20090829

തുമ്പപ്പൂവേ പൂത്തിരളേ

തുമ്പപ്പൂവേ പൂത്തിരളേ
നാളേയ്ക്കൊരു വട്ടിപ്പൂതരണേ
ആയ്കില ഈയ്കില ഇളംകൊടി പൂയ്ക്കില
പിന്നെ ഞാനെങ്ങനെ പൂതരേണ്ടൂ
കാക്കപ്പൂവേ പൂത്തിരളേ
നാളേയ്ക്കൊരുവട്ടിപ്പൂതരണേ
ആയ്കില ഈയ്കില ഇളംകൊടി പൂയ്ക്കില
പിന്നെ ഞാനെങ്ങനെ പൂതരേണ്ടൂ
അരിപ്പൂപ്പൂവേ പൂത്തിരളേ
നാളേയ്ക്കൊരു വട്ടിപ്പൂതരണേ
ആയ്കില ഈയ്കില ഇളംകൊടി പൂയ്ക്കില
പിന്നെ ഞാനെങ്ങനെ പൂതരേണ്ടൂ
പൂവായ പൂവെല്ലാം പിള്ളേരറുത്തു
പൂവാം കുറുന്തല ഞാനും പറിച്ചു
പിള്ളെരേ പൂവൊക്കെ കത്തിക്കരിഞ്ഞുപോയ്‌
ഞങ്ങടെ പൂവൊക്കെ മുങ്ങിത്തെളിഞ്ഞുപോയ്‌
പൂവേപൊലി പൂവേപൊലി!

കറ്റകറ്റക്കയറിട്ടു

കറ്റകറ്റക്കയറിട്ടു
കയറാലഞ്ചു മടക്കിട്ടു
നെറ്റിപ്പട്ടം പൊട്ടിട്ടു
കൂടേ ഞാനും പൂവിട്ടു
പൂവേ പൊലി പൂവേ പൊലി
പൂവേ പൊലി പൂവേ
പൂവേ പൊലി പൂവേ പൊലി
പൂവേ പൊലി പൂവേ ...

എന്തെന്റെ മാവേലി ഓണം വന്നൂ

ചന്തത്തില്‍ മുറ്റം ചെത്തിപ്പറിച്ചീല
എന്തെന്റെ മാവേലി ഓണം വന്നൂ
ചന്തക്കുപോയീല നേന്ത്രക്കാ വാങ്ങീല
എന്തെന്റെ മാവേലി ഓണം വന്നൂ
പന്തുകളിച്ചീല പന്തലുമിട്ടീല
എന്തെന്റെ മാവേലി ഓണം വന്നൂ
അമ്മാവന്‍ വന്നീല, സമ്മാനം തന്നീല
എന്തെന്റെ മാവേലി ഓണം വന്നൂ
അച്ഛനും വന്നീല, സമ്മാനം തന്നീല
എന്തെന്റെ മാവേലി ഓണം വന്നൂ
നെല്ലു പുഴങ്ങീല, തെല്ലുമുണങ്ങീല
എന്തെന്റെ മാവേലി ഓണം വന്നൂ
പിള്ളേരും വന്നീല, പാഠം നിറുത്തീല
എന്തെന്റെ മാവേലി ഓണം വന്നൂ
തട്ടാനും വന്നീല, താലിയും തീര്‍ത്തീല
എന്തെന്റെ മാവേലി ഓണം വന്നൂ
നങ്ങേലിപ്പെണ്ണിന്റെ അങ്ങേരും വന്നീല
എന്തെന്റെ മാവേലി ഓണം വന്നൂ

പൂവായ പൂവെല്ലാം

പൂവായ പൂവെല്ലാം പിള്ളേരറത്തു
പൂവാങ്കുറുന്തില ഞാനുമറുത്തു
പിള്ളേരടെ പൂവെല്ലാം കത്തിക്കരിഞ്ഞു
എന്നുടെ പൂവെല്ലാം മിന്നിത്തെളിഞ്ഞു
പൂവേ പൊലി.......

അങ്ങേക്കര ഇങ്ങേക്കര കണ്ണാന്തളി മുറ്റത്തു്

അങ്ങേക്കര ഇങ്ങേക്കര കണ്ണാന്തളി മുറ്റത്തു്
കണ്ണാന്തളി മുറ്റത്തൊരാലു മുളച്ചു
ആലിന്റെ കൊമ്പത്തൊരുണ്ണി പിറന്നു
ഉണ്ണിക്കു കൊട്ടാനും ഉണ്ണിക്കു പാടാനും
തുടിയും തുടിക്കോലും പറയും പറക്കോലും
പൂവേ പൊലി പൂവേ പൊലി.....

തുമ്പേലരിമ്പേലൊരീരമ്പന്‍ തുമ്പ
തുമ്പ കൊണ്ടമ്പതു തോണി ചമച്ചു
തോണിത്തലയ്ക്കലൊരാലു മുളച്ചു
ആലിന്റെ പൊത്തിലൊരുണ്ണിപിറന്നു
ഉണ്ണിക്കു കൊട്ടാനും ഉണ്ണിക്കു പാടാനും
തുടിയും തുടിക്കോലും പറയും പറക്കോലും
പൂവേ പൊലി പൂവേ പൊലി പൂവേ.....

പൊന്നോണം

ജി ശങ്കര കുറുപ്പ്

നെല്ലിന്‍ തോളിലാക്കൈവച്ചു നിന്നൂ

നെല്ലിപ്പൂവൊക്കെക്കണ്ണു തുറന്നൂ.

ചിന്നും വെണ്മുകില്‍ക്കേസരം മേലേ

മിന്നും ചിങ്ങത്തെക്കാണുവാന്‍ പോലെ.

പൊന്നിന്‍ കുത്തുവിളക്കുമായ് വന്നു

മുന്നില്‍ മുക്കുറ്റി ചാലേ നിരന്നു;

പൂവില്‍ മുങ്ങിന പൊന്നോണനാളെ

പൂര്‍ണ്ണാമോദമെതിരേല്‍ക്കാന്‍ നീളെ.

ചെന്പൊല്‍ത്താമര പൊന്‍കുട നീര്‍ത്തീ,

ആന്പല്‍പ്പൊയ്കകള്‍ താലമുയര്‍ത്തീ.

തുന്പപ്പൂവരി വാരിയെറിഞ്ഞു

തുന്പംതന്‍നിഴല്‍പോലുമൊഴിഞ്ഞു.

തെച്ചി, മന്ദാരം, ചേമന്തി, പാറും

പിച്ചി, യീവകപ്പൂവുകള്‍ തോറും

നൃത്തം ചെയ്യുന്നു കേരളനാടിന്‍

ചിത്തം ചന്ദനത്തെന്നലില്‍ക്കൂടി

വാനിന്നേവമസൂയ വളര്‍ത്തി

വാഴ്ക, മാവേലി മംഗളമൂര്‍ത്തി.

തുമ്പപ്പൂ

വൈലോപ്പിള്ളി ശ്രീധരമേനോന്‍

മാനിച്ചോരോ മലരുകള്‍ ചെന്നൂ

മാബലി ദേവനെയെതിരേല്‍ക്കാന്‍

തങ്കച്ചാറില്‍ തനുമിന്നും പടി

മുങ്ങിച്ചെന്നൂ മുക്കുറ്റി

പാടലമാം പട്ടാടയൊടെത്തി

പാടത്തുള്ളൊരു ചിറ്റാട

ആന്പലിനുണ്ടു കിരീടം, നെല്ലി-

ക്കഴകിലുമുണ്ടൊരു സൗരഭ്യം!

കരള്‍ കവരുന്നൊരു നിറമോ മണമോ

കണികാണാത്തൊരു തുന്പപ്പൂ

വ്രീളയൊതിക്കിയണഞ്ഞു, കാലടി

പോലെയിരിക്കും തുന്പപ്പൂ!

ദേവന്‍ കനിവൊടു നറുമുക്കുറ്റി-

പ്പൂവിനെയൊന്നു കടക്ഷിച്ചു.



കുതുകാല്‍ത്തടവി ചിറ്റാടപ്പൂ

കൂടുതലൊന്നു തുടുപ്പിച്ചു

ആന്പലിനേകി പുഞ്ചിരി നെല്ലി-

പ്പൂണ്‍പിനെയന്പൊടു ചുംബിച്ചു

പാവം തുന്പയെ വാരിയെടുത്തഥ

ദേവന്‍ വച്ചൂ മൂര്‍ധാവില്‍!

പുളകം കൊള്ളുക തുന്പപ്പൂവേ

പൂക്കളില്‍ നീയേ ഭാഗ്യവതി!

ഓണപ്പൂവ്

പി. കുഞ്ഞിരാമന്‍ നായര്‍

ചേണുറ്റ മാബലി നാട്ടിലിപ്പോ-

ളോണമാണോണമാണോണപ്പൂവേ!

ഉച്ചിയില്‍ ച്ചോളക്കുമം കണ്ടു,

കൊച്ചുപയറിന്‍ കളികള്‍ കണ്ടു

താരകാരാജി പതഞ്ഞലിഞ്ഞു

ചേരുഷീയോണ നിലാവു കണ്ടു

ദാണപുലരെത്തുയിലുണര്‍ത്തും

തേനൊലിപ്പാട്ടില്‍ പൊരുളു കണ്ടു

മത്ത കളിക്കുമിപ്പന്തല്‍ കണ്ടു

പത്തുനാളിങ്ങു പൊറുത്തു കൂടേ ?

കുഞ്ഞുവയറില്‍ ഞരക്കമുണ്ടു,

പഞ്ഞവും പാടുവുണ്ടെങ്കിലും നീ.

പോവല്ലേ പോവല്ലേ ഓണപ്പൂവേ!

ജീവനും ജീവനും മോണപ്പൂവേ!

തൈക്കുളിര്‍ക്കാറ്റും മുകിലുകളും

പൂക്കളും പാടും പറവകളും

പിഞ്ചുകിടാങ്ങളുമോണവില്ലും

നെഞ്ചിലിന്നൊത്തു കളിപ്പതെങ്ങോ,

സുന്ദരമാനന്ത സംപൂര്‍ണമാ-

മന്ദിരത്തില്‍ പടിന്നതില്‍ ചൂണ്ടി,

മാനുഷ മെല്ലാരുമൊന്നുപോലാം

മാവേ ലിനാടിന്‍ വഴികള്‍ ചൂണ്ടി,

തള്ളിവരും പുലരോണക്കാറ്റില്‍-

ത്തള്ളിക്കളിക്ക നീമോണപ്പൂവേ!

തള്ളിവരുന്ന നിലാപൊളിയില്‍-

ത്തുള്ളിവരിക നീ കണ്മണിയേ!

കാറ്റിലിണങ്ങിക്കളിക്ക, ജീവന്‍

പോറ്റിപുലര്‍ത്തുമെന്‍ പൊന്‍കിനാവേ!

ഓണ മുറ്റത്ത്


വൈലോപ്പിള്ളി ശ്രീധരമേനോൻ


ഈ മലനാട്ടിൽ വായുവിലുണ്ടൊരു

മധുരോദാരവികാരം, മഞ്ഞാ -

ലീറനുടുത്തൊരു പാവന ഭാവം .


മഴകൊണ്ടാലും പാവം തുമ്പകൾ 

മലരിൻ കൂട നിറച്ചു വിറച്ചേ

നിൽക്കുകയല്ലോ മേടുകൾ തോറും .


തിരികൾ തെറുത്തു കൊളുത്താനുറ്റ മു-

ഹൂർത്തം കാത്തു കുഴഞ്ഞു മടങ്ങിയ

കരവിരലോടെ, ദീപക്കുറ്റികൾ

നാട്ടിയിരിപ്പൂ നറു മുക്കുറ്റികൾ.


ഏതു മുറങ്ങാതെമ്പാടും വയ-

ലേലകൾ തോറും നടുവിൽ പൊൽക്കിഴി -

യെരിയും വെള്ളിത്താലമെടുത്തിനി -

രന്നുലസിപ്പൂ നെയ്യാമ്പലുകൾ.


കാലേ രാവു നിറന്ന നിലാവാൽ

കമുകിൻപൂവരി തൂകി, ത്തൂമയി-

ലെതിരേറ്റങ്ങനെ നിൽക്കും വഴിയേ -

യെന്നുള്ളുകയായോണത്തപ്പൻ.


ആർപ്പുവിളിയ്ക്കുവിനുണ്ണികളേ , യല -

കടലേ, മേന്മേൽ കുരവയിടൂ കൊ-

ച്ചരുവികളേ, ചെറുകന്യകളേ, ന -

ല്ലതിഥി നമുക്കിനിയാരിതുപോലെ?


നീളും മലയുടെ ചങ്ങല വട്ടയിൽ 

നാളം പാട വിരലാൽ നീട്ടിയു-

മോമൽക്കവിളു തുടുത്തും തെല്ലൊരു

നാണത്തോടു പരുങ്ങിയൊരുങ്ങിടു-

മോണക്കോടിയുടുത്തൊരുഷസ്സേ,

പനിനീരാൽ കഴുകിയ്ക്കൂ കാലുകൾ,

മണിപീഠത്തിലിരുത്തൂ മന്നനെ,

മലയാളത്തറവാട്ടിന്നങ്കണ -

മണി പീഠത്തിലിരുത്തൂ ഞങ്ങടെ

കൊച്ചുകിനാവുകൾ തേടിയലഞ്ഞു മ-

ലർക്കളമെഴുതിക്കാത്തോരരചനെ !


പഴയൊരു പുള്ളുവനാണല്ലോ ഞാൻ;

പായും കുടയും നെയ്യും , പിന്നെ -

പ്പല കൈ വേലകൾ ചെയ്യും, പുഞ്ചകൾ

കൊയ്യും കാലം കറ്റമെതിച്ചു കി - 

തയ്ക്കും ഗ്രാമപ്പെൺകൊടിമാരുടെ

കരളുകൾ തുള്ളാൻ , കാലുകൾ നർത്തന -

കലവികൾ കൊള്ളാ, നഴകിയ നാടൻ -

കവിതകൾ പാടിയിരിയ്ക്കും ചാരേ

ഞാനും കൈയിലെ വീണപ്പെണ്ണും .

വെറ്റിലയൊന്നു മുറുക്കാ,നൊന്നു കൊ-

റിക്കാൻ നെല്ലു കിടച്ചാലായി.


ഓണക്കാലത്തുണരും ഞാൻ തിരു-

വോണപ്പാട്ടുകളാണെൻ പാട്ടുകൾ .

പൊന്നിൻ ചിങ്ങം വന്നു പിറന്നു ക -

രഞ്ഞു ചിരിച്ചു കുട,ഞ്ഞോണത്തിൻ-

മധുരക്കറി മണി വായിൽ തേച്ചതു

നൊട്ടിനുണച്ചു കളിക്കും കളി ക -

ണ്ടോണത്തപ്പൻ പൂത്തറമേൽ പന -

യോലക്കുടയും ചൂടിയിരിയ്ക്കെ,

മലയാളത്തറവാട്ടിന്നങ്കണ -

വെൺമണലിങ്കലിരിപ്പൂ ഞാനെൻ -

കൈയിൽ ചാഞ്ഞു കിടപ്പൂ കൊഞ്ചലൊ -

ടെൻപ്രിയ മകളാം വീണപ്പെണ്ണും .

പഴമയിലിഴയും പല്ലുകൊഴിഞ്ഞൊരു

പാട്ടാണെന്നു പഴിക്കാമിന്നു പ-

രിഷ്കാരത്തിൽ തിണ്ണയിലുള്ളവർ

പഴമോടരിയും പപ്പടവും  ത -

ന്നാവതു വേഗമയയ്ക്കാൻ നോക്കാം.

ഇവരറിയുന്നീലെന്നഭിമാനം !

എന്നുടെ മുന്നിൽ ഗോമേദക മിഴി

മിന്നും കാഞ്ചന സിംഹാസനമതിൽ

മുത്തുക്കുടയും ചൂടിയിരിപ്പൂ

മൂവുലകാണ്ട മഹാബലി മന്നൻ .

 വിട 

വൈലോപ്പിള്ളി ശ്രീധരമേനോൻ

20090806

ഇന്ന് പിള്ളേരോണം

കോട്ടയം, ൧൧൮൪ കര്‍ക്കടകം ൨൧ ( 2009 ഓഗസ്റ്റ് 6 ) : പൂവിളിയും ഓണക്കോടികളും ഓണസദ്യയുമായി ഇന്ന് പിള്ളേരോണം ആഘോഷിയ്ക്കുന്നു. കര്‍ക്കടകത്തിലെ തിരുവോണനാള്‍ ഇന്നാണു്. കര്‍ക്കടകത്തിലെ വറുതിയില്‍ തെല്ലൊരാശ്വാസമായാണ് പണ്ടുള്ളവര്‍ പിള്ളേരോണം ആഘോഷിച്ചിരുന്നത്.

പിള്ളേരോണത്തിന്റെ 28-ആം നാളിലാണ് മലയാളികളുടെ ദേശീയോത്സവമായ തിരുവോണം ആഘോഷിക്കുന്നത്. പഴയ കാലത്ത് പിള്ളേരോണം മുതല്‍ ഓണാഘോഷം ആരംഭിക്കുമായിരുന്നു. തുശനിലയില്‍ കുട്ടികള്‍ക്ക് വിഭവസമൃദ്ധമായ സദ്യയുമായാണ് പഴമക്കാര്‍ പിള്ളേരോണത്തെ വരവേറ്റിരുന്നത്.

പിള്ളേരോണവുമായി ബന്ധപ്പെട്ട് നിരവധി ഐതീഹ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ടു്. സാമൂതിരിമാരുടെ ഭരണകാലത്ത് തിരുനാവായില്‍ മാ‍മാങ്കം അരങ്ങേറിയിരുന്നത് പിള്ളേരോണം മുതലുള്ള ദിവസങ്ങളിലായിരുന്നു.