20160101

മഹാബലിയെ ആനയിയ്ക്കുന്നതാണു് ദീപാവലി

ഇന്ത്യയുടെ മറ്റുഭാഗങ്ങളിലും ആചരിച്ചുവരുന്ന ഉല്‍സവങ്ങളിലൊന്നായ ദീപാവലി കേരളത്തിലും അനുഷ്ഠിച്ചുപോരുന്നതാണു്. തുലാമാസത്തിലെ കറുത്തപക്ഷ ചതുര്‍ദ്ദശിദിവസമാണു് ദീപാവലി ആഘോഷം നടത്താറു് പതിവു്.
വാമനന്‍ മഹാബലിയെ പാതാളത്തിലേയ്ക്കു് ചവിട്ടിത്താഴ്ത്തിയതിന്റെ അനുസ്മരണമാണെന്നുള്ള ഐതിഹ്യം ദീപാവലിയുടെ പിന്നിലുണ്ടു്. മദ്ധ്യഭാരതീയര്‍ക്കിടയിലും കേരളീയരിലും ഈ വിശ്വാസമുണ്ടെന്നു് കേരളത്തിലെ നാടോടി വിജ്ഞാനീയത്തിനൊരു മുഖവുര എന്ന പുസ്തകത്തില്‍ (പുറം 82,സാഹിത്യപ്രവര്‍ത്തക സഹകരണസംഘം, നാഷണല്‍ ബുക്ക് സ്റ്റാള്‍, ജൂണ്‍ 2012) ഡോ. എം.വി. വിഷ്ണു നമ്പൂതിരി ചൂണ്ടിക്കാണിച്ചിട്ടുണ്ടു്.
ഉത്തരകേരളത്തിലെ ബ്രാഹ്മണര്‍ക്കിടയില്‍ നടപ്പുള്ള മഹാബലിപൂജ (വലിയ ചന്ദ്രനെ വരുത്തല്‍ എന്നാണതിന്നു് പറയുന്നതു്.) ഇതിനു് ദൃഷ്ടാന്തമാണു്. അന്തര്‍ജനങ്ങള്‍ കളം വരച്ചു് മൂന്നു് ദിവസം മഹാബലിയെ പൂജിയ്ക്കുന്നു. ഒന്നാം ദിവസം പ്രഭാതത്തില്‍ കിണറ്റില്‍ നിന്നു് വെള്ളമെടുത്തു് നിറകുടമായി വെയ്ക്കണം. ആ വെള്ളം മൂന്നാം ദിവസം പൂജകഴിഞ്ഞശേഷം കിണറ്റില്‍ ഒഴിയ്ക്കുകയും ചെയ്യും. പാതാളത്തില്‍ നിന്നും മഹാബലിയെ ആനയിയ്ക്കുകയും അവിടേയ്ക്കുതന്നെ യാത്രയയ്ക്കകയും ചെയ്യുകയെന്നതാണു് അതിലെ സങ്കല്പം.