍ (ചിങ്ങത്തിലല്ല) അമാവാസി ദിവസം മഹാബലിയെ വരവേല്‍ക്കുന്ന ഉത്സവം ഓണം നടന്നിരുന്നു. കൃത്യമായി പറഞ്ഞാല്‍ ദീപാവലി പഴയ ഓണാഘോഷമാണ്. ഏഴാം ശതകത്തില്‍ ജീവിച്ചിരുന്ന തിരുജ്ഞാന സംബന്ധര്‍, മൈലാപ്പുരിലെ ഒരു ക്ഷേത്രത്തില്‍ തുലാം മാസത്തില്‍ നടക്കാറുണ്ടായിരുന്ന ഓണാഘോഷത്തെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. സ്‌കന്ദപുരാണത്തില്‍ ഏഴ് കടലുകള്‍ക്കപ്പുറത്തേക്ക് പറഞ്ഞുവിടുന്ന നേരത്ത് വിഷ്ണു, ബലിക്ക് കൊടുത്ത വാഗ്ദാനം ദീപപ്രതിപദ ദിവസം (ദീപാവലി) സ്വന്തംപ്രജകളെ കാണാന്‍ വരാമെന്നും പൂക്കളും വിളക്കുകളുംകൊണ്ട് ജനങ്ങള്‍ സ്വീകരിക്കുമെന്നുമാണ്. പതിനൊന്നാം നൂറ്റാണ്ടില്‍ ഇന്ത്യ സന്ദര്‍ശിച്ച അല്‍ബറൂനി എന്ന സഞ്ചാരി, ദീപാവലി ബലിപൂജയാണെന്ന് ഉപന്യസിച്ചിട്ടുണ്ട്.

പ്രാചീനകാലത്ത് ഭാരതത്തില്‍ പരക്കെ ബലിപൂജ ഉണ്ടായിരുന്നു. ദേവപ്രതിഷ്ഠകളുടെ നിര്‍മിതിയെക്കുറിച്ച് കണ്ടുകിട്ടിയിട്ടുള്ള ആദ്യഗ്രന്ഥമായ, ആറാം നൂറ്റാണ്ടിലെഴുതിയ വരാഹമിഹിരന്റെ 'ബൃഹദ്‌സംഹിത'യില്‍ ശ്രീരാമന്‍, മഹാബലി എന്നീ വിഗ്രഹ നിര്‍മിതിയെക്കുറിച്ച് പറഞ്ഞശേഷമാണ് ശിവന്‍, ബുദ്ധന്‍, വിഷ്ണു, ബ്രഹ്മാവ്, ഇന്ദ്രന്‍ തുടങ്ങിയവരെ പ്രതിപാദിക്കുന്നത്. ഈ ദേവതകളുടെ പ്രതിഷ്ഠകളില്‍ ഏറ്റവും ഉയരം വേണ്ടത് ബലിയുടെയും ശ്രീരാമന്റെയും (120 അംഗുലം വീതം) രൂപങ്ങള്‍ക്കാണെന്നും പറഞ്ഞിട്ടുണ്ട്. ഈ ഗ്രന്ഥത്തില്‍ വാമനന്‍, നരസിംഹം, ശ്രീകൃഷ്ണന്‍ എന്നീ വിഗ്രഹങ്ങളെക്കുറിച്ച് പറഞ്ഞിട്ടില്ലാത്തതിനാല്‍ വാമനാരാധന പിന്നീടുണ്ടായതാണെന്ന് വിശ്വസിക്കാം. ഇങ്ങനെ ആരാധിക്കപ്പെട്ട ബലിപൂജയുടെ ദീപാവലിയുടെഅര്‍ഥം പില്‍ക്കാലത്ത് മാറ്റിക്കളഞ്ഞതാണ്.

ഇതിന് ശക്തമായ തെളിവ് നല്‍കാം. കേരളത്തില്‍ കാസര്‍കോട് ജില്ലയില്‍ ദീപാവലിദിവസം ഇപ്പോഴും ആയിരക്കണക്കിന് കുടുംബങ്ങളിലും ധര്‍മശാസ്താക്ഷേത്രങ്ങളിലും ഗംഭീരമായ ബലിപൂജ നടക്കുന്നുണ്ട്, 'പൊലിയന്ദ്രം' എന്നപേരില്‍ . ഏഴിലംപാലയുടെ കൊമ്പുകള്‍ കൊണ്ടുവന്ന് വീടിന്റെ പടിഞ്ഞാറ്റയുടെ നേരേ മുന്നില്‍ മുറ്റത്തും കിണര്‍, തൊഴുത്ത് തുടങ്ങിയ മര്‍മപ്രധാന സ്ഥലങ്ങളിലും സ്ഥാപിച്ചശേഷം പൂക്കള്‍കൊണ്ട് അലങ്കരിച്ച് വിളക്കുവെച്ച് ഭക്തിപുരസ്സരം പൊലിയന്ദ്രനെ (ബലീന്ദ്രനെ) വരവേല്‍ക്കുന്ന ചടങ്ങാണിത്. ജില്ലയുടെ വടക്കന്‍ പ്രദേശങ്ങളിലുള്ള കന്നഡ മാതൃഭാഷയായിട്ടുള്ളവര്‍ ഈ ചടങ്ങിനൊപ്പം 'ബലീന്ദ്രസന്ധി'യെന്ന പാട്ടുപാടി നൃത്തംചെയ്യുന്നു. 'അല്ലയോ ബലി മഹാരാജാവേ, ഈ നാട് അങ്ങയുടേതാണ്, ഏഴ് കടലുകള്‍ കടന്ന് അങ്ങ് വന്നാലും, ഞങ്ങളുടെ സത്കാരം സ്വീകരിച്ചാലും' എന്ന പ്രാര്‍ഥനയാണ് ഈ പാട്ടിലുള്ളത്.

കീഴൂര്‍, പൊടവടുക്കം തുടങ്ങിയ ധര്‍മശാസ്താക്ഷേത്രങ്ങളില്‍ ആയിരക്കണക്കിന് അവര്‍ണരായ ജനങ്ങള്‍ ഒന്നുചേര്‍ന്ന് വലിയ പാലമരം കൊണ്ടുവന്ന് നാട്ടിയശേഷം പൊലിയന്ദ്രം ചടങ്ങ് നടത്തുന്നു. ശാസ്താവ് ബുദ്ധനാണ്. ബുദ്ധന് ശാസ്താവെന്ന് പേരുണ്ടെന്ന് കേസരി പറഞ്ഞതും ഓര്‍ക്കാം. ശാസ്താക്ഷേത്രങ്ങളിലാണ് ഈ ബലിപൂജ നടക്കുന്നത് എന്നത് ഓണം ബൗദ്ധപാരമ്പര്യത്തിന്റേതാണ് എന്നതിനുള്ള ശക്തമായ തെളിവാണ്. ക്ഷേത്രത്തിനുപുറത്ത് അവര്‍ണരുടെ ഈ ചടങ്ങ് നടക്കുന്നതിന് തൊട്ടുമുമ്പ് ക്ഷേത്രത്തിനകത്ത് (ശ്രീകോവിലിലല്ല) ബ്രാഹ്മണര്‍ ഏഴിലംപാലയുടെ ഒരു കൊമ്പ് അലങ്കരിച്ച് വിളക്കുകള്‍ കത്തിച്ച് ഇപ്പോഴും ബലിപൂജ നടത്താറുണ്ട്. കുടവയറനും കൊമ്പന്‍ മീശക്കാരനുമായ കോമാളിയല്ല ഇവിടെ മഹാബലി. ദൈവത്തെപ്പോലെ ആരാധ്യപുരുഷനാണ്.

ബലിക്കഥ ഇതിഹാസകാലംതൊട്ട് (വേദങ്ങളിലോ ബ്രാഹ്മണങ്ങളിലോ ബലി, വാമനന്മാര്‍ ഇല്ല) രൂപപ്പെട്ട് വികസിച്ചുവന്ന ഭാവനാസൃഷ്ടിയാണ്. ഓരോ ദേശത്തിനകത്തും അത് വിഭിന്നങ്ങളായ മിത്തുകളായി പരിണമിച്ചു. ഇങ്ങനെയുള്ള മിത്തുകളെ ചരിത്രബാഹ്യങ്ങളെന്ന് തള്ളിക്കളയരുത്. കേരളാന്തരീക്ഷത്തില്‍ രാജ്യം നഷ്ടപ്പെട്ട, മക്കത്തുപോയ ചേരമാന്‍ പെരുമാളിന്റെ കഥയുടെ പിന്നാമ്പുറങ്ങളിലേക്ക് പോയാല്‍ ഇവിടെ സംഭവിച്ച ബുദ്ധമത തകര്‍ച്ചയും ആര്യാധിനിവേശവും ഇസ്ലാം മതത്തിന്റെ അഭിവ്യാപനവും വായിച്ചെടുക്കാം. മിത്തുകള്‍ പുഷ്പിക്കുന്നത് ചരിത്രത്തിന്റെ ചോരഞരമ്പുകളില്‍നിന്നാണ്.

വൈലോപ്പിള്ളി പാടിയതുപോലെ കാലധനുസ്സിന്റെ തങ്കക്കോണുകളാകുന്ന ഭൂതഭാവികളെ കൂട്ടിക്കെട്ടുന്ന നന്മയുടെയും നൈതികതയുടെയും മഹാമന്ത്രമാണ് ഓണം. അനേകം തലമുറകള്‍ കൊണ്ടുനടന്ന, കൊണ്ടുനടക്കാനുള്ള ത്യാഗത്തിന്റെയും നന്മയുടെയും നീതിയുടെയും ക്ഷമയുടെയും സത്യസന്ധതയുടെയും പ്രതീകമാണ് മഹാബലി. ആ ബലിയെ ഇതിഹാസങ്ങളോ പുരാണങ്ങളോ പോലും ചെയ്യാത്തവിധം അഹങ്കാരിയും ക്രൂരനുമാക്കി ചിത്രീകരിക്കുന്നത് ശരിയല്ല. 'ഇത്തിരിവട്ടംമാത്രം കാണുകയും ഇത്തിരിവട്ടംമാത്രം ചിന്തിക്കുകയും ചെയ്യുന്ന അധോമുഖ വാമനത്വ'ത്തെ പുകഴ്ത്തിപ്പാടുന്നത് നീതീകരിക്കാവുന്നതല്ല. തലയില്‍ വാമനന്‍ ചവിട്ടിയത് അനുഗ്രഹിക്കാനാണത്രെ! എന്നാല്‍, കൈവെച്ചാല്‍ പോരായിരുന്നോ?

'അജ്ഞാനത്താല്‍ അഹങ്കരിക്കുന്ന ബലിക്ക് തലകുനിക്കാതെ നിവൃത്തിയില്ല' ഐന്നഴുതുന്ന ലേഖകന്‍ മഹാഭാരതം ശാന്തിപര്‍വത്തില്‍, മോക്ഷധര്‍മം ഉപപര്‍വത്തില്‍ കഴുതയായി ജനിച്ച മഹാബലി, കുറേ അധ്യായങ്ങളില്‍ തന്നെ കൊല്ലാന്‍ അഹങ്കാരിയായിവന്ന സാക്ഷാല്‍ ദേവേന്ദ്രനോട് ദീര്‍ഘമായി സംസാരിക്കുന്നുണ്ട്. ഭീഷ്മരുടെയും വിദുരരുടെയും വാക്യങ്ങള്‍ ഇതിനുമുന്നില്‍ നിഷ്പ്രഭമായിത്തോന്നിയിട്ടുണ്ട്. ആത്മബോധനം ഉണ്ടായ ദേവേന്ദ്രന്‍ കഴുതയായിനിന്ന ബലിയോട് 'ലോകാലോകങ്ങളിലെല്ലാം ചുറ്റിത്തിരിഞ്ഞ ഞാന്‍ നിന്നോട് തുല്യനായി ബുദ്ധിമാനായ ഒരു ഉപദേഷ്ടാവിനെ കണ്ടിട്ടില്ല' എന്നുപറഞ്ഞ് ബലിയുടെ മുന്നില്‍ സാഷ്ടാംഗം വീണ് മാപ്പുചോദിക്കുകയാണ്.

അതെ, നമുക്ക് ഒന്നുചേര്‍ന്ന് മഹാബലിയെ വരവേല്‍ക്കാം.
(കാഞ്ഞങ്ങാട് നെഹ്രു കോളേജ് മലയാളവിഭാഗം അധ്യക്ഷനാണ് ലേഖകന്‍)
2014 സെപ്തംബര്‍ 19 മാതൃഭൂമി

*****************************************

ഓണത്തെ മതവത്കരിക്കരുത്

കൃഷ്ണന്‍, വേലഞ്ചിറ, പുതിയവിള
പഞ്ഞമാസമായ കര്‍ക്കടകത്തിലെ കഷ്ടപ്പാടുകള്‍ മറന്ന് ചിങ്ങം പുലരുന്നതോടെ കാര്‍ഷികവിളവെടുപ്പിന്റെ സന്തോഷവുമായി ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും ലോകത്തിലേക്കുള്ളവരവാണ് ഓണം. ഓണം കേരളനാടിന്റെ ദേശീയോത്സവമാണ്. സമത്വസുന്ദരമായ, കള്ളവും ചതിയുമില്ലാത്ത, കള്ളപ്പറയും ചെറുനാഴിയുമില്ലാത്ത ഒരു നല്ല സ്വപ്നത്തിന്റെ സാക്ഷാത്കാരമാണ് ഓണം. അതിനെ പുരാണകഥകളുമായി ബന്ധപ്പെടുത്തിയതിന്റെ പിന്നില്‍ ഉപരിവര്‍ഗത്തിന്റെ താത്പര്യമാണുള്ളത്.
ചരിത്രസത്യങ്ങളെ വ്യാഖ്യാനിച്ച് ഇതിഹാസങ്ങളില്‍ തളച്ചിടുന്നതും ഇതിഹാസകഥാപാത്രങ്ങളെ ചരിത്രത്തില്‍ തിരുകിക്കയറ്റുന്നതും വരേണ്യവര്‍ഗത്തിന്റെ സ്വഭാവമാണ്. അതിന്റെ പിന്നിലെ ലക്ഷ്യം എല്ലാം തങ്ങളുടെ അധീനവലയത്തില്‍ കൊണ്ടുവരികയും മതവത്കരിച്ച് തങ്ങളുടെ കൈപ്പിടിയിലാക്കുകയുമാണ്. ഓണത്തിന്റെ കാര്യത്തിലും തുടരുന്ന നീതി ഇതുതന്നെ

******************************************

അബദ്ധധാരണകള്‍

ഓണാേഘാഷത്തിന്റെ ഐതിഹ്യം മാറ്റിമറിക്കാനോ പുതിയ വ്യാഖ്യാനം കണ്ടെത്താനോ ഉള്ള ശ്രമം പല ഭാഗത്തുനിന്നും ഉണ്ടായിട്ടുണ്ട്; ഉണ്ടാകുന്നുമുണ്ട്.
മഹാവിഷ്ണുവിന്റെ ദശാവതാരങ്ങളില്‍ അഞ്ചാമത്തെ അവതാരമാണ് വാമനന്‍. പരശുരാമനാകട്ടെ, ആറാമത്തേതും. അപ്പോള്‍ വാമനനും മഹാബലിയും കേരളമുണ്ടാകുന്നതിന് മുമ്പ് കഥയില്‍ സ്ഥാനം പിടിച്ചതെങ്ങനെ? ജനാര്‍ദനന്റെ (വിഷ്ണു) അവതാരങ്ങള്‍ ഇങ്ങനെയാവുമ്പോള്‍ നമ്മുടെ ധാരണകള്‍ അബദ്ധങ്ങളാവുന്നു.

സുധാകരന്‍, കോഴിക്കോട്
******************************************

ഓണത്തെ വളച്ചൊടിച്ചിരിയ്ക്കരുത്
രാജേന്ദ്രന്‍ കെ., നിലമ്പൂര്‍, മലപ്പുറം
ബ്രഹ്മചാരി ധ്രുവചൈതന്യ ഓണത്തെ വളച്ചൊടിച്ചിരിക്കുന്നു. ചിന്മയ മിഷനിലെ ബ്രഹ്മചാരികള്‍ ഇത്തരത്തിലുള്ള കേവല ദൈവവാദികളായി മാറിയോ? ഭാരതീയാചാര്യന്മാരുടെ മഹിമ, അവര്‍ യുക്തിവാദികളും അപാര ജ്ഞാനത്തിനുടമകളും കേവല ദൈവാന്ധവിശ്വാസത്തിന് അതീതരുമായിരുന്നു എന്നതാണ്.

'നമ്മുടെ ഓണം' എന്നപേരില്‍ സപ്തംബര്‍ ആറിലെ മാതൃഭൂമി ലേഖനം ഓണാഘോഷം വൈഷ്ണവാരാധനയുടെ ഭാഗമാക്കാന്‍ ബോധപൂര്‍വം ശ്രമിക്കുന്നതുപോലെ.
ദേവന്മാര്‍ക്കും വിഷ്ണുവിനും ഒരിടത്തും നടപ്പാക്കാന്‍ കഴിയാത്തവിധം സ്വപ്നസാമ്രാജ്യമാണ് മാവേലി പടുത്തുയര്‍ത്തിയത്. അസുരനാണ്, കമ്യൂണിസ്റ്റാണ് എന്നൊക്കെപ്പറഞ്ഞ്, അമേരിക്കന്‍ ഭരണകൂടം പലയിടത്തും നടത്തുന്ന കുതിരകയറ്റത്തിനാണ് മഹാവിഷ്ണു കൂട്ടുനിന്നത്. എന്നിട്ടോ, മഹാബലിക്ക് മുമ്പോ അതിനുശേഷമോ ദേവന്മാര്‍ക്കോ മഹാവിഷ്ണുവിനോ അങ്ങനെയൊരു നല്ലനാട് സൃഷ്ടിക്കാന്‍ ഇതുവരെ കഴിഞ്ഞില്ല. നഷ്ടം പാവം ജനങ്ങള്‍ക്ക്. ഏതസുരനായാലും ജനങ്ങള്‍ക്ക് ഗുണം ചെയ്യുന്നവനോടൊപ്പമാണ് ജനം നില്‍ക്കേണ്ടത്. അതായിരുന്നു മാവേലിയുടെ വിജയം. അതാണ് ഓണാഘോഷത്തിന് പിന്നിലും. അല്ലാതെ അതെല്ലാം തകര്‍ത്ത വാമനന്റെ പിറന്നാള്‍ എന്തിന് ജനങ്ങള്‍ ആഘോഷിക്കണം.

ദേവന്മാരുടെ അസൂയയും ധാര്‍ഷ്ട്യവുമാണ് വാമനന്റെ പിറവിക്ക് കാരണം. അല്ലാതെ മാവേലിയുടെ അഹങ്കാരമല്ല. മാവേലിയുടെ അഹങ്കാരം വെറും കെട്ടുകഥമാത്രം. അല്ലെങ്കില്‍ ഇത്രയും ജനം മാവേലിക്കായി കാത്തിരിക്കുമോ? വാമനനോ മാവേലിയോ ശരി എന്ന ചോദ്യത്തിന് രണ്ടുത്തരമുണ്ട്. അധികാരം നഷ്ടപ്പെടുന്നവര്‍ക്ക് വാമനനും ഗുണം ലഭിച്ച സാധാരണക്കാരന് മാവേലിയുമാണ് ശരി. അതുകൊണ്ടുതന്നെ നമ്മള്‍ പ്രചരിപ്പിക്കേണ്ടത് ദേവന്മാരുടെ ശരിയല്ല. കള്ളവും ചതിയുമില്ലാത്ത കള്ളപ്പറയും ചെറുനാഴിയുമില്ലാത്ത, ആപത്തില്ലാതെ ആഹ്ലാദത്തോടെ സമ്പല്‍സമൃദ്ധിയില്‍ കഴിയാനുള്ള സ്വപ്നങ്ങള്‍ക്ക് കരുത്തേകാന്‍ ഓണനാളില്‍ മാവേലിയെമാത്രം സ്‌നേഹിക്കുക.


2014 സെപ്തംബര്‍ 19 മാതൃഭൂമി




No comments:

Post a Comment