20230515

ഉഴുന്ന് മദ്ദളമാകും കാലം ഉപ്പ് കര്‍പ്പൂരമാകും കാലം

തുളുനാട്ടിലെ തുലാവാവിനെപ്പറ്റി  കുരീപ്പുഴ ശ്രീകുമാര്‍ ജനയുഗം  ദിനപത്രത്തിൽ എഴുതിയത് 

തുളുനാട്ടിലെ  മഹാബലിയെക്കുറിച്ച് പറഞ്ഞത് സി രാഘവന്‍ മാഷാണ്. ഗോകര്‍ണം വരെ നീണ്ടുകിടന്ന ഒരു നാടിന്റെ വടക്കന്‍ കാവല്‍ക്കാരായ തുളുവര്‍ക്കുമുണ്ട് മഹാബലി. ബലീന്ദ്ര, ബലിയേന്ദ്ര, ബോളിയേന്ദ്ര എന്നീ പേരുകളിലാണ് അവിടെ മഹാബലിയുള്ളത്.


മൂന്ന് ലോകത്തിന്റെയും അധിപനായി ഈ അസുരരാജാവ് സമത്വസുന്ദരമായ സാമൂഹ്യ വ്യവസ്ഥ നടപ്പിലാക്കി. അസൂയാലുക്കളായ ദേവന്മാരുടെ സ്വാധീനത്തില്‍പ്പെട്ട മഹാവിഷ്ണു, വാമനനായി, ബലീന്ദ്രനെ ചതിച്ചു പാതാളത്തിലാക്കി.


വിനയവാനായ ബലീന്ദ്രന്‍, രാജാവെന്ന് അവകാശപ്പെടുന്നതേയില്ല. പകരം ഭൂമിപുത്രന്‍ എന്നേ പറയുന്നുള്ളു. തുളുവിലെ ബലിയേന്ദ്രന്‍ പാട്ടില്‍ ഈ കഥ വിശദമായിട്ടുണ്ട്. ബലിയേന്ദ്രന്റെ രാജ്യത്തെ നശിപ്പിക്കാന്‍ ദേവന്മാര്‍ ആദ്യം പറഞ്ഞുവിടുന്നത് നളചരിതം ഫെയിംകലിയെ തന്നെയാണ്. ബലീന്ദ്രനാകട്ടെ ബല്ലാളനെക്കൊണ്ട് കലിയെ തളച്ചു. കലിയുടെ വലം കാലില്‍ പൊന്‍ചങ്ങലയും ഇടംകാലില്‍ വെള്ളി ചങ്ങലയും നടുവിന് ഇരുമ്പുചങ്ങലയും ബന്ധിച്ചാണ് ബല്ലാളന്‍ കലിയെ തടവിലാക്കുന്നത്.


കലിവെടി ചീറ്റിപ്പോയതിനാല്‍ ദേവന്മാര്‍ നാല്‍ക്കയ്യന്‍ നാരായണനെ കണ്ട് വാമനവേഷം കെട്ടിക്കുകയാണ്. വാമനന്‍, ബലിയേന്ദ്രനു ചില ഓഫറുകള്‍ നല്‍കുന്നുണ്ട്. നഷ്ടപ്പെട്ട ഭൂമി ബലിയേന്ദ്രന് തിരിച്ചുനല്‍കാമെന്ന് തന്നെയാണ് പ്രധാന ഓഫര്‍. അത് എന്നാണെന്നോ? കല്ല് കായും, ഉപ്പ് കര്‍പ്പൂരവും, ഉഴുന്ന് മദ്ദളവും ആകുന്നകാലത്ത്! വെള്ളാരം കല്ല് പൂക്കുകയും മോരില്‍ വെണ്ണ മുങ്ങുകയും കുന്നിക്കുരുവിന്റെ കറുത്തകല മായുകയും മരം കൊത്തിക്കിളി തലക്കുടമതാഴെ ഇറക്കുകയും ചെയ്യുന്ന കാലത്ത് തിരിച്ചുവന്ന് നാടുഭരിക്കാം.


മൂന്നടി മണ്ണ് ദാനം തന്നാല്‍ അതെങ്ങനെ വിനിയോഗിക്കുമെന്ന് ബലീന്ദ്രന്‍ ചോദിക്കുന്നുണ്ട്. വാമനന്റെ മറുപടി, ഒരടിസ്ഥലത്ത് വീടും ആലയും പണിത്, കുളവും കിണറുമുണ്ടാക്കി, തെങ്ങും വാഴയും നട്ടുവളര്‍ത്തും. രണ്ടാമടി സ്ഥലത്ത് തെയ്യത്തിന് മാടമുണ്ടാക്കി ഉത്സവം നടത്തും. മൂന്നാമടി സ്ഥലം പൂണൂലുകാര്‍ക്ക് നീക്കിവയ്ക്കും.


ഇവിടെ തെലുങ്കു ജനകീയ കവി ഗദ്ദറിന്റെ ഓണക്കഥ വായന പ്രസക്തമാണ്. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ വാമനന്‍ സവര്‍ണ പ്രതിനിധിയും മഹാബലി ദലിത് ചക്രവര്‍ത്തിയുമാണ്. ഒന്നാമടി ഭൂമി കവര്‍ന്നതിലൂടെ സവര്‍ണര്‍, ദലിതന്റെകൃഷി ഭൂമിയും രണ്ടാമടിയിലൂടെ ജീവിത സാഹചര്യങ്ങളും മൂന്നാംമടിയിലൂടെ ദലിതന്റെ അധികാരവും കയ്യടക്കി. ഈ വായനക്ക് ഭൂതകാലത്ത് നടന്ന സവര്‍ണാധിപത്യത്തിന്റെ വാസനയുണ്ട്. അടിച്ചമര്‍ത്തപ്പെട്ട ദ്രാവിഡ ജീവിതത്തിന്റെ വിയര്‍പ്പുമണമുണ്ട്. കൂടുതല്‍ യുക്തിസഹമാണ് ഗദ്ദറിന്റെ വായന. അങ്ങനെയെങ്കില്‍ ഓണ ചുമരുകളിലെ മഹാബലിയെ നമുക്ക് മാറ്റിവരയ്‌ക്കേണ്ടതുണ്ട്. പൂണൂലും കുടവയറുമില്ലാത്ത ഒരു മഹാബലി. കറുപ്പുനിറവും മുഖത്ത് സ്‌നേഹവാത്സല്യങ്ങളും തിളങ്ങുന്ന ഒരു മഹാബലി ഉറച്ച ഹിന്ദുമതക്കാര്‍ക്ക് ഓണം, മഹാബലി പരോളിലിറങ്ങുന്ന കാലമല്ല. മഹാവിഷ്ണു വാമനനായി അവതരിച്ച പുണ്യദിനമാണ്. മഹാബലി പക്ഷത്തു നില്‍ക്കുന്നവര്‍ക്ക് ഹിന്ദുമതത്തിന്റെ കാര്‍ഡ് ഇല്ലെന്നര്‍ഥം.


മിത്തുകളുടെ പുനര്‍വായന, കാലം ആവശ്യപ്പെടുന്നുണ്ട് യുക്തിസഹമായി വായിച്ചില്ലെങ്കില്‍ മിത്തുകള്‍ പോലും കവര്‍ച്ച ചെയ്യപ്പെടും. ബലീന്ദ്രന്‍ പ്രജകളെ കാണാനെത്തുന്നത് ദീപാവലി നാളിലാണെന്നൊരു വ്യത്യാസവും തുളുനാട്ടിലുണ്ട്.


--

 കടപ്പാടു്: കുരീപ്പുഴ ശ്രീകുമാര്‍, ജനയുഗം 2013 സെപ്തംബർ

-0-

No comments:

Post a Comment