20250729

തിരുവോണ ആചാരങ്ങള്‍



ഇത്തിരി പൂക്കള്‍ നിരത്തി, വിളക്ക് കൊളുത്തി തിരുവോണത്തെ വരവേല്‍ക്കാം

(കോട്ടവട്ടത്ത് നാരായണന്‍ പോറ്റി തയ്യാറാക്കി ജ്യോതിഷരത്നം (2014 സെപ്തംബര്‍ 1-15) പ്രസിദ്ധം ചെയ്ത ലേഖനം)

തിരുവോണം പോലെ തന്നെ ബഹളപൂരിതമാണ് തിരുവോണ ആചാരങ്ങളും. എല്ലാ ആചാരങ്ങളിലും ദേശാനുസൃതമായി ചില ചില്ലറ വ്യതിയാനങ്ങള്‍ കാണപ്പെടാറുണ്ട്. ഈ ആചാരവ്യതിയാനങ്ങള്‍ വളരെ ചെറിയ തോതില്‍ മാത്രമേ പതിവുള്ളൂ. ചോറൂണ്, വിവാഹം, കുടിവെയ്പ്പ്, ഗൃഹപ്രവേശം (കേറികൂടല്‍ ചടങ്ങ്) എന്നിവയ്ക്ക് ദേശങ്ങള്‍ മാറുന്നതിന് അനുസരിച്ച് ചെറിയ ചെറിയ വ്യത്യാസങ്ങള്‍ കാണപ്പെടാറുണ്ട്. കര്‍ക്കിടക മാസത്തിലെ തിരുവോണം മുതല്‍ കന്നിമാസത്തിലെ മകം(പതിനാറാം മകം) വരെ മുറ്റത്ത് പൂക്കളമിടുന്ന തിരുവോണ ആചാരം കേരളത്തില്‍ നിലനില്‍ക്കുന്നു.

പൂക്കളില്ലാത്ത പൂക്കളം

ഒരുപക്ഷേ കേള്‍ക്കുമ്പോള്‍ അതിശയം തോന്നുന്നു അല്ലേ? പൂവില്ലാതെ പൂക്കളമോ? അതും ഓണനാളുകളില്‍, ഈ കേരളത്തില്‍. തുമ്പപ്പൂ കടം കൊടുത്ത് ചെത്തിപ്പൂ പകരം വാങ്ങുന്ന ഓണപ്പാട്ടും. ചെടികള്‍ ധാരാളമായി പൂക്കട്ടെ, 'നല്ലൊരു ഓണമുണ്ടല്ലോ വന്നുചേര്‍ന്നു' എന്ന ഓണപ്പാട്ടും രക്തത്തില്‍ അലിഞ്ഞുചേര്‍ന്ന ഈ മലയാളക്കരയില്‍ പൂക്കളില്ലാതെ തിരുവോണമോ? പൂമുറ്റമില്ലാത്ത പൂമുഖമോ? കേരളത്തിലെ അതിപ്രശസ്തമായ താന്ത്രിക പരമ്പരയാണ് ഇരിങ്ങാലക്കുട നഗരമുണ്ണ് മന. കൂടല്‍ മാണിക്യക്ഷേത്രം ഉള്‍പ്പെടെ നിരവധി ക്ഷേത്രങ്ങളില്‍ താന്ത്രിക അവകാശികളാണ് നഗരമുണ്ണ്. ഇരിങ്ങാലക്കുടയിലെ പല താന്ത്രികമനകളിലും തിരുവോണക്കാലത്ത് പൂക്കളമിടുന്നത്, കരിപ്പൊടിയും ചുവന്നപൊടിയും ചേര്‍ത്താണ്. താന്ത്രിക പൂജയില്‍ പത്മം ഇടുന്നപ്രകാരം, ചതുരപ്പെട്ടികള്‍ പോലെയാണ് ഈ ബ്രാഹ്മണ പരമ്പരയുടെ തിരുവോണ പൂക്കളങ്ങള്‍. എന്നാല്‍ വര്‍ഷം മുഴുവന്‍ മുറ്റത്ത് പൂക്കളമിടുന്ന പാരമ്പര്യവുമായി കാസര്‍ഗോഡ് ജില്ലയിലെ കരിവെള്ളൂര്‍ ഗ്രാമത്തിന്റെ ബ്രാഹ്മണപരമ്പര മറ്റൊരു ആചാരം നമ്മള്‍ക്ക് കാട്ടിത്തരുന്നു. ആചാരവൈവിധ്യങ്ങള്‍ പൂക്കളത്തില്‍ മാത്രമല്ല; തിരുവോണ സദ്യയില്‍പോലുമുണ്ട്. കണ്ണൂരിലെ ചില ഹിന്ദു പരമ്പരകള്‍ തിരുവോണനാളില്‍ മാംസാഹാരം ആചാരത്തിന്റെ ഭാഗമായി കല്‍പ്പിച്ച് ഭക്ഷിക്കുന്ന പതിവ് നിലനില്‍ക്കുന്നു.

തിരുവോണ ആചാരത്തെ പൊതുവേ രണ്ടായി തരംതിരിക്കാം. വൈദിക ആചാരമെന്നും, ദേശിയ ആചാരമെന്നും.

വൈദിക ആചാരം

വൈദിക ആചാരപ്രകാരം തിരുവോണം ആചരിക്കുന്നത് കേരളത്തിന്റെ ബ്രാഹ്മണ കുടുംബങ്ങളാണ്. ബ്രാഹ്മണരെ സംബന്ധിച്ചിടത്തോളം ആഘോഷങ്ങള്‍ എല്ലാം ആചാരബന്ധിതമാണ്. തിരുവോണവും, തിരുവാതിരയും, നവരാത്രിയും, ശിവരാത്രിയുമെല്ലാം, പൂജാവിധികള്‍ ചേര്‍ന്ന ആചാരമാണ്. ബ്രാഹ്മണഗൃഹങ്ങളിലെ തിരുവോണപൂജകള്‍ക്ക് വലിയ അന്തരം കേരളത്തില്‍ കാണപ്പെടുന്നത്. തെക്കുനിന്ന് തുടങ്ങിയാല്‍ ഏകദേശം കോട്ടയം വരെ, തിരുവോണപൂജ, വിളക്കത്ത് നിവേദ്യമായിട്ടാണ് കാണപ്പെടുന്നത്. എന്നാല്‍ കരുനാഗപ്പള്ളി തുടങ്ങിയ ചില ഭാഗങ്ങളില്‍, അമ്മിക്കുഴവിക്കാണ് തിരുവോണ പൂജ പതിവ്. അണിഞ്ഞൊരുക്കിയ അമ്മിയില്‍ ദേവതാസങ്കല്‍പ്പത്തെ ആവാഹിച്ച്, 'അടുക്കള പൂജ' എന്ന പ്രകാരമാണ് പൂജാവിധി. തൃശൂര്‍ ഭാഗത്തേയ്ക്ക് എത്തുമ്പോള്‍ ഒട്ടനവധി ഓണത്തപ്പന്മാരും മകത്തടിയനും ചേര്‍ന്ന്, മുറ്റം നിറയുന്ന പൂജാവിധാനങ്ങളാണ് കാണപ്പെടുന്നത്. ഇത് വൈദിക ആചാരത്തിന്റെ ഓണപ്പെരുമ.

ഓണത്തെ സംബന്ധിച്ചിടത്തോളം ദേശീയ ആചാരം തന്നെയാണ് അധികം ആള്‍ക്കാര്‍ക്കും അഭികാമ്യം. ഇവിടെ ഭക്തിയും ആചാരവും സമന്വയിക്കുകയാണ്. ദൈവചിന്തയും ദൈവചൈതന്യവും നമ്മിലേക്ക് കുടിയേറുകയാണ്. മണിയൊച്ചയും മന്ത്രസാധനയും ഇല്ലാത്ത ഭക്തിയുടെ മോക്ഷമാര്‍ഗ്ഗമാണ് ദേശീയമായ ആരാധനാചാരങ്ങള്‍. തിരുവോണ ബിംബങ്ങളെ വിളക്ക് കൊളുത്തി ആരാധിക്കുക എന്നതാണ് ദേശീയ ആചാരം.

തിരുവോണത്തിന് ആരാധിക്കുന്ന തിരുവോണബിംബങ്ങള്‍ എന്തെല്ലാമാണ്. ദേശീയരായ നമ്മള്‍ക്ക് തിരുവോണത്തിന്റെ പ്രധാന സങ്കല്‍പ്പബിംബം പൂക്കള്‍തന്നെയാണ്. (ബിംബം എന്നാല്‍ ഒന്നിന്റെ പ്രതീകമായി സങ്കല്‍പ്പിക്കുന്ന മറ്റൊരു ഭാവന എന്നാണ്) തിരുവോണനാളുകളില്‍ നാം പൂക്കള്‍ക്കാണ് ഈശ്വരസാന്നിദ്ധ്യം കല്‍പ്പിക്കുന്നത്. ഓണനാളുകളില്‍ പൂക്കളം ഒരുക്കുന്നത് ഈശ്വരപൂജയായിട്ടാണ് കരുതുന്നത്. തിരുവോണനാളില്‍ ഏറ്റവും പ്രാധാന്യം കല്‍പ്പിക്കുന്ന പൂക്കള്‍ തുമ്പയും, തുളസിയും, ചെത്തിയുമാണ്. ത്രിഗുണാത്മകമായ മൂന്ന് നിറങ്ങള്‍ വെള്ള, ചുവപ്പ്, പച്ച, എന്നിവ. പൂക്കള്‍ കൊണ്ട് പത്മം ഇട്ട് (പൂജയ്ക്ക് വരയ്ക്കുന്ന കളത്തെ പത്മമിടുകയെന്നാണ് പറയുക) അഞ്ച് തിരിയിട്ട് ഒരു വിളക്ക് കൊളുത്തിവച്ചാല്‍ ഈശ്വരസാന്നിദ്ധ്യം പരിപൂര്‍ണമായി. ഇനി മിഴിയടച്ച് ഒന്ന് പ്രാര്‍ത്ഥിച്ചാല്‍ ഈശ്വരസാന്നിദ്ധ്യം സ്വഗൃഹത്തില്‍ ആഗതമായി.

എറണാകുളം ജില്ലയിലെ പല ഭാഗങ്ങളിലും തൃക്കാക്കരയപ്പന്‍ എന്ന സങ്കല്‍പ്പത്തില്‍ മണ്ണില്‍ തീര്‍ത്ത പ്രതിമ വാങ്ങാന്‍ ലഭിക്കും. ഈ ദേശത്തുള്ളവര്‍ തിരുവോണദിവസം പൂക്കളത്തിന്റെ നടുവില്‍ ഈ പ്രതിമ വാങ്ങിവച്ച് വിളക്ക് കൊളുത്തി പ്രാര്‍ത്ഥിക്കാറുണ്ട്. ചതുരത്തിലുള്ള സ്തുപികയാണ് ഈ പ്രതിമയുടെ ആകൃതി. മൂന്ന്, അഞ്ച് എന്നീ പ്രകാരം പ്രതിമകള്‍ നിരത്തി വിളക്ക് കൊളുത്തി ആരാധിക്കുന്നതാണ് പതിവ്. എന്നാല്‍ വടക്കന്‍ കേരളത്തില്‍ ഇപ്രകാരം മുപ്പത്തിമൂന്ന് പ്രതിമകളും പിന്നെ മകത്തടിയന്‍ എന്ന നാഗദേവതാരൂപവും ചേര്‍ത്തുവച്ച് ആരാധിക്കുന്ന ചടങ്ങും നിലനില്‍ക്കുന്നു.

ആരാണ് ഓണത്തപ്പന്‍

തിരുവോണത്തിന് പൂക്കളത്തില്‍ വിളക്ക് കത്തിച്ചു പ്രാര്‍ത്ഥിക്കണം എന്ന് പറയുമ്പോള്‍ സാധാരണക്കാര്‍ക്ക് തോന്നാവുന്ന സംശയമാണ് വിളക്കത്ത് ആരെ മനസില്‍ കരുതി പ്രാര്‍ത്ഥിക്കണം എന്നത്. അസുരചക്രവര്‍ത്തിയായ മഹാബലിയെയാണോ പ്രാര്‍ത്ഥിക്കേണ്ടത്. മഹാബലിയുടെ പ്രാര്‍ത്ഥനാ മന്ത്രങ്ങള്‍ ഇതുവരെ ആരും എഴുതികണ്ടിട്ടുമില്ല.
മഹാബലിചക്രവര്‍ത്തിയെ മനസ്സില്‍ കരുതിയാല്‍ മതി എന്ന് പറഞ്ഞാലും തെറ്റല്ല. എന്തെന്നാല്‍ മഹാബലി മഹാവിഷ്ണുവില്‍ സാരൂപ്യഭാവം ചേര്‍ന്നു. ചിലകാരണങ്ങളാല്‍ ദേവലോകത്തെ ദേവകളുമായി യുദ്ധം ചെയ്ത മഹാബലി മഹാവിഷ്ണുവിന്റെ പരമഭക്തന്‍തന്നെയായിരുന്നു. മഹാബലിയെ വണങ്ങിയാല്‍ മഹാവിഷ്ണുവിനെ വണങ്ങിയതിനു തുല്യമാണ്. ത്രിമൂര്‍ത്തികളുടെയും മഹാലക്ഷ്മിയുടെയും ശ്രീപാര്‍വ്വതിയുടെയും സാന്നിദ്ധ്യം നിറഞ്ഞ ഭാവമായിട്ടാണ് ഭക്തോത്തമര്‍ മഹാബലിസങ്കല്‍പ്പത്തെ പൂവിട്ട് ആരാധിക്കുന്നത്. എന്നാല്‍ മുപ്പത്തിമുക്കോടി ദേവതാസാന്നിദ്ധ്യമാണ് വടക്കന്‍ കേരളം മഹാബലിയില്‍ കാണുന്നത്. മുപ്പത്തിമൂന്ന് ബിംബങ്ങളെ ആരാധിക്കുന്ന സമ്പ്രദായം ഇപ്രകാരമാവാം തുടക്കം കുറിച്ചത്. മഹാബലി ആരാണ്? ഒറ്റവാക്കില്‍ പറഞ്ഞാല്‍ മാനവദുരിതങ്ങള്‍ക്ക് ആശ്വാസം നല്‍കുന്ന ഈശ്വരസങ്കല്‍പ്പം എന്നുതന്നെ പറയാം.
അതെ; മാനവരെല്ലാം ഒന്നുപോലെ, ആപത്തും ദുരിതവുമില്ലാതെ കഴിയുന്നനാളുകള്‍. സാധാരണക്കാര്‍ എപ്പോഴും ആഗ്രഹിക്കുന്ന, ലേശമെങ്കിലും തുല്യത ഈ ചിന്തയാണ് മഹാബലി സങ്കല്‍പ്പത്തിലൂടെ നാം പ്രതീക്ഷിക്കുന്നത്.
ഐശ്വര്യദേവതയെ നമ്മുടെ വീട്ടിലേക്ക് പൂക്കള്‍ വിതറി ആനയിക്കുന്ന ചടങ്ങാണ് തിരുവേണ ആഘോഷങ്ങള്‍. പൂമുഖത്ത് പൂക്കള്‍ നിരത്തി, വിളക്കുകൊളുത്തിവെച്ച്, ഈ മഹാഐശ്വര്യത്തെ നമ്മള്‍ക്കും എതിരേല്‍ക്കാം. ഐശ്വര്യം നല്‍കുന്ന ഈ തിരുവോണദിനത്തെ ഉത്സാഹത്തോടെ എതിരേല്‍ക്കാം. പരിപൂര്‍ണ്ണനായ മഹാബലി; മലയാളമണ്ണിന് സമത്വത്തിന്റെ പുണ്യപൂര്‍ണ്ണാവതാരം തന്നെയാണ്. ഏവര്‍ക്കും നേരുന്നു; സന്തോഷപൂര്‍ണ്ണമായ തിരുവോണനാളുകള്‍.

കോട്ടവട്ടത്ത് നാരായണന്‍ പോറ്റി തയ്യാറാക്കി ജ്യോതിഷരത്നം (2014 സെപ്തംബര്‍ 1-15) പ്രസിദ്ധം ചെയ്ത ലേഖനം