20090829

ഓണ മുറ്റത്ത്


വൈലോപ്പിള്ളി ശ്രീധരമേനോൻ


ഈ മലനാട്ടിൽ വായുവിലുണ്ടൊരു

മധുരോദാരവികാരം, മഞ്ഞാ -

ലീറനുടുത്തൊരു പാവന ഭാവം .


മഴകൊണ്ടാലും പാവം തുമ്പകൾ 

മലരിൻ കൂട നിറച്ചു വിറച്ചേ

നിൽക്കുകയല്ലോ മേടുകൾ തോറും .


തിരികൾ തെറുത്തു കൊളുത്താനുറ്റ മു-

ഹൂർത്തം കാത്തു കുഴഞ്ഞു മടങ്ങിയ

കരവിരലോടെ, ദീപക്കുറ്റികൾ

നാട്ടിയിരിപ്പൂ നറു മുക്കുറ്റികൾ.


ഏതു മുറങ്ങാതെമ്പാടും വയ-

ലേലകൾ തോറും നടുവിൽ പൊൽക്കിഴി -

യെരിയും വെള്ളിത്താലമെടുത്തിനി -

രന്നുലസിപ്പൂ നെയ്യാമ്പലുകൾ.


കാലേ രാവു നിറന്ന നിലാവാൽ

കമുകിൻപൂവരി തൂകി, ത്തൂമയി-

ലെതിരേറ്റങ്ങനെ നിൽക്കും വഴിയേ -

യെന്നുള്ളുകയായോണത്തപ്പൻ.


ആർപ്പുവിളിയ്ക്കുവിനുണ്ണികളേ , യല -

കടലേ, മേന്മേൽ കുരവയിടൂ കൊ-

ച്ചരുവികളേ, ചെറുകന്യകളേ, ന -

ല്ലതിഥി നമുക്കിനിയാരിതുപോലെ?


നീളും മലയുടെ ചങ്ങല വട്ടയിൽ 

നാളം പാട വിരലാൽ നീട്ടിയു-

മോമൽക്കവിളു തുടുത്തും തെല്ലൊരു

നാണത്തോടു പരുങ്ങിയൊരുങ്ങിടു-

മോണക്കോടിയുടുത്തൊരുഷസ്സേ,

പനിനീരാൽ കഴുകിയ്ക്കൂ കാലുകൾ,

മണിപീഠത്തിലിരുത്തൂ മന്നനെ,

മലയാളത്തറവാട്ടിന്നങ്കണ -

മണി പീഠത്തിലിരുത്തൂ ഞങ്ങടെ

കൊച്ചുകിനാവുകൾ തേടിയലഞ്ഞു മ-

ലർക്കളമെഴുതിക്കാത്തോരരചനെ !


പഴയൊരു പുള്ളുവനാണല്ലോ ഞാൻ;

പായും കുടയും നെയ്യും , പിന്നെ -

പ്പല കൈ വേലകൾ ചെയ്യും, പുഞ്ചകൾ

കൊയ്യും കാലം കറ്റമെതിച്ചു കി - 

തയ്ക്കും ഗ്രാമപ്പെൺകൊടിമാരുടെ

കരളുകൾ തുള്ളാൻ , കാലുകൾ നർത്തന -

കലവികൾ കൊള്ളാ, നഴകിയ നാടൻ -

കവിതകൾ പാടിയിരിയ്ക്കും ചാരേ

ഞാനും കൈയിലെ വീണപ്പെണ്ണും .

വെറ്റിലയൊന്നു മുറുക്കാ,നൊന്നു കൊ-

റിക്കാൻ നെല്ലു കിടച്ചാലായി.


ഓണക്കാലത്തുണരും ഞാൻ തിരു-

വോണപ്പാട്ടുകളാണെൻ പാട്ടുകൾ .

പൊന്നിൻ ചിങ്ങം വന്നു പിറന്നു ക -

രഞ്ഞു ചിരിച്ചു കുട,ഞ്ഞോണത്തിൻ-

മധുരക്കറി മണി വായിൽ തേച്ചതു

നൊട്ടിനുണച്ചു കളിക്കും കളി ക -

ണ്ടോണത്തപ്പൻ പൂത്തറമേൽ പന -

യോലക്കുടയും ചൂടിയിരിയ്ക്കെ,

മലയാളത്തറവാട്ടിന്നങ്കണ -

വെൺമണലിങ്കലിരിപ്പൂ ഞാനെൻ -

കൈയിൽ ചാഞ്ഞു കിടപ്പൂ കൊഞ്ചലൊ -

ടെൻപ്രിയ മകളാം വീണപ്പെണ്ണും .

പഴമയിലിഴയും പല്ലുകൊഴിഞ്ഞൊരു

പാട്ടാണെന്നു പഴിക്കാമിന്നു പ-

രിഷ്കാരത്തിൽ തിണ്ണയിലുള്ളവർ

പഴമോടരിയും പപ്പടവും  ത -

ന്നാവതു വേഗമയയ്ക്കാൻ നോക്കാം.

ഇവരറിയുന്നീലെന്നഭിമാനം !

എന്നുടെ മുന്നിൽ ഗോമേദക മിഴി

മിന്നും കാഞ്ചന സിംഹാസനമതിൽ

മുത്തുക്കുടയും ചൂടിയിരിപ്പൂ

മൂവുലകാണ്ട മഹാബലി മന്നൻ .

 വിട 

വൈലോപ്പിള്ളി ശ്രീധരമേനോൻ

No comments: