20090829

പൊന്നോണം

ജി ശങ്കര കുറുപ്പ്

നെല്ലിന്‍ തോളിലാക്കൈവച്ചു നിന്നൂ

നെല്ലിപ്പൂവൊക്കെക്കണ്ണു തുറന്നൂ.

ചിന്നും വെണ്മുകില്‍ക്കേസരം മേലേ

മിന്നും ചിങ്ങത്തെക്കാണുവാന്‍ പോലെ.

പൊന്നിന്‍ കുത്തുവിളക്കുമായ് വന്നു

മുന്നില്‍ മുക്കുറ്റി ചാലേ നിരന്നു;

പൂവില്‍ മുങ്ങിന പൊന്നോണനാളെ

പൂര്‍ണ്ണാമോദമെതിരേല്‍ക്കാന്‍ നീളെ.

ചെന്പൊല്‍ത്താമര പൊന്‍കുട നീര്‍ത്തീ,

ആന്പല്‍പ്പൊയ്കകള്‍ താലമുയര്‍ത്തീ.

തുന്പപ്പൂവരി വാരിയെറിഞ്ഞു

തുന്പംതന്‍നിഴല്‍പോലുമൊഴിഞ്ഞു.

തെച്ചി, മന്ദാരം, ചേമന്തി, പാറും

പിച്ചി, യീവകപ്പൂവുകള്‍ തോറും

നൃത്തം ചെയ്യുന്നു കേരളനാടിന്‍

ചിത്തം ചന്ദനത്തെന്നലില്‍ക്കൂടി

വാനിന്നേവമസൂയ വളര്‍ത്തി

വാഴ്ക, മാവേലി മംഗളമൂര്‍ത്തി.

No comments:

Post a Comment