20210821

ഓണമെന്നാൽ സമഭാവന, നീതിബോധം

 

എം കെ സാനു


ഓണത്തിന്റെ സമഭാവനയും നീതിബോധവുമാണ് എന്നും ആകർഷിച്ചിട്ടുള്ളത്. 'മാവേലി നാടുവാണിടും കാലം' മാനുഷരെല്ലാരും ഒന്നുപോലെ ജീവിച്ച കാലമാണ്. 'കള്ളവുമില്ല ചതിവുമില്ല, എള്ളോളമില്ല പൊളിവചനം' എന്നതിൽനിന്ന് മനസ്സിലാകുന്നത് ഏറ്റവും കൂടുതൽ നീതിബോധമുള്ളവരായിരുന്നു അന്നുണ്ടായിരുന്നത് എന്നാണ്.

 

ബാല്യകാലത്തെ ഓണം ഓർമകൾക്ക് ഏഴു ദശാബ്ദം പിന്നോട്ട് പോകണം. ആലപ്പുഴ തുമ്പോളിയിലായിരുന്നു ബാല്യകാലം. ഓണം എന്നാൽ ആദ്യം മനസ്സിൽ എത്തുന്നത് ഊഞ്ഞാലുകളാണ്. വലിയ മരത്തിൽ കയർകൊണ്ട് കെട്ടുന്ന ഊഞ്ഞാലുകളിൽ ആയത്തിൽ ആടിയിരുന്ന കാലം മറക്കാനാകില്ല. മരത്തിൽ കെട്ടുന്ന ഊഞ്ഞാൽ കൂടാതെ വലിയ തെങ്ങുകൾ തമ്മിൽ വടംകൊണ്ട് ബന്ധിച്ച് വലിയ ഊഞ്ഞാൽ കെട്ടുമായിരുന്നു. ആലാത്ത് എന്ന് പറയപ്പെട്ടിരുന്ന അതിൽ മൂന്നുനാലുപേർക്ക് കെട്ടിപ്പിടിച്ച് ഇരുന്നാടാൻ പലകയും ഉണ്ടാകും. രാത്രികാലത്ത് 'മാവേലി നാടുവാണിടും കാലം...' എന്ന പാട്ട് എവിടെ നിന്നെങ്കിലും കേൾക്കാം. മനുഷ്യരിലെ സമഭാവന ചെറുപ്പത്തിലെ മനസ്സിൽ തട്ടാൻ ഈ പാട്ട് വലിയ പങ്കു വഹിച്ചിട്ടുണ്ട്.

 

സ്ത്രീകൾ കളിച്ചിരുന്ന തിരുവാതിരകളിയും വട്ടക്കളിയും ഓർക്കുന്നു. വട്ടക്കളി പുരുഷന്മാരും സ്ത്രീകളും വേറെവേറെയും ഇടകലർന്നും കളിക്കുമായിരുന്നു. വട്ടക്കളിക്കായി പാടുന്ന പാട്ടിൽ സമകാലിക കവിതകൾ ഉൾക്കൊള്ളിച്ചിരുന്നു. കെടാമംഗലം പപ്പുക്കുട്ടിയുടെ വിപ്ലവ ധ്വനിയുള്ള കവിതകൾ സമൂഹത്തിൽ ഉടലെടുക്കുന്ന വിപ്ലവബോധത്തെ കൂടുതൽ ഉണർത്താൻ സഹായിച്ചു. ഇവയെല്ലാം കവിതയുടെ മാധുര്യവുമായി കുട്ടികൾക്ക് അടുത്ത ബന്ധുമുണ്ടാക്കാൻ സഹായിച്ചിരുന്നു. തുമ്പി തുള്ളലും ഓണ പന്തുകളിയും കിളിത്തട്ട് തുടങ്ങി ഒരുപാട് കളികൾ ഉണ്ടായിരുന്നു. പെൺകുട്ടികൾ കളിച്ചിരുന്ന 'അശകുശലെ പെണ്ണുണ്ടോ...' ഇന്നും മധുരസ്മരണയായി മനസ്സിലുണ്ട്. ധാരാളം നാടൻ കളികളുടെ സമൃദ്ധി അന്നത്തെ ബാല്യത്തിനുണ്ടായിരുന്നു.

 

പട്ടിണി നാട്ടിൽ ഉണ്ടായിരുന്ന കാലമാണെങ്കിലും കഴിയുന്നതും ഓണത്തിന് വീട്ടിൽ സമൃദ്ധിയുണ്ടായിരുന്നു. പപ്പടം വറുക്കുന്ന മണം അന്തരീക്ഷത്തിൽ ഉയരുന്നത് ഓണക്കാലത്താണ്. പപ്പടത്തിനൊപ്പം ഉപ്പേരിയും ശർക്കരവരട്ടിയും വറക്കും. കടകളിൽ ഇവയൊന്നും അന്ന് സുലഭമായിരുന്നില്ല. തിരുവോണ ദിവസം ഓണസദ്യ ഉണ്ടാകും. പല വീടുകളിൽ പലതരത്തിലുള്ള പായസമായിരിക്കും ഉണ്ടാക്കുക. ഈ പായസം അങ്ങോട്ടും ഇങ്ങോട്ടും കൈമാറും. മാത്രമല്ല, അയൽക്കാരായ അന്യ മതസ്ഥരായവരുടെ വീടുകളിലും വിഭവങ്ങൾ എത്തിക്കുന്നത് കുട്ടികളാണ്. വീടിനടുത്തുള്ള അഗസ്ത്യന്റെയും പൗലോസിന്റെയും വീടുകളിൽ പായസം എത്തിക്കുന്ന ചുമതല വഹിച്ചിട്ടുണ്ട്. ക്രിസ്മസിന് അവരും പലഹാരങ്ങളുമായി ഞങ്ങളുടെ വീട്ടിലും എത്തുമായിരുന്നു. ഇത്തരത്തിൽ സമത്വബോധത്തോടെ വളർന്ന ബാല്യമാണ് എനിക്കുണ്ടായിരുന്നത്.

 

എല്ലാ കുട്ടികൾക്കും ഓണക്കോടിയുണ്ടാകുമായിരുന്നില്ല. എന്നാൽ, മിക്കവരും ഓണക്കോടി ധരിച്ചിരുന്നു. പത്ത് വയസ്സുവരെ മാത്രമാണ് ഓണക്കോടി കിട്ടിയത്. അച്ഛന്റെ മരണശേഷം ഓണക്കോടി കിട്ടിയിട്ടില്ല. ചെറിയ കുട്ടികൾ മഞ്ഞ മുണ്ടുടുത്താണ് കളികൾക്ക് വരാറുള്ളത്.

 

കേരളീയരിൽ സമഭാവന വളർത്താൻ ഓണത്തിന്റെ ഐതിഹ്യവും പാട്ടും വലിയ പങ്കുവഹിച്ചു. നീതിബോധം വളർത്താനും മാവേലിയുടെ പാട്ടിന് കഴിഞ്ഞു.ഇന്നും ഓണനിലാവ് ഊർജമാണ്. വയസ്സന്മാർക്കുപോലും താരുണ്യത്തിന്റെ ഊർജം പകരാൻ ഓണനിലാവിന് കഴിയും. കാലം മാറി മഴയും വെയിലുമൊക്കെ പ്രവചനാതീതമായി മാറിയതിനാൽ ഓണനിലാവും കാണാറില്ല.

 

 കടപ്പാടു് : ദേശാഭിമാനി  2021 ആഗസ്റ്റ് 21  ശനിയാഴ്ച