ഗേയ്ൽ മെറീ ഓംവെത് (Gail Marie Omvedt)
സമത്വസുന്ദരവും ഐശ്വര്യ സമൃദ്ധവുമായ മാവേലി ഭരണമെന്ന (ബലിരാജ്) ആദർശലോക സങ്കല്പത്തിൽനിന്നു് പ്രചോദനംകൊണ്ട അമേരിക്കൻ വംശജയായ ഇന്ത്യൻ സാമൂഹിക ശാസ്ത്രജ്ഞയായിരുന്നു ഗെയ്ൽ മെറീ ഓംവെത് (Gail Marie Omvedt) (1941 ആഗസ്റ്റ് 2 - 2021 ആഗസ്റ്റ് 25). (മഹാ)ബലിജന സാംസ്‌കാരിക പ്രസ്ഥാനത്തിന്റെ (The Balijan Cultural Movement) ദേശീയ വർക്കിംഗ് പ്രസിഡന്റായിരുന്നു. ജാതിപഠനത്തിലെ പ്രമുഖ പണ്ഡിതയും സാമൂഹിക വികസന ഉപദേഷ്ടാവും (കൺസൾട്ടന്റും) എഴുത്തുകാരിയും അധ്യാപികയും സാസ്‌കാരിക പ്രവർത്തകയുമായി അവർ ശോഭിച്ചു.
ഇന്ത്യൻ സാമൂഹിക വിപ്ലവത്തിന്റെ പിതാവായ മഹാത്മാ ജ്യോതിബാ ഗോവിന്ദറാവു ഫുലെ (1827 -1890) ഒരു നൂറ്റാണ്ടുമുമ്പ് ഉയർത്തിയ ആശയങ്ങൾ വീണ്ടും ശ്രദ്ധയിൽപ്പെടുത്തികൊണ്ടു് അവർ ദലിതപക്ഷ ജാതിവിരുദ്ധ പ്രസ്ഥാനങ്ങളിലും, കർഷക പ്രസ്ഥാനങ്ങളിലും, പരിസ്ഥിതി പ്രസ്ഥാനങ്ങളിലും, ഗ്രാമീണ സ്ത്രീകൾ ഉൾപ്പെട്ട വിവിധ സാമൂഹികപ്രസ്ഥാനങ്ങളിലും പ്രവർത്തിച്ചു. മഹാരാഷ്ട്രത്തിലെ ഇടതുപക്ഷ മാർക്സിസ്റ്റ് സംഘടനയായ ശ്രമിക് മുക്തിദളത്തിലും സജീവമായിരുന്നു.
ജാതി നശീകരണ ദളിത് മുന്നേറ്റം, ജാതി വിരുദ്ധ പ്രസ്ഥാനം, ദലിത് രാഷ്ട്രീയം, വർഗസമരം , സ്ത്രീ സമത്വ പോരാട്ടം/ സ്ത്രീപക്ഷ സമരം, പരിസ്ഥിതി ഇടപെടലുകൾ തുടങ്ങിയ വ്യത്യസ്ത വിഷയങ്ങളിൽ 25 -ലേറെ പുസ്തകങ്ങൾ അവർ രചിച്ചു. മഹാത്മാ ഫൂലെ - അംബേദ്കറായ പാരമ്പര്യത്തിൽപെട്ട ജാതിവിരുദ്ധ പ്രസ്ഥാനത്തിലെ വ്യക്തികളുമായി ബന്ധപ്പെട്ട രേഖകളും കൃതികളും ശേഖരിക്കുകയും വിവർത്തനം ചെയ്യുകയും ചെയ്തു.
ജീവിതപശ്ചാത്തലം
അമേരിക്കയിലെ മിനസോട്ടയിലെ മിനിയാപൊളിസിലെ ഒരു സ്‌കാൻഡിനേവിയൻ കുടിയേറ്റ കുടുംബത്തിൽ 1941 ആഗസ്റ്റ് 2 നാണു് ഗെയ്ൽ മെറീ ഓംവെത് (Gail Marie Omvedt) ജനിച്ചത്. അവരുടെ പിതാവ് ജാക്ക്, മിനസോട്ടയിലെ തദ്ദേശീയ അമേരിക്കക്കാരുടെ അഭിഭാഷകനും മാതാവ് ഡൊറോത്തി ഒരു വീട്ടമ്മയുമായിരുന്നു. മിനസോട്ടയിലെ (Minnesota) കാർലെട്ടൺ കോളേജിൽ (from Carleton College) നിന്ന് ബിരുദം നേടിയ ശേഷം ഗെയ്ൽ ഓംവെതിന് ഇന്ത്യയിലെ ഗ്രാമീണ സമുദായങ്ങളെ മനസ്സിലാക്കുന്നതിന് 1963 ൽ ഒരു ഫുൾബ്രൈറ്റ് സ്‌കോളർഷിപ്പ് ലഭിച്ചത് അവരുടെ ജീവിതത്തിലെ വഴിത്തിരിവായി.
ഇന്ത്യയിൽനിന്നു് നാട്ടിൽ തിരികെയെത്തിയശേഷം ബെർക്ക്‌ലിയിലെ (Berkeley) കാലിഫോർണിയ സർവകലാശാലയിൽ പോയി ബിരുദാനന്തര ബിരുദം നേടി. ഇവിടെ വിദ്യാർത്ഥിനിയായിരിയ്ക്കവെ അവർ യുദ്ധവിരുദ്ധ പ്രസ്ഥാനങ്ങൾക്കൊപ്പം രാഷ്ട്രീയ പ്രതിഷേധങ്ങളിൽ സജീവമായിരുന്നു. കാലിഫോർണിയ സർവകലാശാലയിൽ പി.എച്ച്.ഡി.പഠനത്തിനുചേർന്ന അവർ 1970 ൽ വീണ്ടും ഇന്ത്യയിലെത്തി . 'അധിനിവേശ (കൊളോണിയൽ) സമൂഹത്തിലെ സാംസ്‌കാരിക കലാപം: പശ്ചിമ ഇന്ത്യയിലെ ബ്രഹ്മണേതര മുന്നേറ്റം' In Colonial Society – Non-Brahmin Movement in Western India എന്ന വിഷയത്തിൽ പി.എച്ച്.ഡി. പ്രബന്ധം (തിസീസ്) തയ്യാറാക്കാനായി ഇന്ത്യയിലെ ജാതി വ്യവസ്ഥയെക്കുറിച്ചുള്ള ഗവേഷണങ്ങൾക്കായിരുന്നു ഈ രണ്ടാം വരവ്. 1973 -ൽ (ബെർക്ക്‌ലിയിൽ കാലിഫോർണിയ സർവകാലാശാലയിൽ നിന്ന്) സാമൂഹ്യശാസ്ത്രത്തിൽ (സോഷ്യോളജിയിൽ) ഡോക്ടറേറ്റ് നേടി അമേരിക്കയിലെ സാൻഡിയാഗോയിൽ അധ്യാപികയായി.
എന്നാൽ, അവർ വൈകാതെ ഈ ജോലി ഉപേക്ഷിച്ച് ഇന്ത്യയിലെത്തി മഹാരാഷ്ട്രത്തിലെ ദലിതർക്കും ദരിദ്രർക്കും കർഷകർക്കും സ്ത്രീകൾക്കുമായുള്ള വിവിധ സാമൂഹിക പ്രസ്ഥാനങ്ങളിൽ മുഴുകി. 1970 ൽ പിഎച്ച്ഡി വിദ്യാർത്ഥിയായിരിക്കെ മഹാരാഷ്ട്രയിലെ ജാതിയും മഹാത്മാ ഫുലെയുടെ പ്രസ്ഥാനവും പഠിക്കാൻ ഇന്ത്യയിൽ വന്ന അവർ മടങ്ങിയത് ജാതിയും അയിത്ത സമ്പ്രദായവും മൂലം അടിച്ചമർത്തപ്പെട്ട ജാതികളുടെ വിമോചനത്തിനായി പ്രവർത്തിക്കണമെന്നുള്ള ചിന്തയുമായിട്ടായിരുന്നു. വളരെയേറെ സവിശേഷതകളുളള ഇന്ത്യയുടെ സംസ്‌കാരം അവരെ ഇന്ത്യയിലേയ്ക്ക് ആകർഷിച്ച് അവിടെ തുടരാൻ പ്രേരിപ്പിച്ചു. സാമൂഹിക യാഥാർഥ്യങ്ങൾ മാറ്റുന്നതിൽ പങ്കു വഹിക്കണമെന്ന തോന്നൽ അതിനേക്കാൾ പ്രധാനമായിരുന്നു. ദളിത് അവസ്ഥകളെപ്പറ്റി ജാതിവ്യവസ്ഥയെപ്പറ്റി ഇവിടുത്തെ യാഥാർഥ്യങ്ങൾ നേരിട്ട് തിരിച്ചറിഞ്ഞ ശേഷം അതിൽ ഇടപെട്ടേ മതിയാവൂ എന്നു തോന്നി എന്നാണവർ പറഞ്ഞിട്ടുള്ളത്. 1873 ൽ ജ്യോതിബാ ഫൂലെ സ്ഥാപിച്ച സത്യശോധക് സമാജത്തിന്റെ ആദർശങ്ങൾക്ക് അവർ സമർപ്പിതയായിരുന്നു.
വിവാഹവും കർമരംഗവും
മഹാരാഷ്ട്രത്തിൽ എത്തിയ അവർ തുച്ഛ ശമ്പളക്കാരായ നൂറുണക്കിന് ടെക്സ്റ്റൈൽ മിൽ തൊഴിലാളികളെയും വരൾച്ചയിൽ തകർന്ന കുടിയൊഴിപ്പിക്കപ്പെട്ട കർഷകരെയും അണിനിരത്താനുള്ള സമരപ്രസ്ഥാനങ്ങളിൽ പങ്കെടുത്തു. ഈ സമയത്ത് മാർക്സിസ്റ്റ് ആക്ടിവിസ്റ്റായ ഭരത് പടങ്കർ ദീർഘകാല സഹപ്രവർത്തകനും ഭർത്താവുമായി. മഹാരാഷ്ട്രയിലെ നിരവധി സാമൂഹിക-സാംസ്‌കാരിക പ്രസ്ഥാനങ്ങൾക്ക് നേതൃത്വം നൽകിയ ഭിഷഗ്വരനും കർഷകനുമായിരുന്ന ഭരത് പട്‌നാകറെ പി.എച്ച്.ഡി പഠനത്തിന്റെ ഭാഗമായുള്ള ഗവേഷണങ്ങളിലായിരുന്ന കാലത്താണ് ഗെയിൽ ആദ്യം കാണുന്നത്. പശ്ചിമ ഇന്ത്യയിലെ ബ്രഹ്മണേതര മുന്നേറ്റത്തെപറ്റി പഠിച്ചുകൊണ്ടിരുന്ന അവർക്കു്. ജ്യോതിറാവു ഗോവിന്ദറാവു ഫുലെ യുടെ (ഏപ്രിൽ 11, 1827 -നവംബർ 28, 1890) സംഭാവനകൾ അറിയണം. അമേരിക്കക്കാരിയാതിനാൽ ഗെയിലിന് ഭാഷ വശമില്ലായിരുന്നു. ഇടതുപക്ഷക്കാർക്കൊപ്പമാണ് ഗെയിൽ തന്റെ അന്വേഷണങ്ങൾ നടത്തിയത്. അങ്ങനെ സ്വഭാവികമായി അവർ തമ്മിൽ അടുത്തു. അത് ഒരുമിച്ച് ജീവിക്കാനുള്ള തീരുമാനത്തിലേക്ക് ആ ബന്ധം നീണ്ടു. 1976ലാണു അവർ വിവാഹിതരായത്. ഫൂലെയാണ് അവരെ അടുപ്പിച്ചത് എന്നു പറയാം.
വിവാഹത്തിനു ശേഷം ദക്ഷിണ മഹാരാഷ്ട്രത്തിലെ കാസിഗാൻ ഗ്രാമത്തിൽ താമസിച്ചുവന്ന അവർ ഭർത്താവ് പടങ്കറുമൊത്ത് സാമൂഹിക സേവനം തുടർന്നു. പ്രാദേശിക ഭാഷയായ മറാഠി ഭാഷ കുറ്റമറ്റരീതിയിൽ സംസാരിക്കുമായിരുന്ന അവർ ഗ്രാമപ്രദേശങ്ങളിലെ ജാതി അടിച്ചമർത്തലിനെതിരെ പോരാടുന്ന പാവപ്പെട്ട സമൂഹങ്ങളിൽ ജോലിചെയ്യാൻ ഗണ്യമായ സമയം ചെലവഴിക്കുകയും ചെയ്തു.
അംബേഡ്കർ, ഫുലെ എന്നിവരുടെ ആശയങ്ങളുടെ അടിസ്ഥാനത്തിൽ 1980-കളുടെ തുടക്കത്തിൽ ഭരത് പടങ്കർ മഹാരാഷ്ട്രത്തിൽ സ്ഥാപിച്ച ഇടതുപക്ഷ മാർക്സിസ്റ്റ് സംഘടനയായ ശ്രമിക് മുക്തിദളത്തിൽ സ്ത്രീകളെ സംഘടിപ്പിച്ചുകൊണ്ടു് ആരംഭം മുതലേ സജീവമായി പ്രവർത്തിച്ചു. പ്രായവും അക്കാമദിക് പ്രവർത്തനത്തിലെ കേന്ദ്രീകരണവും മൂലം പിന്നീട് സജീവമല്ലാതായി.
ഗ്രാമീണ സ്ത്രീകൾ ഉൾപ്പെടുന്ന ദളിത് പ്രസ്ഥാനങ്ങൾ, ജാതി വിരുദ്ധ പ്രസ്ഥാനങ്ങൾ, കർഷക പ്രസ്ഥാനങ്ങൾ, പരിസ്ഥിതി പ്രസ്ഥാനങ്ങൾ തുടങ്ങിയ സാമൂഹിക പ്രസ്ഥാനങ്ങളിൽ അവർ സജീവമായി പ്രവർത്തിച്ചിട്ടുണ്ട്. നിരവധി മനുഷ്യാവകാശ സമരങ്ങളുടെ മുൻനിരയിൽ അവരുണ്ടായിരുന്നു. . കോയ്‌ന അണക്കെട്ട് കാരണം കുടിയൊഴിപ്പിക്കപ്പെട്ട ആളുകളുടെ അവകാശങ്ങൾ ഉൾപ്പെടെയുള്ള ജനകീയ പ്രസ്ഥാനങ്ങളിലും ഓംവെദ് പങ്കെടുത്തു.
അക്കാദമികരംഗത്ത്
1978 മുതൽ ഇന്ത്യയിൽ സ്ഥിരമായി താമസിച്ച ഓംവെദ് ഗവേഷകയും അധ്യാപികയും എഴുത്തുകാരിയും വികസന ഉപദേശകയുമായി ജോലിചെയ്തു. 1983ൽ ഇന്ത്യൻ പൗരത്വം നേടി. ഗ്രാമീണ വികസനം, പരിസ്ഥിതി, ലിംഗം, തുടങ്ങിയ മേഖലകളിൽ നിരവധി ഗവേഷണ പദ്ധതികൾ ഏറ്റെടുത്തതിനു പുറമെ ഐക്യരാഷ്ട്രസഭയുടെ ഭക്ഷ്യ കാർഷിക സംഘടന (FAO), ഐക്യരാഷ്ട്ര വികസന പദ്ധതി (UNDP), ഓക്സ്ഫാം നോവിബ് (Oxfam Novib) തുടങ്ങിയ സ്ഥാപനങ്ങളുടെ വികസന ഉപദേശകയായി (കൺസൾട്ടന്റായി) പ്രവർത്തിച്ചു. ഒറീസയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ വർക്ക് ആൻഡ് സോഷ്യൽ സയൻസസിൽ (NISWASS) ഡോ. അംബേഡ്കർ ചെയറിന്റെ പ്രൊഫസറായും പുണെ സാവിത്രിഭായ് ഫൂലെ സർവകലാശാലയിൽ സോഷ്യോളജി പ്രൊഫസറായും ഡോ ഓംവെഡ് കോപ്പൻഹേഗനിലെ നോർഡിക് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഏഷ്യൻ സ്റ്റഡീസിൽ ഏഷ്യൻ ഗസ്റ്റ് പ്രൊഫസറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. അവസാനകാലത്ത് നെഹ്റു മെമ്മോറിയൽ മ്യൂസിയം ആന്റ് ലൈബ്രറിയിൽ സീനിയർ ഫെല്ലോയും ക്രാന്തിവിർ ട്രസ്റ്റിന്റെ ഗവേഷണ ഡയറക്ടറുംആയിരുന്നു. ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്‌സിറ്റിയിൽ ഡോ. അംബേദ്കർ ചെയർ മേധാവിയായിരുന്നു ഡോ.ഗെയ്ൽ.
എഴുത്തുകാരി
രാജ്യത്തിനകത്തും പുറത്തുമുളള ആനുകാലികങ്ങളിൽ പതിവായി സാമൂഹിക പ്രശ്‌നങ്ങളെപ്പറ്റി എഴുതിവന്നു. ,അവരുടെ പിഎച്ച്ഡി പ്രബന്ധം മഹാത്മാ ഫൂലെയുടെ സത്യശോധക് പ്രസ്ഥാനത്തെ ലോകത്തിന് പരിചയപ്പെടുത്തി. ദലിത് രാഷ്ട്രീയം, വനിതകളുടെ പോരാട്ടം, ജാതി വിരുദ്ധ പ്രസ്ഥാനം തുടങ്ങിയ മേഖലകളിൽ പുസ്തകങ്ങൾ രചിച്ചു
ഇൻ കൊളോണിയൽ സൊസൈറ്റി- നോൺ ബ്രാഹ്മിൺ മൂവ്മെൻറ് ഇൻ വെസ്റ്റേൺ ഇന്ത്യ, ദലിത വീക്ഷണങ്ങൾ (Dalit Visions) - 1975, വി ഷാൽ സ്മാഷ് ദിസ് പ്രിസൺ: ഇന്ത്യൻ വിമൺ ഇൻ സ്ട്രഗിൾ -1979, സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ: ഇന്ത്യയിലെ പുതിയ സിദ്ധാന്തങ്ങളും പുതിയ പ്രസ്ഥാനങ്ങളും (Violence against Women: New Theories and New Movements in India) -1991, റീ ഇൻവെൻറിങ് റവലൂഷൻ: ന്യൂ സോഷ്യൽ മൂവ്‌മെൻറ്സ് ആന്റ് സോഷ്യലിസ്റ്റ് ട്രെഡിഷൻ ഇൻ ഇന്ത്യ (Reinventing Revolution: New Social Movements and the Socialist Tradition in India) -1993, ജെൻഡർ ആൻഡ് ടെക്‌നോളജി -1994, ദലിതരും ജനാധിപത്യ വിപ്ലവവും (Dalits and Democractic Revolution) -1994, ദലിത കാഴ്ചപ്പാടുകൾ: ജാതിവിരുദ്ധ മുന്നേറ്റവും ഇന്ത്യൻ സാംസ്‌കാരിക അസ്തിത്വവും -1994, ഇന്ത്യയിലെ ബുദ്ധമതം ബ്രാഹ്മണമതത്തെയും ജാതിയെയും വെല്ലുവിളിക്കുന്നു (Buddhism in India Challenging Brahmanism and Caste) -ഏപ്രിൽ 2009, ഡോ. ബാബാസാഹേബ് അംബേഡ്കർ, മഹാത്മാ ഫുലെ, എന്നിവയുൾപ്പെടെ 25 ഓളം പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്.
2008 -ൽ പ്രസിദ്ധീകരിച്ച സീക്കിംഗ് ബേഗംപുര: ദി സോഷ്യൽ സോഷ്യൽ വിഷൻ ഓഫ് ആന്റികാസ്റ്റ് ഇന്റലക്ച്വൽസ്, എന്ന കൃതിയിൽ, രവിദാസ് തുടങ്ങി ബിആർ അംബേദ്കർവരെ അഞ്ച് നൂറ്റാണ്ടുകളായി ജീവിച്ച സാമൂഹ്യപരിഷ്‌കർത്താക്കളുടെ രചനകൾ വിലയിരുത്തുന്നു. എക്കാലത്തെയും മികച്ച മറാത്തി എഴുത്തുകാരിയായി കണക്കാക്കപ്പെടുന്നതിനിടയാക്കുന്നവിധം തുക്കാറാം കൃതികൾ വിവർത്തനം ചെയ്യുന്നതിൽ ഏർപ്പെട്ടിരിക്കുകയായിരുന്നു അവസാനകാലത്ത് അവർ.
ഡോ. ഗെയിൽ ഓംവെദിന്റെകൃതികളായി മലയാളത്തിൽ ലഭ്യമായിട്ടുള്ളത് അജയ് പി മങ്ങാട്ട് വിവർത്തനം ചെയ്ത അംബേദ്കർ ഒരു പ്രബുദ്ധ ഇന്ത്യക്കായി, ബിജുരാജും, യൽദോയും വിവർത്തനം ചെയ്ത ദളിത് ചിന്തകൾ (മാതൃഭൂമി) എന്നിവയാണു്.