20140924

'മാവേലി നാടുവാണീടും കാല'ത്തിന്റെ കര്‍ത്താവ് സഹോദരന്‍ അയ്യപ്പനല്ല


2014 സെപ്തംബര്‍ 23 മാതൃഭൂമി
ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ സഹോദരന്‍ അയ്യപ്പന്‍ എഴുതി അച്ചടിപ്പിച്ചും പാടിയും പ്രചരിപ്പിച്ച ഒരു (ഗാനാത്മക) കവിതയാണ് 'മാവേലിനാടുവാണീടും കാലം/മാനുഷരെല്ലാരുമൊന്നുപോലെ' എന്നും, വാമൊഴിശൈലിയിലുള്ള ആ പാട്ടിന്റെ ഏതാനും വരികള്‍ മാത്രമാണ് പാഠപുസ്തകങ്ങളിലും പൊതുബോധനത്തിലും ആവര്‍ത്തനത്തിലൂടെ ഉറപ്പിക്കപ്പെട്ടതെന്നും ഡോ. അജയ്‌ശേഖര്‍ ആഗസ്ത് 22ന്റെ 'മാതൃഭൂമി'യില്‍ (ജാതിയെ ദഹിപ്പിച്ച സഹോദരന്‍. പുറം 4) എഴുതിക്കണ്ടു.

ഓണത്തെക്കുറിച്ചുള്ള രണ്ട് കവിതാഖണ്ഡങ്ങള്‍ സഹോദരന്‍ രചിച്ചിട്ടുണ്ടെന്നത് നേരാണ്. ഒന്നിന്റെ ശീര്‍ഷകം 'ഓണപ്പാട്ട്' എന്നും മറ്റൊന്നിന്റേത് 'യുക്തികാലം ഓണപ്പാട്ട്' എന്നുമാണ്. ഇതില്‍ 'ഓണപ്പാട്ടി'ലെ ആരംഭത്തിലുള്ള 'മാവേലിനാടുവാണീടും കാലം' എന്ന വരിമുതല്‍ 'എള്ളോളമില്ല പൊളിവചനം' എന്നുവരെയുള്ള ആറുവരികള്‍ പരമ്പരാഗതമായ മാവേലിപ്പാട്ടില്‍നിന്ന് അദ്ദേഹം ഉദ്ധരിച്ചതാണെന്ന് വ്യക്തമാണ്. മനുഷ്യരെ ഒന്നായിക്കണ്ട് അത്യുത്കൃഷ്ടമായ ഭരണം കാഴ്ചവെച്ച മഹാബലിയെ ചതിച്ചവരോടുള്ള രൂക്ഷമായ ധര്‍മരോഷമാണ് ഓണപ്പാട്ടില്‍ അലയടിക്കുന്നതെങ്കില്‍, 'യുക്തിയീ നാടിനിവാഴും കാലം/ മര്‍ത്ത്യര്‍ സ്വതന്ത്രരായ്ത്തീരും കാലം' എന്നാരംഭിക്കുന്ന 'യുക്തികാലം ഓണപ്പാട്ടി'ല്‍ അദ്ദേഹം വിഭാവനംചെയ്യുന്ന മാവേലിക്കാലത്തെ അനുസ്മരിപ്പിക്കുന്ന ഒരു ഭരണകൂടത്തിന്റെ പ്രകടനപത്രികയാണ് പ്രതിബിംബിക്കുന്നത്.

ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപാദത്തില്‍ സഹോദരന്‍ രചിച്ച ഓണപ്പാട്ടുകവിതകളും പത്താം ശതകത്തില്‍ അജ്ഞാതനാമാവാല്‍ ആരചിക്കപ്പെട്ട 'മാവേലി'പ്പാട്ടും രണ്ടും രണ്ടാണെന്നുള്ളതിന് യുക്തികാലം ഓണപ്പാട്ടിലെ ഏറ്റവും ഒടുവിലത്തെ ഈരടി (ഓണപ്പാട്ടു കവിപാടിയൊരു/ ക്ഷേമം തികഞ്ഞ മാവേലിക്കാലം) തന്നെ മികച്ച ദൃഷ്ടാന്തമാണ്. അതില്‍ പറയുന്ന 'ഓണപ്പാട്ടുകവി' പഴയകാലത്തെ അജ്ഞാതകവിതന്നെ ആവാനാണ് സാധ്യത. 'ആരോമല്‍ പൈങ്കിളിപ്പെണ്‍കിടാവേ'എന്നാരംഭിച്ച് 'നന്നായ് തെളിഞ്ഞുമനസ്സുകൊണ്ട്' എന്നവസാനിക്കുന്ന ഒരു നീണ്ടപാട്ടിന്റെ നടുക്കുള്ളതാണ് ശീലുകൊണ്ടും ചേലുകൊണ്ടും പ്രചുരപ്രചാരം സിദ്ധിച്ച 'മാവേലിനാടുവാണീടും കാലം/ മാനുഷരെല്ലാരുമൊന്നുപോലെ' എന്നുംമറ്റുമുള്ള വരികളെന്നും, അതില്‍ മാവേലിയെ തൃക്കാക്കരക്കാരനായ ഒരു മാടമ്പിരാജാവായാണ് ചിത്രീകരിച്ചിട്ടുള്ളതെന്നും മുമ്പൊരിക്കല്‍ കവി ഡി.വിനയചന്ദ്രന്‍ അഭിപ്രായപ്പെട്ടതും (മാതൃഭൂമി വാരാന്തപ്പതിപ്പ്, 30.8.2009) ഇവിടെ കൂട്ടിവായിക്കാവുന്നതാണ്. രാഷ്ട്രീയമായി വിധ്വംസകവും ഗൗരവമേറിയ ചരിത്രസാംസ്‌കാരിക വിമര്‍ശം കലര്‍ന്നതുമായ സഹോദരന്റെ ഓണപ്പാട്ടിന്റെ ബാക്കിഭാഗം(?) അജ്ഞാതമായിത്തന്നെയിരിക്കുന്നു എന്ന ലേഖകന്റെ ഉത്കണ്ഠയും അസ്ഥാനത്താണ്. അതിന്റെ ബാക്കിഭാഗം മാത്രമല്ല: പൂര്‍ണരൂപംതന്നെ 1934ല്‍ പ്രസിദ്ധീകൃതമായ 'സഹോദരന്റെ പദ്യകൃതികളിലും' സമീപകാലത്ത് (2009ല്‍) നവോത്ഥാന സാഹിത്യവേദിക്കുവേണ്ടി വി.കെ.പവിത്രന്‍ സമാഹരിച്ചതും കോട്ടയം വാകത്താനത്തെ സഹോദരന്‍ പ്രസിദ്ധീകരണത്തിന്റെ ഭാഗമായുള്ള 'അയ്യപ്പന്റെ മാനവഗീതങ്ങള്‍' എന്ന കൃതിയിലും ഉണ്ട്.

എം.ഒ.ജി. മലപ്പട്ടം,
(പ്രസിഡന്റ്, സംസ്ഥാന
ഗ്രന്ഥകാരസമിതി, കണ്ണൂര്‍)

2014 സെപ്തംബര്‍ 23 മാതൃഭൂമി

No comments:

Post a Comment