20071124

മനുഷ്യ പരിണാമത്തിന്റെ പത്തവതാരങ്ങള്‍

ദശാവതാര ആശയത്തില്‍ അടങ്ങിയിരിക്കുന്നതു് മനുഷ്യപരിണാമത്തിന്റെ പത്തു് ഘട്ടങ്ങളാണു്. അതായതു്, നാരായണന്റെ ഒന്‍പതു് അവതാരങ്ങളിലൂടെ ഇന്നത്തെ നിലയിലായ മനുഷ്യവര്‍ഗ്ഗം അവസാനത്തേതും പത്താമത്തേതുമായ അടുത്ത അവതാരത്തെപ്പറ്റിയുള്ള ഉല്‍ക്കണ്ഠയുമായി കഴിയുന്നു. മനുഷ്യ പരിണാമത്തി ന്റെ പത്തു് ഘട്ടങ്ങളായ അവതരണങ്ങള്‍ മല്‍സ്യം, കൂര്‍മ്മം (ആമ), വരാഹം, നരസിംഹം, വാമനന്‍, പരശുരാമന്‍, ശ്രീരാമന്‍, ബലരാമന്‍, ശ്രീകൃഷ്ണന്‍ എന്നിവയും വരാനിരിയ്ക്കുന്ന സര്‍വ സംഹാരിയോ സര്‍വ സംരക്ഷകനോ ആയ അവസാന അവതാര(കല്ക്കി)വുമാണു്. അതു് താഴെ പറയുന്നതു്പോലെ വിശദീകരിയ്ക്കാം:

1. മല്‍സ്യം - ജീവിവര്‍ഗ്ഗത്തിന്റെ ആദ്യ രൂപം വെള്ളത്തിലായിരുന്നു.
2. കൂര്‍മം(ആമ) - അടുത്ത പരിണാമത്തില്‍ കരയിലും വെള്ളത്തിലും ജീവിയ്ക്കുന്ന ജീവിയായി മാറി.
3. വരാഹം - അതു് കഴിഞ്ഞു്, കരയില്‍ മാത്രം ജീവിയ്ക്കുന്ന ജീവിയായി.
4. നരസിംഹം(അര്‍‍ദ്ധമനുഷ്യന്‍‍) - ജീവിതസാഹചര്യങ്ങളുടെമേലും മറ്റു് ജീവികളുടെ മേലും
ബുദ്ധികൊണ്ടും സാമൂഹിക ബലം കൊണ്ടും ആധിപത്യം നേടിയ ഘട്ടം.
5. വാമനന്‍ (കൊച്ചു് മനുഷ്യന്‍) - ഒരു കൊച്ചു് മനുഷ്യനായിത്തീര്‍ന്ന ഘട്ടം. മനു
ഷ്യനെന്നു് പറയാവുന്ന ജീവിയായെന്നാണു് അതിനര്‍ത്ഥം.
6. പരശുരാമന്‍ (പരശുവുള്ളവന്‍)- പരശു ആയുധമാക്കിയ ശിലായുഗ മനുഷ്യന്‍

7. ശ്രീരാമന്‍ (ശ്രീയുള്ളവന്‍) - ഇന്നത്തെ മാതൃകാ മനുഷ്യനായ ഘട്ടം -
മര്യാദാപുരുഷോത്തമന്‍ (നിയമവാഴ്ചയുടെ ഭാഗമായ മനുഷ്യന്‍)
8. ബലരാമന്‍ (കരുത്തന്‍) - കൃഷിക്കാരായ മനുഷ്യന്‍

9. ശ്രീകൃഷ്ണന്‍ - വിപ്ളവകാരിയായ മനുഷ്യന്‍
10. കല്ക്കി - വരാനിരിയ്ക്കുന്ന അവസാന മനുഷ്യഘട്ടം (അവസാനത്തവന്‍) സര്‍വ സംഹാരിയോ സര്‍വ സംരക്ഷകനോ ആയ മനുഷ്യന്‍ (സര്‍വ്വരക്ഷയുടേതായ ബൌദ്ധാവതാര മനുഷ്യഘട്ടത്തിലാണു് മഹാബലിയുടെ രണ്ടാം വാഴ്ച)

നരഅയനത്തിന്റെ ദശ അവതരണങ്ങളുടെ കഥയല്ലാത്ത
ദശാവതാരകഥകള്‍


ദശാവതാരങ്ങളായുള്ള മനുഷ്യവളര്‍ച്ചയുടെ പരിണാമങ്ങള്‍ പ്രചരിച്ചതു് കാലത്തിന്റെ ഗതി മാറ്റിയ മഹാസംഭവ കഥകളെ പ്രതീകമായി ചേര്‍ത്തു് കൊണ്ടായിരുന്നു. അസുരരുടെ തകര്‍ച്ചയ്ക്കു് ശേഷം ഭൂസുരന്‍മാര്‍ അതിപുരാതനമായ ആ കാലഘട്ടത്തില്‍നിന്നു് ഈ കാലം വരെ അസുരരുടെമേല്‍ ആധിപത്യമുറപ്പിയ്ക്കുകയെന്ന ദുര്‍ലക്ഷ്യത്തോടെ പടച്ച ദശാവതാര കഥകളിലൂടെ തലമുറകള്‍ കൈമാറി ദശാവതാര സങ്കല്പം കൊണ്ടു് നടന്നു.

അവ കാലത്തിന്റെ ഗതി നിര്‍ണ്ണയിച്ച ചില സംഭവങ്ങളുമായി ബന്ധപ്പെടുത്തിയുണ്ടാക്കിയ കഥകളായിരുന്നുവെങ്കിലും ദശാവതാരത്തിന്റെ വിവരണമല്ല. ദശാവതാര കഥകള്‍ കാലാനുക്രമത്തില്‍ ക്രമീകരിച്ചിട്ടുള്ളതല്ല എന്നതാണതിന്റെ പ്രധാന അടയാളം. ഉദാഹരണത്തിനു് രണ്ടാം അവതാരം കൂര്‍മ്മമാണു്; അതിന്റെ പ്രതീകമായി കൊടുത്തിട്ടുള്ള കഥ മഹാനായ ഹിരണ്യ കശിപുവിന്റെ പിന്‍ഗാമി പ്രഹ്ളാദരുടെ പിന്‍ഗാമിയുടെ പിന്‍ഗാമിയായ മഹാബലിയുടെ കാലത്തു് സുരന്‍മാരും അസുരന്‍മാരും ചേര്‍ന്നു് പാലാഴി കടയുമ്പോള്‍ കടകോലായുപയോഗിച്ച ‘‘പര്‍വതം’’ താണു് പോയപ്പോള്‍ താങ്ങായി മാറിയ ‘‘ആമ’’യുടെ നിര്‍ണ്ണായക പങ്കാണു്. എന്നാല്‍ മഹാബലിയുടെ മുന്‍ഗാമിമാരിലൊരാളായിരുന്ന മഹാനായ ഹിരണ്യ കശിപു തമ്പുരാന്‍ നാടു് നീങ്ങിയ കഥയാണു് നാലാം അവതാരമായ ‘നരസിംഹ’ത്തിനു് വേണ്ടി കൊടുത്തിരിയ്ക്കുന്നതു്. മൂന്നു് ചുവടു് ഭൂമി ദാനം ചോദിച്ച് വന്ന കൊച്ചു് ബ്രാഹ്മണന്‍ സകലതും കയ്യടക്കി മഹാബലിയെ ചതിച്ചു് സ്ഥാനഭ്രഷ്ടാക്കിയ ഭൂസുര വിജയമാണു് അഞ്ചാമത്തെ അവതാരമായ വാമനാവതാരത്തോടൊപ്പംവച്ച കഥ.

അസുരരുടെ മേല്‍ സുരന്മാരുടെ വിജയം ഉറപ്പിയ്ക്കാനും അസുരരെ പരമാവധി അപകീര്‍ത്തിപ്പെടുത്തുവാനും ദുഷിയ്ക്കുവാനും ബ്രാഹ്മണാധിപത്യം നിലനിറുത്തുന്ന ജാതിവ്യവസ്ഥയെ സംരക്ഷിയ്ക്കുവാനും ഉപയോഗപ്പെടുന്ന വിധത്തിലാണു് ദശാവതാര കഥകള്‍ ചമച്ചിട്ടുള്ളതു്. ദശഅവതാരങ്ങളെ ഓര്‍ക്കാന്‍ വച്ചിരുന്ന ഈ പ്രതീകാത്മകകഥകളുടെ അന്തസ്സാരം താഴെ:

വൈവസ്വത മനുവിന്റെ കഥ
(മല്‍സ്യാവതാരത്തിന്റെ ഓര്‍മ്മയ്ക്കു്)

സുമേരുവിലെ മഹാപ്രളയകാലത്തു് മനുഷ്യവംശം വേരറ്റു് പോകാതെ പെട്ടകമുണ്ടാക്കി സ്വയം രക്ഷപ്പെടുകയും ജീവജാലങ്ങളെയെല്ലാം നിലനിറു്ത്തുകയും ചെയ്ത ‘വൈവസ്വത മനുവിന്റെ അതിജീവ ചരിത്രമാണു് മത്സ്യാവതാരത്തെ ഓര്‍ക്കാന്‍ പറയുന്ന കഥയിലുളളതു്.

പാലാഴിമഥന കഥ
(കൂര്‍മാവതാരത്തിന്റെ ഓര്‍മ്മയ്ക്കു്)
മഹാബലി അസുര മഹാരാജാവായിരിയ്ക്കെ അസുരരോടൊത്തു് സുരരെക്കൂടി ചേര്‍ത്തു് ‘പാലാഴി’ കടയവെ കടയാനുപയോഗിച്ചിരുന്ന ‘മന്ദര’മെന്ന ‘പര്‍വതം’ താണു് പോയപ്പോള്‍ താങ്ങായി മാറിയ ‘ഭീമന്‍ ആമ’ വഹിച്ച നിര്‍ണായക പങ്കിന്റെ കഥ കൊണ്ടാണു് ആമയവതാരത്തെ ഓര്‍ക്കുന്നതു്.

ഭൂമിയുടെ സ്ഥാനം പുനഃസ്ഥാപിച്ച സംഭവം
(വരാഹാവതാരത്തിന്റെ ഓര്‍മ്മയ്ക്കു്)
ഹിരണ്യാക്ഷനെന്ന ‘ഭയങ്കര അസുരന്‍’ ഭൂമിയുടെ ‘സ്ഥാനം’ തെറ്റിച്ചു് കടലില്‍ താഴ്ത്തിയെന്നും ഒരു പന്നി ഭൂമിയെ യഥാസ്ഥാനത്തു് ഉറപ്പിച്ചു് രക്ഷിച്ചെന്നും പറയുന്ന കഥയാണു് വരാഹാവതാരത്തിന്റെ ഒപ്പം നല്കിയതു്.

ഹിരണ്യ കശിപുവും മനുഷ്യസിംഹവും
(നരസിംഹഅവതാരത്തിന്റെ ഓര്‍മ്മയ്ക്കു്)
അതിശക്തനും മഹാനുുമായ അസുര ഇന്ദ്രന്‍ ഹിരണ്യ കശിപു നാടു് നീങ്ങിയതാഘോഷിയ്ക്കുവാന്‍ ശത്രുക്കളുണ്ടാക്കിയ കഥകൊണ്ടാണു് നരസിംഹാവതാരത്തെ പ്രചരിപ്പിച്ചതു് . വിമതര്‍ക്കെതിരെ കടുത്ത നടപടിയെടുത്ത കടുംപിടുത്തക്കാരനായ ഹിരണ്യ കശിപു മഹാരാജാവു് ഹൃദയസ്തംഭനം മൂലം നാടു്നീങ്ങിയതു് യഥാര്‍ത്ഥത്തില്‍ സുരന്മാര്‍ക്കും ഭൂസുരന്മാര്‍ക്കും ആശ്വാസമായിരുന്നു. കാലത്തിനു് നിരക്കാത്ത അദ്ദേഹത്തിന്റെ ചില നടപടികളോടു് വിയോജിച്ചിരുന്ന മകന്‍ പ്രഹ്ളാദനാണു് പിന്‍ഗാമിയായി സ്ഥാനമേറ്റതു്.
ഹിരണ്യ കശിപു ചക്രവര്‍ത്തിയെ ആര്‍ക്കും രാത്രിയോ പകലോ കൊല്ലാനാവില്ലെന്നും മനുഷ്യസിംഹത്തിനു് മാത്രമേ അദ്ദേഹത്തെ (ഹിരണ്യ കശിപു ചക്രവര്‍ത്തിയെ) അവസാനിപ്പിയ്ക്കാനാവൂ എന്നുമായിരുന്നു വിശ്വാസം. അതു്കൊണ്ടു് ഹിരണ്യ കശിപു ചക്രവര്‍ത്തി അപ്രതീക്ഷിതമായി നാടു് നീങ്ങിയതു് സാധാരണ മരണമായി വിശ്വസിയ്ക്കാന്‍ അദ്ദേഹത്തെ കൊല്ലാന്‍ ആഗ്രഹിച്ചവര്‍ക്കു് കഴിഞ്ഞില്ല. മഹാനായ ഹിരണ്യ കശിപുവിന്റെ മരണം മനുഷ്യമൃഗമെന്ന അമാനുഷിക ശക്തിവന്നു് നെഞ്ചുപിളര്‍ത്തിയായിരുന്നുവെന്ന കല്പിത കഥ പ്രചരിപ്പിച്ചു് അവര്‍ പ്രതികാരം തീര്‍ത്തു.

മഹാബലിയുടെ മേലുളള ഭൂസുരവിജയം
(വാമനാവതാരത്തിന്റെ ഓര്‍മ്മയ്ക്കു്)
ജാതിമേധാവിത്തത്തിനു് തടയിട്ടിരുന്ന മഹാബലിയുടെ കാലം സമത്വത്തിന്റെയും ഐശ്വര്യത്തിന്റെയും കാലമായിരുന്നു. അതിന്റെ പേരില്‍ ബ്രാഹ്മണ വിരുദ്ധനെന്ന ആരോപണം പില്ക്കാലത്തു് അദ്ദേഹത്തിന്റെ മേല്‍ വര്‍ഷിയ്ക്കപ്പെട്ടു.

പക്ഷേ, മൂന്നു് ചുവടു് മണ്ണു് ചോദിച്ചു് വന്ന കൊച്ചു് ബ്രാഹ്മണനു് ഇടം കൊടുത്തതിനാണു് മഹാബലി വലിയ വില കൊടുക്കേണ്ടി വന്നതു്. പ്രകൃതി ദുരന്തമുണ്ടാക്കിയ പ്രതിസന്ധിയെ മഹാബലിയ്ക്കെതിരെ തിരിച്ചുവിട്ടു്കൊണ്ടു് കൊച്ചു് ബ്രാഹ്മണന്‍ വളര്‍ന്നു് സര്‍വ്വതും കയ്യടക്കുകയും ആഭ്യന്തരകലാപത്തിലൂടെ മഹാബലിയെ സ്ഥാനഭ്രഷ്ടനാക്കുകയും ചെയ്തു. മനുഷ്യരെല്ലാവരുമൊന്നു്പോലെയെന്നതും ജാതിമേധാവിത്തത്തിതിനെരായതുമായ മഹാബലിയുടെ നയം ബ്രാഹ്മണവിരുദ്ധ നടപടിയാണെന്നും ബ്രാഹ്മണരോടുള്ള വിരോധം മൂലമാണെന്നും അഹങ്കാരമാണെന്നും പില്ക്കാലത്തു് വ്യാഖ്യാനിയ്ക്കുകയും മുദ്രകുത്തുകയും ചെയ്തു.

കൊച്ചു് ബ്രാഹ്മണന്‍ സര്‍വ്വതും കയ്യടക്കി കാലത്തിന്റെ നിയന്ത്രണമേറ്റെടുത്തു്കൊണ്ടു് കാലമൂര്‍ത്തിയായെന്നു് സുരന്‍മാര്‍ വ്യാഖ്യാനിയ്ക്കുന്നു. എന്നാല്‍ യഥാര്‍ത്ഥ കാലമൂര്‍ത്തിയായ സാക്ഷാല്‍ നാരായണന്‍ മഹാബലിയോടൊപ്പമാണെന്നും ചിരഞ്ജീവിയായ തമ്പുരാനെ വീണ്ടും നാടുവാഴാന്‍ അനുവദിച്ചിരിയ്ക്കുകയാണെന്നും കൊച്ചു് ഭൂസുരനെ ശപിച്ചിരിക്കുകയാണെന്നും ഓര്‍ക്കുക. ഉലകത്തേക്കാള്‍ വളര്‍ന്ന ഭൂസുരന്‍, വാമനനായിരുന്നുവെന്നതു്കൊണ്ടാണു് വാമനാവതാരമോര്‍ക്കുവാനായി മഹാബലിയെ നിഷ്കാസനം ചെയ്ത കഥ ഉപയോഗിച്ചതു്.
ക്ഷത്രിയരുടെ മേലുള്ള ബ്രാഹ്മണവിജയം
(പരശുരാമാവതാരത്തിന്റെ ഓര്‍മ്മയ്ക്കു്)
ബ്രാഹ്മണരുടെ മേല്‍ ആധിപത്യം സ്ഥാപിച്ച ക്ഷത്രിയരെ അമര്‍ച്ച ചെയ്തു് ക്ഷത്രിയരുടെ അഹങ്കാരം അവസാനിപ്പിച്ച ജമദഗ്നിയുടെ മകനായ പരശുവേന്തിയ രാമന്റെ കഥ കൊണ്ടാണു് ഈ അവതാരത്തെ ഓര്‍ത്തിരിക്കുന്നതു്.

ദശരഥപുത്രനായ രാമന്‍
(ശ്രീരാമാവതാരത്തിന്റെ ഓര്‍മ്മയ്ക്കു്)
വര്‍ണ്ണാശ്രമ വ്യവസ്ഥകളും നിയമവും പരിപാലിയ്ക്കുകയും ‘‘പത്തു് തലയുള്ള’’ അസുര രാജാവിനെ വധിയ്ക്കുകയും ചെയ്ത ദശരഥപുത്രനായ രാമന്റെ കഥയാണു് ശ്രീരാമാവതാരം ഓര്‍ക്കുവാന്‍ വേണ്ടി കൊടുത്തതു്. തപസ്സനുഷ്ഠിച്ചു് കൊണ്ടിരുന്ന ശംബുകനെന്ന ശൂദ്ര മുനിയെ കൊന്നു് വര്‍ണ്ണാശ്രമ വ്യവസ്ഥ സംരക്ഷിച്ച രാമന്‍ ബാലിയെ ഒളിയമ്പെയ്തു് കൊന്നു് സുഗ്രീവന്റെ വാനരരാജസ്ഥാനമുറപ്പിയ്ക്കാന്‍ സഹായിച്ചു. അച്ഛന്റെ വാക്കു് പാലിയ്ക്കുവാന്‍ അധികാരം ത്യജിയ്ക്കുവാനും വനവാസം സ്വീകരിയ്ക്കുവാനും തയ്യാറായ ത്യാഗിയായ രാമന്‍ മറുവശത്തു് ത്യാഗത്തിന്റെയും മഹത്വത്തിന്റെയും പ്രതീകവുമായി. പൊതുജനാപവാദത്തെ നേരിടാന്‍ പത്നിയെ ഉപേക്ഷിച്ചെങ്കിലും ഏകപത്നീ-ഏകഭര്‍തൃ ബന്ധത്തിന്റെ മാതൃകയായി സീതാരാമബന്ധം നല്ല വ്യാഖ്യാനത്തോടെ ആദരിയ്ക്കപ്പെടുന്നു.

രാമനെ മര്യാദാ പുരുഷോത്തമനായി (മാതൃകാ മനുഷ്യനായി) അവതരിപ്പിയ്ക്കുന്നതിനെ ഡോ. അംബേഡ്കരും പെരിയാര്‍ രാമസ്വാമിനായ്ക്കരും എതിര്‍ത്തിരുന്നു. തന്റെ രാമന്‍ ദശരഥപുത്രനോ സീതയുടെ ഭര്‍ത്താവോ അല്ലെന്നാണു് രാമരാജ്യത്തിന്റെ പ്രഘോഷകനായിരുന്ന മഹാത്മാഗാന്ധി വ്യക്തമാക്കിയതു്. അദ്ദേഹത്തിനു് രാമന്‍ ദൈവത്തിന്റെ മറ്റൊരു പേരായിരുന്നു.

കരുത്തനായ കര്‍ഷകന്‍
(ബലരാമാവതാരത്തിന്റെ ഓര്‍മ്മയ്ക്കു്)
വരണ്ടുണങ്ങിയ ഭൂമി കൃഷിയോഗ്യമാക്കാനായി കാളിന്ദി നദിയെ കലപ്പകൊണ്ടു് ചാലു് കീറി വലിച്ചു്കെണ്ടു്വന്നു് കൃഷി ചെയ്ത വീരനായ ബലരാമന്റെ കഥയാണു് എട്ടാം അവതാരത്തോടൊപ്പം പറയുന്നതു്.

അമ്പാടിക്കണ്ണനും ഗീതാകൃഷ്ണനും
(ശ്രീകൃഷ്ണാവതാരത്തിന്റെ ഓര്‍മ്മയ്ക്കു്)
കല്പാന്തകാലത്തു്, ഭൂമിയ്ക്കു് തന്നെ ബാദ്ധ്യതയായിരുന്ന കംസനെന്ന ക്രൂരനായ രാജാവിനെ നിഗ്രഹിയ്ക്കുകയും കാളിയനെന്ന സര്‍പ്പത്തിന്റെ തല ചതയ്ക്കുകയും ചെയ്ത ഇടയകുമാരനായ കൃഷ്ണന്റെ വളരെ പുരാതനമായ കഥകൊണ്ടാണു് ശ്രീകൃഷ്ണാവതാരമെന്ന പേരോര്‍ക്കുന്നതു്. കാല്പനിക പ്രണയത്തിന്റെ പ്രതീകം കൂടിയായ ഈ ആദികൃഷ്ണന്‍ ഗോപസ്ത്രീയായ രാധയുടെ കാമുകനുമായിരുന്നു.

എന്നാല്‍ കുരുക്ഷേത്ര യുദ്ധത്തില്‍ ദുര്‍ബലരായ പാണ്ഡവര്‍ക്കു് കുതന്ത്രവും ഉപദേശവും ഓതി അവരെ ജയിപ്പിച്ചെടുക്കുകയും ഭീഷ്മരും ദ്രോണരും കര്‍ണനും സുയോധനനും ഉള്‍പ്പെട്ട കൌരവരെ തകര്‍ക്കുകയും ചെയ്ത പില്ക്കാലകൃഷ്ണന്റെ കഥയും തുടര്‍ച്ചയായി പറയുന്നുവെങ്കിലും കല്പാന്തത്തിലെ കൃഷ്ണനും അനന്തരകൃഷ്ണനും ഒരാളാണെന്നു് കരുതാനാാവില്ല. പാണ്ഡവരുടെ അമ്മമാരില്‍ ഒരാളായ കുന്തിയുടെ ബന്ധുവായി, ഹസ്തിനപുര രാഷ്ട്രീയത്തിലിടപെട്ടു്കൊണ്ടിരുന്ന രണ്ടാമത്തെ കൃഷ്ണന്‍ (ഗീതാകൃഷ്ണന്‍) കൌരവരുടെ വിട്ടു്വീഴ്ചാമനോഭാവത്തെയും തത്വദീക്ഷയെയും ദൌര്‍ബല്യമായിക്കരുതി അതു് മുതലെടുത്തും യുദ്ധനിയമങ്ങളെ ലംഘിച്ചും വിജയം നേടാന്‍ പാണ്ഡവരെ സഹായിച്ചു.

ലോകാവസാനം
(വരാനിരിയ്ക്കുന്ന കല്ക്കി അവതാരത്തിന്റെ ഓര്‍മ്മയ്ക്കു്)
വന്നിട്ടില്ലാത്തതും അതു്കൊണ്ടു് വിവരിയ്ക്കാന്‍ പറ്റാത്തതുമായ ലോകാവസാനത്തിന്റെ കഥയായി വരാനിരിക്കുന്ന അവസാന അവതാരത്തിന്റെ പേരോര്‍ക്കുന്നു. കല്ക്കി എന്നാല്‍ അവസാനത്തവന്‍ എന്നാണര്‍ത്ഥം.

മനുഷ്യകുലത്തിന്റെ വളര്‍ച്ചയുടെ പൂര്‍ത്തിയാണോ സമാപനമാണോ ഈ അവസാനത്തവനും അയാള്‍ അവതരിപ്പിയ്ക്കുന്ന ലോകാവസാനവും എന്നതിനുത്തരം വ്യക്തമാക്കാത്ത കഥയാണു് കല്ക്കി അവതാരത്തിനുള്ള സ്മാരകകഥ.

--അവലംബം : മാവേലിരാജ്യം-ഒന്നാം പുസ്തകം

20070822

മഹാബലിയുടെ ഇതിഹാസം


മലയാളത്തുകാരായ നമുക്കു് ശ്രീമഹാബലി കേവലമൊരു ഐതിഹ്യമോ ചരിത്രത്തിലെ ഏതോ കാലഘട്ടം വാണ ഒരു ചക്രവര്‍ത്തി മാത്രമോ അല്ല; നമ്മുടെ പൂര്‍വ്വികരുടെയും നമ്മുടെയും നിത്യ രാജാവാണദ്ദഹം. കഴിഞ്ഞു്പോയ സുവര്‍ണ്ണ കാലഘട്ടത്തിന്റെ തിളക്കമുള്ള ഓര്‍മ്മയും വര്‍ത്തമാന കാലഘട്ടത്തിന്‍റെ മനഃസാക്ഷിയും ഭാവിയുടെ വെളിച്ചവുമാണു് മഹാബലി. സ്വതന്ത്ര ജനതകളുടെ സമത്വാധിഷ്ഠിത സാഹോദര്യത്തിന്‍റേതോയ ലോകമാണു് ശ്രീമഹാബലിയിലൂടെ നമുക്കു് കിട്ടിയതും കിട്ടുന്നതും കിട്ടാനിരിയ്ക്കുന്നതും. അങ്ങനെ നമ്മുടെ കഴിഞ്ഞ കാലത്തെയും വര്‍ത്തമാനത്തെയും ഭാവിയെയും അടക്കിവാഴുകയാണു് മാവേലിയെന്ന ശ്രീമഹാബലി.
നമ്മുടെ ദേശീയ പ്രതീകവും നിത്യ അരചരുമായ ശ്രീമഹാബലിയെ അനീതിയുടെയും വര്‍ണ്ണ-ജാതിമേധാവിത്തവാദികളുടെയും മൂര്‍ത്തികള്‍ ലൌകിക അധികാരത്തില്‍ നിന്നും മാറ്റി നിറുത്തിയിരിയ്ക്കുകയാണെന്നു് പറഞ്ഞാലും അദ്ദേഹം നാരായണന്റെ1 പിന്‍ബലം കൊണ്ടു് സര്‍വ്വ അധികാരത്തോടും ഐശ്വര്യത്തോടുംകൂടി കാലാതിവര്‍ത്തിയായ രാജാധിരാജനായി സുതലത്തില്‍ വസിയ്ക്കുന്നു. ആണ്ടിലൊരിയ്ക്കല്‍ അധികാരാകാശങ്ങളോടെ എഴുന്നള്ളി തന്‍റെ പ്രജകളായ നമ്മെക്കണ്ടു് ക്ഷേമമന്വേഷിച്ചു് പോകുന്ന മാവേലിമന്നനു് മാനുഷരെല്ലാരുമൊന്നു് പോലെയായ തന്റെ വാഴ്ച പുനഃസ്ഥാപിയ്ക്കുവാന്‍ കാലമൂര്‍ത്തിയായ സാക്ഷാല്‍ നാരായണന്‍റെതുണയുമുണ്ടു്. നാരായണപദ്ധതിയായ മാവേലിവാഴ്ചയാണു് ഇനി ഉണ്ടാകാനിരിയ്ക്കുന്നതു്.

മലയാളസംസ്കാരത്തിന്റെ പശ്ചാത്തലം

മാവേലി സ്ഥാപിച്ച ഓണോത്സവത്തിന്‍റെ പുനഃസ്ഥാപനമാണു് കൊല്ലവര്‍ഷത്തിന്‍റെ ആരംഭം. മലയാള തന്‍മൊഴി ചോളപാണ്ഡ്യതമിഴുമായി വേര്‍പിരിഞ്ഞു് പ്രത്യേക ഭാഷയായിത്തീര്‍ന്ന കാലഘട്ടവുമതാണു്. അക്കാലത്തു് മലയാളത്തിലെ വിവിധ സാമൂഹികവിഭാഗങ്ങള്‍തമ്മിലുണ്ടാക്കിയ അലിഖിതമായ ഒത്തു്തീര്‍പ്പിന്റെ ഫലമായാണു് മലയാളസമൂഹത്തിന്റെ തനിമയും സംസ്കാരവും സമുദായങ്ങള്‍ തമ്മിലുള്ള ധാരണയും രൂപപ്പെട്ടതു്. മേല്പറഞ്ഞ ഒത്തു്തീര്‍പ്പു് സ്വന്തം വിജയമായി മാറ്റുവാനായി വിവിധ സാമൂഹികവിഭാഗങ്ങള്‍ തമ്മില്‍ അന്നു് തുടങ്ങിയ മത്സരം ഇപ്പോഴും അവസാനിച്ചിട്ടില്ല. എങ്കിലും ഇടക്കാലത്തു് പിന്തള്ളപ്പെട്ട വിഭാഗങ്ങളുടെ തിരിച്ചു്വരവിനു് അടിസ്ഥാനമായി മാറുന്നതും അതേ ഒത്തു്തീര്‍പ്പു് തന്നെയാണു്. മലയാളത്തനിമയുടെ അടിസ്ഥാനസങ്കല്പമായ ‘മാവേലിനാടു്വാണിടും കാലത്തിന്റെ ഓര്‍മ്മ നമ്മെ ഭരിയ്ക്കുന്നതു് കൊണ്ടാണു് അതു്.

മറ്റു് തറവിട (ദ്രാവിഡ) ദേശങ്ങളില്‍2 മാവേലിവാഴ്ചയുടെ സ്മരണ നിലനിറു്ത്തുന്ന ആചാരങ്ങള്‍ കാലത്തിന് റെ പ്രവാഹത്തിനിടയില്‍ അലിഞ്ഞില്ലാതാവുകയോ ആര്യന്‍മാരെന്നു് കൂടി വിളിയ്ക്കപ്പെടുന്ന സുരന്‍മാരുടെ സാംസ്കാരികാക്രമണം കൊണ്ടും അധിനിവേശം കൊണ്ടും തകര്‍ന്നു് പോവുകയോ ചെയ്തപ്പോള്‍ ആര്യന്‍മാരുമായുള്ള ഒത്തു്തീര്‍പ്പിലൂടെ തങ്ങളുടെ സാംസ്കാരിക കണ്ണികള്‍ നിലനിറു്ത്താന്‍ മലയാളനാടിനു് കഴിഞ്ഞു. ശ്രീമഹാബലി സ്ഥാപിച്ച ഓണം ചോളപാണ്ഡ്യത്തമിഴകത്തു് പോലും നിലച്ചു് പോയിരിയ്ക്കെ മലയാളത്തു്കാര്‍ ഇന്നും ജാതിമതഭേദം കൂടാതെ ദേശീയാഘോഷമായി കൊണ്ടാടുകയാണു്.

വാമന വാഴ്ചയില്‍ നിലച്ച ഓണം പുനഃസ്ഥാപിതമായ കാലത്താണു്, ദേശ്യഭേദങ്ങളോടെ ഒന്നായി നിന്നിരുന്ന മലയാളദേശത്തിലെയും ചോളപാണ്ഡ്യദേശത്തിലെയും തറവിട തന്‍മൊഴി, ചോളപാണ്ഡ്യ തമിഴും മലയാള തന്‍മൊഴിയുമായി പിരിഞ്ഞതു്. മാറി മാറി വാണ ചേര-ചോള-പാണ്ഡ്യ-അരചരുടെ (മൂവരശന്‍മാരുടെ) രാഷ്ട്രീയാധികാരത്തിന്‍ കീഴില്‍ ഒന്നായി നിലനിന്നിരുന്ന ചോള-പാണ്ഡ്യദേശവും മലയാളദേശവും രാഷ്ട്രീയമായി വേര്‍പിരിയുകയും പരസ്പരസമ്പര്‍ക്കം കുറയുകയും ചെയ്തതോടെ മൊഴിയും രണ്ടായി വികസിയ്ക്കാന്‍ തുടങ്ങി. ആദ്യം ചെറിയ തോതിലും കൊല്ലവര്‍ഷത്തിനു് രണ്ടു് നൂറ്റാണ്ടു് മുമ്പു് മുതല്‍ വന്‍തോതിലും മലയാളത്തു് കുടിയേറിയ ആര്യന് മാരുമായുള്ള സമ്പര്‍ക്കം മലയാള ഭാഷയെ പരിഷ്കരിക്കുകയും നിരവധി സംസ്കൃത-പ്രാകൃതവാക്കുകളെ തല്‍സമമായും തല്‍ഭവമായും ഭാഷയുടെ പദാവലിയുടെ ഭാഗമാക്കിത്തീര്‍ക്കുകയും ചെയ്തു.

തറവിടഭാഷയെഴുതാനായി ദക്ഷിണ ബ്രാഹ്മിയില്‍നിന്നു് രൂപപ്പെട്ട വട്ടെഴുത്തും ആര്യഭാഷയായ സംസ്കൃതമെഴുതാനായി തറവിട ദേശങ്ങളില്‍ ദക്ഷിണബ്രാഹ്മ്രിയില്‍ നിന്നു് തന്നെ രൂപംകൊണ്ട ഗ്രന്ഥലിപിയുടെ ഒരു വകഭേദമായ ആര്യയെഴുത്തും ഏകോപിതമായതാണു് മലയാള ഭാഷയുടെ ആധുനിക ലിപി. ദക്ഷിണ ബ്രാഹ്മിയില്‍ നിന്നു് രൂപംകൊണ്ടതും ചില ഗ്രന്ഥലിപികളും ചേര്‍ന്നതാണു് ഇപ്പോഴത്തെ ചോള-പാണ്ഡ്യ തമിഴ് ലിപി. കൊല്ലവര്‍ഷം രണ്ടാം നൂറ്റാണ്ടു് വരെ ചോള-പാണ്ഡ്യദേശങ്ങളിലെ കൃതികള്‍ വട്ടെഴുത്തിലായിരുന്നു. പല്ലവ ആധിപത്യക്കാലത്തു് വടക്കന്‍ ചോള-പാണ്ഡ്യ പ്രദേശങ്ങളില്‍ ഗ്രന്ഥലിപിയുടെ പ്രചാരം കൂടി. പല്ലവര്‍ ക്ഷയിച്ചപ്പോഴാണു് ഇപ്പോഴത്തെ ചോള-പാണ്ഡ്യ തമിഴ് ലിപി ചോള-പാണ്ഡ്യദേശത്തു് പ്രാബല്യം നേടിയതു്. വിജയനഗര സാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന കാലത്തു് സുരഭാഷയായ സംസ്കൃതത്തിന്റെ സ്വന്തം ലിപിയായ നാഗരി ,ചോള-പാണ്ഡ്യദേശങ്ങളില്‍ കൊണ്ടു് വരുവാന്‍ ശ്രമം നടന്നു. തുടര്‍ന്നു് വന്ന മഹാരാഷ്ട്രക്കാരുടെ ഭരണകൂടങ്ങളും നാഗരി ലിപിയ്ക്കു് പ്രാമുഖ്യം കൊടുത്തു. അതിനെ ചോളപാണ്ഡ്യ തമിഴകം അതിജീവിച്ചുവെന്നതു് നേരു്; പക്ഷേ, ചോളപാണ്ഡ്യദേശത്തു് സാഹിത്യപ്രവര്‍ത്തനത്തിനു് അടിസ്ഥാമിട്ടതു് ആര്യനായ (സുരനായ) അഗസ്ത്യമുനിയാണെന്ന3 വിശ്വാസം അവര്‍ നിലനിറു്ത്തിയിരിയ്ക്കുകയാണു്.


ആര്യഭാഷകളുമായുള്ള സമ്പര്‍ക്കം മൂലം പ്രാചീന ദ്രാവിഡ (തറവിട) കൃതികളില്‍ തന്നെ പ്രാകൃത-സംസ്കൃത വാക്കുകള്‍ പ്രവേശിച്ചിട്ടുണ്ടാവണം4. ഇന്നു് തറവിട ഭാഷകളില്‍ ഏറ്റവും കുറച്ചു് സംസ്കൃത വാക്കുകള്‍ ഉള്ളതു് ചോള-പാണ്ഡ്യ തമിഴിലും, ഏറ്റവും കൂടുതല്‍ മലയാളതന്‍മൊഴിയിലും ആണെങ്കിലും ആര്യസംസ്കാരം മലയാളത്തിലേക്കാള്‍ ആഴത്തില്‍ വേരോടിയതു് ചോള-പാണ്ഡ്യദേശങ്ങളിലാണു്. ചോള-പാണ്ഡ്യ തമിഴുള്‍പ്പെടെ മറ്റു് തറവിട ഭാഷകളിലും സാമൂഹികാചാരങ്ങളിലും ഇന്നു് കാണ്മാനില്ലാത്ത മൂല തറവിടവുമായുള്ള കണ്ണികള്‍ മലയാള തന്‍മൊഴിക്കാര്‍ നിലനിര്‍ത്തുന്നുവെന്നതാണു് യാഥാര്‍ത്ഥ്യം5. അതേ സമയം ആര്യഭാഷയിലെ വര്‍ണങ്ങളെ തല്‍സമമായി പ്രകടിപ്പിയ്ക്കുവാന്‍ നമ്മുടെ മൊഴിയ്ക്കും എഴുത്തിനും കഴിയുന്നുണ്ടു് താനും. രാജ്യാന്തര ഭാഷയുടെ നിലയില്‍ കഴിയുന്ന ചോള-പാണ്ഡ്യ തമിഴിനു് അതിനുള്ള ശേഷിയായിട്ടുമില്ല.


ഓണപ്പാട്ടു്

ചോള-പാണ്ഡ്യദേശവും അവിടുത്തെ ഭാഷയും ആയി ചേരദേശമായ മലയാളവും ഭാഷയും വേര്‍പിരിഞ്ഞതിനു് ശേഷമാണു് മാവേലിചരിതം ഓണപ്പാട്ടു് രൂപം കൊണ്ടതു്. എതു് ഭാഷയിലായാലും ആദ്യത്തെ സമ്പത്തു് പാട്ടു്കളാണു്6. മലയാളത്തു്കാരുടെ ആത്മദര്‍ശത്തിന്റെ ഭാഗമായിട്ടാണു് ഓണപ്പാട്ടിനെ കണക്കാക്കേണ്ടതു് 7 .ഓണത്തെക്കുറിച്ചു് നിരവധി പാട്ടു്കള്‍ ഉണ്ടായിരുന്നെങ്കിലും അവയില്‍ മിക്കതും ഇന്നു് ലഭ്യമല്ല. വായ് മൊഴികളായി രൂപം കൊണ്ടു് തലമുറ തലമുറയായി കൈമാറിപ്പോരുന്ന പാട്ടു്കള്‍ക്കു് ഭാഷാപരിണാമത്തോടൊപ്പം രൂപാന്തരം സംഭവിയ്ക്കുക സ്വാഭാവികമാണു്. വ്യവഹാരത്തിലുള്ള ഭാഷയ്ക്കുനുസൃതമായി മാറുമ്പോള്‍ പഴയ ഭാഷയുടെ ഭാഷാപരമായ പ്രത്യേകതകളാണു് മാഞ്ഞുപോകുന്നതു്.


വായ്മൊഴിയായി പാടിപ്പോരുന്ന പാട്ടുകള്‍ പകര്‍ന്നു്പകര്‍ന്നു് പോകുമ്പോള്‍ പാടുന്നവരുടെ ഭാവനയ്ക്കൊത്തു് കൂട്ടലുകളും കുറയ്ക്കലുകളും ഉണ്ടാകാം. ചില വരികളും വാക്കു്കളും ഓരോ പ്രദേശത്തും ഓരോ പ്രകാരത്തില്‍ പ്രചരിച്ചു് കാണുന്നതു് അതു്കൊണ്ടാകാം. എന്നാല്‍ സ്ഥാപിത താല്‍പര്യങ്ങളുടെ സംരക്ഷണത്തിനായി വരികള്‍ ഒഴിവാക്കുകയും കൂട്ടിച്ചേര്‍ക്കുകയും വികലമാക്കുകയും ചെയ്യുന്ന പ്രവണതയെയും മാവേലിചരിതം ഓണപ്പാട്ടിനു് നേരിടേണ്ടി വന്നിട്ടുണ്ടു്. മാവേലിചരിതം ഓണപ്പാട്ടിന്റെ മുന്‍കാലപാഠങ്ങളും പില്ക്കാലപാഠങ്ങളും താരതമ്യം ചെയ്താല്‍ അത് തിരിച്ചറിയാം.
ഉദാഹരണത്തനു്,




മാവേലി മണ്ണുപേക്ഷിച്ച ശേഷം

മാധവന്‍ നാടു് വാണീടും കാലം

അകവെ ആയിരം ബ്രാഹ്മണരെ

നിത്യവുമൂട്ടി തുടങ്ങിയല്ലോ


എന്ന ഭാഗം പില്‍ക്കാല പാഠമെന്നു് കരുതുന്ന പാഠഭേദമായ കേരള ഭാഷാഗാനങ്ങള്‍ രണ്ടാം ഏട്ടിലെ ഓണപ്പാട്ടിലില്ല. എന്നാല്‍ കേരള സര്‍വ്വകലാശാലാ പ്രസിദ്ധീകരണമായ പാട്ടു്കള്‍ ഒന്നാം ഭാഗത്തില്‍ കൊടുത്തിട്ടുള്ള പാഠത്തിലും ഡോ. ഹെര്‍മന്‍ ഗുണ്ടര്‍ട്ടിന്റെ സമാഹാരത്തില്‍ നിന്നു് ലഭിച്ചിട്ടുള്ള പാഠത്തിലും അതു് കാണാം.


ഓണപ്പാട്ടു് ചമയ്ക്കാനുപയോഗിച്ചിരിയ്ക്കുന്ന താളരീതിയ്ക്കു് മാവേലി ചരിതത്തിന്റെ വൃത്തമെന്ന നിലയില്‍ മാവേലിവൃത്തമെന്ന പേരാണുള്ളതു്. ഓണപ്പാട്ടു്കളിലൂടെയും വടക്കന്‍പാട്ടു്കളിലൂടെയും ഈ വൃത്തം പ്രസിദ്ധമാണു്. തിരുക്കടല്‍ക്കര എന്ന തൃക്കാക്കരയില്‍ നിന്നു് വന്ന കിളിയോടു് കഥ പറയാനാവശ്യപ്പെടുന്നതും കഥ പറഞ്ഞശേഷം കിളി തൃക്കാക്കരയ്ക്കു് തിരികെ പോകുന്നതുമായ രീതിയിലാണു് ഈ പാട്ടി അവതരണം8.

മാവേലിത്തമ്പുരാന്‍ നാടുവാണ കാലത്തെപ്പറ്റിയും ഓണം സ്ഥാപിച്ചതിനെപ്പറ്റിയും മാവേലി നാടൊഴിഞ്ഞ ശേഷം വാമനവാഴ്ചക്കാലത്തു് ആരംഭിച്ച ബ്രാഹ്മണ പ്രീണനത്തെയും ഓണം മുടക്കലിനെയും ചോദ്യം ചെയ്തപ്പോള്‍ ഓണനാളില്‍ പ്രജകളെ സന്ദര്‍ശിയ്ക്കുവാന്‍ തമ്പുരാനെ അനുവദിയ്ക്കേണ്ടി വന്നതിനെപ്പെറ്റിയും പുരാതന തൃക്കാക്കരയില്‍ നിന്നു് വന്ന കിളി പറയുന്നതിന്റെ വിവരണമാണു് മാവേലി ചരിതത്തിന്റെ ആദ്യ ഭാഗം. മാവേലിയെ എതിരേല്ക്കുവാന്‍ മനുഷ്യര്‍ നടത്തുന്ന ഒരുക്കമാണു് മദ്ധ്യഭാഗത്തു്. നാടൊഴിഞ്ഞശേഷം ആദ്യമായി പ്രജകളെ കാണാനായി മാവേലി എഴുന്നള്ളുന്നതും മാവേലി മടങ്ങാന്‍ തുടങ്ങുമ്പോള്‍ നിന്നു് കരയുന്ന മനുഷ്യരെ സമാധാനിപ്പിച്ചു്കൊണ്ടു് താന്‍ വീണ്ടും വന്നു് നാടു്വാഴുമെന്നു് മാവേലി തമ്പുരാന്‍ പ്രഖ്യാപിയ്ക്കുന്നതും വിവരിച്ച ശേഷം മാതേവനിര്‍മ്മിതമായ ഈ പാട്ടു് ചൊല്ലുന്നവര്‍ക്കു് ഐശ്വര്യവും അനുഗ്രഹവും ഉണ്ടാകുമെന്നു് ആശംസിച്ചു് കൊണ്ടു് പൈങ്കിളി തൃക്കാക്കരെയ്ക്കു് മടങ്ങുന്നതായാണു് അവസാന ഭാഗത്തു് പറയുന്നതു്.

തൃക്കാക്കരയപ്പനായ മഹാദേവരുടെ തൃപ്പാദസേവകനായി തൃക്കാക്കര ആസ്ഥാനമായി നാടു്വാണിരുന്ന മഹാബലി അല്ലലു് തീര്‍ന്നതിന്റെ സ്മരണയ്ക്കായി ചിങ്ങമാസത്തിലെ ഓണം ആഘോഷിയ്ക്കണമെന്നു് കല്പിച്ചുവെന്നും ലോകരു് മുഴുവന്‍ മഹാദേവര്‍ക്കു് ഓണം കാണുവാന്‍ തൃക്കാക്കരെയ്ക്കു് ചെല്ലുക പ്രയാസമാണെന്നു് മസ്സിലാക്കിയപ്പോള്‍ എല്ലാവരും അവരുടെ വീടിന്റെ മുറ്റത്തു് പൂക്കളമിട്ടു് 9 അവിടെ മഹാദേവര്‍ക്കു് ഓണം കാണണമെന്നു് മാവേലി നിര്‍ദ്ദേശിച്ചുവെന്നും മാവേലിചരിതത്തില്‍ വിവരിയ്ക്കുന്നു. സത്യവെളിച്ച ദൈവമായ മാതേവരെന്ന ഒറ്റ ദൈവത്തെ മാത്രം ഓരോ വീട്ടിലും സേവിയ്ക്കുവാന്‍10 കല്പിച്ച മഹാബലി വൈദികശുശ്രൂഷ ചെയ്യുവാനുള്ള അവകാശം സകലര്‍ക്കും അനുവദിയ്ക്കുകയായിരുന്നു.

അങ്ങനെയിരിയ്ക്കെ, മൂന്നു്ചുവടു് മണ്ണു് യാചിച്ചു്വന്ന കൊച്ചു്ബ്രാഹ്മണന്‍ മൂന്നു് ചുവടു് കൊണ്ടു് സകലതും കവര്‍ന്നെടുക്കുകയും മാവേലിയ്ക്കു് നാടൊഴിയേണ്ടിവരികയും ചെയ്തു. തുടര്‍ന്നു് ബ്രാഹ്മണ പ്രീണനത്തിന്റെ കാലമായിരുന്നു11. ഓണം മുടങ്ങിപ്പോവുകയും ചെയ്തു. ഇതറിഞ്ഞു് മാനോവേദനയോടെ മാവേലി ഇതിനെ ചോദ്യം ചെയ്തപ്പോള്‍ 12 ആണ്ടിലൊരിയ്ക്കല്‍ വന്നു് പ്രജകളെ കണ്ടു്കൊള്ളുവാന്‍ നാടടക്കിവാഴുന്ന മാധവ വാഴ്ച (ബ്രാഹ്മണ വാഴ്ച / വാമന വാഴ്ച) മാവേലിയോടു് നിര്‍ദ്ദേശിച്ചു.

മാധവനായ വാമനന്‍

കാലു്കുത്താന്‍ മൂന്നു്ചുവടു് മണ്ണു് ചോദിച്ചു് വന്നു് മാവേലിയെ സ്ഥാനഭ്രഷ്ടനാക്കി വാഴ്ച തുടങ്ങിയ കൊച്ചു് ബ്രാഹ്മണനെ, അതായതു് വാമനനെന്നു് കൂടി സാധാരണ വിളിയ്ക്കുന്ന പ്രതീകത്തെ, ഓണപ്പാട്ടില്‍, മലയാളരാജ്യത്തെ ബ്രാഹ്മണരുടെ ഇഷ്ടദേവനായ മാധവനായി (കൃഷ്ണന്‍) കരുതിയിരിയ്ക്കുന്നതു് പ്രത്യേക ശ്രദ്ധയര്‍ഹിയ്ക്കുന്നു. വാമനന്‍ എന്ന പദപ്രയോഗം തന്നെ കൊച്ചു് ഭൂസുരന്‍ എന്ന അര്‍ത്ഥത്തിലാണു് എന്നതിനപ്പുറത്തു് ഒരാളുടെ പേരല്ല. ഉലകത്തേക്കാള്‍ വളര്‍ന്ന ഭൂസുരന്‍ അതിനു് മുമ്പു് അഭയാര്‍ത്ഥിയോളം ചെറുതായിരുന്ന അവസ്ഥയിലായിരുന്നുവെന്നതാണു് വാമനന്‍ എന്ന പദം നല്കുന്ന അര്‍ത്ഥസൂചന. മാവേലി ചരിതം ഓണപ്പാട്ടു് രൂപംകൊള്ളുന്ന കാലത്തു് കൃഷ്ണന്‍ മലയാളത്തിലെ ഭൂസുരരുടെ പ്രതീകമായി മാറിയിരുന്നതു് കൊണ്ടാണു് കൊച്ചു് ഭൂസുരനെന്ന പ്രതീകത്തെ മാധവനായി താദാത്മ്യപ്പെടുത്തുകയും വിശേഷിപ്പിയ്ക്കുകയും ചെയ്തിരിയ്ക്കുന്നതു്. സംഘകാലത്തിന്റെ അവസാകാലത്തു് കൃഷ്ണഭക്തി അധികാര മണ്ഡലത്തില്‍ സ്വാധീനം ചെലുത്തിത്തുടങ്ങിയിരുന്നുവെന്നു് സംഘകാല കൃതികളില്‍ നിന്നു് വ്യക്തമാണു്. സംഘകാലത്തിനു് ശേഷവും കൊല്ലവര്‍ഷത്തിനു് രണ്ടു് നൂറ്റാണ്ടു് മുമ്പു് മുതലുമാണു് കേരളത്തിലേയ്ക്കു് നമ്പൂതിരിമാര്‍ കൂട്ടത്തോടെ കടന്നു് വന്നതും ആത്മീയ-സാമൂഹിക-രാഷ്ട്രീയ മണ്ഡലങ്ങളില്‍ മേല്ക്കോയ്മ നേടാനുള്ള ശ്രമം നടത്തിയതും. ചേരകാല മതത്തെയും ബുദ്ധമതത്തെയും തകര്‍ത്ത മാധവഭക്തരായ ബ്രാഹ്മണരുടെ വാഴ്ചയുമായിയുണ്ടായ സംഘര്‍ഷങ്ങളും ഒത്തു്തീര്‍പ്പുമാണല്ലൊ ആധുനിക മലയാളസംസ്കാരത്തിന്റെ അടിത്തറ. ചോളപാണ്ഡ്യ തമിഴില്‍നിന്നും വേര്‍പിരിഞ്ഞു്കൊണ്ടുള്ള മലയാളമൊഴിയുടെ വികാസം തന്നെയും ഈ ഒത്തു്തീര്‍പ്പിന്റെ ഫലമാണെന്നു് വിചാരിയ്ക്കുക യുക്തമാണു് . ഓണത്തിന്റെ കാര്യത്തില്‍ രണ്ടു് സമാന്തരവീക്ഷണങ്ങള്‍ നിലനിറു്ത്തിക്കൊണ്ടാണു് ഒത്തു്തീര്‍പ്പു് നിലനിന്നതു്. മാവേലിയെ എതിരേല്ക്കാനുള്ള ഉത്സവമായി ജനസാമാന്യവും മാവേലിയെ ‘വാമനമൂര്‍ത്തി’ നിഷ്കാസനം ചെയ്തതിന്റെ ആഘോഷമായി ഭൂസുരന്‍മാരും ഓണം തുടര്‍ന്നു.

എറണാകുളത്തിനടുത്തുള്ള തൃക്കാക്കരയെന്ന സ്ഥലത്തെ വാമനക്ഷേത്രത്തില്‍ തിരുവോണദിവസം മാവേലിയെ എതിരേല്ക്കുന്നുണ്ടു്. മാവേലിയുടെ ആണ്ടിലൊരിയ്ക്കലുള്ള പ്രജാസന്ദര്‍ശത്തെ ബ്രാഹ്മണമേധാവികള്‍ ഒത്തു്തീര്‍പ്പെന്ന നിലയിലെങ്കിലും അംഗീകരിയ്ക്കുവാന്‍ നിര്‍ബന്ധിതമായെന്നാണു് ഇതു് വ്യക്തമാക്കുന്നതു്.

അസുരന്മാരും സുരന്മാരും

ആര്യസാഹിത്യങ്ങളില്‍ മഹാബലിയെ ബ്രാഹ്മണവിരുദ്ധനായി ചിത്രീകരിക്കുവാന്‍ ശ്രമിച്ചിരിയ്ക്കുന്നതു് നിര്‍ഭാഗ്യകരമാണു്. മഹാബലി ബ്രാഹ്മണ വിദ്വേഷിയായിരുന്നുവെന്നു് മഹാഭാരതം ശാന്തിപര്‍വം തൊണ്ണൂറാം അദ്ധ്യായം ഇരുപത്തിനാലാം പദ്യത്തില്‍ ആരോപിയ്ക്കുന്നു. ബ്രാഹ്മണരോടു് വിരോധം കാണിച്ചതു്കൊണ്ടു് മഹാബലിയെ ശ്രീ (അധികാരൈശ്വര്യങ്ങള്‍) കൈവിട്ടുവെന്നാണു് അതിലെ വിവരണം13. ചെറുപ്പത്തിന്റെ തിളപ്പില്‍ മാവേലി ബ്രാഹ്മണരോടു് അഹങ്കാരം കാണിച്ചുവെന്നു് ആരോപിയ്ക്കുന്നതു് ബ്രാഹ്മണര്‍ക്കു് പ്രത്യേക അവകാശങ്ങളും മേധാവിത്തവും അനുവദിയ്ക്കാതിരുന്നതിനാലാണു്. മാനുഷരെല്ലാവരും ഒന്നുപോലെയെന്ന മാവേലിരാജ്യ നീതി ജാതിമേധാവിത്തത്തെ അംഗീകരിയ്ക്കുന്നതായിരുന്നില്ല.

എന്നാല്‍ തന്നോടു് മൂന്നു്ചുവടു് മണ്ണ് യാചിച്ചു്വന്ന കൊച്ചു്ബ്രാഹ്മണന്റെ അഭീഷ്ടം അനുവദിച്ചതാണു് മഹാബലിയെ അധികാരഭ്രഷ്ടനാക്കിയതെന്നോര്‍ക്കുമ്പോള്‍ മഹാബലി ബ്രാഹ്മണരോടല്ല, നന്ദികെട്ട സ്ഥാപിതതാല്‍പര്യക്കാരായ ഒരു വിഭാഗം ബ്രാഹ്മണര്‍ മഹാബലിയോടും മാവേലിരാജ്യത്തോടുമാണു് വിരോധം പുലര്‍ത്തിയിരുന്നതെന്നു് വ്യക്തമാകും. ജാതിമേധാവിത്തത്തെ അനുവദിയ്ക്കാത്തതു് ബ്രാഹ്മണവിരുദ്ധനടപടിയാണെന്നു് വിശ്വസിയ്ക്കാത്ത ജ്ഞാനികളും സാത്വികരുമായ ബ്രാഹ്മണര്‍, മഹാബലിയെയും അവിടുത്തെ മാഹാത്മ്യത്തെയും സ്വീകരിയ്ക്കുന്നുണ്ടു്. സുതലത്തില്‍ മാവേലിയെ കാക്കുകയും ആണ്ടോടാണ്ടുള്ള മാവേലിയുടെ മലയാളരാജ്യസന്ദര്‍ശത്തിനു് അകമ്പടി പോവുകയും ചെയ്യുന്ന നാരായണന്‍ മാവേലിവാഴ്ചയുടെ പുനഃസ്ഥാപനത്തിനു് ആശീര്‍വ്വാദം നല്കിയിരിയ്ക്കുകയാണെന്നു് അവര്‍ക്കറിയാം.


ഈ വാമനനല്ല നാരായണാവതാരം

മനുഷ്യപരിണാമത്തിന്റെ14 അഞ്ചാം നാരായണാവതാരമായ കൊച്ചു്മനുഷ്യന്‍ (വാമനന്‍) ആയി മാവേലി വാഴ്ചയെ അട്ടിമറിച്ച വാമനെ (കൊച്ചു്ബ്രാഹ്മണനെ) ചിത്രീകരിയ്ക്കുവാന്‍ അസുരവിരുദ്ധസാഹിത്യം നടത്തിയ ശ്രമങ്ങള്‍ വന്‍ ഗൂഢാലോചനയായിരുന്നു. എളിയവനായി മൂന്നു്ചുവടു് ഭൂമി ചോദിച്ചു് വന്നവന്‍ സ്വാധീനം നേടി വലുതായശേഷം അഭയം നല്‍കിയവരെ അട്ടിമറിച്ച ചതിയെ നീതിമത്കരിയ്ക്കുവാനും വിശുദ്ധീകരിയ്ക്കുവാനുമാണു് മഹാബലിയുടെ മണ്ണളന്നെടുത്ത വാമനഭൂസുരനെ നാരായണ അവതാരമായി ചിത്രീകരിയ്ക്കുവാന്‍ ശ്രമിയ്ക്കുന്നതു്. ബ്രാഹ്മണാധിപത്യം സ്ഥാപിയ്ക്കുവാന്‍ നാരായണന്‍ തന്നെ നേരിട്ടിടപെട്ടുവെന്നും കാലവും ഈശ്വരും എന്നന്നേയ്ക്കും തങ്ങളുടെ ഭാഗത്താണെന്നും സ്ഥാപിയ്ക്കുകയും തെറ്റിദ്ധരിപ്പിയ്ക്കുകയുമാണു് അവരതിലൂടെ ചെയ്യുന്നതു്. അസുരരുടെ മേലുള്ള സുരരുടെ വിജയം ഉറപ്പിച്ചു് നിറു്ത്തുവാന്‍ വേണ്ടി അസുരരോടുള്ള ശത്രുത ഭാഷയിലും ദൈനംദി ജീവിതത്തിലും കുത്തിനിറയ്ക്കുവാനും ശ്രമിക്കുന്നു.

അസുരന്‍ എന്ന പദത്തിനും അതില്‍നിന്നുരുത്തിരിഞ്ഞ ആസുരം, അസുരശക്തി, അസുരവിത്തു് തുടങ്ങിയ പദങ്ങള്‍ക്കും അവര്‍ നല്‍കിയിരിയ്ക്കുന്ന തെറ്റായ അര്‍ത്ഥങ്ങള്‍ അസുരരെ അവഹേളിയ്ക്കുവാനും തെറ്റായി ചിത്രീകരിക്കുവാനും അസുര വിദ്വേഷമുണ്ടാക്കുവാനുമായി ഭാഷയെ ദുരുപയോഗപ്പെടുത്തുന്നതിനുദാഹരണമാണു്. എതിരര്‍ത്ഥം കൊടുത്തു്, സാമൂഹികവിരുദ്ധപ്രവണതകളെയും ദുഷ്ട ശക്തികളെയും ദുര്‍ഗുണങ്ങളെയും നിഷേധിത്തങ്ങളെയും മുദ്രകുത്താനുപയോഗിക്കുന്ന പദങ്ങളായി, അവയെ മാറ്റുവാനാണവര്‍ ശ്രമിയ്ക്കുന്നതു്. തറ്റായ അര്‍ത്ഥത്തില്‍ ഉപയോഗിയ്ക്കുന്നതു്കൊണ്ടു് മാത്രം അസുരശബ്ദത്തിന്റെ ശരിയായ അര്‍ത്ഥം ഇല്ലാതാകുന്നില്ല. സത്യ പ്രകാശമായവന്‍ (പുണ്യകൃത്യം ചെയ്യുന്നവന്‍) എന്നാണു് അസുരന്‍ എന്നപദത്തിന്റെ യഥാര്‍ത്ഥ അര്‍ത്ഥം. ആസുരമെന്നാല്‍ പ്രകാശമാനമെന്നും. സത്യ പ്രകാശം എന്നര്‍ത്ഥമുള്ള അസുര്‍ എന്ന പദം ദൈവനാമമായും ഉപയോഗിച്ചിരുന്നുവെന്നും സുരര്‍ ,സൂര്യന്‍ തുടങ്ങിയ വാക്കുകളുടെ പോലും ഉറവിടവും അതായിരുന്നുവെന്നും അറിയുക. അസുരചക്രവര്‍ത്തിമാര്‍ അഭിമാനപൂര്‍വ്വം തങ്ങളുടെ പേരിനോടൊപ്പം അസുരന്‍ എന്ന പദം വിശേഷണമായി സ്വീകരിച്ചിരുന്നു. മഹാബലിയുടെ മുത്തപ്പനായ പ്രഹ്ളാദര്‍ എന്ന അസുരേന്ദ്രന്‍, അസുരവിരോധികളായ സുരന്‍മാര്‍ക്കു്കൂടി സ്വീകാര്യനായിരുന്നുവെന്നതു് വസ്തുതയാണു്. മറ്റൊന്നു് മാവേലിവാഴ്ചയില്‍ സുരരുള്‍പ്പെടെയുള്ള സകലപ്രജകളും സന്തുഷ്ടരായിരുന്നുവെന്നുള്ളതാണു്. എന്നാല്‍ ഒരു ജനപിന്തുണയുമില്ലാതെ പാതാളത്തില്‍ പോയിരുന്നസുരേന്ദ്രനും കൂട്ടരും ഭൂസുരരിലൊരു വിഭാഗവുമായി ചേര്‍ന്നു് ഗൂഢാലോചനയിലേര്‍പ്പെടുകയും ചതിയുടെ മാര്‍ഗ്ഗത്തിലൂടെ മാവേലിവാഴ്ചയെ അട്ടിമറിയ്ക്കുകയുമാണുണ്ടായതു്. നീതിയും ഐശ്വര്യവും നിഷേധിച്ച വ്യവസ്ഥയെ അംഗീകരിയ്ക്കുവാനുള്ള മനുഷ്യമനഃസാക്ഷിയുടെ വൈമനസ്യവും ആ വ്യവസ്ഥിതിയോടുള്ള അവജ്ഞയും മാവേലി ഭരണത്തെപ്പറ്റിയുള്ള ദീപ്തവും മധുരം നിറഞ്ഞതുമായ സ്മരണകളും പ്രതീക്ഷകളും മൂലമാണു് മഹാബലി കാലഘട്ടങ്ങളെ അതിജീവിയ്ക്കുന്നതു് എന്ന യുക്തിചിന്ത സ്മരണാര്‍ഹമാണു്.

തിരിച്ചറിവിന്റെ വെളിച്ചമായ ദിതിയെ ലോകമാതാവായി സ്വീകരിയ്ക്കുന്നവരാണു് ദൈത്യരായ അസുരര്‍. എന്നാല്‍ ദൈത്യരില്‍ നിന്നും പിരിഞ്ഞു് അദിതിയുടെ പാരമ്പര്യം സ്വീകരിച്ചു് ദൈത്യരുമായി മല്‍സരിച്ചു് നില്ക്കുന്നവരാണു് അദൈത്യരെന്നവകാശപ്പെടുന്ന സുരന്‍മാര്‍. നന്മതിന്മകളെക്കുറിച്ചുളള തിരിച്ചറിവിനു് പ്രാധ്യാന്യം കൊടുക്കാത്ത അദൈത്യരെ സുരര്‍ എന്നതിന്റെ പര്യായമെന്ന നിലയില്‍ ആര്യര്‍ എന്നും പേരു് പറഞ്ഞിരുന്നു. അസുരലോകത്തില്‍ നിന്നു് പിരിഞ്ഞു് സുരലോകമെന്ന നിലയില്‍ അസുരലോകത്തിനു് പടിഞ്ഞാറായിട്ടായിരുന്നു അവര്‍ അധിവസിച്ചിരുന്നതു്. സുരലോകമെന്ന പദം സ്വര്‍ലോകവും സ്വര്‍ഗ്ഗലോകവും ആയതും അങ്ങനെ സുരലോകരെ സ്വര്‍ഗ്ഗലോകവാസികളായ ദേവന്‍മാരാക്കിയതും വെറും ഭാഷാപ്രയോഗത്തിലൂടെയാണു്. സുരന്മാരുടെ ഇന്ദ്രനായ സുരേന്ദ്രനെ ദേവേന്ദ്രനെന്നു് പ്രചരിപ്പിയ്ക്കുന്നതിന്റെ അടിസ്ഥാനം അതാണു്. നേരത്തെ സൂചിപ്പിച്ചതു് പോലെ സുരലോകം ആദ്യകാലത്തു് അസുരലോകത്തിന്റെ ഭാഗമായിരുന്നുവെന്നും സുരന്‍ എന്ന പദം അസുരനെന്നതില്‍ നിന്നുല്‍ഭവിച്ചതാണെന്നുമുള്ളതാണു് വാസ്തവം.

അസുരലോകമെന്ന പേരിലറിയപ്പെട്ട അസുരജനതയുടെ ആരംഭം തിരുക്കടല്‍(പാല്‍ക്കടല്‍) കരയായിരുന്നു. അവരുടെ ആസ്ഥാനം പലവട്ടം മാറിയിട്ടുണ്ടെങ്കിലും പ്രതാപകാലത്തു് അതു് രുധിരപുരമെന്നും രക്ത നഗരമെന്നുമുള്ള പേരു് പില്ക്കാലത്തു് കൈവന്ന നഗരമായിരുന്നു. അസുരലോകത്തിന്റെ ഭാഗമായിരുന്ന സുരലോകം, അസുരലോകത്തു് നിന്നു് വേര്‍പിരിഞ്ഞ ശേഷവും അസുരാധിപത്യഭൂമിയില്‍ തുടര്‍ന്ന സുരന്മാാരായിരുന്നു ഭൂസുരന്‍മാര്‍. അവരില്‍ ഒരു വിഭാഗത്തിനു് അസുരലോകത്തിനു് പുറത്തുള്ള സുരലോകത്തോടായിരുന്നു കൂറു്.

ഒന്നെന്നതു് പോലെ ചേര്‍ന്നു്കിടന്നിരുന്ന കിഴക്കന്‍ ലോകമായ അസുരലോകവും പടിഞ്ഞാറുള്ള സുരലോകവും തമ്മില്‍ പരസ്പരാധിപത്യത്തിനു് വേണ്ടി നിരന്തരം പൊരുതിക്കൊണ്ടിരുന്നു. സുര-അസുര യുദ്ധമെന്നാണതു് അറിയപ്പെടുന്നതു് (ദേവാസുരയുദ്ധം എന്ന പ്രയോഗം തെറ്റു്). അസുരരെ തകര്‍ക്കാന്‍ സുരന്‍മാരോടൊപ്പം അകത്തു് നിന്നു് ഭൂസുരന്‍മാര്‍ കൂടി ചേര്‍ന്നപ്പോള്‍ അസുരര്‍ ചിതറുകയും അസുരദേശത്തു് ഭൂസുരന്‍മാര്‍ ആധിപത്യം നേടുകയും ചെയ്തു. ആധിപത്യം നേടിയശേഷം, പടിഞ്ഞാറന്‍ സുരന്‍മാരെ ദേവന്മാാരെന്നും സുരലോകത്തെ സ്വര്‍ഗലോകമെന്നും ചിത്രീകരിച്ച ഭൂസുരന്‍മാര്‍ അസുരന്മാാരെ ഭ്രഷ്ടരും ശത്രുക്കളും ദുഷ്ടരുമായി മുദ്രകുത്തി.

പരാജയപ്പെട്ടു് അധികാരഭ്രഷ്ടരാകുന്നവര്‍ തിരിച്ചുവരവിനു്വേണ്ടിയുള്ള പോരാട്ടത്തിനു് തയ്യാറെടുക്കുവാനോ രക്ഷപ്പെടുവാനോ ആയി ഒളിവില്‍ പോവുകയാണു് പതിവു്. ഈ ഒളിവാസത്തിനാണു് പാതാളവാസമെന്നു് പറയുന്നതു്; അല്ലാതെ സുരലോകവും അസുരലോകവും പോലെ ഒന്നല്ല പാതാളം. അസുരര്‍ക്കു് വിധിച്ചിരിയ്ക്കുന്നതു് പാതാളമാണെന്ന സുരന്‍മാരുടെ പ്രചരണത്തിന്റെ അര്‍ത്ഥം അവര്‍ എക്കാലവും അധികാരഭ്രഷ്ടരായും വെളിപ്പെടാതെയും കഴിയണമെന്നും സുരന്മാരുടെ ആധിപത്യം എന്നന്നേയ്ക്കും നിലനില്ക്കണമെന്നുമാണു്.

അസുരേന്ദ്രന്‍മാരില്‍ ഒന്നാമന്‍ മഹാനായ ഹിരണ്യ കശിപുവായിരുന്നു. ഉരുക്കു്മുഷ്ടിയോടെ ലോകം കെട്ടിപ്പടുക്കുകയും ഭരിയ്ക്കുകയും ചെയ്ത അദ്ദേഹം മഹാകരുത്തായിരുന്നു. അദ്ദേഹത്തിന്റെ തീവ്രനിലപാടു്കള്‍ സുരന്‍മാരെപ്പോലെയുള്ള ഒരു വിഭാഗത്തിനു് അസംതൃപ്തിയും മുറുമുറുപ്പുമുണ്ടാക്കി. ഇതു് തിരിച്ചറിഞ്ഞു്, അദ്ദേഹത്തിന്റെ അന്തരാവകാശിയായ പ്രഹ്ളാദര്‍ അദ്ദേഹത്തെ ഉപദേശിച്ചതു് അവര്‍ തമ്മില്‍ അഭിപ്രായവ്യത്യാസമുണ്ടാക്കിയെന്നു് പ്രചരിയ്ക്കപ്പെട്ടുവെങ്കിലും ലോകകെട്ടുറപ്പി അതു് ബാധിച്ചില്ല.

മഹാനായ ഹിരണ്യ കശിപു തമ്പുരാന്റെ പിന്‍ഗാമിയായി അധികാരത്തിലേറിയ പ്രഹ്ളാദചക്രവര്‍ത്തി സൌമ്യവും കാലാനുസൃതവുമായ സമീപംകൊണ്ടു് സുരന്‍മാരുടെയും മറ്റു് ശത്രുക്കളുടെയും വരെ ആദരവു് നേടി. സുരാസുരലോകത്തിന്റെ അധിപതിയായിരുന്ന അദ്ദേഹം സുരന്‍മാര്‍ക്കും അസുരന്‍മാര്‍ക്കുമിടയില്‍ ഐക്യവും സമാധാനവും നിലനിറു്ത്തിക്കൊണ്ടു് അസുരാധിപത്യത്തെ ശക്തമാക്കി. അദ്ദേഹത്തിന്റെ മകനും പിന്‍ഗാമിയുമായ വിരോചന തമ്പുരാന്‍ സാത്വികനായിരുന്നു. ലോകത്തെ ഒരുമിപ്പിച്ചു്നിറുത്താന്‍ അദ്ദേഹത്തിനു് കഴിഞ്ഞില്ല. സുരന്‍മാര്‍ കലാപവും അട്ടിമറിയും നടത്തി പടിഞ്ഞാറന്‍ഭാഗത്തു് ആധിപത്യം നേടി വേറെ ലോകമായി മാറി.
വിരോചരെ തുടര്‍ന്നു് ലോകഭാരമേറ്റ ശ്രീ മഹാബലി ചുരുങ്ങിയ കാലംകൊണ്ടു് സുരലോകമൊഴികെയുള്ള ദേശങ്ങളെല്ലാം ഒരുമിപ്പിച്ചു് രാജാക്കന്‍മാരുടെ രാജാവായി. അസുരജഗദ്ഗുരു ശുക്രാചാര്യരുടെ സഹായത്തോടെ പരിഷ്കാരങ്ങളും പുതിയ നിയമക്രമവും സാമൂഹിക വ്യവസ്ഥയും അദ്ദേഹം നടപ്പാക്കി. അസുരലോകത്തെ ശക്തമാക്കാനും സുരന്‍മാരുമായി ഒത്തു്തീര്‍പ്പുണ്ടാക്കുവാനും അദ്ദേഹം തയ്യാറായി. സുരലോകത്തിനു് മേല്‍ ആധിപത്യം നേടിയിട്ടും സുരന്‍മാരെത്തന്നെ അതിന്റെ ഭരണമേല്പിച്ചു് അദ്ദേഹം മടങ്ങിപ്പോന്നു. അങ്ങനെയിരിയ്ക്കെ സുരന്‍മാരെ ധാര്‍മ്മിക ജീര്‍ണ്ണതയും ആത്മീയ ശൂന്യതയും സാമ്പത്തിക തകര്‍ച്ചയും ബാധിച്ചു. നന്മതിന്മകളുടെ വേര്‍തിരിവിനും പാപബോധത്തിനും പ്രാധാന്യം കൊടുക്കാതിരുന്ന അദൈത്യര്‍ അലസരും മദ്യപരും സുഖിമാന്മാരുമായി മാറിയിരുന്നു, മിഥ്യയുണ്ടാക്കുന്ന സുരയെന്ന മദ്യം കഴിച്ചിരുന്നവരെന്ന അര്‍ത്ഥത്തില്‍ അദൈത്യര്‍ക്കു് സുരന്‍മാരെന്ന പേരുണ്ടായതാണോ സുരന്‍മാര്‍ കഴിച്ചിരുന്നതായതുകൊണ്ടു് മദ്യത്തിനു് ആ പേരു് കിട്ടിയതാണോ എന്നു് സംശയിപ്പിയ്ക്കുന്ന നിലയോളം അവര്‍ അധഃപതിച്ചിരുന്നു (സുരര്‍ എന്നതിന്റെ അര്‍ത്ഥം മായയില്‍ വിശ്വസിയ്ക്കുന്നവര്‍ എന്നാണു്). ഈ പ്രതിസന്ധിയില്‍ നിന്നു് കരകയറാന്‍ അവര്‍ മഹാബലിയുടെയും അസുരരുടെയും സഹായം അപേക്ഷിച്ചപ്പോള്‍ മഹാബലി അവരെ സഹായിയ്ക്കാന്‍ തയ്യാറാകുകയാണു് ചെയ്തതു്. അസുരന്‍മാരും സുരന്‍മാരും ഒന്നിച്ചു് മഹാബലിയുടെ നേതൃത്വത്തില്‍ പാലാഴി മഥനം നടത്തുവാനും അതു്വഴി ലഭിയ്ക്കുന്ന ഐശ്വര്യം ഇരുകൂട്ടരും തുല്യമായി പങ്കു്വച്ചെടുക്കുവാനും ധാരണയുമായി.

അങ്ങനെ പാലാഴി മഥനത്തിലൂടെ അളവറ്റ നിധിയാണു് ഖനനം ചെയ്തെടുത്തതു്. നാരായണനു് സഹധര്‍മ്മിണിയായി മഹാലക്ഷ്മിയെ (സമ്പല്‍സമൃദ്ധി) ലഭിച്ചതു് പാലാഴി കടഞ്ഞപ്പോഴാണെന്നു് പറയുന്നതില്‍നിന്നു് തന്നെ അതിലൂടെ കിട്ടിയ സമ്പത്തു് ഊഹിയ്ക്കാന്‍ കഴിയുന്നതിലുമപ്പുറത്താണെന്നു് മസ്സിലാക്കേണ്ടതാണു്. മഥത്തിന്റെ അവസാനം നിത്യജീവനും രക്ഷയുമായ ‘അമൃതം’ മഹാബലിയ്ക്കു് കരഗതമായി. അസുരേന്ദ്രായ മഹാബലി അതു് സുരരുമായി പങ്കുവയ്ക്കുവാന്‍ തയ്യാറായിരുന്നുവെങ്കിലും, അസുരര്‍ക്കു് അമൃതം ഒട്ടും കിട്ടാത്തവണ്ണം മുഴുവനും അസുരരില്‍നിന്നു് കവര്‍ന്നെടുക്കണമെന്നുള്ള ദുരാഗ്രഹം സര്‍പ്പമായി സുരരില്‍ പത്തിവിടര്‍ത്തിയിരുന്നു. അസുരരുടെ സന്മനസ്സിനു് സുരന്മാരോടു് സാഹോദര്യം പാലിയ്ക്കണമെന്ന മോഹവും വാത്സല്യവും ഉണ്ടാക്കുന്ന വിധം വ്യാജസാഹോദര്യ മനോഭാവം പ്രകടിപ്പിച്ചും മഹാബലിയുടെ നേതൃത്വത്തെ പുകഴ്ത്തിയും അമൃതം സുരന്മാരുമായി എത്രയും പെട്ടെന്നു് പങ്കു്വച്ചു് ആദ്യ പങ്കു് അവര്‍ക്കു് നല്കുവാന്‍ അവര്‍ അസുരരെ നിര്‍ബന്ധിച്ചു. മോഹമായ വാക്കു് കേട്ടു് ആദ്യം സുരന്മാര്‍ക്കു് അമൃതം നല്‍കുവാന്‍ അവരുടെ അടുക്കലേയ്ക്ക് ചെന്ന മഹാബലി അവരുടെ ഇടയില്‍പ്പെട്ടയുടനെ ദുഷ്ടരും ചതിയന്മാരുമായ അവര്‍ അദ്ദേഹത്തെ അപ്രതീക്ഷിതമായി ആക്രമിച്ചു്കൊണ്ടു് അസുരര്‍ക്കെതിരെ ലഹള അഴിച്ചു് വിട്ടു. അസുരേന്ദ്രനെ കൊന്നു് ‘അമൃത’വും പാലാഴിയില്‍ നിന്നു് കിട്ടിയ സമ്പത്തുമായി സുരന്മാര്‍ സുരേന്ദ്രന്റെ നേതൃത്വത്തില്‍ കടന്നു്കളഞ്ഞു. പോയപ്പോള്‍ സുരന്‍മാര്‍ അവരിലെ സര് പ്പത്തിന്റെ പടം പൊഴിച്ചിട്ടതു് അവരുടെ യഥാര് ത്ഥമുഖം വെളിവാക്കുന്ന തെളിവായിമാറി.


അസുരേന്ദ്രനായ മഹാബലിയുടെ ഭൌതീകശരീരവുമായി അസുരഭടന്‍മാര്‍ രക്ഷപ്പെട്ടു് ജഗദ്ഗുരു ശുക്രാചാര്യരുടെ ആസ്ഥാത്തു് എത്തിയപ്പോള്‍ മതേവരില്‍നിന്നുള്ള മൃതസഞ്ജീവികൊണ്ടു് ശുക്രാചാര്യര്‍ ചക്രവര്‍ത്തിയുടെ ജീവന്‍ തിരിച്ചു് കൊണ്ടുവന്നു. മരിച്ചു്ജീവിച്ച മാവേലി വീണ്ടും അസുരേന്ദ്രനായി അഭിഷിക്തനായി സര്‍വ അധികാരവും ഐശ്വര്യവും വീണ്ടെടുത്തു.

പിന്നീടു് തയ്യാറെടുപ്പുകള്‍ നടത്തി കാലം അനുകൂലമായപ്പോള്‍ ജഗദ്ഗുരു ശുക്രാചാര്യരുടെ ആലോചനയോടെ സുരലോകത്തെ ആക്രമിച്ചു് അതിനു് മേല്‍ ആധിപത്യം നേടി അമൃതവും പാലാഴിയില്‍ നിന്നു് കിട്ടിയ സമ്പത്തും കൈവശപ്പെടുത്തി മനുഷ്യകുലത്തിനു് വേണ്ടി സൂക്ഷിച്ചു. ചതിയന്‍മാരായ സുരേന്ദ്രനും കൂട്ടര്‍ക്കും പാതാളമായിരുന്നു ശരണം. സുരലോകം മുഴുവനും പ്രഹ്ളാദരുടെ കാലത്തെപ്പോലെ അസുരലോകത്തിന്റെ ഭാഗമായി.

പിന്‍ഗാമികള്‍ക്കു് ലോകഭാരമേല്‍പിച്ചു് തപസ്സനുഷ്ഠിച്ചു്കൊണ്ടിരുന്ന പിതാമഹനായ പ്രഹ്ളാദരെ മഹാബലി ക്ഷണിച്ചു്കൊണ്ടു്വന്നു് സര്‍വലോകത്തിലെയും ഏറ്റവും വിശുദ്ധമായ പദവിയിലാക്കി. പ്രഹ്ളാദര്‍ മഹാബലിയെ സര്‍വരുടേയും ഇന്ദ്രനായി വാഴിച്ചു് നന്നായി ലോകഭരണം നടത്താന്‍ അനുഗ്രഹിച്ചു. മഹാബലിയുടെ വാഴ്ചയില്‍ ധര്‍മവും നീതിയും സമാധനവും സര്‍വ ലോകത്തും നടമാടി; മനുഷ്യരെല്ലാം സംതൃപ്തരുമായിരുന്നു. ഈ വിധത്തില്‍പോയാല്‍ തങ്ങള്‍ക്കൊരിക്കലും തിരിച്ചു്വരാനാവില്ലെന്നു് മനസ്സിലാക്കിയ സുരന്‍മാര്‍ ഗൂഢാലോചനകളില്‍ ഏര്‍പ്പെട്ടു്കൊണ്ടിരുന്നു. പാതാളത്തില്‍ പോകാതെ അഭയാര്‍ത്ഥികളായി മൂന്നു് ചുവടു് ഭൂമി ചോദിച്ചു് വന്ന സുരന്‍മാര്‍ക്കു് മഹാമനസ്കനായ മഹാബലി അഭയം കൊടുത്തു് അസുരര്‍ക്കുള്ള അവകാശങ്ങളോടെ ഭൂസുരന്‍മാരായി കഴിയാന്‍ അനുവദിച്ചു.

സുരാധിപത്യക്കാലത്തുണ്ടായിരുന്ന ജാതിവ്യവസ്ഥയില്‍ തങ്ങള്‍ക്കു് കിട്ടിയിരുന്ന പ്രത്യേക അവകാശങ്ങള്‍ മാവേലിവാഴ്ചയില്‍ നഷ്ടമായതില്‍ അമര്‍ഷമുണ്ടായിരുന്ന ഒരുവിഭാഗം ഭൂസുരന്‍മാര്‍ നാരായണന്‍ യോഗനിദ്രയില്‍ പ്രവേശിച്ച കാലത്തു് പാതാളവാസികളായ സുരന്‍മാരുമായി ഒത്തു്ചേര്‍ന്നു. ദുഃശകുനം പോലെയുണ്ടായ പ്രകൃതിക്ഷോഭങ്ങള്‍ അവര്‍ മുതലെടുത്തു. അഭയാര്‍ത്ഥികളായി മൂന്നു് ചുവടു് മണ്ണു് ദാനമായി ചോദിച്ചു്വന്ന കൊച്ചു് ഭൂസുരന്‍(മാര്‍) സ്ഥിതിഗതിയെ മഹാബലിയ്ക്കെതിരെ തിരിച്ചു്വിട്ടു് അസുരലോകത്തേക്കാള്‍ വലുതായി. വിശാല അസുരലോകമായ സുര-അസുര ലോകങ്ങളുടെമേല്‍ ഭൂസുരന്‍മാര്‍ ആധിപത്യമുറപ്പിച്ചപ്പോള്‍ മഹാബലിയ്ക്കു് അധികാരമൊഴിയേണ്ടിവന്നു.

അഭയം ചോദിച്ചു്വന്ന സുരന്‍മാരോടു് മഹാമനസ്കത കാണിയ്ക്കുകയും അവര്‍ക്കു് ലോകത്തു് ഇടം കൊടുക്കുകയും ചെയ്ത മാവേലിയെ അവര്‍ ചതിച്ചു. ഭൂസുരന്‍മാരുടെ നീക്കങ്ങളില്‍ ആശങ്ക തോന്നിയ ജഗദ്ഗുരു ശുക്രാചാര്യര്‍ അവര്‍ക്കെതിരെ മുറിയിപ്പു് നല്‍കിയപ്പോഴേയ്ക്കും വൈകിപ്പോയിരുന്നു. ഭൂസുരര്‍ക്കു് അഭയവും പ്രവര്‍ത്തന സ്വാതന്ത്യ്രവും കൊടുത്തു്കഴിഞ്ഞ സ്ഥിതിയ്ക്കു് തക്കതായ കാരണമില്ലാതെ അതു് റദ്ദാക്കി അവരെ പുറത്താക്കുകയെന്നതു് കടുത്ത നടപടിയായിരിയ്ക്കുമെന്നു് ചക്രവര്‍ത്തി വിചാരിച്ചു. ഭൂസുരന്‍മാരില്‍ നല്ലഭാഗവും അസുരവാഴ്ചയോടു് കൂറുള്ളവരായിരുന്നതിനാല്‍ ന്യൂനപക്ഷം വരുന്ന ദ്രോഹികളുടെ തെറ്റിനു് മറ്റുള്ളവരെക്കൂടി ശിക്ഷിയ്ക്കേണ്ടെന്നു് മഹാനും നീതിനിഷ്ഠനുമായ ചക്രവര്‍ത്തി തീരുമാനിച്ചു. വന്‍ നാശനഷ്ടവും ആള്‍ നഷ്ടവുമുണ്ടാക്കിയ പ്രകൃതി ദുരന്തം ഉണ്ടായ സാഹചര്യം തങ്ങള്‍ക്കു് അനുകൂലമാക്കി ആഭ്യന്തര കലാപം സംഘടിപ്പിച്ചുകൊണ്ടുളള ഭൂസുരഅട്ടിമറിയെ ചെറുക്കുവാന്‍ അവസാനം മഹാബലിയ്ക്കു് കഴിഞ്ഞില്ല.

അഭയാര്‍ത്ഥിയായി വന്നു് മൂന്നു് ചുവടു് മണ്ണു് ദാനമായി നേടി സുര-അസുര ലോകമായ വിശാല അസുരലോകത്തേക്കാള്‍ വളരുകയും സുരലോകവും അസുരലോകവും അളന്നെടുക്കുകയും ചെയ്ത ഭൂസുരന്‍(മാര്‍) കാലത്തെ അമ്മാനമാടിക്കൊണ്ടു് അടുത്ത ചുവടു് മഹാബലിയുടെ ശിരസ്സില്‍ വച്ചപ്പോള്‍15 മനുഷ്യവര്‍ഗ്ഗത്തിന്റെ സ്രഷ്ടാവായ സാക്ഷാല്‍ നാരായണന്‍ യോഗനിദ്രയില്‍ നിന്നുണര്‍ന്നു് നേരിട്ടിടപെട്ടു് മഹാബലിമന്നനു് സകലര്‍ക്കും അപ്രാപ്യമായ സുതലലോകത്തു് ഇടം നല്കി. “മാലോകനാഥാനായ മഹാബലി നമുക്കു് പ്രിയങ്കരന്‍. സര്‍വര്‍ക്കും അപ്രാപ്യമായ സ്ഥാനം മഹാബലിയ്ക്കു് കൊടുക്കുന്നു. വാമനാധിപത്യത്തെ മാലോകര്‍ നിരാകരിയ്ക്കുന്ന കാലത്തു് മഹാബലി സര്‍വലോകത്തിനും ഇന്ദ്രനാകും. ആര്‍ക്കും കിട്ടാത്ത സുതലത്തില്‍ ചിരഞ്ജീവിയായി മഹാബലി വസിക്കട്ടെ. അവിടെ മഹാബലിയ്ക്കു് ഒരിയ്ക്കലും ആധി വ്യാധികള്‍ പിടിപെടാന്‍ ഇടയാക്കുകയില്ല” എന്നു്ാ അരുളിയ കാലമൂര്‍ത്തിയായ നാരായണന്‍ മഹാബലിയോടു് ഇപ്രകാരം പറഞ്ഞു: “നാം എല്ലാവിധത്തിലും അങ്ങയെയും അങ്ങയുടെ പരിവാരങ്ങളെയും പരിച്ഛദങ്ങളെയും കാത്തു് രക്ഷിയ്ക്കും. സുതലത്തില്‍ പരിചാരകനായി ഗദയും പിടിച്ചു് അങ്ങയുടെ മുമ്പില്‍ നാമുണ്ടാകും. ” കാലത്തിന്റെ നിയന്ത്രണം പിടിച്ച ഭൂസുരവാഴ്ചയുടെ ഐശ്വര്യം കാലഗതിയില്‍ കുറഞ്ഞു്വരുമെന്നും സകല ജനവും വാമനവാഴ്ചയെ ഭര്‍ത്സിയ്ക്കുമെന്നും അവസാനം അവരുടെ വാഴ്ച നിഷ്കാസിതമാവുമെന്നുമുള്ള ശാപം നാരായണന്‍ ചൊരിയുകയും ചെയ്തു.


ഇനി മഹാബലിയുടെ രണ്ടാം വാഴ്ച

വാമനവാഴ്ചയില്‍ തന്റെ കാലത്തെ വ്യവസ്ഥകളും നീതിയും തകരുന്നതും മനുഷ്യന്‍ മനുഷ്യന്റെ മേല്‍ നടത്തുന്ന ചൂഷണങ്ങളും കണ്ടു് പ്രജാസ്നേഹിയായ മഹാബലി വ്യസനിയ്ക്കുകയും കോപിഷ്ഠനാവുകയും ചെയ്തു. മഹാബലിയ്ക്കു് ആധിവ്യാധികള്‍ ഉണ്ടാകാതിരിയ്ക്കുവാന്‍ കടമപ്പെട്ടിരിയ്ക്കുന്ന നാരായണ ഇടപെടലൊഴിവാക്കുവാന്‍ വേണ്ടി വാമനന്‍(മാര്‍) വിട്ടു്വീഴ്ചയ്ക്കു് തയ്യാറായി. അങ്ങനെയാണു് ആണ്ടിലൊരിയ്ക്കല്‍ വന്നു് പ്രജകളെ കണ്ടു് ക്ഷേമമന്വേഷിച്ചു് പോകുവാന്‍ മാവേലിയെ ഭൂസുരര്‍ അനുവദിച്ചതു്.

ചിങ്ങമാസത്തിലെ ഓണത്തിന്‍നാള്‍ നാരായണ സംരക്ഷണത്തില്‍ സകല പരിച്ഛദങ്ങളോടും കൂടി വന്നു് മനുഷ്യരെ കാണുവാന്‍ മാവേലി തീരുമാനിച്ചു. വാമനവാഴ്ചയില്‍ മുടങ്ങിപ്പോയ ഓണം പുനഃസ്ഥാപിതമായതു് മാവേലിയുടെ സന്ദര്‍ശനം ഓണത്തിനു് തന്നെയായതിനാലാണു്. തൃക്കടല്‍ക്കര ആസ്ഥാനമായി മാവേലിനാടു് വാഴുന്ന കാലത്തു് അല്ലലു് തീര്‍ന്നതിന്റെ സ്മരണയ്ക്കായി മാവേലി സ്ഥാപിച്ച വിജയോല്‍സവമായിരുന്നു ഓണം.

വാമനാധിപത്യം ഇപ്പോഴും അവസാനിച്ചിട്ടില്ല. ചിരഞ്ജീവിയായ മഹാബലി ആണ്ടോടാണ്ടു് തന്റെ ജനതയുടെ അടുത്തു്വന്നു് ക്ഷേമമന്വേഷിച്ചു് പോകുന്നു. മഹാബലിയുടെ രണ്ടാമത്തെ വാഴ്ചയ്ക്കു് വേണ്ടി കാത്തിരിയ്ക്കുകയാണദ്ദേഹത്തിന്റെ പ്രജകള്‍. മനുഷ്യന്‍ മനുഷ്യനെയും പ്രദേശം പ്രദേശത്തെയും ചൂഷണം ചെയ്യാത്തതും സ്വാതന്ത്ര്യവും സമത്വവും സാഹോദര്യവും നിലനില്ക്കുന്നതും ഐശ്വര്യസമൃദ്ധവുമായ വ്യവസ്ഥിതിയാണു് മാവേലിരാജ്യം.

സാമൂഹിക മാറ്റങ്ങള്‍ പ്രകൃതിനിയമങ്ങളെപ്പോലെ യാന്ത്രികമല്ലാത്തതു്കൊണ്ടു് മനുഷ്യപ്രയത്നമാവശ്യമാണെന്നു് ജനായകന്‍ ജയപ്രകാശനാരായണന്‍ പറഞ്ഞതോര്‍ക്കുക. വാമനാധിപത്യത്തെ മനുഷ്യന്‍ നിരാകരിച്ചാലേ മാവേലി രാജ്യം കൈവരൂ എന്നാണു് നാരായണ നിശ്ചയവും. അതായതു് ശ്രീമഹാബലിയുടെ രണ്ടാം വാഴ്ചയ്ക്കു് വേണ്ടി നാം പരിശ്രമിക്കണം; കാത്തിരിയ്ക്കണം.


.......................................

1 നാരായണന്‍ എന്ന ലേഖനം കാണുക

2 ഈ ഊഹം ശരിയാണെങ്കില്‍ ആദിചേരരാജാക്കന്‍മാരുടെ കുലകൂടസ്ഥനാണെന്നു് കാണുന്ന മഹാബലിയുടെ കാലം മുതല്ക്കാണു് മൂലദ്രാവിഡഭാഷ ഓരോ ശാഖകളായി പിരിഞ്ഞു്തുടങ്ങിയതെന്നു് കേവലം ഒരു സാമാന്യ വിധിയുടെ നിലയില്‍ മാത്രം ഊഹിയ്ക്കാവുന്നതുമാണു്. -- ആറ്റൂര്‍ കൃഷ്ണപിഷാരടി: ഭാഷാസാഹിത്യചരിത്രം--പി. രാമന്‍, മലയാളഭാഷയുടെ ഉല്പത്തി : മതഭേദങ്ങള്‍ / എസ്.വി. വേണുഗോപാലന്‍ നായര്‍ (സമ്പാ.): മലയാള ഭാഷാചരിത്രം; മാളു പബ്ളിക്കേഷന്‍സ്, അറയൂര്‍ പി.ഒ., തിരുവനന്തപുരം; 2000 ജൂണ്‍; പുറം:14

3 തമിഴ് നാട്ടില്‍ സാഹിത്യ പ്രവര്‍ത്തത്തിനു് അസ്ഥിവാരമിട്ടതു് അഗസ്ത്യ മഹര്‍ഷിയാണെന്നത്രേ ദേശീയമായ ഐതിഹ്യം-ഡോ. കെ. ഗോദവര്‍മ്മ: കേരള ഭാഷാവിജ്ഞാനീയം (മൂന്നാം പതിപ്പ്) ; കേരള സര്‍വകലാശാല പ്രകാശന വിഭാഗം; 1996; പുറം: 82

4 തമിഴില്‍ ആര്യഭാഷകളില്‍ ഉള്ളിടത്തോളം വര്‍ണങ്ങള്‍ ഇല്ലാത്തതു്കൊണ്ടു് വര്‍ണവികാരത്താല്‍ വേഷം മാറിയിട്ടുള്ള പല പദങ്ങളും ഒറ്റനോട്ടത്തില്‍ തിരിച്ചറിയുവാന്‍ കഴിയാത്തവണ്ണം സംസ്കൃതം, പ്രാകൃതം തുടങ്ങിയ ഭാഷകളില്‍ നിന്നും തമിഴിലുള്ള പ്രാചീന കൃതികളില്‍ തന്നെ സംക്രമിച്ചിരുന്നു. ഡോ. കെ. ഗോദവര്‍മ്മ: കേരള ഭാഷാ വിജ്ഞാനീയം (മൂന്നാം പതിപ്പ്) ; കേരള സര്‍വകലാശാല പ്രകാശന വിഭാഗം; 1996; പുറം:82.
5 എന്‍.വി. കൃഷ്ണവാര്യര്‍: കലോത്സവം; പൂര്‍ണ്ണ പബ്ളിക്കേഷന്‍സ്, കോഴിക്കോടു് ; 1989; പുറം 9.
6. ചരിത്രപരമായ നാടന്‍പട്ടു്കളുടെ വിലപ്പെട്ട പാരമ്പര്യം മലയാളത്തിനുമുണ്ടു്. ആ പാട്ടു്കള്‍ അത്രയേറെ പ്രാചീനതയുള്ളവയല്ലെങ്കിലും മധ്യകാലത്തിനു് ശേഷമുള്ള കേരളത്തിന്റെ സവിശേഷതകള്‍ വെളിപ്പെടുത്തുന്നവയാണു്......
......നാടന്‍ പാട്ടു്കളെയും മറ്റു് ജനകീയ സാഹിത്യ രൂപങ്ങളെയും സംബന്ധിച്ചിടത്തോളം തമിഴിലും കന്നഡത്തിലും തെലുങ്കിലും കാണപ്പെടുന്നവയെക്കാള്‍ സമ്പന്നവും വൈവിദ്ധ്യപൂര്‍ണ്ണവുമായ ഒരു ശേഖരം മലയാളത്തിലുമുണ്ടു്. --സുനീതി കുമര്‍ ചാറ്റര്‍ജി: ദ്രാവിഡം [പരിഭാഷ: കെ.പി. രാജേന്ദ്രന്‍ നായര്‍} ; കേരള ഭാഷാ ഇന് സ്റ്റ്യൂട്ട് ; 1991 ജനുവരി; പുറം 63, 64.

7 ഓണപ്പാട്ടു് മലയാളികളുടെ ആത്മദര്‍ശനത്തിന്റെ ഭാഗമായി കണക്കാക്കാം. ഇവയെല്ലാം കഴിഞ്ഞ കാലത്തു് മലയാളിയ്ക്കു് ധാര്‍മ്മിക വിദ്യാഭ്യാസത്തിനുള്ള മൌലിക സാംസ്കാരിക ഉപകരണങ്ങളായിരുന്നു. സാംസ്കാരിക കോളനീകരണം സൃഷ്ടിയ്ക്കുന്ന അലങ്കോലങ്ങള്‍ക്കിടയില്‍, വകതിരിവോടെ സ്വന്തം പൈതൃകം മനസ്സിലാക്കാന്‍ ഇവ വീണ്ടും വായിയ്ക്കേണ്ടിയിരിയ്ക്കുന്നു. --- സ്കറിയ സ്കറിയ (ആമുഖം) : അഞ്ചടി, ജ്ഞാനപ്പാന, ഓണപ്പാട്ടു്; കേരള പഠന കേന്ദ്രം, സെന്റ് ബര്‍ക്കമാന്‍സ് കോളേജ്, ചങ്ങനാശേരി -- ഡി.സി. ബുക്സ്; 1996 ജനുവരി; പുറം 22.

8 കിളിപ്പാട്ടു് പ്രസ്ഥാനത്തിലെ കൃതികളുടെ ആഖ്യാന രീതിയും ഇതു് തന്നെയാണല്ലൊ. കിളിപ്പട്ടു് പ്രസ്ഥാനവും നാടോടി സംസ്കാരവുമായുള്ള ബന്ധവും പഠന വിഷയമാക്കേണ്ടതുണ്ടു് - മനോജ് കുറൂര്‍ [അവതരണലേഖനം}: അഞ്ചടി, ജ്ഞാനപ്പാന, ഓണപ്പാട്ടു്; കേരള പഠന കേന്ദ്രം, സെന്റ് ബര്‍ക്കമാന്‍സ് കോളേജ്, ചങ്ങനാശേരി -- ഡി.സി. ബുക്സ്; 1996 ജനുവരി; പുറം 57.

9 ഓണപ്പൂക്കളം : മാവേലി നയിച്ച മഹായുദ്ധവിജയത്തിന്റെ ഓര്‍മ പുതുക്കലും പുതിയ പോര്‍ക്കളത്തിന്റെ പ്രതീകവുമാണു് പൂക്കളം. പൂക്കളത്തിന്റെ ഒത്ത നടുക്കു് സ്ഥാപിയ്ക്കുന്ന തുമ്പക്കുടം (അല്ലെങ്കില്‍ ചെമ്പരത്തിപ്പൂവു്) ശത്രുവിന്റെ പ്രതീകമാണു്. ചുറ്റുമുള്ള പൂക്കളുടെ നിര ശത്രുവിനെ വളഞ്ഞിരിയ്ക്കുന്ന പ്രതിരോധ/ആക്രമണ നിരയാണു്. പൂക്കളത്തിലെ ഓരോ നിരയെയും താഴെ പറയുന്നതു് പോലെയാണു് വ്യാഖ്യാനിയ്ക്കുന്നതു്: ഏറ്റവും പുറത്തേതും ഒന്നാമത്തേതുമായതു് ജഗണത്തിന്റെ വലയം; രണ്ടാമത്തേതു് ധാര്‍മ്മിക ശക്തിയുടെ വലയം; മൂന്നാമത്തേതു് കര്‍ത്തവ്യത്തിന്റെ വലയം; നാലാമത്തേതു് സൃഷ്ടിപരമായ കാര്യങ്ങളുടെ വലയം; അഞ്ചാമത്തേതു് ജീവശക്തിയുടെ വലയം; ആറാമത്തേതു് രണശൂരരുടെ വലയം; ഏഴാമത്തേതു് തന്ത്രജ്ഞരുടെയും ആചാര്യന്മാരുടെയും വലയം; എട്ടാമത്തേതു് കാവല്‍ സേനയുടെ വലയം; ഒമ്പതാമത്തേതു് അരചന്റെ വലയം; പത്താമത്തേതു് കാലത്തിന്റെ വലയം.
10 ഓണപ്പൂക്കളമിടല്‍ പൂജ തന്നെയാണു്. പൂചെയ് (പൂ ചെയ്യുക) ആണു് പൂജ.

11 പരാജിതരായി പാതാളത്തില്‍ പോയിരുന്ന സുരന്മാര്‍, മൂന്നു് ലോകവും വാണ മഹാബലിയുടെ അസുരവാഴ്ചയെ മഹാ സുരാസുര യുദ്ധത്തില്‍ തകര്‍ത്തു്, ശക്രനെ സുരേന്ദ്രനാക്കിക്കൊണ്ടു്, മൂന്നു് ലോകവും പിടിച്ചടക്കിയതിനെ തുടര്‍ന്നാണു് ചാതുര്‍ വര്‍ണ്യങ്ങള്‍ സ്ഥിരപ്പെട്ടതെന്നും സുരന്മാര്‍ക്കു് യജ്ഞം ലഭിച്ചതെന്നും മഹാബലിയുടെ കാലത്തെ സമ്പല്‍സമൃദ്ധി ശക്രന്റെ വാഴ്ചയിലും തുടര്‍ന്നുവെന്നും വ്യാസമഹാഭാരതത്തില്‍ (വിദ്വാന്‍ കെ. പ്രകാശം (പരിഭാഷകന്‍) : വ്യാസമഹാഭാരതം ഏഴാം പുസ്തകം ; സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം കോട്ടയം 1986 ; 463-ആം പുറം) പറഞ്ഞിട്ടുണ്ടു് എന്നതു് ഈ പ്രസ്താവനയെ ശരിവയ്ക്കുന്നു.
12. മഹാബലിയെ കൊല്ലാന്‍ പാടില്ലെന്ന വ്യവസ്ഥയിന്മേല്‍ മഹാബലിയെ കാണുവാന്‍ ബ്രഹ്മാവു് സുരേന്ദ്രായ ശക്രനെ അനുവദിച്ചുവെന്നും അങ്ങനെ വസുക്കളുടെയും രുദ്രന്മാരുടെയും അശ്വിനീദേവന്മാരുടെയും സുരന്മാരുടെയും ദേവര്‍ഷികളുടെയും സിദ്ധന്മാരുടെയും ഗന്ധര്‍വ്വന്മാരുടെയും പന്നഗങ്ങളുടെയും അകമ്പടിയോടെ പ്രഭുവും സുരേന്ദ്രനുമായ ശക്രന്‍ ഐശ്വര്യത്തോടെ പ്രശോഭിയ്ക്കുന്ന വെള്ളാനയുടെ പുറത്തു് കയറി മൂന്നു്ലോകവും കാണത്തക്കവിധം ആഡംബരത്തോടെ ഒരു ഘോഷയാത്രയായി (തൃ)കടല്‍ക്കരയ്ക്കു് പുറപ്പെട്ടു് അവിടെ കുന്നിന്‍ മുകളിലെ താവളത്തിലെത്തി, മഹാബലിയുടെനേരെ ചെന്നുവെന്നും അപ്പോള്‍ മഹാബലി ദുഃഖിക്കുകയോ നടുങ്ങുകയോ ചെയ്തില്ലെന്നും അതില്‍ കുപിതനായ ശക്രന്‍ മഹാബലിയുടെ നേരെ ഭര്‍ത്സിച്ചതിനെ തുടര്‍ന്നു് ഇരുവരും തമ്മില്‍ വാഗ്വാദം നടന്നുവെന്നും മേല്പറഞ്ഞ വ്യാസമഹാഭാരതം ഏഴാം പുസ്തകം (ശാന്തിപര്‍വ്വം) പുറം 461-ല്‍ പറയുന്നതോര്‍ക്കുക.

13 മേല്പറഞ്ഞ വ്യാസമഹാഭാരതം ഏഴാം പുസ്തകം 458-ആം പുറം നോക്കുക.
14 മനുഷ്യപരിണാമത്തിന്റെ പത്തവതാരങ്ങള്‍’ എന്ന കുറിപ്പു് നോക്കുക.

15 അധികാരൈശ്വര്യങ്ങള്‍ കൈവിട്ടു്പോയ ദൈത്യ ഇന്ദ്രായ മഹാബലി ഇപ്രകാരം പ്രസ്താവിച്ചുവെന്നാണു് വ്യാസമഹാഭാരതം പറയുന്നതു് -: ഇപ്പോള്‍ സൂര്യന്‍ കിഴക്കു്ദിക്കിലും അത്ര തന്നെ തെക്കു് ദിക്കിലും അത്ര തന്നെ പടിഞ്ഞാറും അത്രതന്നെ വടക്കും പ്രകാശിയ്ക്കുന്നു. സൂര്യന്‍ എല്ലാ ദിക്കു്കളില്‍ നിന്നും തന്നെ പിന്‍വലിച്ചു്, എന്നു് മദ്ധ്യാഹ്നപ്രദേശത്തു് മാത്രം (ബ്രഹ്മലോകത്തു മാത്രം അതായതു് സുമേരു മദ്ധ്യത്തില്‍) പ്രശോഭിയ്ക്കുമോ അന്നു് വീണ്ടും സുരന്മാരും അസുരന്മാരും തമ്മില്‍ ഘോരമായ ഒരു യുദ്ധം നടക്കും. ആ യുദ്ധത്തില്‍ ഞാന്‍ നിങ്ങളെയെല്ലാം പരാജിതരാക്കും. എല്ലാറ്റിനെയും തോല്പിയ്ക്കും. സൂര്യന്‍ എന്നു് എല്ലാ ദിക്കുകളില്‍ നിന്നും പിന്‍വാങ്ങി ബ്രഹ്മസ്ഥാനത്തു് മാത്രമായി ഒരിടത്തു് നിന്നു് പ്രകാശിയ്ക്കുന്നുവോ അന്നു് സുരന്മാരും അസുരന്മാരും തമ്മില്‍ നടക്കുന്ന ആ യുദ്ധത്തില്‍, എടോ ശക്രാ, ഞാന്‍ തീര്‍ച്ചയായും നിങ്ങളെയൊക്കെ പരാജയപ്പെടുത്തുന്നതാണു്. (ഇപ്പോഴത്തെ വൈവസ്വത മന്വന്തരം കഴിഞ്ഞു്, അപ്പോള്‍ സാവര്‍ണ്ണിക മന്വന്തരം തുടങ്ങുമെന്നും സൂര്യന്‍ സുമേരുവിന്റെ ഉപരിഭാഗത്തു് ഉറച്ചു്നിന്നു് ശോഭിയ്ക്കുമെന്നും മറ്റു് ദിക്കു്കളൊക്കെ ഇരുട്ടില്‍ തപ്പുമെന്നും പുരാണങ്ങളില്‍ പറയുന്നു. അക്കാലം വരുമ്പോള്‍ സുരാസുര യുദ്ധം നടക്കുന്നതാണെന്നും പറയുന്നു.) -- വ്യാസമഹാഭാരതം ഏഴാം പുസ്തകം: പരിഭാഷകന്‍ വിദ്വാന്‍ കെ. പ്രകാശം ; സാഹിത്യപ്രവര്‍ത്തക സഹകരണ സംഘം കോട്ടയം 1986; 459-ആം പുറത്തു്നിന്നും.

--അവലംബം : മാവേലിരാജ്യം - ഒന്നാം പുസ്തകം

മാവേലി രാജ്യത്തിന്‍റെ മലയാളഭാഷ

ശ്രീമഹാബലി സ്ഥാപിച്ച ഓണമെന്ന0 വിജയാഘോഷത്തിന്റെ പുനരാരംഭവും1 കൊല്ലവര്‍ഷമെന്ന പഞ്ചാംഗത്തിന്റെ തുടക്കവും2 ചോള-പാണ്ഡ്യ ദേശങ്ങളിലെ ഭാഷയുമായുള്ള മലയാളഭാഷയുടെ വേര്‍പിരിയലും3 ഒരേ കാലത്താണുണ്ടായതു്4. മലയാളസമൂഹത്തിന്റെ ഭാഷയും സംസ്കാരവും തനിമയും സാമുദായിക ധാരണയും രൂപപ്പെട്ടതു് മലയാള ദേശത്തെ വിവിധ സാമൂഹിക വിഭാഗങ്ങള്‍ തമ്മില്‍ ഉറപ്പിച്ച സാമൂഹികവും സാംസ്കാരികവും രാഷ്ട്രീയവുമായ ഒത്തു്തീര്‍പ്പിന്റെ ഫലമായിട്ടായിരുന്നുവെന്ന വസ്തുതയിലേയ്ക്കു് അതു് സൂചന നല്കുന്നു. ഒരു വിഭാഗത്തെയും പരാജയപ്പെടുത്താത്തതായ ഈ അലിഖിത ഒത്തു്തീര്‍പ്പിനെ സ്വന്ത വിജയമാക്കി മാറ്റുവാന്‍ ഓരോ വിഭാഗവും മറ്റു് വിഭാഗങ്ങളോടു് മല്‍സരിച്ചു്കൊണ്ടിരുന്നെങ്കിലും എല്ലാ വിഭാഗങ്ങളും അതിനെ മാനിച്ചിരുന്നു. അതു്കൊണ്ടു് ഇടക്കാലത്തു് പിന്തള്ളപ്പെട്ട വിഭാഗങ്ങളുടെ തിരിച്ചു്വരവിനും ഈ ധാരണ തന്നെ അടിസ്ഥാനമായി മാറി. മനുഷ്യരെല്ലാവരും ഒന്നു്പോലെയും ആപത്തൊന്നുമില്ലാതെ ആനന്ദത്തോടെയും വസിയ്ക്കുന്നതായ മാവേലി നാടു്വാണിടുന്ന കാലത്തെക്കുറിച്ചുള്ള സജീവമായ ചിന്തയും പ്രതീക്ഷയും,എപ്പോഴും മലയാള സംസ്കാരത്തിന്റെ അടിത്തറയും അന്തഃസത്തയുമായിരിയ്ക്കുകയും ചെയ്യുന്നു.


സാമൂഹികമായും രാഷ്ട്രീയമായും മേധാവിത്തം പുലര്‍ത്തിയ വിഭാഗങ്ങളുടെ താല്‍പര്യപ്രകാരം ഭാഷ വികസിച്ചപ്പോള്‍ സംഭവിച്ച വൈകല്യങ്ങള്‍ കണ്ടെത്തി പരിഹരിയ്ക്കേണ്ടതു് അതു്കൊണ്ടാണു്. ഭാഷയ്ക്കു് അടിസ്ഥാനപരമായി വര്‍ഗ്ഗ-വര്‍ണ്ണ-ലിംഗ രഹിത സ്വഭാവമാണുള്ളതെന്നു് തിരിച്ചറിഞ്ഞാലേ അതിനു് കഴിയൂ. മേല്ക്കോയ്മ നേടിയ വിഭാഗങ്ങള്‍ അതു് നിലനിറുത്തുന്നതിനു് ഭാഷയെ ആയുധമാക്കുകയും അതിനു് പറ്റിയ പദാവലിയും ശൈലിയുമുണ്ടാക്കുകയും ചെയ്തിരിയ്ക്കുമ്പോള്‍ അതിനെ ചെറുക്കേണ്ടതു് നിഷ്പക്ഷവും സാമൂഹികപ്രതിബദ്ധവുമായ പദാവലിയും ശൈലിയും വികസിപ്പിച്ചെടുത്തു് കൊണ്ടാണു്. ഭാഷയിലെ ആണ്‍കോയ്മയെ തടയാനും സ്ത്രീ-പുരുഷ സമത്വത്തെ നിലനിറുത്താനുമായി അലിംഗാര്‍ത്ഥ പദഘടനയും പ്രയോഗങ്ങളും വളര്‍ത്തണം. സ്വാതന്ത്യ്രത്തിന്റെയും സമത്വത്തിന്റെയും സാഹോദര്യത്തിന്റെയും ആദര്‍ശത്തെ സമൂഹം ഉള്‍ക്കൊള്ളുമ്പോള്‍ അവരുടെ ഭാഷയും അതനുസരിച്ചു് മാറും. സ്ഥാപിതതാല്‍പര്യത്തില്‍ അധിഷ്ഠിതമല്ലാത്ത ഭാഷയ്ക്കു് വേണ്ടിയുള്ള രാഷ്ട്രീയ-സാമൂഹിക സമരത്തിലൂടെയേ വിമോചനത്തിന്റെയും സമത്വത്തിന്റെയും ഭാഷ നിലനില്ക്കൂ.


വ്യവഹാരഭാഷ എന്ന നിലയില്‍ ജനകീയഭാഷ, പ്രാദേശികമായ ഭാഷാഭേദങ്ങള്‍ സമന്വയിച്ചതാണു്. ഭാഷാഭേദങ്ങളിലേതെങ്കിലുമൊന്നു്, മറ്റുള്ളവയുടെ മേല്‍ ആധിപത്യം സ്ഥാപിയ്ക്കുന്നതല്ല, മറിച്ചു് ഭാഷാഭേദങ്ങളുടെ ഒത്തു്ചേരലിലൂടെ സംഭവിയ്ക്കുന്നതാണു് ഭാഷയുടെ മാനകീകരണം5. ചരിത്രപരമായ വളര്‍ച്ചയുടെ ഭാഗമായി നമ്മുടെ ഭാഷയ്ക്കു് ജനസാമാന്യം ചിട്ടപ്പെടുത്തിയതായ വ്യാകരണ നിയമങ്ങള്‍ ഉരുത്തിരിഞ്ഞിട്ടുണ്ടു്. ആശയ ഗ്രഹണം സുസാദ്ധ്യമായിരിയ്ക്കുവാന്‍ ഭാഷയ്ക്കു് ഐകരൂപ്യം ആവശ്യമായിരുന്നു. ഭാഷകൊണ്ടുള്ള പ്രയോജനം വിപുലമാകുവാനും നിലവിലുള്ള ഭാഷ മറ്റൊരു ഭാഷയായി തീരാതിരിയ്ക്കുവാനും ഭാഷാവിഷയകമായ ചില പൊതുനിയമങ്ങള്‍ പാലിയ്ക്കേണ്ടി വരും.


ദ്രാവിഡ ഭാഷയെന്ന തറവിടഭാഷയുടെ6 ഒരു ശാഖയാണു് നമ്മുടെ ഭാഷ. ചോള-പാണ്ഡ്യദേശങ്ങളിലെ തമിഴും മലയാളദേശത്തെ തന്‍മൊഴിയും ഒരു കാലത്തു് ഒരേ ഭാഷയുടെ പ്രാദേശികഭേദങ്ങള്‍ മാത്രമായിരുന്നെങ്കിലും പരസ്പര സമ്പര്‍ക്കം കുറഞ്ഞതോടെ വെവ്വേറെ ഭാഷകളായി വികസിയ്ക്കുകയായിരുന്നുവല്ലോ. ദ്രാവിഡ ഭാഷകള്‍ക്കും പാലിയ്ക്കും പ്രാകൃതത്തിനും സംസ്കൃതത്തിനും പുറമെ പരദേശികളുടെ പാരസിക ഭാഷ, അറബിഭാഷ, സുറിയാനി ഭാഷ, യവന ഭാഷ, ചീന ഭാഷ, പറങ്കി ഭാഷ തുടങ്ങിയവകളുമായുള്ള സമ്പര്‍ക്കത്തിലൂടെ നിരവധി മറു്നാടന്‍പദങ്ങളും ആശയങ്ങളും സ്വായത്തമാക്കിയാണു് നമ്മുടെ തന്‍മൊഴി വളര്‍ന്നതു്. യൂറോപ്യരുടെ ആംഗല ഭാഷ, പരന്തിരിയസ് ഭാഷ തുടങ്ങിയ മൊഴികളില്‍ നിന്നും ഹിന്ദി പോലുള്ള ഉത്തരേന്ത്യന്‍ മൊഴികളില്‍ നിന്നുമൊക്കെ ഇപ്പോള്‍ പദങ്ങള്‍ സ്വീകരിയ്ക്കുന്നുമുണ്ടു്.


അപരിചിതവും പുതിയതുമായ ആശയങ്ങളും സിദ്ധാന്തങ്ങളും സമ്പ്രദായങ്ങളും പ്രകാശിപ്പിയ്ക്കുവാന്‍ പദങ്ങളും ശൈലികളും വേണ്ടിവന്നപ്പോള്‍ അതു് കണ്ടെത്തേണ്ടിയിരുന്നതു്, ആദ്യകാലത്തു് ഗദ്യ-പദ്യ ഗ്രന്ഥകര്‍ത്താക്കളായിരുന്നെങ്കില്‍ പിന്നീടതു് പ്രധാനമായും വൃത്താന്തപത്രപ്രവര്‍ത്തകരുടെ ചുമതലയിലായി. ഉലകത്തിലെ സംഭവിവകാസങ്ങളെയും ഉരുത്തിരിയുന്ന പുതിയ ആശയങ്ങളെയും കുറിച്ചു് വിവരം കൊടുക്കുവാന്‍ വേണ്ട പദങ്ങളുടെ ആവശ്യം ആദ്യം വരുന്നതു് വൃത്താന്ത പത്രങ്ങളിലാണു്, അതായതു് വാര്‍ത്താമാദ്ധ്യമങ്ങളിലാണു്. ഭാഷയിലെ പദങ്ങളെ പുതുതായി കൂട്ടിച്ചേര്‍ത്തു് തന്നെ പുതിയ വാക്കുകള്‍ സൃഷ്ടിച്ചും ചില പദങ്ങള്‍ക്കു് പുതിയ അര്‍ത്ഥത്തില്‍ പ്രയോഗം നല്കിയും സാധാരണയായി ഉപയോഗിയ്ക്കാതെ വിട്ടിട്ടുള്ള പദങ്ങള്‍ക്കു് പ്രയോഗപ്രാചുര്യം കൊടുത്തും നിവൃത്തിയില്ലാതെ വന്നാല്‍ മറു്നാടന്‍ ഭാഷാപദങ്ങള്‍ ഭാഷയ്ക്കിണങ്ങും വിധം ഉള്‍ക്കൊണ്ടും കടമെടുത്തും ആണു് പദ ആവശ്യങ്ങള്‍ നിറവേറ്റുന്നതു്*. മറു്നാടന്‍ ഭാഷാപദങ്ങള്‍ കൈക്കൊള്ളേണ്ടി വരുമ്പോള്‍ ദ്രാവിഡ ഗോത്രത്തിലെ സഹോദരീ ഭാഷകളെയോ ബന്ധുക്കളായ സംസ്കൃതം, ഹിന്ദി തുടങ്ങിയ മറ്റു് ഭാരതീയ മൊഴികളെയോ ആശ്രയിയ്ക്കാനാവില്ലെങ്കില്‍ മാത്രമേ വൈദേശിക പദങ്ങളെ അന്വേഷിയ്ക്കേണ്ടതുള്ളൂ. മറ്റു് ഭാഷയില്‍ നിന്നുള്ള പദങ്ങളുടെ കടമെടുപ്പു് നേട്ടമായി മാറണമെങ്കില്‍ നമ്മുടെ മൊഴിയുടെ തനിമ നിലനിറു്ത്താന്‍ ബോധപൂര്‍വ്വം ശ്രമിയ്ക്കണം. കടമെടുപ്പു് ഭാഷയില്‍ അവ്യവസ്ഥയുണ്ടാക്കിയാല്‍ ലളിതവും ഓജസ്സുറ്റതുമായ നമ്മുടെ ഭാഷയുടെ ശൈലിയാണില്ലാതാവുന്നതു്.


പരദേശിപ്പേരുകള്‍7 ഭാഷയുടെ പദസഞ്ചയത്തിലേയ്ക്കു് കടന്നു് വരേണ്ടതു് അവയുടെ മൂലോച്ചാരണത്തിനോ8 ആശയത്തിനോ9 അനുസൃതമായും മലയാളമൊഴിയ്ക്കൊത്ത വിധവും10 ആയിരിയ്ക്കണം. എന്നാല്‍ മൂലഭാഷയില്‍ നിന്നു് നേരിട്ടു് പകര്‍ന്നു് കിട്ടാതെയും മറ്റു് ഭാഷകളിലൂടെ ആ ഭാഷകളുടെ വര്‍ണ്ണഘടനയ്ക്കൊത്തവിധം11 കിട്ടുന്നതിനെ ആശ്രയിയ്ക്കേണ്ടി വരികയും ചെയ്യുമ്പോള്‍ വാക്കുകള്‍ക്കു് വൈകല്യം സംഭവിയ്ക്കുക സ്വാഭാവികമാണു്. എന്നു്വച്ചു് അത്തരം വൈകല്യങ്ങളെ ഭാഷ ഉള്‍ക്കൊള്ളേണ്ടതില്ല. മൂലരൂപം കണ്ടെത്തി അതിനു് ചേര്‍ന്നവിധം രൂപപ്പെടുത്തിയ പദമായിട്ടേ അവ ഭാഷയുടെ പദാവലിയുടെ ഭാഗമാകേണ്ടതുള്ളൂ. ഉദാഹരണത്തിനു്, ഴ്ഷ്ഴാങ് വാല് ഴ്ഷ്ഴാങ് എന്ന പേരു് ജീന്‍ വാല് ജീന്‍ എന്നോ സുഭാസ് ചന്ദ്ര ബസു എന്ന പേരു് സുഭാഷ് ചന്ദ്ര ബോസ് എന്നോ അടല് ബിഹാരി വാജ്പേയ് എന്ന പേരു് അതല്‍ ബിഹാരി ബാജ്പൈ എന്നോ അസം എന്ന ഭാരതീയ സംസ്ഥാനത്തിന്റെ പേരു് ആസ്സാം എന്നോ അംഗീകരിയ്ക്കുവാന്‍ പറ്റില്ല. മാത്രവുമല്ല മലയാളവാക്കു്കളുടെ ദേശ്യഭേദം അടങ്ങിയ സുഭാസ് ചന്ദ്ര ബസു, അടല് ബിഹാരി വാജ്പേയ് തുടങ്ങിയ പേരു്കള്‍ സുഭാസ ചന്ദ്ര വസു, അടല വിഹാരി വാജപേയി എന്നിങ്ങനെ മലയാളരൂപമായി കൈക്കൊള്ളുകയാണു് കരണീയം.


കാരണം, നമ്മുടെ ഭാഷയുടെ പദസഞ്ചയത്തിന്റെ ഭാഗമായ വ്യക്തിനാമങ്ങളുടെയും സ്ഥലനാമങ്ങളുടെയും സ്ഥാനത്തു് അവയുടെ മറു്നാടന്‍ഭാഷാരൂപങ്ങള്‍ കടന്നു് വരുന്നതും മലയാളത്തില്‍ സ്വാധീനവും ആധിപത്യവും നേടുന്നതും അപകടമാണെന്നതാണു്. നമ്മുടെ മൊഴിയിലെ പേരു്കളെയും പദങ്ങളെയും അവ വികലമാക്കുകയും നശിപ്പിയ്ക്കുകയും ചെയ്യുന്നുവെന്നതാണാ അപകടം12. ഒരു ജനതയെ നശിപ്പിയ്ക്കുവാന്‍ ഏറ്റവും നല്ല മാര്‍ഗ്ഗം അവരുടെ ഭാഷയുടെ പദാവലിയെ നശിപ്പിയ്ക്കുകയാണെന്ന അഭിപ്രായം പരന്തിരിയസ് യുദ്ധപ്രഭുവായിരുന്ന നെപ്പോളിയന്‍ പുലര്‍ത്തിയിരുന്നുവെന്നോര്‍ത്താല്‍ നാം നേരിടുന്ന ഭീഷിണിയുടെആഴമറിയാം. നമ്മുടെ മൊഴിയിലെ പേരു്കള്‍ പലതും സംസ്കൃതഭാഷയില്‍ നിന്നു് സ്വന്തമാക്കിയതാണെങ്കിലും അവ മറ്റു് ഭാഷക്കാര്‍ അവരുടെ മൊഴിയ്ക്കും സംസ്കാരത്തിനുമിണങ്ങുന്ന വിധം എഴുതുകയും വിളിയ്ക്കുകയും ചെയ്തതില്‍ നിന്നു് കൂടി കടമെടുക്കേണ്ട കാര്യമില്ല. മറ്റു് ഭാഷയിലെ പേരു്കള്‍ നമ്മുടെ ഭാഷയിലെ പദങ്ങളുടെയോ പേരു്കളുടെയോ ദേശ്യ ഭേദങ്ങളാണെങ്കില്‍ അവയ്ക്കു് നമ്മുടെ ഭാഷയില്‍ നമ്മുടെ ഭാഷയിലെ രൂപമേ പാടുള്ളൂ എന്നതാവണം പ്രമാണം13.


നമ്മുടെ ദേശത്തിനു് സമ്പര്‍ക്കമുണ്ടായിരുന്ന ദേശങ്ങളെയും സ്ഥലങ്ങളെയും നാം വിളിച്ചുകൊണ്ടിരുന്നതും ചരിത്രപരമായി രൂപപ്പെട്ടതുമായ പേരു്കള്‍ (ഉദാ: പറങ്കി രാജ്യം, പരന്തിരിയസ് രാജ്യം) ഭാഷയിലെ പദാവലിയുടെ ഭാഗമായിക്കരുതി നിലനിറു്ത്തണം. പരദേശ മേല്ക്കോയ്മയുടെ അവശിഷ്ടത്തില്‍ നിന്നുള്ള മോചനത്തിന്റെ ഭാഗമായി രാജ്യത്തിന്റെയും സ്ഥലത്തിന്റെയും പ്രചാരത്തിലുള്ള പേരു്കളില്‍ അവിടത്തു്കാര്‍ മാറ്റം വരുത്തുന്നതു് നാം മാനിയ്ക്കുകയും വേണം.


ലിപ്യന്തരീകരണം ചെയ്യുന്ന പരഭാഷാപദങ്ങളുടെ ഉച്ചാരണത്തിന്റെ കൃത്യതയ്ക്കും ഭാഷയിലെ വര്‍ണ്ണങ്ങളുടെ കാര്യത്തിലുള്ള അവ്യക്തത ഒഴിവാക്കുന്നതിനും, ഭാഷയില്‍ പ്രയോഗത്തിലുള്ളതും ലിപിയില്ലാത്തതുമായ വര്‍ണ്ണങ്ങള്‍ക്കു് ലിപി കൊടുക്കേണ്ടതുണ്ടു്. കുറററുക്കുക (തീര്‍ച്ചപ്പെടുത്തുക) ടൈപ്പു് റൈററര്‍, ടെററിസം, ബാറററി, മാറെറാലി, എന്റെ, ഹെന്റി, നെപ്പോളിയന്‍, നമ്പര്‍, പനിനീര്‍, സ്നാനം, സ്നേഹം, നോവല്‍ (വേദന), നോവല്‍ (ആഖ്യായിക), എന്നാല്‍ (പക്ഷെ), എന്നാല്‍ (എന്നെക്കൊണ്ടു്), ഫയല്‍,ഫലം തുടങ്ങിയ വാക്കു്കളില്‍ ഒരു മാനദണ്ഡവുമില്ലാതെ റ,ന,ഫ തുടങ്ങിയ അക്ഷരങ്ങള്‍ വ്യത്യസ്ത ധ്വനിയില്‍ ഉച്ചരിയ്ക്കേണ്ടി വരുന്നു. തവര്‍ഗത്തിലെ അനുനാസികമായ ‘ന’യുടെ ലിപി, വര്‍ത്സ്യമായ ‘ന്‍’ എന്ന വര്‍ണ്ണത്തിന്റെ (ചില്ലക്ഷരത്തിന്റെ) അകാര സ്വരം ചേര്‍ന്ന ലിപിയ്ക്കു് വേണ്ടിയും ദ്രാവിഡമധ്യമമായ ‘റ’യുടെ ലിപി, ന്റെ എന്ന കൂട്ടക്ഷരത്തിലെ രണ്ടാമത്തെ വ്യഞ്ജനമായ വര്‍ത്സ്യസ്പര്‍ശത്തിനു് വേണ്ടിയും പവര്‍ഗത്തിലെ അതിഖരമായ ‘ഫ’യുടെ ലിപി, ഫയല്‍ എന്ന വാക്കിലെ ആദ്യ അക്ഷരമായ പവര്‍ഗത്തിലെ ഊഷ്മാവിനു് വേണ്ടിയും കൂടി ഉപയോഗിയ്ക്കുമ്പോള്‍ ഈ ലിപികളുടെ ഉച്ചാരണം ഓരോയിടത്തും ഓരോന്നാവും.


൧0 ‘ന’ പദാദിയില്‍ ദന്ത്യവും സ്വരാന്തരികമായും പദാന്ത്യത്തിലും വരുമ്പോള്‍ വര്‍ത്സ്യവും ആയി ഉച്ചരിയ്ക്കണമെന്ന വ്യവസ്ഥയ്ക്കു് അപവാദങ്ങള്‍ കൂടിക്കൂടി വരികയും മുററം, പററുക എന്നതു്പോലുള്ള വാക്കുകളിലെ ററ എന്ന അക്ഷരത്തിന്റെ ഇരട്ടിയ്ക്കാത്ത വ്യഞ്ജനം ദ്രാവിഡ മധ്യമമായ ‘റ’യല്ലെന്നും മറിച്ചു്, ‘ന്റെ’യെന്ന കൂട്ടക്ഷരത്തില്‍ രണ്ടാമത്തെ വ്യഞ്ജനമായിക്കഴിയുന്ന വര്‍ത്സ്യ വര്‍ണ്ണമാണെന്നു് വ്യക്തമാവുകയും ചെയ്തതോടെ ‘ന’,‘റ’ എന്നീ ലിപികളുടെ ഇരട്ട ഉച്ചാരണത്തിനു് വച്ചിരിയ്ക്കുന്ന മാനദണ്ഡങ്ങളുടെ നിലനില്പു് നഷ്ടമായിരിയ്ക്കുന്നു. ‘ഫ’യുടെ ഇരട്ട ഉച്ചാരണത്തിനു് മാനദണ്ഡങ്ങളേ ഉണ്ടായിരുന്നില്ല. തവര്‍ഗത്തിലെ അനുനാസികമായ ‘ന’യുടേയും പവര്‍ഗത്തിലെ അതിഖരമായ ‘ഫ’യുടെയും ദ്രാവിഡമദ്ധ്യമമായ ‘റ’യുടെയും ലിപികള്‍ കടം കൊടുക്കുന്നതു് ഇനിയും തുടര്‍ന്നാല്‍ ഈ ലിപികള്‍ക്കു് സ്വന്തം ഉച്ചാരണം തന്നെ നഷ്ടമാകും.

മാവേലി രാജ്യത്തിന്‍റെ മലയാളഭാഷ- രണ്ടാം ഭാഗം ഇവിടെ
--------------------
അടിക്കുറിപ്പുകള്‍

0 മാവേലിചരിതം-ഓണപ്പാട്ടിന്റെ 52-ആം വരി മുതല്‍ 80-ആം വരി വരെ നോക്കുക.


1 കേരളീയ ജനതയുടെ ദേശീയ ആഘോഷമായ ഓണത്തിന്റെ സ്മാരകമാണു് കൊല്ലവര്‍ഷം എന്നു് ചിലര്‍ക്കു് അഭിപ്രായമുണ്ടു് -- എ. ശ്രീധര മേനോന്‍: കേരള ചരിത്രം; എസ്. വിശ്വനാഥന്‍ പ്രിന്റേഴ്സ് ആന്റ് പബ്ളീഷേഴ്സ് പ്രൈവറ്റ് ലിമിറ്റഡ്; 1999; (157-ആം പുറം).


2 കൊല്ലവര്‍ഷാരംഭം മിശിഹാവര്‍ഷം 825 ആഗസ്റ്റ് 25 ആണെന്നു് പൊതുവേ വിശ്വസിയ്ക്കപ്പെടുന്നു. എന്നാല്‍ രണ്ടു് കൊല്ലവര്‍ഷങ്ങള്‍ ഉണ്ടെന്നു് സാമാന്യേന അറിയപ്പെടാത്ത ഒരു കാര്യവുമാണു് - രണ്ടു് കൊല്ലം നഗരങ്ങള്‍ നിലവിലുണ്ടെന്നതു്പോലെത്തന്നെ. വടക്കന്‍ കൊല്ലവര്‍ഷം തുടങ്ങുന്നതു് കന്നി 1-നു് (സെപ്തംബര്‍) ആണു്. തെക്കന്‍ ദിക്കില്‍ കൊല്ലവര്‍ഷം തുടങ്ങുന്നതു് ചിങ്ങം 1-നും (ആഗസ്റ്റ്- സെപ്തംബര്‍)

ഒരു മാസത്തിന്റെ വ്യത്യാസം എങ്ങനെ കൊല്ലവര്‍ഷ നിര്‍ണയത്തില്‍ കടന്നു് കൂടി എന്നു് വ്യക്തമല്ല. ഏറ്റവും സ്വാഭാവികമായ വിശദീകരണം, രണ്ടു് പ്രത്യേക കൊല്ലവര്‍ഷങ്ങള്‍ (ഒന്നല്ല) നിലവിലുണ്ടു് എന്നായിരിയ്ക്കും......

......ഓണം കൊണ്ടാടുന്നതു് കൊല്ലവര്‍ഷാരംഭം കുറിക്കുന്ന മേല്‍ തീയതിയ്ക്കടുത്താണെന്നു് കാണേണ്ടതുണ്ടു്. ഉത്തര കേരളത്തില്‍ വസ്തു കൈമാറ്റങ്ങളും ജാതകങ്ങളും മറ്റു് രേഖകളും എഴുതുമ്പോള്‍ തിരുവോണത്തിനു് ഇത്ര തീയതിയ്ക്കു് മുമ്പു് എന്നു് രേഖപ്പെടുത്തുന്ന സമ്പ്രദായമുണ്ടു്.

--വില്യം ലോഗന്‍/ടി.വി. കൃഷ്ണന്‍ (പരിഭാഷകന്‍) : ലോഗന്റെ മലബാര്‍ മാനുവല്‍ ധ1887-ലെ കൃതിയുടെ പരിഭാഷ പ; മാതൃഭൂമി പ്രിന്റിങ് ആന്റ് പബ്ളീഷിങ് ലിമിറ്റഡ്, കോഴിക്കോട്; 3-ആം പതിപ്പ്; 1997, (പുറം : 164).

മലയാള നാട്ടില്‍ രണ്ടു് കൊല്ലവര്‍ഷങ്ങള്‍ നടപ്പിലുണ്ടെന്നും പറഞ്ഞു് കഴിഞ്ഞിട്ടുണ്ടു്-- വടക്കന്‍ കൊല്ലവര്‍ഷം മിശിഹാ വര്‍ഷം 825 ആഗസ്റ് 25-ന് തുടങ്ങുന്നു......

......825 ആഗസ്റ് 25 എന്ന തീയതി ഓണം ആഘോഷിയ്ക്കുന്ന തീയതിയാണെന്നു് കാണുക.”
--വില്യം ലോഗന്‍/ടി.വി. കൃഷ്ണന്‍ (പരിഭാഷകന്‍) : ലോഗന്റെ മലബാര്‍ മാനുവല്‍ ധ1887-ലെ കൃതിയുടെ പരിഭാഷ പ; മാതൃഭൂമി പ്രിന്റിങ് ആന്റ് പബ്ളീഷിങ് ലിമിറ്റഡ്, കോഴിക്കോട്; 3-ആം പതിപ്പ്; 1997; (പുറം 245)

കൊല്ലം 1-ആം ആണ്ടു് ചിങ്ങം 1-ആം തീയതി ക്രിസ്തു വര്‍ഷം 825 ജൂലായ് 25 ആണു് -- എ. ശ്രീധര മേനോന്‍: കേരള ചരിത്രം ; എസ്. വിശ്വനാഥന്‍ പ്രിന്റേഴ്സ് ആന്റ് പബ്ളീഷേഴ്സ് പ്രൈവറ്റ് ലിമിറ്റഡ്; 1999; (പുറം : 151).

3 ഒരു സ്വതന്ത്ര ഭാഷയെന്ന നിലയില്‍ മലയാളത്തിന്റെ ആവിര്‍ഭാവം കാണിയ്ക്കുന്ന ഏറ്റവും പഴയ രേഖകള്‍ 9-ആം ശതകത്തിലെ ശാസനങ്ങളിലാണു് കാണുന്നതു്. മൂലതമിഴ്-മലയാളം, തമിഴെന്നും മലയാളമെന്നും രണ്ടു് പ്രത്യേക ഭാഷകളായിവേര്‍തിരിഞ്ഞതു് നാലോ അഞ്ചോ ശതാബ്ദങ്ങള്‍ (ക്രിസ്തു വര്‍ഷം 9-13 വരെ നൂറ്റാണ്ടുകള്‍) കൊണ്ടാണു് എന്നത്രേ പഴയ രേഖകളില്‍ നിന്നു് മനസ്സിലാകുന്നതു്.--വി.ആര്‍ പ്രബോധചന്ദ്രന്‍ നായര്‍: ഭാഷ/ സമ്പാ. ഡോ. കെ.എം. ജോര്‍ജ്: ഭാരതീയ സാഹിത്യ ചരിത്രം; കേരള സാഹിത്യ അക്കാദമി, തൃശൂര്‍; 1982; പുറം 794 --
ആര്‍. രഘുനാഥന്‍: മലയാള ഭാഷോത്പത്തി-വിവരണാത്മക സൂചിക; കേരള ഭാഷാ ഇന്‍സ്റിറ്റ്യൂട്ടു്, തിരുവനന്തപുരം; 1989 സെപ്തംബര്‍; പുറം 75.

4 കൊല്ലവര്‍ഷത്തിന്റെ ഉത്പത്തി കേരളത്തില്‍ വലുതായ ഒരു പരിവര്‍ത്തന ഘട്ടത്തെ പ്രത്യക്ഷീകരിക്കുന്നു; ബുദ്ധജൈന മതങ്ങളെ തുരത്തി സനാതന ഹൈന്ദവമതത്തെ സ്ഥാപിച്ചതും മറ്റനേകം സാഹചര്യങ്ങളും ഒത്തു്കൂടി കേരളീയര്‍ ഒരു ജനതയായിത്തീരുവാന്‍ ആരംഭിച്ചതും ഈ ഘട്ടം മുതലാണു്; പ്രത്യേക ജന വിഭാഗമെന്ന നിലയില്‍ ഗ്രാമ്യത്വം, ദേശീയത്വം എന്നിവ കൂടിക്കൂടി പാണ്ടിത്തമിഴിനാല്‍ ആക്രമിക്കപ്പെട്ടിരുന്ന കേരളഭാഷ പ്രത്യേകതയെ പ്രാപിച്ചു് തുടങ്ങിയതും മറ്റൊരു ഘട്ടത്തിലായിരുന്നില്ല എന്നിങ്ങനെ, ടി.എം. ചുമ്മാര്‍, പദ്യ സാഹിത്യ ചരിത്രം എന്ന ഗ്രന്ഥത്തിന്റെ (പ്രസാ: സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം, 1973)25-ആം പുറത്തു് വിവരിച്ചിരിക്കുന്നതു് നോക്കുക.


ജൈന-ബുദ്ധ മതങ്ങളുടെ തുടര്‍ച്ചയായി വികസിച്ചതും കേരളത്തിലെ ഇന്നത്തെ മൂന്നു് പ്രധാന മതവിഭാഗങ്ങളില്‍ രണ്ടെണ്ണവുമായ ക്രിസ്തീയ-മുഹമ്മദീയ മതങ്ങളെ സംബന്ധിച്ചിടത്തോളവും അക്കാലം സുപ്രധാനമായിരുന്നു. കൃഷിയും കച്ചവടവും തൊഴിലാക്കിയിരുന്ന മാര്‍ത്തോമ്മാ-നസ്രാണി മാപ്പിളമാരുടെയും മുഹമ്മദീയ മാപ്പിളമാരുടെയും ദേവാലയങ്ങള്‍ക്കു്, ജൈന-ബുദ്ധ ദേവാലയങ്ങളെ കുറിയ്ക്കാനുപയോഗിച്ചിരുന്ന പള്ളി എന്ന പേരു് കിട്ടിയതു് അവരുടെ ജൈന ബുദ്ധ പാരമ്പര്യത്തെയും രണ്ടു് വിഭാഗത്തിലുംപെട്ട മാപ്പിളമാര്‍ ആദ്യം ഒറ്റ സമുദായമായിരുന്നുവെന്ന കാര്യത്തെയും സൂചിപ്പിക്കുന്നതാണു്. അസുറിയ-ബാവേരു് ദേശങ്ങളുമായുള്ള കച്ചവടവുമായി ബന്ധപ്പെട്ടു് മാപ്പിളമാരില്‍ ഉളവായ മുഹമ്മദീയ പ്രവണതയെ അസുറിയയില്‍ നിന്നു് വന്ന സഭാ മേലദ്ധ്യക്ഷനും കച്ചവടക്കാരുമുള്‍പ്പെട്ട തരിസാക്കളുടെ സഹായത്തോടെ മാര്‍ത്തോമ്മാ നസ്രാണിമാപ്പിളമാര്‍ തരിസാ (സത്യ) വിശ്വാസമുറപ്പിച്ചു് കൊണ്ടു് നിരാകരിച്ചതു് മൂലം മാപ്പിളമാര്‍ രണ്ടു് വിഭാഗമായി തിരിഞ്ഞതു് അക്കാലത്തായിരുന്നു. ക്രിസ്തുവര്‍ഷം 1-ആം നൂറ്റാണ്ടിന്റെ മദ്ധ്യം മുതലേ കേരളത്തില്‍ സാന്നിദ്ധ്യമുണ്ടായിരുന്ന മലങ്കര സഭ (കേരള ക്രിസ്തുമതം) മുഹമ്മദീയ പ്രവണതയെ അതിജീവിച്ചതു് തെക്കേകൊല്ലത്തു് ക്രിസ്തീയ കച്ചവടക്കാര്‍ സങ്കേതമുറപ്പിച്ചപ്പോള്‍ ആയിരുന്നു എന്നതു്കൊണ്ടു് ക്രിസ്തുമതത്തിനു് അതു് നിര്‍ണ്ണായക കാലവും മുഹമ്മദീയ മതത്തിനു് അതു് വ്യവസ്ഥാപിതമായ കാലവുമായിരുന്നു എന്നു് കരുതാം. തെക്കേകൊല്ലത്തു് തരിസാപള്ളിയ്ക്കു് കിട്ടിയ അവകാശത്തെ മലങ്കരസഭയുടെ നിലനില്പുമായി ബന്ധപ്പെടുത്തിക്കാണുന്നതും ‘കേരള രാജാവു് ചേരമാന്‍ പെരുമാള്‍’ മുഹമ്മദീയ മതം സ്വീകരിച്ചെന്ന സങ്കല്പത്തെ അക്കാലവുമായി ബന്ധപ്പെടുത്തിക്കാണുന്നതും കൂട്ടിച്ചേര്‍ത്തു് കാണണം. മലബാറിലെ മാപ്പിളമാര്‍ മുഹമ്മദീയരായി മാറിയതു്കൊണ്ടു് കൊല്ലവര്‍ഷാരംഭം മുതല്‍ മാര്‍ത്തോമ്മാ നസ്രാണി മാപ്പിളമാര്‍ മദ്ധ്യകേരളത്തിനു് തെക്കായി ഒതുങ്ങി. പറങ്കികളുടെ ഇടപെടല്‍കാലത്തു് (കൊല്ലം 8-9 നൂറ്റാണ്ട്ു / ക്രിസ്തുവര്‍ഷം 16-17 നൂറ്റാണ്ടു്) വടക്കന്‍ കേരളത്തില്‍ ക്രിസ്ത്യാനികള്‍ ഇല്ലാതിരുന്നതു് അതു്കൊണ്ടാണു്. - പത്രാധിപര്‍


5 ജാതി, മതം, പ്രദേശം മുതലായവയുടെ അടിസ്ഥാനത്തില്‍ നിലവിലിരുന്ന ഉപഭാഷാഭേദങ്ങള്‍ നിര്‍മാര്‍ജനം ചെയ്തു് ഒരു ഭാഷ, പ്രദേശത്തിനൊട്ടാകെ സ്വീകാര്യമായ നിലവാരം സ്ഥാപിയ്ക്കുകയെന്നതാണു് സമീകരണമെന്നതുകൊണ്ടു് ഉദ്ദേശിയ്ക്കപ്പെട്ടിട്ടുള്ളതു്. ഭാഷ ഇങ്ങനെ നിലവാരപ്പെടുമ്പോള്‍ അതിലെ വൈചിത്യ്രം ഒരളവോളം നഷ്ടപ്പെടുന്നുണ്ടു്. ഇതു് ഒഴിച്ചുകൂടാത്തതാണു്; കാരണം ഈ നഷ്ടം മറ്റൊരു വിധത്തില്‍ അളവറ്റ ലാഭം നേടിത്തരുന്നു. രാജ്യത്തിന്റെ ഒരറ്റം മുതല്‍ മറ്റേ അറ്റം വരെ എല്ലാ വിഭാഗങ്ങളിലുമുള്‍പ്പെട്ട ജനങ്ങള്‍ക്കിടയില്‍ സുഗമമമായി നടക്കുന്ന ആശയ പ്രചരണമാണു് ഈ ലാഭം. ഈ ലാഭം കൈവരുന്നതിനു് അനുപേക്ഷണീയമായ ഐകരൂപ്യം ഭാഷയില്‍ ഉണ്ടായേ മതിയാവൂ.--
എന്‍.വി. കൃഷ്ണവാര്യര്‍: പത്രഭാഷ/ പത്രഭാഷ (പ്രബന്ധ സമാഹാരം) ; കേരള പ്രസ് അക്കാദമി; 1983 ഡിസംബര്‍, (പുറം 32)


6 തുറവിടം എന്ന മൂലത്തില്‍ നിന്നാണു് ദ്രാവിഡം എന്ന സംസ്കൃത വാക്കിന്റെ ആവിര്‍ഭാവം. തുറന്ന ഇടം അല്ലെങ്കില്‍ തുറസ്സായിക്കിടക്കുന്ന ഇടം എന്നാണു് തുറവിടത്തിന്റെ അര്‍ത്ഥം. -- കവിയൂര്‍ മുരളി: ദലിത ഭാഷ; കറന്റ് ബുക്സ്; 1997 ജനുവരി, (പുറം 131). തറവിടം, തറയിടം, തുറവിടം എന്നിവകളിലെ തറ അല്ലെങ്കില്‍ തുറ എന്ന പദം തൃപ്പൂണിത്തുറ, തുറമുഖം, കടവുംതറ, തറക്കൂട്ടം തുടങ്ങിയ സംയുക്തപദങ്ങളില്‍ ഉള്ളതു് ശ്രദ്ധിയ്ക്കുക.

7 ഇതു് സംബന്ധിച്ച രണ്ടു് വീക്ഷണങ്ങള്‍ ചുവടെ ചേര്‍ക്കുന്നു:
(ക) ഈ വക പേരുകള്‍ അതാതു് പ്രദേശത്തു്കാര്‍ എങ്ങനെ എഴുതുകയും ഉച്ചരിയ്ക്കുകയും ചെയ്യുന്നുവോ അതു് പോലെ എഴുതി അതു് പോലെ ഉച്ചരിയ്ക്കുകയാണു് സമീചീനം--എന്‍.വി. കൃഷ്ണവാര്യര്‍: പത്രഭാഷ/ പത്രഭാഷ (പ്രബന്ധ സമാഹാരം); കേരള പ്രസ്സ് അക്കാദമി; 1983 ഡിസംബര്‍; (പുറം 33).

(ഖ) പേരു്കള്‍ അതാതു് പ്രദേശത്തു്കാര്‍ എഴുതുകയും ഉച്ചരിയ്ക്കുകയും ചെയ്യുന്നതു് പോലെ വേണം നമ്മളും ചെയ്യേണ്ടതെന്ന് പറഞ്ഞാല്‍ അവരുടെ ലിപികളും സ്വരസാധനയും മറ്റും വേണ്ടിവരും. -- എ.പി. ഉദയഭാനു: പത്രഭാഷയും സാഹിത്യഭാഷയും/ പത്രഭാഷ (പ്രബന്ധ സമാഹാരം); കേരള പ്രസ്സ് അക്കാദമി; 1983 ഡിസംബര്‍; (പുറം 43).

8 ഉദാ :- ഐന്‍സ്റ്റയിന്‍ (ഐന്‍സ്റീന്‍ തെറ്റു്)

9 ഉദാ :- യുണൈറ്റഡ് നേഷന്‍സ് ഓര്‍ഗനൈസേഷന്‍ (യു.എന്‍.ഒ.) എന്നതു് ഐക്യരാഷ്ട്ര സംഘടന (ഐരാസ) എന്നു് വേണം.
റോമാ കത്തോലിക്കാ സഭയുടെ ഔദ്യോഗിക ഭാഷയായ ലത്തീനില്‍ യോഹനൂസ് പാവ് ലൂസ് സെക്കന്തും പാപ്പ എന്നും ആംഗലഭാഷയില്‍ പോപ് ജോണ്‍ പോള്‍ സെക്കന്റ് എന്നും വിളിക്കുന്ന റോമാ പാത്രിയര്‍ക്കീസിന്റെ /കാതോലിക്കോസിന്റെ പേരു് മലയാളത്തില്‍ യോഹന്നാന്‍ പൌലോസ് രണ്ടാമന്‍ പാപ്പ എന്നാണു് വേണ്ടതു്.

10 ഉദാഹരണം :- റാണ സംഗ എന്ന പേരു് റാണ സംഗ്രാമസിംഹന്‍. മറ്റുദാഹരണങ്ങള്‍ :- മോഹനന്‍ (മോഹന്‍ തെറ്റു്), സുരേശന്‍ (സുരേഷ് തെറ്റു്), അര്‍ജുനന്‍ (അര്‍ജുന്‍ തെറ്റു്), അനിലന്‍ (അനില്‍ തെറ്റു്), മോഹന ദാസ കര്‍മ ചന്ദ്ര ഗാന്ധി (മോഹന്‍ദാസ് കരം ചന്ദ് ഗാന്ധി തെറ്റു്)

11 തിരുവനന്തപുരം എന്ന ഏഴക്ഷരമുള്ള പദം ട്രിവാന്‍ഡ്രം എന്ന മൂന്നക്ഷരമായി ചുരുങ്ങി. ഇതു് ഇംഗ്ളീഷിന്റെ വര്‍ണഘടനാപരമായ പ്രത്യേകതയ്ക്കിണങ്ങുന്ന ഏറ്റവും സ്വാഭാവികമായ ഒരു പ്രക്രിയ മാത്രമാണു്. അതു് പാടില്ലെന്നു് ശഠിക്കാന്‍ മലയാളികള്‍ക്കു് വാസ്തവത്തില്‍ ഒരധികാരവുമില്ല. -- ഡോ. വി.ആര്‍. പ്രബോധചന്ദ്രന്‍; മാതൃഭൂമി വാരാന്തപ്പതിപ്പു്, 1990 ഡിസംബര്‍.

12 നാം ആദ്യം കളഞ്ഞു്കുളിച്ചതു് നമ്മുടെ പേരു്കളായിരുന്നു. -- എ.പി. ഉദയഭാനു : പത്രഭാഷയും സാഹിത്യഭാഷയും/ പത്രഭാഷ (പ്രബന്ധ സമാഹാരം); കേരള പ്രസ് അക്കാദമി; 1983 ഡിസംബര്‍, (44-ആം പുറം).

13 സുബ്രതോ മുക്കര്‍ജി എന്നു് കണ്ടാല്‍ സുവ്രത മുഖര്‍ജി എന്നു് വേണം നാം എഴുതാന്‍. റാഷ് ബിഹാരി എന്നു് കണ്ടാല്‍ രാസവിഹാരി ആണെന്നും ഷിബ് നാരായണന്‍, ശിവ നാരായണന്‍ ആണെന്നും അനിറൂഡ് ജുഗ്നാഥ്, അനിരുദ്ധ ജഗന്നാഥന്‍ ആണെന്നും മനസ്സിലാക്കി എഴുതാന്‍ ശ്രദ്ധിയ്ക്കണം. ഓരോ ഭാഷയ്ക്കും തനതായ ശബ്ദസ്വരൂപവും വിന്യാസതാളവുമുണ്ടു്. അതു് തെറ്റിച്ചാല്‍ ഭാഷയുടെ ഈണവും സുഖവും എല്ലാം മാറും. -- എസ്. ഗുപ്തന്‍ നായര്‍; മാതൃഭൂമി ദിനപത്രം 1996 ജൂലായ് 24.

ഏതു് ഭാഷയാണെങ്കിലും അതിലെ വാക്കു്കള്‍ ഉച്ചരിയ്ക്കുന്നതിനു് അതു് സംസാരിയ്ക്കുന്ന ജനപഥത്തിന്റെ പൊതുധാരണയില്‍ നിന്നു് രൂപം കൊള്ളുന്ന ഒരു ഉച്ചാരണരീതി ഉണ്ടായിരിയ്ക്കും.- ഡിക്ഷ്ണറി ഓഫ് ഇംഗ്ളീഷ് ഫോര്‍ ദ സ്പീക്കേഴ്സ് ഓഫ് മലയാളം [ചീഫ് എഡിറ്റര്‍: എന്‍.എ. കരീം]; നാഷണല്‍ എജ്യൂക്കേഷണല്‍ റിസേര്‍ച്ച് സെന്റര്‍, തിരുവനന്തപുരം-14; 1998; പുറം : എഫ് 15


--അവലംബം : മാവേലിരാജ്യം-ഒന്നാം പുസ്തകം
മാവേലി രാജ്യത്തിന്‍റെ മലയാളഭാഷ- രണ്ടാം ഭാഗം ഇവിടെ

20070719

നാരായണന്‍


നാരായണന്‍ എന്ന പദത്തിനു് മനുഷ്യസമൂഹത്തിന്‍റെ മനുഷ്യപരമായ നിലനില്പു് എന്നാണു് യുക്തിപരമായ അര്‍ത്ഥം. നരരുടെ അയമെന്നയാള്‍ ആണു് നാരായണര്‍ അഥവാ നാരായണന്‍. കഴിഞ്ഞതും ഇപ്പോഴത്തേതും വരാനിരിയ്ക്കുന്നതുമായ കാലത്തിലൂടെ സ്ത്രീ-പുരുഷ മനുഷ്യ സമൂഹം നടത്തിക്കൊണ്‍ടിരിയ്ക്കുന്ന നരപരമായ യാത്രയാണു് നര അയനം (നാരായണം).
നര സമൂഹത്തിന്‍റെ കാലാതിവര്‍ത്തിയായ തനിമയായിരിയ്ക്കുന്ന സ്ത്രീയും പുരുഷനുമായ നാരായണരിലാണു് മനുഷ്യവര്‍ഗത്തിന്‍റെ സ്ഥിതിയും നിലനില്പും. മനുഷ്യ സമാജത്തിന്‍റെ മൂലം എന്ന നിലയില്‍ നാരായണര്‍ മാതേവരുടെ(സര്‍വേശ്വരരുടെ) ഒരു വ്യക്തിത്വമാണു്. അതായതു് മനുഷ്യരെ തന്‍റെ തത്സ്വരൂപത്തില്‍ സൃഷ്ടിച്ച ദൈവ വ്യക്തിത്വമാണു് നാരായണന്‍.
അകാലികനായ നാരായണനും കാലികനായ മനുഷ്യനും തമ്മിലുള്ള വ്യത്യാസം തിരിച്ചറിഞ്ഞു് കാലിക മനുഷ്യന്‍ പൂര്‍ണത (മോക്ഷം/ശാന്തി/രക്ഷ) തേടി നാരായണനെപ്പോലെയായിത്തീരണമെന്നതാണു് സനാതനമായ മനുഷ്യ ധര്‍മം അഥവാ സത്യ ധര്‍മം. വ്യക്തിയുടെ പൂര്‍ണത, സമകാലിക സാര്‍വത്രിക മനുഷ്യ സമാജത്തിലും അതിന്‍റെ പൂര്‍ണത, കഴിഞ്ഞതും വരാനിരിയ്ക്കുന്നതുമായ സാര്‍വത്രിക മനുഷ്യ സമാജത്തിലുമായി വ്യാപിച്ചു് കിടക്കുന്നു. എന്നത്തെയും എവിടത്തെയുമായ സമ്പൂര്‍ണ സ്ത്രീ-പുരുഷസമാജമാണു് നാരായണ പ്രതിരൂപം.
--അവലംബം : മാവേലിരാജ്യം-ഒന്നാം പുസ്തകം

20070126

മലയാള ലിപി അച്ചെഴുത്തു്



മലയാള ലിപിവിന്യാസം

മലയാളലിപിയില്‍ ടൈപ്പ് ചെയ്യുവാന്‍ ഇവിടെ ക്ലിക്ക് ചെയ്ത് ഗൂഗിള്‍‍ ഇന്‍പുട്ട് ടൂള്‍സ് ഉപയോഗിയ്ക്കാം.