20140926

'മാവേലി നാടുവാണീടും കാല'ത്തിന്റെ കര്‍ത്താവ് സഹോദരന്‍ അയ്യപ്പനല്ല എന്ന പ്രതികരണത്തിനുള്ള ഡോ. അജയ് ശേഖരന്റെ വിശദീകരണം



ഓണപ്പാട്ടിന്റെ രചനാകര്‍തൃത്വം: ഒരു വിശദീകരണം

2014 സെപ്തംബര്‍ 26 മാതൃഭൂമി

'മാതൃഭൂമി'യുടെ ആക്ഷേപങ്ങളും അഭിപ്രായങ്ങളും എന്ന പംക്തിയില്‍ 'മാവേലി നാടുവാണീടും കാല'ത്തിന്റെ കര്‍ത്താവ് സഹോദരന്‍ അയ്യപ്പനല്ല' (2014 സപ്തംബര്‍ 23) എന്ന പ്രതികരണത്തിനു് ജാതിയെ ദഹിപ്പിച്ച സഹോദരന്‍ എന്ന ലേഖനമെഴുതിയ ഡോ. അജയ് ശേഖരന്റെ വിശദീകരണം.

ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ നവോത്ഥാന, സാമൂഹിക വിപ്ലവങ്ങളുടെ ഭാഗമായി ഒരു സവിശേഷ സംസ്‌കാര, രാഷ്ട്രീയ രചനയായി ഓണപ്പാട്ടെഴുതുകയും പാടിനടക്കുകയും 1934-ലെ തന്റെ പദ്യകൃതികളില്‍ അച്ചടിച്ച് പ്രസിദ്ധീകരിക്കുകയും ചെയ്തത് സഹോദരനാണ്. ഇതിന്റെ ഈണവും ശീലും ഏതാനും വരികളും ഒരുപക്ഷേ അമ്മാനപ്പാട്ടുപോലെയോ വഞ്ചിപ്പാട്ടുപോലെയോ അടിത്തട്ടിലുള്ള ബഹുജനങ്ങളുടെ സംഘബോധത്തില്‍ നിലനിന്നിരിക്കാം. എന്നാല്‍, അതൊരിക്കലും പത്താം നൂറ്റാണ്ടോളം പിന്നോട്ടുപോകുന്നില്ല. കാരണം, പാട്ടുസാഹിത്യത്തിന്റെ കാലമായ 12 മുതല്‍ 14 വരെയുള്ള നൂറ്റാണ്ടുകളില്‍പ്പോലും മിശ്രമായ മലനാട്ടുതമിഴായിരുന്നു സാഹിത്യരചനയുടെ ഭാഷ. പതിനാറാം നൂറ്റാണ്ടില്‍ ജീവിച്ച എഴുത്തച്ഛന്റെ രചനയില്‍ മാത്രമാണ് ഇന്ന് വായിക്കാവുന്ന രീതിയിലുള്ള മലയാളം ദൃശ്യമാകുന്നത്. ഒമ്പതാം നൂറ്റാണ്ടുമുതല്‍ കേരളത്തില്‍ സംഘകാലംതൊട്ട് ഇങ്ങോട്ട് നിലനിന്ന പഴന്തമിഴില്‍ സംസ്‌കൃതം കലര്‍ന്നുള്ള ഒരു മണിപ്രവാള സങ്കരഭാഷ ഉണ്ടായി വരുന്നതായും ഇത് ആര്യാധിനിവേശമെന്ന ബ്രാഹ്മണാധിനിവേശത്തിന്റെ സൂചനയായും ഭാഷാസാഹിത്യ ചരിത്രങ്ങള്‍ വ്യക്തമാക്കുന്നുണ്ട്.
ചുരുങ്ങിയത് പതിനഞ്ചാം നൂറ്റാണ്ടോടെ മാത്രമാണ് ഇന്ന് വായിച്ചുമനസ്സിലാക്കാന്‍ പറ്റുന്ന രീതിയിലുള്ള ഒരു മലയാളത്തിന്റെ ആദിരൂപങ്ങള്‍തന്നെ തെളിയുന്നതെന്ന് വ്യക്തം. ഇങ്ങനെ നോക്കുമ്പോള്‍ തെളിഞ്ഞ നവീന മലയാളത്തിലുള്ള ഓണപ്പാട്ടിന്റെ ആദ്യരൂപത്തിനുതന്നെ പതിനാറാം നൂറ്റാണ്ടിന് അപ്പുറത്തേക്ക് പോകാനാവില്ല.
പതിനാറാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്നുവെന്ന് വിശ്വസിക്കുന്ന ഈരാറ്റിങ്കല്‍കുടിയിലെ പറയമൂപ്പനായ പാക്കനാരുടെ എട്ടുവരികള്‍ വീതമുള്ള തൊള്ളായിരം പാട്ടുകളിലൊന്നാവാം സഹോദരന്റെ 'ഓണപ്പാട്ടി'ന്റെ പ്രാക്തനമാതൃക എന്ന് പറയാറുണ്ട്. 1970കളില്‍ സഹോദരന്റെയും നവോത്ഥാന, സാംസ്‌കാരിക പോരാളികളുടെയും മരണശേഷം 'ആധികള്‍ വ്യാധികളൊന്നുമില്ല, ബാലമരണങ്ങള്‍ കേള്‍പ്പാനില്ല' എന്ന വര്‍ണാശ്രമ ഭീതികളുള്‍പ്പെടുത്തി സഹോദരന്റെ ശക്തവും യുക്തിഭദ്രവുമായ ബ്രാഹ്മണിസവിമര്‍ശമുള്ള വരികള്‍ വെട്ടിനീക്കി മുഖ്യധാരാ മാധ്യമങ്ങള്‍ വഴിയും ആകാശവാണി പോലുള്ള ഭരണകൂട ഉപകരണങ്ങളിലൂടെയും ഓണപ്പാട്ട് അജ്ഞാതകര്‍ത്തൃതമായും അനാദികാലം മുതല്‍ നിലനില്‍ക്കുന്ന ഒന്നായും പ്രചരിപ്പിക്കപ്പെട്ടു. സമൂഹത്തിന്റെയും സംസ്‌കാരത്തിന്റെയും രാഷ്ട്രീയത്തിന്റെയും എല്ലാ മേഖലകളില്‍നിന്നും ജാതിവിരുദ്ധമായ നവോത്ഥാന ബ്രാഹ്മണിസ വിമര്‍ശത്തെ ഗോപ്യമായി ഒഴിവാക്കിക്കൊണ്ട് കാല്പനികവും വ്യാജഗൃഹാതുരപരവുമായ ഒരു സുവര്‍ണകാല ആഖ്യാനത്തിലേക്കും ബാലമരണങ്ങളെയും മറ്റ് വ്യാധികളെയും കുറിച്ചുള്ള സവര്‍ണ ഹൈന്ദവ ആധികളിലേക്കും ഓണപ്പാട്ടിനെ ചെറുതാക്കി മലയാള കുലീനതയുടെ എഴുത്തധികാരവും അടയാളക്കോയ്മയും. പാക്കനാരുടെ വാമൊഴിയെന്ന് പറയുന്ന പാഠത്തിലോ സഹോദരന്റെ 1934 മുതലുള്ള വരമൊഴി പാഠത്തിലോ ഇല്ലാത്ത ഈ ആധിയും വ്യാധിയും തികച്ചും ഹൈന്ദവവും വൈദികവുമാണെന്ന് ബഹുജനങ്ങള്‍ തിരിച്ചറിയേണ്ടിയിരിക്കുന്നു.

ഡോ. അജയ് ശേഖര്‍, അസി. പ്രൊഫസര്‍, ഇംഗ്ലീഷ് വിഭാഗം, സംസ്‌കൃത സര്‍വകലാശാല, കാലടി

2014 സെപ്തംബര്‍ 26 മാതൃഭൂമി


No comments:

Post a Comment