20170815

മഹാബലിചരിതം ഓണപ്പാട്ടു്


1. ''ആരോമൽ പൈങ്കിളിപ്പെൺകിടാവേ
2. പാരാതെ വന്നങ്ങരികത്തിരി

3. എങ്ങു്ന്നു് വന്നൂ കിളിക്കിടാവേ?''
4. ''തൃക്കടല്ക്കരേന്നു് വന്നു ഞാനും''

5. ''തൃക്കാ'ക്കരെയെന്തു് വാർത്തയുള്ളൂ?''
6. ''അക്കഥ ചൊൽവാനെളുതല്ലൊട്ടും!''

7. ഖിന്നതവിട്ടു് കിളിക്കിടാവു്
8. നന്നായ് തെളിഞ്ഞു പറഞ്ഞു മെല്ലെ

9. മാതേവരുമെൻ ഗുരുക്കന്മാരും
10. ഉൾക്കാമ്പിൽ വന്നു് തുണച്ചിടേണം

11. തൃക്കാ'ക്കരെത്തിരു മന്നവൻറെ
12. വാർത്തകൾ കേൾപ്പിൻ മഹാലോകരേ,

13. മാവേലി നാടു് വാണീടും കാലം
14. മാനുഷരെല്ലാരുമൊന്നു് പോലെ

15. ആനന്ദത്തോടെ വസിയ്ക്കും കാലം
16. ആപത്തങ്ങാർക്കുമൊട്ടില്ല താനും

17. ആധികൾ വ്യാധികളൊന്നുമില്ലാ
18. ബാലമരണങ്ങൾ കേൾപ്പാനില്ലാ

19. എല്ലാ കൃഷികളുമൊന്നു്‌പോലെ
20. നെല്ലിനു് നൂറു് വിളവതുണ്ടു്

21. പത്തായമെല്ലാം നിറവതുണ്ടു്
22. പത്തായിരത്താണ്ടേരിപ്പതുണ്ടു്

23. ദുഷ്ടരെ കൺകൊണ്ടു് കാൺമാനില്ല
24. നല്ലവരല്ലാതെയില്ല പാരിൽ

25. ഭൂലോകമൊക്കെ കനകമത്രേ!
26. ആലയമൊക്കെയുമൊന്നു് പോലെ

27. നല്ല കനകം കൊണ്ടെല്ലാവരും
28. ആഭരണങ്ങളണിഞ്ഞു് കൊണ്ടു്

29. നാരിമാർ ബാലൻമാർ മറ്റുള്ളോരും
30. നീതിയോടെങ്ങും വസിയ്ക്കും കാലം

31. കള്ളവുമില്ലാ ചതിവുമില്ലാ
32. എള്ളോളമില്ലാ പൊളിവചനം

33. വെള്ളിക്കോലാദികൾ നാഴികളും
34. എല്ലാം കണക്കതിൻ തുല്യമായി

35. കള്ളപ്പറയും ചെറുനാഴിയും
36. കള്ളത്തരങ്ങൾ മറ്റൊന്നുമില്ല!

37. നല്ല മഴ പെയ്യും വേണ്ടുന്നേരം
38. നല്ലപോലെല്ലാവിളവും ചേരും

39. വേദിയർ വേദവും സംഗീതവും
40. യാഗാദി കർമ്മം മുടക്കിടാതെ

41. രക്ഷിച്ചു് വാഴുന്ന കാലത്തിങ്കൽ
42. മാവേലിയെന്നൊരാ രാജാവല്ലോ

43. മാനുഷരോടങ്ങരുളിച്ചെയ്തു:
44. ''നിങ്ങളെല്ലാരുമനുസരിപ്പിൻ

45. അല്ലല് കൈവിട്ട തിരുന്നാളല്ലോ
46. തൃച്ചിങ്ങമാസത്തിരുവോണങ്ങൾ''

47. അന്നൊരു വേല വിചിത്രമായി
48. വന്ദിച്ചു് കൊണ്ടു് തുടങ്ങിവന്നു

49. തൃക്കാ'ക്കരപ്പനു് ഓണം കാൺമാൻ
50. പോകണമെല്ലാരുമെന്നുവന്നു

51. ''തൃക്കാ'ക്കരെയ്ക്കു് നാമൊക്കെച്ചെന്നു്
52. തൃക്കാ'ക്കരപ്പനു് ഓണം കാൺമാൻ

53. പോകണമെന്നുപുറപ്പെട്ടാറെ
54. ബാലന്മാർ വൃദ്ധന്മാർ മറ്റുള്ളോരും

55. തൃക്കാക്കരെയ്ക്കു് വയിനടന്നു്
56. ദുഃഖിപ്പാനേതുമെളുതല്ലല്ലോ''

57. എന്നതുകേട്ടാറെ മാവേലിയോ
58. മാനുഷരോടന്നരുളിച്ചെയ്തു

59. ''ഇന്നു് തുടങ്ങി നാമെല്ലാവരും
60. ഇല്ലങ്ങൾ തോറുമലങ്കരിച്ചു്

61. ചെത്തിയടിച്ചു് മെഴുകിത്തേച്ചു്
62. നല്ത്തറയിട്ടു് കളമെഴുതി

63. തുമ്പമലരാദി പുഷ്പങ്ങളും
64. അമ്പോടെയിട്ടു് വിചിത്രമായി

65. പത്തു് നാൾ മുമ്പേ വന്നത്തംതൊട്ടു്
66. എത്രയും ഘോഷങ്ങളെന്നേ വേണ്ടൂ

67. നാരിമാർ വൃദ്ധൻമാർ മറ്റുള്ളോരും
68. ആകെക്കുളിച്ചവരൂൺ കഴിഞ്ഞും

69. അങ്ങനെ തന്നെയും ദിക്കു് തോറും
70. ഘോഷങ്ങളൊക്കെയുമൊന്നു് പോലെ

71. മാവേലി രക്ഷിച്ചു് വാഴും കാലം
72. അക്കാലമൊക്കെയുമൊന്നു് പോലെ

73. ഉണ്ണിയായ് വന്നൊരു വാസുദേവൻ
74. മാവേലി തന്നോടു് യാചിക്കുന്നു:

75. ''മൂപ്പിടി മണ്ണെനിയ്ക്കാശയുണ്ടാം''
76. ''മൂപ്പിടി മണ്ണുമളന്നു് കൊൾക''

77. മൂപ്പിടി മണ്ണന്നളന്ന നേരം
78. മൂപ്പിടി മണ്ണു് തികഞ്ഞീലാന്നു്

79. മാവേലി മണ്ണുപേക്ഷിച്ചശേഷം
80. മാധവൻ നാടു് വാണിടും കാലം

81. ആകവേ ആയിരം ബ്രാഹ്മണരെ
82. നിത്യവുമൂട്ടിത്തുടങ്ങിയല്ലോ

83. മോടികളൊക്കെയും മാറിയല്ലോ
84. മാവേലിയോണം മുടങ്ങിയല്ലോ

85. അക്കഥകേട്ടാറെ മാവേലിതാൻ
86. ഖേദിച്ചു തൻറെ മനസ്സു് കൊണ്ടും

87. ക്ഷോഭിച്ചു പാരം മനസ്സുമുട്ടി
88. ഊഴിയ്ക്കുടയരോടേവമോതി

89. ''എന്നുടെ ഭൂമിയടക്കം വാങ്ങി
90. ഞാനുപേക്ഷിച്ചിങ്ങു് പോന്നശേഷം

91. മാനുഷരൊക്കെ വലഞ്ഞു് പോയി
92. ദേവകീനന്ദനാ,വാസുദേവാ,

93. കാലികൾ മേച്ചു് നടന്നവനേ
94. പാൽ തൈരു് വെണ്ണ കട്ടുണ്ടവനേ

95. കുചേലന്റെവൽ വാരി തിന്നവനേ
96. അമ്മാവനെ കൊല ചെയ്തവനേ

97. നാരിമാർ കൂറ കവർന്നവനേ
98. നാരിമാരെച്ചതി ചെയ്തവനേ

99. മണ്ണളന്നെന്നെ ചതിച്ചവനേ
100. മോടികളൊക്കെയും മാറ്റിയോനേ

101. ചിങ്ങത്തെ ഓണം മുടക്കിയോനേ
102. ഇങ്ങനെയാകുവാനെന്തു് മൂലം?''

103. മാവേലി തൻമൊഴി കേട്ടനേരം
104. വാസുദേവന്നുമരുളിച്ചെയ്തു

105. ''ഖേദിയ്ക്ക വേണ്ട യെൻ രാജമൗലേ
106. സേവിച്ചുവാണൊരു രാജവീര

107. കാലമൊരാദി ദിനങ്ങൾ തോറും
108. വന്നു് മാനുഷരെ കണ്ടു് കൊൾവിൻ''

109. ചിങ്ങമാസത്തിലെ ഓണം കാണ്മാൻ
110. ഭംഗ്യാ വരികെന്നരുളിച്ചെയ്തു

111. ചിങ്ങമാസത്തിലെ ഓണക്കാലം
112. മാനുഷരെല്ലാരും മേളിയ്ക്കുന്നു

113. മാനുഷരെക്കാണാനന്നു വരു-
114. മെന്നുമാവേലീമരുളിച്ചെയ്തു

115. മാവേലി ചൊന്നതു് കേട്ടനേരം
116. വാസുദേവേനങ്ങരുളിച്ചെയ്തു

117. ''നാരിമാർ ബാലന്മാർ വൃദ്ധന്മാരും
118. ഗോപൻമാർ ഗോപാല നാരിമാരും

119. സേവകർ മറ്റുള്ള ആളുകളും
120. ആകവേ കേൾപ്പിൻ ഞാൻ ചൊൽവതെല്ലാം,

121. '' ചിങ്ങമാസത്തിലെ ഓണം കാണ്മാൻ
122. മാവേലിതാനും വരുമവിടെ

123. ചിങ്ങത്തെ ഓണം മുടങ്ങിടാതെ
124. ആഘോഷമായി നടത്തവേണം

125. പണ്ടേതിനേക്കാൾ വിചിത്രമായി
126. വേണ്ടുന്നതെല്ലാമൊരുക്കീടേണം''

127. ചെത്തിയടിച്ചു് വഴി നടകൾ
128. വെൺ മണൽ തൂവി വഴി നടപ്പാൻ

129. വെൺമയിൽ ചുവ്‌രും നിലങ്ങളെല്ലാം
130. പൊൻമയമാക്കി മെഴുകിടേണം

131. കുമ്മായം കൊണ്ടു് മെഴുകുന്നോരും
132. ചെമ്മണ്ണു് കൊണ്ടു് തറപിടിച്ചു്

133. മുറ്റത്തു് വട്ടക്കളവുമിട്ടു്
134. ഗോമയം കൊണ്ടു് മെഴുകിത്തേച്ചും

135. പുഷ്പങ്ങൾ കൊണ്ടു് മതിൽ വളച്ചും
136. ആർപ്പു് വിളിച്ചുമലങ്കരിച്ചും

137. ആനന്ദമെന്നേ പറവാനുള്ളൂ
138. എത്രയും ഘോഷങ്ങളെന്നേ വേണ്ടൂ

139. ആണ്ട വില്ലമ്പു് കടുന്തുടിയും
140. തുംബുരു വീണ കുഴൽനാദവും

141. മദ്ദളം ചെണ്ട മുരശുടുക്കും
142. നല്ല കുഴൽ വീണ ചിന്തുരാഗം

143. വാളേറുമമ്മാനമാട്ടമെല്ലാം
144. പന്തടിയിത്തരമൊട്ടു് ഘോഷം

145. നാരിമാർ ബാലൻമാർ വൃദ്ധൻമാരും
146. ലീലകൾ പൂണ്ടു് വസിയ്ക്കുംകാലം

147. മാനം വളച്ച വളപ്പകത്തു്
148. നല്ല നഗരങ്ങളെല്ലാടവും

149. നെല്ലുമരിയും പലതരത്തിൽ
150. വേണ്ടുന്ന വാണിഭമൊന്നു് പോലെ

151. ആന കുതിരകളാടുമാടും
152. കെട്ടിവരുന്നതിനറ്റമില്ലാ

153. ശീലത്തരങ്ങളും വേണ്ടുവോളം
154. നീലക്കവിണികൾ ചിറ്റാടയും

155. കായങ്കുളച്ചേല പോർക്കളത്തിൽ
156. തോരനെഴുതിയ വാളിൻ പിടി

157. നായകവീരൻമാർക്കറ്റമില്ല
158. കെട്ടിവരും പൊന്നിനറ്റമില്ല

159. നല്ല മണല്പാടൻ നല്ലെഴുത്തൻ
160. മാങ്കോരത്തോരനുമെള്ളുണ്ടയും

161. വേണ്ടും തരങ്ങളും വേണ്ടുവോളം
162. നഗരിയിൽ നല്ലതു് കോഴിക്കോടൻ

163. ചീനത്തെ മുണ്ടുകൾ വേണ്ടുവോളം
164. തെക്കർ കിഴക്കർ കവിണിയുണ്ടു്

165. ഓരോ തരങ്ങളിൽ വേണ്ടുവോളം
166. പട്ടുപുടവകൾക്കറ്റമില്ല

167. കണ്ണാടി കസ്തൂരി കർപ്പൂരവും
168. പച്ചപ്പുഴുച്ചാന്തും സിന്ദൂരവും

169. അഷ്ടഗന്ധങ്ങളും ചന്ദനവും
170. നല്ല കരിപ്പെട്ടി നാരങ്ങയും

171. വെറ്റിലടയ്ക്കയും നാളികേരം
172. ജീരകം ഉള്ളി കടു(ക്) മുളകു്

173. ശർക്കര തേനോടു് പഞ്ചസാര
174. എണ്ണയും നെയ്യും വെളിച്ചെണ്ണയും

175. ഈ വണ്ണമുള്ള വിശേഷങ്ങളും
176. സാന്നാഹം ചൊന്നാലൊടുക്കമില്ല

177. പച്ചക്കുലയും പഴക്കുലയും
178. പപ്പടക്കെട്ടുകൾ വേണ്ടുവോളം

179. എണ്ണമില്ലാതോളമെന്നേ വേണ്ടൂ
180. കണ്ടവർ കൊണ്ടും കൊടുത്തും വാങ്ങി

181. വേണ്ടുന്നതൊക്കെയും വേണ്ടുവോളം
182. ഞാനിതു് ചൊന്നാലൊടുക്കമില്ല

183. അങ്ങനെയെല്ലാമിരിയ്ക്കും കാലം
184. മാവേലിതാനുമെഴുന്നള്ളുന്നു

185. തൃക്കടല്ക്കരെയ്ക്കുലകൊഴിഞ്ഞു്
186. ദിത്യചന്ദ്രന്മാരും വന്നു് ചേർന്നു

187. വെള്ളാന രണ്ടുമിരുപുറവും
188. ലോകം കുലുങ്ങിന വാദ്യങ്ങളും

189. ശംഖു് നാദങ്ങൾ മുഴക്കംകൊണ്ടു്
190. ദിക്കുകൾ തോറും നിറഞ്ഞു് തോന്നി

191. വെള്ളാന തന്റെ കഴുത്തിലേറി
192. മാവേലി തൻറെയെഴുന്നള്ളത്തു്

193. ആദരവോടെ തൻ ചേകവരും
194. നാഗൻമാർ വീരൻമാർ നായകരും

195. നാരിമാർ പാടിയുമാടിക്കൊണ്ടും
196. പാടുന്ന താളത്തിൽ നൃത്തം വച്ചു

197. എത്രയുമാനന്ദമെന്നേയുള്ളൂ
198. ആഘോഷമെന്നേ പറവാനുള്ളൂ

199. ലോകങ്ങൾ കണ്ടു് തെളിഞ്ഞ ശേഷം
200. മാവേലി പോകുന്ന നേരത്തിങ്കൽ

201. നിന്നു് കരയുന്നു മാനുഷരു്
202. മാവേലി അപ്പോഴരുളിച്ചെയ്തു:

203. ''ഖേദിയ്ക്ക വേണ്ടെന്റെ മാനുഷരേ
204. ഏറെനാൾ ചെന്നേ ഞാൻ പോകുന്നുള്ളൂ

205. കൊല്ലമോരോന്നു് തികഞ്ഞിടുമ്പോൾ
206. ഓണത്തിനെന്നും വരുന്നുമുണ്ടു്

207. കാലമിതൊന്നു് തികഞ്ഞിടുമ്പോൾ
208. വീണ്ടുമീനാടു് വാഴുന്നുമുണ്ടു്

209. നിങ്ങളെല്ലാരുമനുസരിപ്പിൻ
210. ചിങ്ങത്തിലുള്ള തിരുവോണങ്ങൾ''

211. എന്നതു് കേട്ടുടൻ മാനുഷരു്
212. നന്നായ് തെളിഞ്ഞു മനസ്സു് കൊണ്ടു്

213. ശങ്കര നിർമ്മിതമായ പാട്ടു്
214. വിദ്യയില്ലാത്തവർ ചൊല്ലുന്നേരം

215. വിദ്വാൻമാർ കണ്ടതിൻ കുറ്റം തീർപ്പിൻ
216. ഇപ്പാട്ടു് പാടി സ്തുതിച്ചിടുവിൻ

217. ഇക്കഥ പാടിക്കളിയ്ക്കുന്നോർക്കും
218. ദിക്കറിയാത്തവർ കേൾക്കുന്നോർക്കും

219. ദുഃഖമൊഴിഞ്ഞു് സുഖമുണ്ടാകും
220. മക്കൾ മരുമക്കളേറ്റമുണ്ടാം

221. തൃക്കടല്ക്കരെത്തിരുമന്നന്റെ
222. ഇപ്പാട്ടു് പാടി സ്തുതിയ്ക്കുന്നോർക്കു്

223. പ്രാണനപായം വരുന്ന കാലം
224. മാതേവപാദത്തിൽ ചെന്നുചേരാം

225. ഇക്കഥ ചൊന്നൊരു തത്തത്താനു്
226. ആമോദത്തോടെ വസിച്ചിടുവാൻ

227. പാടിപ്പറന്നു് പോയ് തൃക്കാക്കരെ
228. മെല്ലെവെച്ചെന്നു് സുഖിച്ചിരുന്നു.

20160101

മഹാബലിയെ ആനയിയ്ക്കുന്നതാണു് ദീപാവലി

ഇന്ത്യയുടെ മറ്റുഭാഗങ്ങളിലും ആചരിച്ചുവരുന്ന ഉൽസവങ്ങളിലൊന്നായ ദീപാവലി കേരളത്തിലും അനുഷ്ഠിച്ചുപോരുന്നതാണു്. തുലാമാസത്തിലെ കറുത്തപക്ഷ ചതുർദ്ദശിദിവസമാണു് ദീപാവലി ആഘോഷം നടത്താറു് പതിവു്.
വാമനൻ മഹാബലിയെ പാതാളത്തിലേയ്ക്കു് ചവിട്ടിത്താഴ്ത്തിയതിന്റെ അനുസ്മരണമാണെന്നുള്ള ഐതിഹ്യം ദീപാവലിയുടെ പിന്നിലുണ്ടു്. മദ്ധ്യഭാരതീയർക്കിടയിലും കേരളീയരിലും ഈ വിശ്വാസമുണ്ടെന്നു് കേരളത്തിലെ നാടോടി വിജ്ഞാനീയത്തിനൊരു മുഖവുര എന്ന പുസ്തകത്തിൽ (പുറം 82,സാഹിത്യപ്രവർത്തക സഹകരണസംഘം, നാഷണൽ ബുക്ക് സ്റ്റാൾ, ജൂൺ 2012) ഡോ. എം.വി. വിഷ്ണു നമ്പൂതിരി ചൂണ്ടിക്കാണിച്ചിട്ടുണ്ടു്.

ഉത്തരകേരളത്തിലെ ബ്രാഹ്മണർക്കിടയിൽ നടപ്പുള്ള മഹാബലിപൂജ (വലിയ ചന്ദ്രനെ* വരുത്തൽ എന്നാണതിന്നു് പറയുന്നതു്.) ഇതിനു് ദൃഷ്ടാന്തമാണു്. അന്തർജനങ്ങൾ കളം വരച്ചു് മൂന്നു് ദിവസം മഹാബലിയെ പൂജിയ്ക്കുന്നു. ഒന്നാം ദിവസം പ്രഭാതത്തിൽ കിണറ്റിൽ നിന്നു് വെള്ളമെടുത്തു് നിറകുടമായി വെയ്ക്കണം. ആ വെള്ളം മൂന്നാം ദിവസം പൂജകഴിഞ്ഞശേഷം കിണറ്റിൽ ഒഴിയ്ക്കുകയും ചെയ്യും. പാതാളത്തിൽ നിന്നും മഹാബലിയെ ആനയിയ്ക്കുകയും അവിടേയ്ക്കുതന്നെ യാത്രയയ്ക്കകയും ചെയ്യുകയെന്നതാണു് അതിലെ സങ്കല്പം.

*വലിയ ചന്ദ്രൻ പൊലീന്ദ്രൻ, ബലീന്ദ്രൻ

20141004

സഹോദരൻ കെ. അയ്യപ്പന്റെ ഓണപ്പാട്ട്


ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ നവോത്ഥാന, സാമൂഹിക വിപ്ലവങ്ങളുടെ ഭാഗമായി സഹോദരൻ കെ. അയ്യപ്പൻ ഒരു സവിശേഷ സംസ്‌കാര, രാഷ്ട്രീയ രചനയായി ഒരു ഓണപ്പാട്ടെഴുതുകയും പാടിനടക്കുകയും 1934-ലെ തന്റെ പദ്യകൃതികളിൽ അച്ചടിച്ച് പ്രസിദ്ധീകരിക്കുകയും ചെയ്തു.പതിനാറാം നൂറ്റാണ്ടിൽ വിരചിതമായതെന്നു് കരുതപ്പെടുന്ന മാവേലിചരിതം ഓണപ്പാട്ടിലെ ആറുവരികളോടെയാണതിന്റെ തുടക്കം.

സഹോദരൻ കെ. അയ്യപ്പൻറെ ഓണപ്പാട്ട് ചുവടെ:-


മാവേലി നാടു വാണീടും കാലം
മാനുഷരെല്ലാരുമൊന്നുപോലെ

ആമോദത്തോടെ വസിക്കും കാലം
ആപത്തങ്ങാർക്കുമൊട്ടില്ലതാനും

കള്ളവുമില്ല ചതിവുമില്ല
എള്ളോളമില്ല പൊളി വചനം

തീണ്ടലുമില്ല തൊടീലുമില്ല
വേണ്ടാതനങ്ങൾ മറ്റൊന്നുമില്ല

ചോറുകൾവച്ചുള്ള പൂജയില്ല
ജീവിയെക്കൊല്ലുന്ന യാഗമില്ല

ദല്ലാൾവഴിക്കീശസേവയില്ല
വല്ലാത്ത ദൈവങ്ങളൊന്നുമില്ല

സാധുധനിക വിഭാഗമില്ല
മൂലധനത്തിൻ ഞെരുക്കലില്ല

ആവതവരവർ ചെയ്തു നാട്ടിൽ
ഭൂതി വളർത്താൻ ജനം ശ്രമിച്ചു

വിദ്യ പഠിക്കാൻ വഴിയേവർക്കും
സിദ്ധിച്ചു മാബലി വാഴും കാലം

സ്ത്രീക്കും പുരുഷനും തുല്യമായി
വാച്ചുസ്വതന്ത്രതയെന്തു ഭാഗ്യം?

കാലിയ്ക്കുകൂടി ചികിത്സ ചെയ്യാൻ
ആലയം സ്ഥാപിച്ചിതന്നു മർത്ത്യർ

സൗഗതരേവം പരിഷ്‌കൃതരായ്
സർവ്വം ജയിച്ചു ഭരിച്ചുപോന്നാർ

ബ്രാഹ്മണർക്കീർഷ്യ വളർന്നുവന്നീ
ഭൂതി കെടുക്കാനവർ തുനിഞ്ഞു

കൗശലമാർന്നൊരു വാമനനെ
വിട്ടു ചതിച്ചവർ മാബലിയെ

ദാനം കൊടുത്ത സുമതിതന്റെ
ശീർഷം ചവിട്ടിയാ യാചകനും.

അന്നുതൊട്ടിന്ത്യയധഃപതിച്ചു
മന്നിലധർമ്മം സ്ഥലം പിടിച്ചു.

ദല്ലാൽമതങ്ങൾ നിറഞ്ഞു കഷ്ടം!
കൊല്ലുന്ന ക്രൂരമതവുമെത്തി

വർണ്ണവിഭാഗവ്യവസ്ഥ വന്നു
മന്നിടം തന്നെ നരകമാക്കി

മർത്ത്യനെ മർത്ത്യനശുദ്ധനാക്കു-
മയ്ത്തപ്പിശാചും കടന്നുകൂടി

തന്നിലശക്തന്റെമേലിൽക്കേറി
തന്നിൽ ബലിഷ്ഠന്റെ കാലുതാങ്ങും

സ്നേഹവും നാണവും കെട്ട രീതി
മാനവർക്കേകമാം ധർമ്മമായി.

സാധുജനത്തിൻ വിയർപ്പു ഞെക്കി
നക്കിക്കുടിച്ചു മടിയർ വീർത്തു

നന്ദിയും ദീനകരുണതാനും
തിന്നുകൊഴുത്തിവർക്കേതുമില്ല

സാധുക്കളക്ഷരം ചൊല്ലിയെങ്കിൽ
ഗർവ്വിഷ്ഠരീ ദുഷ്ടർ നാക്കറുത്തു

സ്ത്രീകളിവർക്കു കളിപ്പാനുള്ള
പാവകളെന്നു വരുത്തിവച്ചു

ആന്ധ്യമസൂയയും മൂത്തു പാരം
സ്വാന്തബലം പോയ് ജനങ്ങളെല്ലാം

കഷ്ടമേ, കഷ്ടം! പുറത്തുനിന്നു-
മെത്തിയോർക്കൊക്കെയടിമപ്പട്ടു

എത്ര നൂറ്റാണ്ടുകൾ നമ്മളേവം
ബുദ്ധിമുട്ടുന്നു സഹോദരരേ

നമ്മെയുയർത്തുവാൻ നമ്മളെല്ലാ-
മൊന്നിച്ചുണരണം കേൾക്ക നിങ്ങൾ

ബ്രാഹ്മണോപജ്ഞമാം കെട്ട മതം
സേവിപ്പവരെ ചവിട്ടും മതം

നമ്മളെത്തമ്മിലകറ്റും മതം
നമ്മൾ വെടിയണം നന്മ വരാൻ.

സത്യവും ധർമ്മവും മാത്രമല്ലൊ
സിദ്ധിവരുത്തുന്ന ശുദ്ധമതം

ധ്യാനത്തിനാലെ പ്രബുദ്ധരായ
ദിവ്യരാൽ നിർദ്ദിഷ്ടമായ മതം.

ആ മതത്തിന്നായ് ശ്രമിച്ചിടേണം
ആ മതത്തിന്നു നാം ചത്തിടേണം

വാമനാദർശം വെടിഞ്ഞിടേണം
മാബലിവാഴ്ച വരുത്തിടേണം

ഓണം നമുക്കിനി നിത്യമെങ്കിൽ
ഊനംവരാതെയിരുന്നുകൊള്ളും.(ഡോ.ഷൊർണൂർ കാർത്തികേയൻ എഴുതി 2012-ൽ സാഹിത്യ പ്രവർത്തക സംഘം നാഷണൽ ബുക്ക് സ്റ്റാൾ പ്രസിദ്ധീകരിച്ച സഹോദരൻ അയ്യപ്പൻ എന്നപുസ്തകത്തിൽ നിന്നും ഉദ്ധരിച്ചതു്.)

ഇവ കാണുക

20141002

കാസര്‍കോടിന്റെ വടക്കന്‍ ഗ്രാമങ്ങളിലെ മഹാബലി ആരാധന

തൃക്കരിപ്പൂര്‍ മുതല്‍ കുന്താപുരം നീളുന്ന പഴയ തുളുനാട്ടില്‍ തുലാമസത്തില്‍ കറുത്തവാവ് വരുന്ന ദീപാവലി നാളില്‍ മഹാബലിയെ വരവേല്‍ക്കുന്നു

മാതൃഭൂമി .കോം ഓണം സ്പെഷ്യല്‍ താളില്‍ ഇ.വി ജയകൃഷ്ണന്‍ എഴുതിയ ലേഖനത്തില്‍ നിന്നു് 

കാഞ്ഞങ്ങാടിനടുത്ത് കൊടവലം ഗ്രാമത്തിലെ കൊടവലം ക്ഷേത്രത്തില്‍ മഹാബലി കണ്ട വാമനന്റെ വിശ്വരൂപമാണ് പ്രതിഷ്ഠ. മഹാബലിയെ മോക്ഷപ്രാപ്തനാക്കും മുമ്പ് വാമനന്‍ അദ്ദേഹത്തിന് കാട്ടിക്കൊടുത്ത ത്രിവിക്രമ സങ്കല്‍പ്പത്തിലാണ് ഇവിടുത്തെ ആരാധന. ദേശീയ പാതയില്‍ പൂല്ലൂര്‍ ബസ് സ്റ്റോപ്പിലെത്തിയാല്‍ മൂന്നര കിലോമീറ്റര്‍ കിഴക്ക്-തെക്ക് മാറിയാണ് കൊടവലം ക്ഷേത്രം.

കൊടവലം-മിത്തും യാഥാര്‍ഥ്യവും എന്ന ലേഖനത്തില്‍ എഴുത്തുകാരന്‍ ഡോ.അംബികാസുതന്‍ മാങ്ങാട് ഇങ്ങനെ വിവരിക്കുന്നു:- മൂന്നാമത്തെ കാല്‍വെപ്പിന് മഹാബലിയെ പാതാളത്തിലേക്ക് ചവുട്ടി താഴ്ത്തിയ വിഷ്ണു അവതാരത്തെ കുറിച്ചാണ് പറയുന്നതും പ്രചരിക്കുന്നതും.

എന്നാല്‍ പുരാണങ്ങളില്‍ വിഷ്ണുഭക്തനായ മഹാബലിയാണുള്ളത്.ബലിയെ എല്ലാ ഐശ്വര്യങ്ങളോടെയും ഏഴുകടലുകള്‍ക്കപ്പുറത്തുള്ള സുതലത്തില്‍ വാഴിക്കുകയാണ് അവതാരമൂര്‍ത്തി ചെയ്തതത്രെ.തുളുനാട്ടുകാര്‍ വൃശ്ചികത്തിലെ തിരുവോണമാണ് ആഘോഷിച്ചിരുന്നത്.

കൊടവലം ക്ഷേത്രത്തിലെ തിരുവോണോത്സവവും വൃശ്ചികത്തിലാണ്. തൃക്കരിപ്പൂര്‍ മുതല്‍ കുന്താപുരം നീളുന്ന പഴയ തുളുനാട്ടില്‍ തുലാമസത്തില്‍ കറുത്തവാവ് വരുന്ന ദീപാവലി നാളിലാണ് മഹാബലിയെ വരവേല്‍ക്കുന്നത്.പാലമരക്കൊമ്പ് മുറിച്ചെടുത്ത് പൊലിയന്ത്രമാക്കിയും ബലീന്ദ്ര പൂജ നടത്തിയും തുളുനാട്ടുകാര്‍ ആഘോഷം കൊണ്ടാടുന്നു.

ഈ ആഘോഷത്തിന് ഓണമെന്ന പേരൊന്നുമില്ല.പക്ഷെ മഹാബലി ആരാധനയാണ് ഈ ദിവസം നടക്കുന്നത്. കാസര്‍കോടിന്റെ വടക്കന്‍ ഗ്രാമങ്ങളിലാണ് ബലി ആരാധന കൂടുതലെന്നും അംബികാസുതന്റെ ലേഖനത്തിലുണ്ട്.
അവലംബം
മാതൃഭൂമി .കോം ഓണം സ്പെഷ്യല്‍ താള്‍


പൊലീന്ദ്രന്‍ വിളിതുളുനാട്ടിലെ തുലാവാവിനെപ്പറ്റി

മാതൃഭൂമി .കോം  ഓണം സ്പെഷ്യല്‍ താളില്‍ പി.വി. ഷാജികുമാര്‍ എഴുതിയ ലേഖനത്തില്‍ നിന്നു്. പൂര്‍ണരൂപം ഇവിടെ

'കല്ല് കായാവുന്ന കാലത്ത് ,വെള്ളാരം കല്ല് പൂക്കുന്ന സമയത്ത്, ഉപ്പ് കര്‍പ്പൂരമാകുന്ന കാലത്ത്, ഉഴുന്ന് മദ്ദളം ആവുന്ന കാലത്ത്, നെച്ചിക്കാടിനടിയില്‍ വയല്‍ക്കൂട്ടം നടക്കുന്ന കാലത്ത്, കുന്നിക്കുരുവിന്റെ കറുത്ത കല മായുന്ന കാലത്ത്, മോരില്‍ വെണ്ണ മുങ്ങുന്ന കാലത്ത്, മരംകൊത്തി പക്ഷി തന്റെ കുടുമ താഴെയിറക്കുന്ന കാലത്ത് അല്ലയോഭൂമിപുത്രാ, ബലിയീന്ദ്രാ, നിനക്ക് തിരിച്ചു വന്നു നാട് ഭരിക്കാം.'

മറ്റ് സ്ഥലങ്ങളില്‍ അത്തം മുതല്‍ പത്ത് ദിവസം വരെ മാത്രം പൂവിടുമ്പോള്‍ ഞങ്ങള്‍ കാസര്‍ഗോഡുകാര്‍ ചിങ്ങം ഒന്ന് തൊട്ട് പൂവിട്ട് മഹാബലിയെ സ്‌നേഹിച്ച് കൊല്ലും. ഞങ്ങളുടെ സ്‌നേഹാധിക്യം കൊണ്ടാണോ എന്തോ തെക്കുള്ളവരില്‍ നിന്ന് വ്യത്യസ്തമായി ഞങ്ങള്‍ കാസര്‍ഗോഡുകാരെ കാണാന്‍ മാവേലി രണ്ട് പ്രാവശ്യം വരുന്നുണ്ട്. ആദ്യം വരുന്നത് എല്ലാവര്‍ക്കുമറിയാവുന്നത് പോലെ കേരളത്തില്‍ മൊത്തം സന്ദര്‍ശിക്കുന്ന ചിങ്ങമാസത്തില്‍.

രണ്ടാമത്തെ വരവ് തുലാം മാസത്തിലാണ്. പുതിയ കാസര്‍ഗോഡുകാര്‍ അതിന്റെ ഓര്‍മകള്‍ ഏറെക്കുറെ മായ്ച്ച് കളഞ്ഞെങ്കിലും കുറച്ച് മുന്നോട്ടുള്ള കാസര്‍ഗോഡുകാര്‍ക്ക് തുലാം മാസത്തെ ഓണം പരമപ്രധാനവും സവിശേഷതയാര്‍ന്നതുമായിരുന്നു.

തുലാം മാസത്തില്‍ മൂന്ന് ദിവസം മാവേലി ജനങ്ങളുടെയടുത്തുണ്ടാവുമെന്നാണ് തുളുനാട്ടിലെ വിശ്വാസം. എല്ലാം മറന്ന് ദാനം ചെയ്യുന്ന, സോഷ്യലിസത്തിന്റെ തലതൊട്ടപ്പനായ മാവേലിയുടെ മുന്നില്‍ മഹാവിഷ്ണു വാമനന്‍ എന്ന ചെറിയ മനുഷ്യനായി രംഗപ്രവേശം ചെയ്യുകയും മൂന്നടി മണ്ണ് ചോദിക്കുകയും രണ്ട് അടി കൊണ്ട് എല്ലാം അളന്നെടുക്കുകയും മൂന്നാമത്തെയടി മാവേലിയുടെ ശിരസ്സില്‍ വെച്ച് പാതാളത്തിലേക്ക് ചവുട്ടിത്താഴ്ത്തുകയും ചെയ്തു എന്നതാണല്ലോ ഐതിഹ്യം. അടിച്ചമര്‍ത്തപ്പെട്ടവര്‍ ഏതെങ്കിലും ഒരു കാലത്ത് ഉയര്‍ത്തെഴുന്നേല്‍ക്കുക തന്നെ ചെയ്യും എന്ന് മഹാബലി പറയാതെ പറയുന്നുണ്ട്. ഈ കഥ തന്നെയാണ് തുളുനാട്ടിലെ തുലാം മാസമിത്തിലും ആവര്‍ത്തിക്കുന്നത്. മഹാബലിയുടെ ഭരണത്തില്‍ അസൂയ മൂത്ത് ഭ്രാന്തായ ദേവേന്ദ്രനാണല്ലോ ഇതിന്റെ മുഖ്യഹേതു. ചവുട്ടിത്താഴ്ത്തിയപ്പോള്‍ കുറ്റബോധം തോന്നിയിട്ടോ എന്തോ, മഹാവിഷ്ണു മഹാബലിയോട് മൂന്ന് ദിവസം സ്വര്‍ഗ്ഗവും ഭൂമിയും ഭരിക്കാന്‍ അനുവാദം നല്‍കുന്നു. തുലാം മാസത്തെ ഈ മൂന്ന് ദിവസങ്ങളാണ് പഴയകാലത്തെ കാസര്‍ഗോഡുകാര്‍ സവിശേഷമായ ചടങ്ങുകളോടെ ആചരിക്കുന്നത്.

പൊലീന്ദ്രന്‍ വിളി എന്ന് അതിനെ പേരിട്ട് വിളിക്കാമെങ്കിലും ചടങ്ങിന് കൃത്യമായ പേരൊന്നുമില്ല. മൂന്ന് ദിവസങ്ങളിലെ സന്ധ്യകളിലാണ് പൊലീന്ദ്രന്‍ വിളികള്‍ കാസര്‍ഗോട്ടെ നാട്ടിന്‍പുറങ്ങളില്‍ മുഴങ്ങിക്കേള്‍ക്കുക. പാലമരത്തിന്റെ ചെറിയ കൊമ്പുകള്‍ വെട്ടി, കവണരൂപത്തിലാക്കി ഒരു താക്കമുണ്ടാക്കും. അത് വീട്ടുമുറ്റത്തും കിണറ്റിന് മുന്നിലും തൊഴുത്തിന് മുന്നിലും കുത്തിനിര്‍ത്തും. ചിരട്ട മൂന്ന് കഷണങ്ങളായി പൊട്ടിച്ചെടുത്ത് കുത്തിനിര്‍ത്തിയ പാലമരക്കൊമ്പിന് മേല്‍ വിളക്ക് കത്തിക്കുന്നതിനായി വെയ്ക്കും. സന്ധ്യാ നേരത്ത് വിളക്ക് വെച്ചുകഴിഞ്ഞാല്‍ വിളക്കും ഒരു പാത്രത്തില്‍ അരിയുമായി മുതിര്‍ന്ന സ്ത്രീകളും കുട്ടികളും ആദ്യം കിണറ്റിന്‍കരയിലെത്തും. പാലക്കൊമ്പില്‍ വെച്ചിരിക്കുന്ന ചിരട്ടകഷണത്തിന് മേല്‍ കൂട്ടത്തില്‍ ഏറ്റവും മുതിര്‍ന്നയാള്‍ എണ്ണയില്‍ കുതിര്‍ന്ന തിരി വെയ്ക്കും. വിളക്ക് കൊളുത്തിയ ശേഷം മുതിര്‍ന്നയാള്‍ എല്ലാവര്‍ക്കും കുറച്ച് അരിമണികള്‍ പകരും. കിണറ്റിന്‍ കരയില്‍ കത്തിച്ച് തിരിക്ക് നേര്‍ക്ക് തിരിഞ്ഞ് 'പൊലീന്ദ്രാ.. പൊലീന്ദ്രാ. അരിയോ.. അരി..' എന്ന് (ഹരിയോ.. ഹരി.. എന്നാണ് കൃത്യമായ വാക്ക്, പക്ഷേ അരിയിടുന്നതായത് കൊണ്ട് ഹരി പോയി, അരിയായി.) എല്ലാവരും ഉച്ചത്തില്‍ മൂന്ന് പ്രാവശ്യം വിളിച്ച് കൈയ്യിലെ അരി കത്തിക്കൊണ്ടിരിക്കുന്ന തിരിക്ക് മേലിടും. അതിന് ശേഷം തൊഴുത്തിനരികില്‍ കുത്തിനിര്‍ത്തിയ പാലക്കൊമ്പിലെ ചിരട്ടയിലും വീട്ടുമുറ്റത്തും വിളക്ക് കത്തിച്ച് പൊലീന്ദ്രനെ വിളിക്കും. ശേഷം വിളക്കിലെ തിരി കെടാതെ വിളക്ക് പടിഞ്ഞാറ്റക്കകത്തെത്തിക്കും. (പടിഞ്ഞാറ്റ- പൂജാമുറി.) തുടര്‍ന്നുള്ള രണ്ട് ദിവസങ്ങളിലെ സന്ധ്യകളിലും ഇതാവര്‍ത്തിക്കും. മഹാബലിയെ വിളക്ക് കാണിച്ച്, ഞങ്ങളിവിടെ പ്രകാശമാനമായ ജീവിതം എങ്ങനെയൊക്കെയോ കൊണ്ടുനടക്കുന്നുണ്ടെന്ന് മഹാബലിക്ക് കാണിച്ചുകൊടുക്കുകയാണ് പൊലീന്ദ്രന്‍ വിളിയിലൂടെ.

കുട്ടിക്കാലത്ത് വല്ല്യമ്മയോടൊത്ത് പൊലീന്ദ്രന്‍ വിളിച്ചിട്ടുണ്ട് കുറേ വര്‍ഷങ്ങള്‍. പൊലീന്ദ്രന്‍ വിളികള്‍ കൊണ്ട് വൈകുന്നേരങ്ങള്‍ ഉണരും. വെയില്‍ ചാഞ്ഞ് ഇരുട്ടിലേക്ക് കണ്ണടയ്ക്കുന്ന വൈകുന്നേരങ്ങളില്‍ വിളക്കുമെടുത്ത് വല്ല്യമ്മ കിണറ്റിന്‍കരയിലേക്ക് നടക്കും. തൊഴുത്തില്‍ നിന്ന് പശുക്കള്‍ ഞങ്ങളുടെ പൊലീന്ദ്രന്‍ വിളികള്‍ കേട്ട് തലയുയര്‍ത്തും. തെങ്ങിന്‍ പൊത്തുകളിലെ മൈനകള്‍ കണ്ണുമിഴിക്കും. വയലുകളില്‍ നിന്ന് മണ്ണിന്റെ മണവും കൊണ്ട് വരുന്ന കാറ്റ് തിരി കെടുത്താതെ ഞങ്ങളെ വന്ന് ആശ്ലേഷിക്കും.

ഇന്ന് ആരും പൊലീന്ദ്രന്‍ വിളിക്കാറില്ല. വൈകുന്നേരങ്ങളില്‍ ആരും ഒത്തുചേരാറുമില്ല. അന്ന് പൊലീന്ദ്രന് മാത്രമായിരുന്നില്ല, അരി നേര്‍ന്നത് എന്ന് ഇപ്പോള്‍ വിചാരിക്കുമ്പോള്‍ മനസ്സിലാകുന്നു. വെള്ളത്തിനും (കിണറ്റുകര) മൃഗങ്ങള്‍ക്കും (തൊഴുത്ത്) വീടിനുമായിരുന്നു. ദൈവം പ്രകൃതിയിലും ജീവജാലങ്ങളിലും വിഹരിക്കുന്നു എന്ന് മനസ്സിലാക്കാതെ മനസ്സിലാക്കിയവരായിരുന്നു മുന്‍തലമുറക്കാര്‍.
കടപ്പാടു്  മാതൃഭൂമി .കോം  2014 ഓഗസ്റ്റ് 14

20140926

'മാവേലി നാടുവാണീടും കാല'ത്തിന്റെ കര്‍ത്താവ് സഹോദരന്‍ അയ്യപ്പനല്ല എന്ന പ്രതികരണത്തിനുള്ള ഡോ. അജയ് ശേഖരന്റെ വിശദീകരണംഓണപ്പാട്ടിന്റെ രചനാകര്‍തൃത്വം: ഒരു വിശദീകരണം

2014 സെപ്തംബര്‍ 26 മാതൃഭൂമി

'മാതൃഭൂമി'യുടെ ആക്ഷേപങ്ങളും അഭിപ്രായങ്ങളും എന്ന പംക്തിയില്‍ 'മാവേലി നാടുവാണീടും കാല'ത്തിന്റെ കര്‍ത്താവ് സഹോദരന്‍ അയ്യപ്പനല്ല' (2014 സപ്തംബര്‍ 23) എന്ന പ്രതികരണത്തിനു് ജാതിയെ ദഹിപ്പിച്ച സഹോദരന്‍ എന്ന ലേഖനമെഴുതിയ ഡോ. അജയ് ശേഖരന്റെ വിശദീകരണം.

ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ നവോത്ഥാന, സാമൂഹിക വിപ്ലവങ്ങളുടെ ഭാഗമായി ഒരു സവിശേഷ സംസ്‌കാര, രാഷ്ട്രീയ രചനയായി ഓണപ്പാട്ടെഴുതുകയും പാടിനടക്കുകയും 1934-ലെ തന്റെ പദ്യകൃതികളില്‍ അച്ചടിച്ച് പ്രസിദ്ധീകരിക്കുകയും ചെയ്തത് സഹോദരനാണ്. ഇതിന്റെ ഈണവും ശീലും ഏതാനും വരികളും ഒരുപക്ഷേ അമ്മാനപ്പാട്ടുപോലെയോ വഞ്ചിപ്പാട്ടുപോലെയോ അടിത്തട്ടിലുള്ള ബഹുജനങ്ങളുടെ സംഘബോധത്തില്‍ നിലനിന്നിരിക്കാം. എന്നാല്‍, അതൊരിക്കലും പത്താം നൂറ്റാണ്ടോളം പിന്നോട്ടുപോകുന്നില്ല. കാരണം, പാട്ടുസാഹിത്യത്തിന്റെ കാലമായ 12 മുതല്‍ 14 വരെയുള്ള നൂറ്റാണ്ടുകളില്‍പ്പോലും മിശ്രമായ മലനാട്ടുതമിഴായിരുന്നു സാഹിത്യരചനയുടെ ഭാഷ. പതിനാറാം നൂറ്റാണ്ടില്‍ ജീവിച്ച എഴുത്തച്ഛന്റെ രചനയില്‍ മാത്രമാണ് ഇന്ന് വായിക്കാവുന്ന രീതിയിലുള്ള മലയാളം ദൃശ്യമാകുന്നത്. ഒമ്പതാം നൂറ്റാണ്ടുമുതല്‍ കേരളത്തില്‍ സംഘകാലംതൊട്ട് ഇങ്ങോട്ട് നിലനിന്ന പഴന്തമിഴില്‍ സംസ്‌കൃതം കലര്‍ന്നുള്ള ഒരു മണിപ്രവാള സങ്കരഭാഷ ഉണ്ടായി വരുന്നതായും ഇത് ആര്യാധിനിവേശമെന്ന ബ്രാഹ്മണാധിനിവേശത്തിന്റെ സൂചനയായും ഭാഷാസാഹിത്യ ചരിത്രങ്ങള്‍ വ്യക്തമാക്കുന്നുണ്ട്.
ചുരുങ്ങിയത് പതിനഞ്ചാം നൂറ്റാണ്ടോടെ മാത്രമാണ് ഇന്ന് വായിച്ചുമനസ്സിലാക്കാന്‍ പറ്റുന്ന രീതിയിലുള്ള ഒരു മലയാളത്തിന്റെ ആദിരൂപങ്ങള്‍തന്നെ തെളിയുന്നതെന്ന് വ്യക്തം. ഇങ്ങനെ നോക്കുമ്പോള്‍ തെളിഞ്ഞ നവീന മലയാളത്തിലുള്ള ഓണപ്പാട്ടിന്റെ ആദ്യരൂപത്തിനുതന്നെ പതിനാറാം നൂറ്റാണ്ടിന് അപ്പുറത്തേക്ക് പോകാനാവില്ല.
പതിനാറാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്നുവെന്ന് വിശ്വസിക്കുന്ന ഈരാറ്റിങ്കല്‍കുടിയിലെ പറയമൂപ്പനായ പാക്കനാരുടെ എട്ടുവരികള്‍ വീതമുള്ള തൊള്ളായിരം പാട്ടുകളിലൊന്നാവാം സഹോദരന്റെ 'ഓണപ്പാട്ടി'ന്റെ പ്രാക്തനമാതൃക എന്ന് പറയാറുണ്ട്. 1970കളില്‍ സഹോദരന്റെയും നവോത്ഥാന, സാംസ്‌കാരിക പോരാളികളുടെയും മരണശേഷം 'ആധികള്‍ വ്യാധികളൊന്നുമില്ല, ബാലമരണങ്ങള്‍ കേള്‍പ്പാനില്ല' എന്ന വര്‍ണാശ്രമ ഭീതികളുള്‍പ്പെടുത്തി സഹോദരന്റെ ശക്തവും യുക്തിഭദ്രവുമായ ബ്രാഹ്മണിസവിമര്‍ശമുള്ള വരികള്‍ വെട്ടിനീക്കി മുഖ്യധാരാ മാധ്യമങ്ങള്‍ വഴിയും ആകാശവാണി പോലുള്ള ഭരണകൂട ഉപകരണങ്ങളിലൂടെയും ഓണപ്പാട്ട് അജ്ഞാതകര്‍ത്തൃതമായും അനാദികാലം മുതല്‍ നിലനില്‍ക്കുന്ന ഒന്നായും പ്രചരിപ്പിക്കപ്പെട്ടു. സമൂഹത്തിന്റെയും സംസ്‌കാരത്തിന്റെയും രാഷ്ട്രീയത്തിന്റെയും എല്ലാ മേഖലകളില്‍നിന്നും ജാതിവിരുദ്ധമായ നവോത്ഥാന ബ്രാഹ്മണിസ വിമര്‍ശത്തെ ഗോപ്യമായി ഒഴിവാക്കിക്കൊണ്ട് കാല്പനികവും വ്യാജഗൃഹാതുരപരവുമായ ഒരു സുവര്‍ണകാല ആഖ്യാനത്തിലേക്കും ബാലമരണങ്ങളെയും മറ്റ് വ്യാധികളെയും കുറിച്ചുള്ള സവര്‍ണ ഹൈന്ദവ ആധികളിലേക്കും ഓണപ്പാട്ടിനെ ചെറുതാക്കി മലയാള കുലീനതയുടെ എഴുത്തധികാരവും അടയാളക്കോയ്മയും. പാക്കനാരുടെ വാമൊഴിയെന്ന് പറയുന്ന പാഠത്തിലോ സഹോദരന്റെ 1934 മുതലുള്ള വരമൊഴി പാഠത്തിലോ ഇല്ലാത്ത ഈ ആധിയും വ്യാധിയും തികച്ചും ഹൈന്ദവവും വൈദികവുമാണെന്ന് ബഹുജനങ്ങള്‍ തിരിച്ചറിയേണ്ടിയിരിക്കുന്നു.

ഡോ. അജയ് ശേഖര്‍, അസി. പ്രൊഫസര്‍, ഇംഗ്ലീഷ് വിഭാഗം, സംസ്‌കൃത സര്‍വകലാശാല, കാലടി

2014 സെപ്തംബര്‍ 26 മാതൃഭൂമി


20140924

'മാവേലി നാടുവാണീടും കാല'ത്തിന്റെ കര്‍ത്താവ് സഹോദരന്‍ അയ്യപ്പനല്ല


2014 സെപ്തംബര്‍ 23 മാതൃഭൂമി
ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ സഹോദരന്‍ അയ്യപ്പന്‍ എഴുതി അച്ചടിപ്പിച്ചും പാടിയും പ്രചരിപ്പിച്ച ഒരു (ഗാനാത്മക) കവിതയാണ് 'മാവേലിനാടുവാണീടും കാലം/മാനുഷരെല്ലാരുമൊന്നുപോലെ' എന്നും, വാമൊഴിശൈലിയിലുള്ള ആ പാട്ടിന്റെ ഏതാനും വരികള്‍ മാത്രമാണ് പാഠപുസ്തകങ്ങളിലും പൊതുബോധനത്തിലും ആവര്‍ത്തനത്തിലൂടെ ഉറപ്പിക്കപ്പെട്ടതെന്നും ഡോ. അജയ്‌ശേഖര്‍ ആഗസ്ത് 22ന്റെ 'മാതൃഭൂമി'യില്‍ (ജാതിയെ ദഹിപ്പിച്ച സഹോദരന്‍. പുറം 4) എഴുതിക്കണ്ടു.

ഓണത്തെക്കുറിച്ചുള്ള രണ്ട് കവിതാഖണ്ഡങ്ങള്‍ സഹോദരന്‍ രചിച്ചിട്ടുണ്ടെന്നത് നേരാണ്. ഒന്നിന്റെ ശീര്‍ഷകം 'ഓണപ്പാട്ട്' എന്നും മറ്റൊന്നിന്റേത് 'യുക്തികാലം ഓണപ്പാട്ട്' എന്നുമാണ്. ഇതില്‍ 'ഓണപ്പാട്ടി'ലെ ആരംഭത്തിലുള്ള 'മാവേലിനാടുവാണീടും കാലം' എന്ന വരിമുതല്‍ 'എള്ളോളമില്ല പൊളിവചനം' എന്നുവരെയുള്ള ആറുവരികള്‍ പരമ്പരാഗതമായ മാവേലിപ്പാട്ടില്‍നിന്ന് അദ്ദേഹം ഉദ്ധരിച്ചതാണെന്ന് വ്യക്തമാണ്. മനുഷ്യരെ ഒന്നായിക്കണ്ട് അത്യുത്കൃഷ്ടമായ ഭരണം കാഴ്ചവെച്ച മഹാബലിയെ ചതിച്ചവരോടുള്ള രൂക്ഷമായ ധര്‍മരോഷമാണ് ഓണപ്പാട്ടില്‍ അലയടിക്കുന്നതെങ്കില്‍, 'യുക്തിയീ നാടിനിവാഴും കാലം/ മര്‍ത്ത്യര്‍ സ്വതന്ത്രരായ്ത്തീരും കാലം' എന്നാരംഭിക്കുന്ന 'യുക്തികാലം ഓണപ്പാട്ടി'ല്‍ അദ്ദേഹം വിഭാവനംചെയ്യുന്ന മാവേലിക്കാലത്തെ അനുസ്മരിപ്പിക്കുന്ന ഒരു ഭരണകൂടത്തിന്റെ പ്രകടനപത്രികയാണ് പ്രതിബിംബിക്കുന്നത്.

ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപാദത്തില്‍ സഹോദരന്‍ രചിച്ച ഓണപ്പാട്ടുകവിതകളും പത്താം ശതകത്തില്‍ അജ്ഞാതനാമാവാല്‍ ആരചിക്കപ്പെട്ട 'മാവേലി'പ്പാട്ടും രണ്ടും രണ്ടാണെന്നുള്ളതിന് യുക്തികാലം ഓണപ്പാട്ടിലെ ഏറ്റവും ഒടുവിലത്തെ ഈരടി (ഓണപ്പാട്ടു കവിപാടിയൊരു/ ക്ഷേമം തികഞ്ഞ മാവേലിക്കാലം) തന്നെ മികച്ച ദൃഷ്ടാന്തമാണ്. അതില്‍ പറയുന്ന 'ഓണപ്പാട്ടുകവി' പഴയകാലത്തെ അജ്ഞാതകവിതന്നെ ആവാനാണ് സാധ്യത. 'ആരോമല്‍ പൈങ്കിളിപ്പെണ്‍കിടാവേ'എന്നാരംഭിച്ച് 'നന്നായ് തെളിഞ്ഞുമനസ്സുകൊണ്ട്' എന്നവസാനിക്കുന്ന ഒരു നീണ്ടപാട്ടിന്റെ നടുക്കുള്ളതാണ് ശീലുകൊണ്ടും ചേലുകൊണ്ടും പ്രചുരപ്രചാരം സിദ്ധിച്ച 'മാവേലിനാടുവാണീടും കാലം/ മാനുഷരെല്ലാരുമൊന്നുപോലെ' എന്നുംമറ്റുമുള്ള വരികളെന്നും, അതില്‍ മാവേലിയെ തൃക്കാക്കരക്കാരനായ ഒരു മാടമ്പിരാജാവായാണ് ചിത്രീകരിച്ചിട്ടുള്ളതെന്നും മുമ്പൊരിക്കല്‍ കവി ഡി.വിനയചന്ദ്രന്‍ അഭിപ്രായപ്പെട്ടതും (മാതൃഭൂമി വാരാന്തപ്പതിപ്പ്, 30.8.2009) ഇവിടെ കൂട്ടിവായിക്കാവുന്നതാണ്. രാഷ്ട്രീയമായി വിധ്വംസകവും ഗൗരവമേറിയ ചരിത്രസാംസ്‌കാരിക വിമര്‍ശം കലര്‍ന്നതുമായ സഹോദരന്റെ ഓണപ്പാട്ടിന്റെ ബാക്കിഭാഗം(?) അജ്ഞാതമായിത്തന്നെയിരിക്കുന്നു എന്ന ലേഖകന്റെ ഉത്കണ്ഠയും അസ്ഥാനത്താണ്. അതിന്റെ ബാക്കിഭാഗം മാത്രമല്ല: പൂര്‍ണരൂപംതന്നെ 1934ല്‍ പ്രസിദ്ധീകൃതമായ 'സഹോദരന്റെ പദ്യകൃതികളിലും' സമീപകാലത്ത് (2009ല്‍) നവോത്ഥാന സാഹിത്യവേദിക്കുവേണ്ടി വി.കെ.പവിത്രന്‍ സമാഹരിച്ചതും കോട്ടയം വാകത്താനത്തെ സഹോദരന്‍ പ്രസിദ്ധീകരണത്തിന്റെ ഭാഗമായുള്ള 'അയ്യപ്പന്റെ മാനവഗീതങ്ങള്‍' എന്ന കൃതിയിലും ഉണ്ട്.

എം.ഒ.ജി. മലപ്പട്ടം,
(പ്രസിഡന്റ്, സംസ്ഥാന
ഗ്രന്ഥകാരസമിതി, കണ്ണൂര്‍)

2014 സെപ്തംബര്‍ 23 മാതൃഭൂമി