20070822

മാവേലി രാജ്യത്തിന്‍റെ മലയാളഭാഷ

ശ്രീമഹാബലി സ്ഥാപിച്ച ഓണമെന്ന0 വിജയാഘോഷത്തിന്റെ പുനരാരംഭവും1 കൊല്ലവര്‍ഷമെന്ന പഞ്ചാംഗത്തിന്റെ തുടക്കവും2 ചോള-പാണ്ഡ്യ ദേശങ്ങളിലെ ഭാഷയുമായുള്ള മലയാളഭാഷയുടെ വേര്‍പിരിയലും3 ഒരേ കാലത്താണുണ്ടായതു്4. മലയാളസമൂഹത്തിന്റെ ഭാഷയും സംസ്കാരവും തനിമയും സാമുദായിക ധാരണയും രൂപപ്പെട്ടതു് മലയാള ദേശത്തെ വിവിധ സാമൂഹിക വിഭാഗങ്ങള്‍ തമ്മില്‍ ഉറപ്പിച്ച സാമൂഹികവും സാംസ്കാരികവും രാഷ്ട്രീയവുമായ ഒത്തു്തീര്‍പ്പിന്റെ ഫലമായിട്ടായിരുന്നുവെന്ന വസ്തുതയിലേയ്ക്കു് അതു് സൂചന നല്കുന്നു. ഒരു വിഭാഗത്തെയും പരാജയപ്പെടുത്താത്തതായ ഈ അലിഖിത ഒത്തു്തീര്‍പ്പിനെ സ്വന്ത വിജയമാക്കി മാറ്റുവാന്‍ ഓരോ വിഭാഗവും മറ്റു് വിഭാഗങ്ങളോടു് മല്‍സരിച്ചു്കൊണ്ടിരുന്നെങ്കിലും എല്ലാ വിഭാഗങ്ങളും അതിനെ മാനിച്ചിരുന്നു. അതു്കൊണ്ടു് ഇടക്കാലത്തു് പിന്തള്ളപ്പെട്ട വിഭാഗങ്ങളുടെ തിരിച്ചു്വരവിനും ഈ ധാരണ തന്നെ അടിസ്ഥാനമായി മാറി. മനുഷ്യരെല്ലാവരും ഒന്നു്പോലെയും ആപത്തൊന്നുമില്ലാതെ ആനന്ദത്തോടെയും വസിയ്ക്കുന്നതായ മാവേലി നാടു്വാണിടുന്ന കാലത്തെക്കുറിച്ചുള്ള സജീവമായ ചിന്തയും പ്രതീക്ഷയും,എപ്പോഴും മലയാള സംസ്കാരത്തിന്റെ അടിത്തറയും അന്തഃസത്തയുമായിരിയ്ക്കുകയും ചെയ്യുന്നു.


സാമൂഹികമായും രാഷ്ട്രീയമായും മേധാവിത്തം പുലര്‍ത്തിയ വിഭാഗങ്ങളുടെ താല്‍പര്യപ്രകാരം ഭാഷ വികസിച്ചപ്പോള്‍ സംഭവിച്ച വൈകല്യങ്ങള്‍ കണ്ടെത്തി പരിഹരിയ്ക്കേണ്ടതു് അതു്കൊണ്ടാണു്. ഭാഷയ്ക്കു് അടിസ്ഥാനപരമായി വര്‍ഗ്ഗ-വര്‍ണ്ണ-ലിംഗ രഹിത സ്വഭാവമാണുള്ളതെന്നു് തിരിച്ചറിഞ്ഞാലേ അതിനു് കഴിയൂ. മേല്ക്കോയ്മ നേടിയ വിഭാഗങ്ങള്‍ അതു് നിലനിറുത്തുന്നതിനു് ഭാഷയെ ആയുധമാക്കുകയും അതിനു് പറ്റിയ പദാവലിയും ശൈലിയുമുണ്ടാക്കുകയും ചെയ്തിരിയ്ക്കുമ്പോള്‍ അതിനെ ചെറുക്കേണ്ടതു് നിഷ്പക്ഷവും സാമൂഹികപ്രതിബദ്ധവുമായ പദാവലിയും ശൈലിയും വികസിപ്പിച്ചെടുത്തു് കൊണ്ടാണു്. ഭാഷയിലെ ആണ്‍കോയ്മയെ തടയാനും സ്ത്രീ-പുരുഷ സമത്വത്തെ നിലനിറുത്താനുമായി അലിംഗാര്‍ത്ഥ പദഘടനയും പ്രയോഗങ്ങളും വളര്‍ത്തണം. സ്വാതന്ത്യ്രത്തിന്റെയും സമത്വത്തിന്റെയും സാഹോദര്യത്തിന്റെയും ആദര്‍ശത്തെ സമൂഹം ഉള്‍ക്കൊള്ളുമ്പോള്‍ അവരുടെ ഭാഷയും അതനുസരിച്ചു് മാറും. സ്ഥാപിതതാല്‍പര്യത്തില്‍ അധിഷ്ഠിതമല്ലാത്ത ഭാഷയ്ക്കു് വേണ്ടിയുള്ള രാഷ്ട്രീയ-സാമൂഹിക സമരത്തിലൂടെയേ വിമോചനത്തിന്റെയും സമത്വത്തിന്റെയും ഭാഷ നിലനില്ക്കൂ.


വ്യവഹാരഭാഷ എന്ന നിലയില്‍ ജനകീയഭാഷ, പ്രാദേശികമായ ഭാഷാഭേദങ്ങള്‍ സമന്വയിച്ചതാണു്. ഭാഷാഭേദങ്ങളിലേതെങ്കിലുമൊന്നു്, മറ്റുള്ളവയുടെ മേല്‍ ആധിപത്യം സ്ഥാപിയ്ക്കുന്നതല്ല, മറിച്ചു് ഭാഷാഭേദങ്ങളുടെ ഒത്തു്ചേരലിലൂടെ സംഭവിയ്ക്കുന്നതാണു് ഭാഷയുടെ മാനകീകരണം5. ചരിത്രപരമായ വളര്‍ച്ചയുടെ ഭാഗമായി നമ്മുടെ ഭാഷയ്ക്കു് ജനസാമാന്യം ചിട്ടപ്പെടുത്തിയതായ വ്യാകരണ നിയമങ്ങള്‍ ഉരുത്തിരിഞ്ഞിട്ടുണ്ടു്. ആശയ ഗ്രഹണം സുസാദ്ധ്യമായിരിയ്ക്കുവാന്‍ ഭാഷയ്ക്കു് ഐകരൂപ്യം ആവശ്യമായിരുന്നു. ഭാഷകൊണ്ടുള്ള പ്രയോജനം വിപുലമാകുവാനും നിലവിലുള്ള ഭാഷ മറ്റൊരു ഭാഷയായി തീരാതിരിയ്ക്കുവാനും ഭാഷാവിഷയകമായ ചില പൊതുനിയമങ്ങള്‍ പാലിയ്ക്കേണ്ടി വരും.


ദ്രാവിഡ ഭാഷയെന്ന തറവിടഭാഷയുടെ6 ഒരു ശാഖയാണു് നമ്മുടെ ഭാഷ. ചോള-പാണ്ഡ്യദേശങ്ങളിലെ തമിഴും മലയാളദേശത്തെ തന്‍മൊഴിയും ഒരു കാലത്തു് ഒരേ ഭാഷയുടെ പ്രാദേശികഭേദങ്ങള്‍ മാത്രമായിരുന്നെങ്കിലും പരസ്പര സമ്പര്‍ക്കം കുറഞ്ഞതോടെ വെവ്വേറെ ഭാഷകളായി വികസിയ്ക്കുകയായിരുന്നുവല്ലോ. ദ്രാവിഡ ഭാഷകള്‍ക്കും പാലിയ്ക്കും പ്രാകൃതത്തിനും സംസ്കൃതത്തിനും പുറമെ പരദേശികളുടെ പാരസിക ഭാഷ, അറബിഭാഷ, സുറിയാനി ഭാഷ, യവന ഭാഷ, ചീന ഭാഷ, പറങ്കി ഭാഷ തുടങ്ങിയവകളുമായുള്ള സമ്പര്‍ക്കത്തിലൂടെ നിരവധി മറു്നാടന്‍പദങ്ങളും ആശയങ്ങളും സ്വായത്തമാക്കിയാണു് നമ്മുടെ തന്‍മൊഴി വളര്‍ന്നതു്. യൂറോപ്യരുടെ ആംഗല ഭാഷ, പരന്തിരിയസ് ഭാഷ തുടങ്ങിയ മൊഴികളില്‍ നിന്നും ഹിന്ദി പോലുള്ള ഉത്തരേന്ത്യന്‍ മൊഴികളില്‍ നിന്നുമൊക്കെ ഇപ്പോള്‍ പദങ്ങള്‍ സ്വീകരിയ്ക്കുന്നുമുണ്ടു്.


അപരിചിതവും പുതിയതുമായ ആശയങ്ങളും സിദ്ധാന്തങ്ങളും സമ്പ്രദായങ്ങളും പ്രകാശിപ്പിയ്ക്കുവാന്‍ പദങ്ങളും ശൈലികളും വേണ്ടിവന്നപ്പോള്‍ അതു് കണ്ടെത്തേണ്ടിയിരുന്നതു്, ആദ്യകാലത്തു് ഗദ്യ-പദ്യ ഗ്രന്ഥകര്‍ത്താക്കളായിരുന്നെങ്കില്‍ പിന്നീടതു് പ്രധാനമായും വൃത്താന്തപത്രപ്രവര്‍ത്തകരുടെ ചുമതലയിലായി. ഉലകത്തിലെ സംഭവിവകാസങ്ങളെയും ഉരുത്തിരിയുന്ന പുതിയ ആശയങ്ങളെയും കുറിച്ചു് വിവരം കൊടുക്കുവാന്‍ വേണ്ട പദങ്ങളുടെ ആവശ്യം ആദ്യം വരുന്നതു് വൃത്താന്ത പത്രങ്ങളിലാണു്, അതായതു് വാര്‍ത്താമാദ്ധ്യമങ്ങളിലാണു്. ഭാഷയിലെ പദങ്ങളെ പുതുതായി കൂട്ടിച്ചേര്‍ത്തു് തന്നെ പുതിയ വാക്കുകള്‍ സൃഷ്ടിച്ചും ചില പദങ്ങള്‍ക്കു് പുതിയ അര്‍ത്ഥത്തില്‍ പ്രയോഗം നല്കിയും സാധാരണയായി ഉപയോഗിയ്ക്കാതെ വിട്ടിട്ടുള്ള പദങ്ങള്‍ക്കു് പ്രയോഗപ്രാചുര്യം കൊടുത്തും നിവൃത്തിയില്ലാതെ വന്നാല്‍ മറു്നാടന്‍ ഭാഷാപദങ്ങള്‍ ഭാഷയ്ക്കിണങ്ങും വിധം ഉള്‍ക്കൊണ്ടും കടമെടുത്തും ആണു് പദ ആവശ്യങ്ങള്‍ നിറവേറ്റുന്നതു്*. മറു്നാടന്‍ ഭാഷാപദങ്ങള്‍ കൈക്കൊള്ളേണ്ടി വരുമ്പോള്‍ ദ്രാവിഡ ഗോത്രത്തിലെ സഹോദരീ ഭാഷകളെയോ ബന്ധുക്കളായ സംസ്കൃതം, ഹിന്ദി തുടങ്ങിയ മറ്റു് ഭാരതീയ മൊഴികളെയോ ആശ്രയിയ്ക്കാനാവില്ലെങ്കില്‍ മാത്രമേ വൈദേശിക പദങ്ങളെ അന്വേഷിയ്ക്കേണ്ടതുള്ളൂ. മറ്റു് ഭാഷയില്‍ നിന്നുള്ള പദങ്ങളുടെ കടമെടുപ്പു് നേട്ടമായി മാറണമെങ്കില്‍ നമ്മുടെ മൊഴിയുടെ തനിമ നിലനിറു്ത്താന്‍ ബോധപൂര്‍വ്വം ശ്രമിയ്ക്കണം. കടമെടുപ്പു് ഭാഷയില്‍ അവ്യവസ്ഥയുണ്ടാക്കിയാല്‍ ലളിതവും ഓജസ്സുറ്റതുമായ നമ്മുടെ ഭാഷയുടെ ശൈലിയാണില്ലാതാവുന്നതു്.


പരദേശിപ്പേരുകള്‍7 ഭാഷയുടെ പദസഞ്ചയത്തിലേയ്ക്കു് കടന്നു് വരേണ്ടതു് അവയുടെ മൂലോച്ചാരണത്തിനോ8 ആശയത്തിനോ9 അനുസൃതമായും മലയാളമൊഴിയ്ക്കൊത്ത വിധവും10 ആയിരിയ്ക്കണം. എന്നാല്‍ മൂലഭാഷയില്‍ നിന്നു് നേരിട്ടു് പകര്‍ന്നു് കിട്ടാതെയും മറ്റു് ഭാഷകളിലൂടെ ആ ഭാഷകളുടെ വര്‍ണ്ണഘടനയ്ക്കൊത്തവിധം11 കിട്ടുന്നതിനെ ആശ്രയിയ്ക്കേണ്ടി വരികയും ചെയ്യുമ്പോള്‍ വാക്കുകള്‍ക്കു് വൈകല്യം സംഭവിയ്ക്കുക സ്വാഭാവികമാണു്. എന്നു്വച്ചു് അത്തരം വൈകല്യങ്ങളെ ഭാഷ ഉള്‍ക്കൊള്ളേണ്ടതില്ല. മൂലരൂപം കണ്ടെത്തി അതിനു് ചേര്‍ന്നവിധം രൂപപ്പെടുത്തിയ പദമായിട്ടേ അവ ഭാഷയുടെ പദാവലിയുടെ ഭാഗമാകേണ്ടതുള്ളൂ. ഉദാഹരണത്തിനു്, ഴ്ഷ്ഴാങ് വാല് ഴ്ഷ്ഴാങ് എന്ന പേരു് ജീന്‍ വാല് ജീന്‍ എന്നോ സുഭാസ് ചന്ദ്ര ബസു എന്ന പേരു് സുഭാഷ് ചന്ദ്ര ബോസ് എന്നോ അടല് ബിഹാരി വാജ്പേയ് എന്ന പേരു് അതല്‍ ബിഹാരി ബാജ്പൈ എന്നോ അസം എന്ന ഭാരതീയ സംസ്ഥാനത്തിന്റെ പേരു് ആസ്സാം എന്നോ അംഗീകരിയ്ക്കുവാന്‍ പറ്റില്ല. മാത്രവുമല്ല മലയാളവാക്കു്കളുടെ ദേശ്യഭേദം അടങ്ങിയ സുഭാസ് ചന്ദ്ര ബസു, അടല് ബിഹാരി വാജ്പേയ് തുടങ്ങിയ പേരു്കള്‍ സുഭാസ ചന്ദ്ര വസു, അടല വിഹാരി വാജപേയി എന്നിങ്ങനെ മലയാളരൂപമായി കൈക്കൊള്ളുകയാണു് കരണീയം.


കാരണം, നമ്മുടെ ഭാഷയുടെ പദസഞ്ചയത്തിന്റെ ഭാഗമായ വ്യക്തിനാമങ്ങളുടെയും സ്ഥലനാമങ്ങളുടെയും സ്ഥാനത്തു് അവയുടെ മറു്നാടന്‍ഭാഷാരൂപങ്ങള്‍ കടന്നു് വരുന്നതും മലയാളത്തില്‍ സ്വാധീനവും ആധിപത്യവും നേടുന്നതും അപകടമാണെന്നതാണു്. നമ്മുടെ മൊഴിയിലെ പേരു്കളെയും പദങ്ങളെയും അവ വികലമാക്കുകയും നശിപ്പിയ്ക്കുകയും ചെയ്യുന്നുവെന്നതാണാ അപകടം12. ഒരു ജനതയെ നശിപ്പിയ്ക്കുവാന്‍ ഏറ്റവും നല്ല മാര്‍ഗ്ഗം അവരുടെ ഭാഷയുടെ പദാവലിയെ നശിപ്പിയ്ക്കുകയാണെന്ന അഭിപ്രായം പരന്തിരിയസ് യുദ്ധപ്രഭുവായിരുന്ന നെപ്പോളിയന്‍ പുലര്‍ത്തിയിരുന്നുവെന്നോര്‍ത്താല്‍ നാം നേരിടുന്ന ഭീഷിണിയുടെആഴമറിയാം. നമ്മുടെ മൊഴിയിലെ പേരു്കള്‍ പലതും സംസ്കൃതഭാഷയില്‍ നിന്നു് സ്വന്തമാക്കിയതാണെങ്കിലും അവ മറ്റു് ഭാഷക്കാര്‍ അവരുടെ മൊഴിയ്ക്കും സംസ്കാരത്തിനുമിണങ്ങുന്ന വിധം എഴുതുകയും വിളിയ്ക്കുകയും ചെയ്തതില്‍ നിന്നു് കൂടി കടമെടുക്കേണ്ട കാര്യമില്ല. മറ്റു് ഭാഷയിലെ പേരു്കള്‍ നമ്മുടെ ഭാഷയിലെ പദങ്ങളുടെയോ പേരു്കളുടെയോ ദേശ്യ ഭേദങ്ങളാണെങ്കില്‍ അവയ്ക്കു് നമ്മുടെ ഭാഷയില്‍ നമ്മുടെ ഭാഷയിലെ രൂപമേ പാടുള്ളൂ എന്നതാവണം പ്രമാണം13.


നമ്മുടെ ദേശത്തിനു് സമ്പര്‍ക്കമുണ്ടായിരുന്ന ദേശങ്ങളെയും സ്ഥലങ്ങളെയും നാം വിളിച്ചുകൊണ്ടിരുന്നതും ചരിത്രപരമായി രൂപപ്പെട്ടതുമായ പേരു്കള്‍ (ഉദാ: പറങ്കി രാജ്യം, പരന്തിരിയസ് രാജ്യം) ഭാഷയിലെ പദാവലിയുടെ ഭാഗമായിക്കരുതി നിലനിറു്ത്തണം. പരദേശ മേല്ക്കോയ്മയുടെ അവശിഷ്ടത്തില്‍ നിന്നുള്ള മോചനത്തിന്റെ ഭാഗമായി രാജ്യത്തിന്റെയും സ്ഥലത്തിന്റെയും പ്രചാരത്തിലുള്ള പേരു്കളില്‍ അവിടത്തു്കാര്‍ മാറ്റം വരുത്തുന്നതു് നാം മാനിയ്ക്കുകയും വേണം.


ലിപ്യന്തരീകരണം ചെയ്യുന്ന പരഭാഷാപദങ്ങളുടെ ഉച്ചാരണത്തിന്റെ കൃത്യതയ്ക്കും ഭാഷയിലെ വര്‍ണ്ണങ്ങളുടെ കാര്യത്തിലുള്ള അവ്യക്തത ഒഴിവാക്കുന്നതിനും, ഭാഷയില്‍ പ്രയോഗത്തിലുള്ളതും ലിപിയില്ലാത്തതുമായ വര്‍ണ്ണങ്ങള്‍ക്കു് ലിപി കൊടുക്കേണ്ടതുണ്ടു്. കുറററുക്കുക (തീര്‍ച്ചപ്പെടുത്തുക) ടൈപ്പു് റൈററര്‍, ടെററിസം, ബാറററി, മാറെറാലി, എന്റെ, ഹെന്റി, നെപ്പോളിയന്‍, നമ്പര്‍, പനിനീര്‍, സ്നാനം, സ്നേഹം, നോവല്‍ (വേദന), നോവല്‍ (ആഖ്യായിക), എന്നാല്‍ (പക്ഷെ), എന്നാല്‍ (എന്നെക്കൊണ്ടു്), ഫയല്‍,ഫലം തുടങ്ങിയ വാക്കു്കളില്‍ ഒരു മാനദണ്ഡവുമില്ലാതെ റ,ന,ഫ തുടങ്ങിയ അക്ഷരങ്ങള്‍ വ്യത്യസ്ത ധ്വനിയില്‍ ഉച്ചരിയ്ക്കേണ്ടി വരുന്നു. തവര്‍ഗത്തിലെ അനുനാസികമായ ‘ന’യുടെ ലിപി, വര്‍ത്സ്യമായ ‘ന്‍’ എന്ന വര്‍ണ്ണത്തിന്റെ (ചില്ലക്ഷരത്തിന്റെ) അകാര സ്വരം ചേര്‍ന്ന ലിപിയ്ക്കു് വേണ്ടിയും ദ്രാവിഡമധ്യമമായ ‘റ’യുടെ ലിപി, ന്റെ എന്ന കൂട്ടക്ഷരത്തിലെ രണ്ടാമത്തെ വ്യഞ്ജനമായ വര്‍ത്സ്യസ്പര്‍ശത്തിനു് വേണ്ടിയും പവര്‍ഗത്തിലെ അതിഖരമായ ‘ഫ’യുടെ ലിപി, ഫയല്‍ എന്ന വാക്കിലെ ആദ്യ അക്ഷരമായ പവര്‍ഗത്തിലെ ഊഷ്മാവിനു് വേണ്ടിയും കൂടി ഉപയോഗിയ്ക്കുമ്പോള്‍ ഈ ലിപികളുടെ ഉച്ചാരണം ഓരോയിടത്തും ഓരോന്നാവും.


൧0 ‘ന’ പദാദിയില്‍ ദന്ത്യവും സ്വരാന്തരികമായും പദാന്ത്യത്തിലും വരുമ്പോള്‍ വര്‍ത്സ്യവും ആയി ഉച്ചരിയ്ക്കണമെന്ന വ്യവസ്ഥയ്ക്കു് അപവാദങ്ങള്‍ കൂടിക്കൂടി വരികയും മുററം, പററുക എന്നതു്പോലുള്ള വാക്കുകളിലെ ററ എന്ന അക്ഷരത്തിന്റെ ഇരട്ടിയ്ക്കാത്ത വ്യഞ്ജനം ദ്രാവിഡ മധ്യമമായ ‘റ’യല്ലെന്നും മറിച്ചു്, ‘ന്റെ’യെന്ന കൂട്ടക്ഷരത്തില്‍ രണ്ടാമത്തെ വ്യഞ്ജനമായിക്കഴിയുന്ന വര്‍ത്സ്യ വര്‍ണ്ണമാണെന്നു് വ്യക്തമാവുകയും ചെയ്തതോടെ ‘ന’,‘റ’ എന്നീ ലിപികളുടെ ഇരട്ട ഉച്ചാരണത്തിനു് വച്ചിരിയ്ക്കുന്ന മാനദണ്ഡങ്ങളുടെ നിലനില്പു് നഷ്ടമായിരിയ്ക്കുന്നു. ‘ഫ’യുടെ ഇരട്ട ഉച്ചാരണത്തിനു് മാനദണ്ഡങ്ങളേ ഉണ്ടായിരുന്നില്ല. തവര്‍ഗത്തിലെ അനുനാസികമായ ‘ന’യുടേയും പവര്‍ഗത്തിലെ അതിഖരമായ ‘ഫ’യുടെയും ദ്രാവിഡമദ്ധ്യമമായ ‘റ’യുടെയും ലിപികള്‍ കടം കൊടുക്കുന്നതു് ഇനിയും തുടര്‍ന്നാല്‍ ഈ ലിപികള്‍ക്കു് സ്വന്തം ഉച്ചാരണം തന്നെ നഷ്ടമാകും.

മാവേലി രാജ്യത്തിന്‍റെ മലയാളഭാഷ- രണ്ടാം ഭാഗം ഇവിടെ
--------------------
അടിക്കുറിപ്പുകള്‍

0 മാവേലിചരിതം-ഓണപ്പാട്ടിന്റെ 52-ആം വരി മുതല്‍ 80-ആം വരി വരെ നോക്കുക.


1 കേരളീയ ജനതയുടെ ദേശീയ ആഘോഷമായ ഓണത്തിന്റെ സ്മാരകമാണു് കൊല്ലവര്‍ഷം എന്നു് ചിലര്‍ക്കു് അഭിപ്രായമുണ്ടു് -- എ. ശ്രീധര മേനോന്‍: കേരള ചരിത്രം; എസ്. വിശ്വനാഥന്‍ പ്രിന്റേഴ്സ് ആന്റ് പബ്ളീഷേഴ്സ് പ്രൈവറ്റ് ലിമിറ്റഡ്; 1999; (157-ആം പുറം).


2 കൊല്ലവര്‍ഷാരംഭം മിശിഹാവര്‍ഷം 825 ആഗസ്റ്റ് 25 ആണെന്നു് പൊതുവേ വിശ്വസിയ്ക്കപ്പെടുന്നു. എന്നാല്‍ രണ്ടു് കൊല്ലവര്‍ഷങ്ങള്‍ ഉണ്ടെന്നു് സാമാന്യേന അറിയപ്പെടാത്ത ഒരു കാര്യവുമാണു് - രണ്ടു് കൊല്ലം നഗരങ്ങള്‍ നിലവിലുണ്ടെന്നതു്പോലെത്തന്നെ. വടക്കന്‍ കൊല്ലവര്‍ഷം തുടങ്ങുന്നതു് കന്നി 1-നു് (സെപ്തംബര്‍) ആണു്. തെക്കന്‍ ദിക്കില്‍ കൊല്ലവര്‍ഷം തുടങ്ങുന്നതു് ചിങ്ങം 1-നും (ആഗസ്റ്റ്- സെപ്തംബര്‍)

ഒരു മാസത്തിന്റെ വ്യത്യാസം എങ്ങനെ കൊല്ലവര്‍ഷ നിര്‍ണയത്തില്‍ കടന്നു് കൂടി എന്നു് വ്യക്തമല്ല. ഏറ്റവും സ്വാഭാവികമായ വിശദീകരണം, രണ്ടു് പ്രത്യേക കൊല്ലവര്‍ഷങ്ങള്‍ (ഒന്നല്ല) നിലവിലുണ്ടു് എന്നായിരിയ്ക്കും......

......ഓണം കൊണ്ടാടുന്നതു് കൊല്ലവര്‍ഷാരംഭം കുറിക്കുന്ന മേല്‍ തീയതിയ്ക്കടുത്താണെന്നു് കാണേണ്ടതുണ്ടു്. ഉത്തര കേരളത്തില്‍ വസ്തു കൈമാറ്റങ്ങളും ജാതകങ്ങളും മറ്റു് രേഖകളും എഴുതുമ്പോള്‍ തിരുവോണത്തിനു് ഇത്ര തീയതിയ്ക്കു് മുമ്പു് എന്നു് രേഖപ്പെടുത്തുന്ന സമ്പ്രദായമുണ്ടു്.

--വില്യം ലോഗന്‍/ടി.വി. കൃഷ്ണന്‍ (പരിഭാഷകന്‍) : ലോഗന്റെ മലബാര്‍ മാനുവല്‍ ധ1887-ലെ കൃതിയുടെ പരിഭാഷ പ; മാതൃഭൂമി പ്രിന്റിങ് ആന്റ് പബ്ളീഷിങ് ലിമിറ്റഡ്, കോഴിക്കോട്; 3-ആം പതിപ്പ്; 1997, (പുറം : 164).

മലയാള നാട്ടില്‍ രണ്ടു് കൊല്ലവര്‍ഷങ്ങള്‍ നടപ്പിലുണ്ടെന്നും പറഞ്ഞു് കഴിഞ്ഞിട്ടുണ്ടു്-- വടക്കന്‍ കൊല്ലവര്‍ഷം മിശിഹാ വര്‍ഷം 825 ആഗസ്റ് 25-ന് തുടങ്ങുന്നു......

......825 ആഗസ്റ് 25 എന്ന തീയതി ഓണം ആഘോഷിയ്ക്കുന്ന തീയതിയാണെന്നു് കാണുക.”
--വില്യം ലോഗന്‍/ടി.വി. കൃഷ്ണന്‍ (പരിഭാഷകന്‍) : ലോഗന്റെ മലബാര്‍ മാനുവല്‍ ധ1887-ലെ കൃതിയുടെ പരിഭാഷ പ; മാതൃഭൂമി പ്രിന്റിങ് ആന്റ് പബ്ളീഷിങ് ലിമിറ്റഡ്, കോഴിക്കോട്; 3-ആം പതിപ്പ്; 1997; (പുറം 245)

കൊല്ലം 1-ആം ആണ്ടു് ചിങ്ങം 1-ആം തീയതി ക്രിസ്തു വര്‍ഷം 825 ജൂലായ് 25 ആണു് -- എ. ശ്രീധര മേനോന്‍: കേരള ചരിത്രം ; എസ്. വിശ്വനാഥന്‍ പ്രിന്റേഴ്സ് ആന്റ് പബ്ളീഷേഴ്സ് പ്രൈവറ്റ് ലിമിറ്റഡ്; 1999; (പുറം : 151).

3 ഒരു സ്വതന്ത്ര ഭാഷയെന്ന നിലയില്‍ മലയാളത്തിന്റെ ആവിര്‍ഭാവം കാണിയ്ക്കുന്ന ഏറ്റവും പഴയ രേഖകള്‍ 9-ആം ശതകത്തിലെ ശാസനങ്ങളിലാണു് കാണുന്നതു്. മൂലതമിഴ്-മലയാളം, തമിഴെന്നും മലയാളമെന്നും രണ്ടു് പ്രത്യേക ഭാഷകളായിവേര്‍തിരിഞ്ഞതു് നാലോ അഞ്ചോ ശതാബ്ദങ്ങള്‍ (ക്രിസ്തു വര്‍ഷം 9-13 വരെ നൂറ്റാണ്ടുകള്‍) കൊണ്ടാണു് എന്നത്രേ പഴയ രേഖകളില്‍ നിന്നു് മനസ്സിലാകുന്നതു്.--വി.ആര്‍ പ്രബോധചന്ദ്രന്‍ നായര്‍: ഭാഷ/ സമ്പാ. ഡോ. കെ.എം. ജോര്‍ജ്: ഭാരതീയ സാഹിത്യ ചരിത്രം; കേരള സാഹിത്യ അക്കാദമി, തൃശൂര്‍; 1982; പുറം 794 --
ആര്‍. രഘുനാഥന്‍: മലയാള ഭാഷോത്പത്തി-വിവരണാത്മക സൂചിക; കേരള ഭാഷാ ഇന്‍സ്റിറ്റ്യൂട്ടു്, തിരുവനന്തപുരം; 1989 സെപ്തംബര്‍; പുറം 75.

4 കൊല്ലവര്‍ഷത്തിന്റെ ഉത്പത്തി കേരളത്തില്‍ വലുതായ ഒരു പരിവര്‍ത്തന ഘട്ടത്തെ പ്രത്യക്ഷീകരിക്കുന്നു; ബുദ്ധജൈന മതങ്ങളെ തുരത്തി സനാതന ഹൈന്ദവമതത്തെ സ്ഥാപിച്ചതും മറ്റനേകം സാഹചര്യങ്ങളും ഒത്തു്കൂടി കേരളീയര്‍ ഒരു ജനതയായിത്തീരുവാന്‍ ആരംഭിച്ചതും ഈ ഘട്ടം മുതലാണു്; പ്രത്യേക ജന വിഭാഗമെന്ന നിലയില്‍ ഗ്രാമ്യത്വം, ദേശീയത്വം എന്നിവ കൂടിക്കൂടി പാണ്ടിത്തമിഴിനാല്‍ ആക്രമിക്കപ്പെട്ടിരുന്ന കേരളഭാഷ പ്രത്യേകതയെ പ്രാപിച്ചു് തുടങ്ങിയതും മറ്റൊരു ഘട്ടത്തിലായിരുന്നില്ല എന്നിങ്ങനെ, ടി.എം. ചുമ്മാര്‍, പദ്യ സാഹിത്യ ചരിത്രം എന്ന ഗ്രന്ഥത്തിന്റെ (പ്രസാ: സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം, 1973)25-ആം പുറത്തു് വിവരിച്ചിരിക്കുന്നതു് നോക്കുക.


ജൈന-ബുദ്ധ മതങ്ങളുടെ തുടര്‍ച്ചയായി വികസിച്ചതും കേരളത്തിലെ ഇന്നത്തെ മൂന്നു് പ്രധാന മതവിഭാഗങ്ങളില്‍ രണ്ടെണ്ണവുമായ ക്രിസ്തീയ-മുഹമ്മദീയ മതങ്ങളെ സംബന്ധിച്ചിടത്തോളവും അക്കാലം സുപ്രധാനമായിരുന്നു. കൃഷിയും കച്ചവടവും തൊഴിലാക്കിയിരുന്ന മാര്‍ത്തോമ്മാ-നസ്രാണി മാപ്പിളമാരുടെയും മുഹമ്മദീയ മാപ്പിളമാരുടെയും ദേവാലയങ്ങള്‍ക്കു്, ജൈന-ബുദ്ധ ദേവാലയങ്ങളെ കുറിയ്ക്കാനുപയോഗിച്ചിരുന്ന പള്ളി എന്ന പേരു് കിട്ടിയതു് അവരുടെ ജൈന ബുദ്ധ പാരമ്പര്യത്തെയും രണ്ടു് വിഭാഗത്തിലുംപെട്ട മാപ്പിളമാര്‍ ആദ്യം ഒറ്റ സമുദായമായിരുന്നുവെന്ന കാര്യത്തെയും സൂചിപ്പിക്കുന്നതാണു്. അസുറിയ-ബാവേരു് ദേശങ്ങളുമായുള്ള കച്ചവടവുമായി ബന്ധപ്പെട്ടു് മാപ്പിളമാരില്‍ ഉളവായ മുഹമ്മദീയ പ്രവണതയെ അസുറിയയില്‍ നിന്നു് വന്ന സഭാ മേലദ്ധ്യക്ഷനും കച്ചവടക്കാരുമുള്‍പ്പെട്ട തരിസാക്കളുടെ സഹായത്തോടെ മാര്‍ത്തോമ്മാ നസ്രാണിമാപ്പിളമാര്‍ തരിസാ (സത്യ) വിശ്വാസമുറപ്പിച്ചു് കൊണ്ടു് നിരാകരിച്ചതു് മൂലം മാപ്പിളമാര്‍ രണ്ടു് വിഭാഗമായി തിരിഞ്ഞതു് അക്കാലത്തായിരുന്നു. ക്രിസ്തുവര്‍ഷം 1-ആം നൂറ്റാണ്ടിന്റെ മദ്ധ്യം മുതലേ കേരളത്തില്‍ സാന്നിദ്ധ്യമുണ്ടായിരുന്ന മലങ്കര സഭ (കേരള ക്രിസ്തുമതം) മുഹമ്മദീയ പ്രവണതയെ അതിജീവിച്ചതു് തെക്കേകൊല്ലത്തു് ക്രിസ്തീയ കച്ചവടക്കാര്‍ സങ്കേതമുറപ്പിച്ചപ്പോള്‍ ആയിരുന്നു എന്നതു്കൊണ്ടു് ക്രിസ്തുമതത്തിനു് അതു് നിര്‍ണ്ണായക കാലവും മുഹമ്മദീയ മതത്തിനു് അതു് വ്യവസ്ഥാപിതമായ കാലവുമായിരുന്നു എന്നു് കരുതാം. തെക്കേകൊല്ലത്തു് തരിസാപള്ളിയ്ക്കു് കിട്ടിയ അവകാശത്തെ മലങ്കരസഭയുടെ നിലനില്പുമായി ബന്ധപ്പെടുത്തിക്കാണുന്നതും ‘കേരള രാജാവു് ചേരമാന്‍ പെരുമാള്‍’ മുഹമ്മദീയ മതം സ്വീകരിച്ചെന്ന സങ്കല്പത്തെ അക്കാലവുമായി ബന്ധപ്പെടുത്തിക്കാണുന്നതും കൂട്ടിച്ചേര്‍ത്തു് കാണണം. മലബാറിലെ മാപ്പിളമാര്‍ മുഹമ്മദീയരായി മാറിയതു്കൊണ്ടു് കൊല്ലവര്‍ഷാരംഭം മുതല്‍ മാര്‍ത്തോമ്മാ നസ്രാണി മാപ്പിളമാര്‍ മദ്ധ്യകേരളത്തിനു് തെക്കായി ഒതുങ്ങി. പറങ്കികളുടെ ഇടപെടല്‍കാലത്തു് (കൊല്ലം 8-9 നൂറ്റാണ്ട്ു / ക്രിസ്തുവര്‍ഷം 16-17 നൂറ്റാണ്ടു്) വടക്കന്‍ കേരളത്തില്‍ ക്രിസ്ത്യാനികള്‍ ഇല്ലാതിരുന്നതു് അതു്കൊണ്ടാണു്. - പത്രാധിപര്‍


5 ജാതി, മതം, പ്രദേശം മുതലായവയുടെ അടിസ്ഥാനത്തില്‍ നിലവിലിരുന്ന ഉപഭാഷാഭേദങ്ങള്‍ നിര്‍മാര്‍ജനം ചെയ്തു് ഒരു ഭാഷ, പ്രദേശത്തിനൊട്ടാകെ സ്വീകാര്യമായ നിലവാരം സ്ഥാപിയ്ക്കുകയെന്നതാണു് സമീകരണമെന്നതുകൊണ്ടു് ഉദ്ദേശിയ്ക്കപ്പെട്ടിട്ടുള്ളതു്. ഭാഷ ഇങ്ങനെ നിലവാരപ്പെടുമ്പോള്‍ അതിലെ വൈചിത്യ്രം ഒരളവോളം നഷ്ടപ്പെടുന്നുണ്ടു്. ഇതു് ഒഴിച്ചുകൂടാത്തതാണു്; കാരണം ഈ നഷ്ടം മറ്റൊരു വിധത്തില്‍ അളവറ്റ ലാഭം നേടിത്തരുന്നു. രാജ്യത്തിന്റെ ഒരറ്റം മുതല്‍ മറ്റേ അറ്റം വരെ എല്ലാ വിഭാഗങ്ങളിലുമുള്‍പ്പെട്ട ജനങ്ങള്‍ക്കിടയില്‍ സുഗമമമായി നടക്കുന്ന ആശയ പ്രചരണമാണു് ഈ ലാഭം. ഈ ലാഭം കൈവരുന്നതിനു് അനുപേക്ഷണീയമായ ഐകരൂപ്യം ഭാഷയില്‍ ഉണ്ടായേ മതിയാവൂ.--
എന്‍.വി. കൃഷ്ണവാര്യര്‍: പത്രഭാഷ/ പത്രഭാഷ (പ്രബന്ധ സമാഹാരം) ; കേരള പ്രസ് അക്കാദമി; 1983 ഡിസംബര്‍, (പുറം 32)


6 തുറവിടം എന്ന മൂലത്തില്‍ നിന്നാണു് ദ്രാവിഡം എന്ന സംസ്കൃത വാക്കിന്റെ ആവിര്‍ഭാവം. തുറന്ന ഇടം അല്ലെങ്കില്‍ തുറസ്സായിക്കിടക്കുന്ന ഇടം എന്നാണു് തുറവിടത്തിന്റെ അര്‍ത്ഥം. -- കവിയൂര്‍ മുരളി: ദലിത ഭാഷ; കറന്റ് ബുക്സ്; 1997 ജനുവരി, (പുറം 131). തറവിടം, തറയിടം, തുറവിടം എന്നിവകളിലെ തറ അല്ലെങ്കില്‍ തുറ എന്ന പദം തൃപ്പൂണിത്തുറ, തുറമുഖം, കടവുംതറ, തറക്കൂട്ടം തുടങ്ങിയ സംയുക്തപദങ്ങളില്‍ ഉള്ളതു് ശ്രദ്ധിയ്ക്കുക.

7 ഇതു് സംബന്ധിച്ച രണ്ടു് വീക്ഷണങ്ങള്‍ ചുവടെ ചേര്‍ക്കുന്നു:
(ക) ഈ വക പേരുകള്‍ അതാതു് പ്രദേശത്തു്കാര്‍ എങ്ങനെ എഴുതുകയും ഉച്ചരിയ്ക്കുകയും ചെയ്യുന്നുവോ അതു് പോലെ എഴുതി അതു് പോലെ ഉച്ചരിയ്ക്കുകയാണു് സമീചീനം--എന്‍.വി. കൃഷ്ണവാര്യര്‍: പത്രഭാഷ/ പത്രഭാഷ (പ്രബന്ധ സമാഹാരം); കേരള പ്രസ്സ് അക്കാദമി; 1983 ഡിസംബര്‍; (പുറം 33).

(ഖ) പേരു്കള്‍ അതാതു് പ്രദേശത്തു്കാര്‍ എഴുതുകയും ഉച്ചരിയ്ക്കുകയും ചെയ്യുന്നതു് പോലെ വേണം നമ്മളും ചെയ്യേണ്ടതെന്ന് പറഞ്ഞാല്‍ അവരുടെ ലിപികളും സ്വരസാധനയും മറ്റും വേണ്ടിവരും. -- എ.പി. ഉദയഭാനു: പത്രഭാഷയും സാഹിത്യഭാഷയും/ പത്രഭാഷ (പ്രബന്ധ സമാഹാരം); കേരള പ്രസ്സ് അക്കാദമി; 1983 ഡിസംബര്‍; (പുറം 43).

8 ഉദാ :- ഐന്‍സ്റ്റയിന്‍ (ഐന്‍സ്റീന്‍ തെറ്റു്)

9 ഉദാ :- യുണൈറ്റഡ് നേഷന്‍സ് ഓര്‍ഗനൈസേഷന്‍ (യു.എന്‍.ഒ.) എന്നതു് ഐക്യരാഷ്ട്ര സംഘടന (ഐരാസ) എന്നു് വേണം.
റോമാ കത്തോലിക്കാ സഭയുടെ ഔദ്യോഗിക ഭാഷയായ ലത്തീനില്‍ യോഹനൂസ് പാവ് ലൂസ് സെക്കന്തും പാപ്പ എന്നും ആംഗലഭാഷയില്‍ പോപ് ജോണ്‍ പോള്‍ സെക്കന്റ് എന്നും വിളിക്കുന്ന റോമാ പാത്രിയര്‍ക്കീസിന്റെ /കാതോലിക്കോസിന്റെ പേരു് മലയാളത്തില്‍ യോഹന്നാന്‍ പൌലോസ് രണ്ടാമന്‍ പാപ്പ എന്നാണു് വേണ്ടതു്.

10 ഉദാഹരണം :- റാണ സംഗ എന്ന പേരു് റാണ സംഗ്രാമസിംഹന്‍. മറ്റുദാഹരണങ്ങള്‍ :- മോഹനന്‍ (മോഹന്‍ തെറ്റു്), സുരേശന്‍ (സുരേഷ് തെറ്റു്), അര്‍ജുനന്‍ (അര്‍ജുന്‍ തെറ്റു്), അനിലന്‍ (അനില്‍ തെറ്റു്), മോഹന ദാസ കര്‍മ ചന്ദ്ര ഗാന്ധി (മോഹന്‍ദാസ് കരം ചന്ദ് ഗാന്ധി തെറ്റു്)

11 തിരുവനന്തപുരം എന്ന ഏഴക്ഷരമുള്ള പദം ട്രിവാന്‍ഡ്രം എന്ന മൂന്നക്ഷരമായി ചുരുങ്ങി. ഇതു് ഇംഗ്ളീഷിന്റെ വര്‍ണഘടനാപരമായ പ്രത്യേകതയ്ക്കിണങ്ങുന്ന ഏറ്റവും സ്വാഭാവികമായ ഒരു പ്രക്രിയ മാത്രമാണു്. അതു് പാടില്ലെന്നു് ശഠിക്കാന്‍ മലയാളികള്‍ക്കു് വാസ്തവത്തില്‍ ഒരധികാരവുമില്ല. -- ഡോ. വി.ആര്‍. പ്രബോധചന്ദ്രന്‍; മാതൃഭൂമി വാരാന്തപ്പതിപ്പു്, 1990 ഡിസംബര്‍.

12 നാം ആദ്യം കളഞ്ഞു്കുളിച്ചതു് നമ്മുടെ പേരു്കളായിരുന്നു. -- എ.പി. ഉദയഭാനു : പത്രഭാഷയും സാഹിത്യഭാഷയും/ പത്രഭാഷ (പ്രബന്ധ സമാഹാരം); കേരള പ്രസ് അക്കാദമി; 1983 ഡിസംബര്‍, (44-ആം പുറം).

13 സുബ്രതോ മുക്കര്‍ജി എന്നു് കണ്ടാല്‍ സുവ്രത മുഖര്‍ജി എന്നു് വേണം നാം എഴുതാന്‍. റാഷ് ബിഹാരി എന്നു് കണ്ടാല്‍ രാസവിഹാരി ആണെന്നും ഷിബ് നാരായണന്‍, ശിവ നാരായണന്‍ ആണെന്നും അനിറൂഡ് ജുഗ്നാഥ്, അനിരുദ്ധ ജഗന്നാഥന്‍ ആണെന്നും മനസ്സിലാക്കി എഴുതാന്‍ ശ്രദ്ധിയ്ക്കണം. ഓരോ ഭാഷയ്ക്കും തനതായ ശബ്ദസ്വരൂപവും വിന്യാസതാളവുമുണ്ടു്. അതു് തെറ്റിച്ചാല്‍ ഭാഷയുടെ ഈണവും സുഖവും എല്ലാം മാറും. -- എസ്. ഗുപ്തന്‍ നായര്‍; മാതൃഭൂമി ദിനപത്രം 1996 ജൂലായ് 24.

ഏതു് ഭാഷയാണെങ്കിലും അതിലെ വാക്കു്കള്‍ ഉച്ചരിയ്ക്കുന്നതിനു് അതു് സംസാരിയ്ക്കുന്ന ജനപഥത്തിന്റെ പൊതുധാരണയില്‍ നിന്നു് രൂപം കൊള്ളുന്ന ഒരു ഉച്ചാരണരീതി ഉണ്ടായിരിയ്ക്കും.- ഡിക്ഷ്ണറി ഓഫ് ഇംഗ്ളീഷ് ഫോര്‍ ദ സ്പീക്കേഴ്സ് ഓഫ് മലയാളം [ചീഫ് എഡിറ്റര്‍: എന്‍.എ. കരീം]; നാഷണല്‍ എജ്യൂക്കേഷണല്‍ റിസേര്‍ച്ച് സെന്റര്‍, തിരുവനന്തപുരം-14; 1998; പുറം : എഫ് 15


--അവലംബം : മാവേലിരാജ്യം-ഒന്നാം പുസ്തകം
മാവേലി രാജ്യത്തിന്‍റെ മലയാളഭാഷ- രണ്ടാം ഭാഗം ഇവിടെ

No comments:

Post a Comment