20210725

ഇന്ന് പിള്ളേരോണം

 

ശ്രീമാവേലിപുരം, ൧൧൯൬ കര്‍ക്കടകം ൯ : പൂവിളിയും ഓണക്കോടികളും ഓണസദ്യയുമായി ഇന്ന് പിള്ളേരോണം ആഘോഷിയ്ക്കുന്നു. 1196 കര്‍ക്കടകത്തിലെ തിരുവോണനാള്‍  ക്രിസ്തുവർഷം 2021 ജൂലൈ 25 ഞായറാഴ്ചയായ ഇന്നു് ആണു്.

കര്‍ക്കടകത്തിലെ വറുതിയില്‍ തെല്ലൊരാശ്വാസമായാണ് പണ്ടുള്ളവര്‍ പിള്ളേരോണം ആഘോഷിച്ചിരുന്നത്. പിള്ളേരോണത്തിന്റെ 28-ആം നാളിലാണ് മലയാളികളുടെ ദേശീയോത്സവമായ തിരുവോണം ആഘോഷിക്കുന്നത്. 

പഴയ കാലത്ത് പിള്ളേരോണം മുതല്‍ ഓണത്തിന് മുന്നോടിയായുള്ള ഒരുക്കങ്ങൾ ആരംഭിക്കുമായിരുന്നു. തൂശനിലയില്‍ കുട്ടികള്‍ക്ക് വിഭവസമൃദ്ധമായ സദ്യയുമായാണ് പഴമക്കാര്‍ പിള്ളേരോണത്തെ വരവേറ്റിരുന്നത്. 

ചടങ്ങുകൾ ഇങ്ങനെ

ഓണത്തിനുള്ള പോലെ വലിയ ആഘോഷങ്ങൾ ഒന്നും ഇല്ലെങ്കിലും മുറ്റത്തു ചെറിയപൂക്കളമിട്ടു് പരിപ്പും പപ്പടവും ചേർത്ത് സദ്യ ഒരുക്കാറുണ്ട്. പണ്ടുകാലങ്ങളിൽ കുട്ടികൾക്ക് ഏറ്റവും പ്രിങ്കരമായ ഉണ്ണിയപ്പം ഈ ദിനങ്ങളിൽ അമ്മമാർ തയാറാക്കിയിരുന്നു. ചിലയിടങ്ങളിൽ കുട്ടികൾ കൈകളിൽ മഞ്ഞളും മൈലാഞ്ചിയും ചേർത്തരച്ചണിയുന്ന പതിവും ഉണ്ട്. 

മാ‍മാങ്കം

പിള്ളേരോണവുമായി ബന്ധപ്പെട്ട് നിരവധി ഐതീഹ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ടു്. സാമൂതിരിമാരുടെ ഭരണകാലത്ത് തിരുനാവായില്‍ മാ‍മാങ്കം അരങ്ങേറിയിരുന്നത് പിള്ളേരോണം മുതലുള്ള ദിവസങ്ങളിലായിരുന്നു.

20210702

മാവേലി ചരിതം (ഓണപ്പാട്ടു്)


 
‘'ആരോമൽ പൈങ്കിളി പെൺകിടാവേ
പാരാതെ വന്നിങ്ങരികത്തിരി
 
തേനും കദളിപ്പഴവും പാലും
വേണ്ടുന്നതെല്ലാം തരുന്നതുണ്ടു്
 
എങ്ങു്ന്നു് വന്നൂ കിളിക്കിടാവേ? '’
‘'തൃക്കടൽക്കരേന്നു് വന്നു ഞാനും'’
 
'’തൃക്കാ'ക്കരെയെന്തു് വാർത്തയുള്ളൂ?’’
‘'അക്കഥ ചൊൽവാനെളുതല്ലൊട്ടും!'’
 
എന്നതുകേട്ടു് കിളിമകളും
നന്നായ് തെളിഞ്ഞു പറഞ്ഞു മെല്ലെ:
 
“തൃക്കാക്കരെ ശ്രീമഹാദേവരെൻ
ഉൾക്കാമ്പിൽ വന്നു് തുണച്ചിടേണം
 
തൃക്കാ'ക്കരെശ്രീ മഹാമന്നന്റെ
കേൾവികൾ കേൾപ്പിൻ മഹാമഹാജനങ്ങൾ
 
ആരാജമൌലീടെ ചെയ്തിയെല്ലാം
മാലോകർ ചൊല്ലി ഞാൻ കേൾപ്പതുണ്ടു്
 
മാവേലി നാടു് വാണീടും കാലം
മാനുഷരെല്ലാരുമൊന്നു് പോലെ
 
ആമോദത്തോടെ വസിയ്ക്കും കാലം
ആപത്തെങ്ങാർക്കുമൊട്ടില്ല താനും
 
ആധികൾ വ്യാധികളൊന്നുമില്ലാ
ബാലമരണങ്ങൾ കേൾപ്പാനില്ലാ
 
പത്തായിരത്താണ്ടിരിയ്ക്കുമല്ലൊ
നല്ലവരല്ലാതെയില്ല പാരിൽ
 
എല്ലാ കൃഷികളുമൊന്നു് പോലെ
നെല്ലിനു് നൂറു് വിളവതുണ്ടു്
 
ദുഷ്ടരെ കൺകൊണ്ടു് കാൺമാനില്ലാ
നല്ലവരല്ലാതെയില്ല ആരും
 
ഭൂലോകമൊക്കെയുമൊന്നു് പോലെ
ആലയമൊക്കെയുമൊന്നു് പോലെ

ഭൂലോകമൊക്കെകനകമത്രെ
ആലയമൊക്കെയുമൊന്നു പോലെ
 
നല്ല കനകം കൊണ്ടെല്ലാവരും
ആഭരണങ്ങളണിഞ്ഞു് കൊണ്ടു്
 
നാരിമാർ ബാലൻമാർ മറ്റുള്ളോരും
ആനന്ദത്തോടെ വസിയ്ക്കും കാലം
 
കള്ളവുമില്ലാ ചതിവുമില്ലാ
എള്ളോളമില്ലാ പൊളിവചനം
 
വെള്ളിക്കോലാദികൾ നാഴികളും
എല്ലാം കണക്കതിൻ തുല്യമായി
 
കള്ളപ്പറയും ചെറുനാഴിയും
കള്ളത്തരങ്ങൾ മറ്റൊന്നുമില്ല
 
നല്ല മഴ പെയ്യും വേണ്ടുംകാലം
വേദിയർ വേദവും സംഗീതവും
 
യാഗാദി കർമ്മം മുടങ്ങിടാതെ
രക്ഷിച്ചു് വാഴുന്ന കാലത്തിങ്കൽ
 
മാവേലിയെന്നയരചനല്ലോ
മാനുഷരോടങ്ങരുളിച്ചെയ്തു
 
അല്ലൽ കൈവിട്ട തിരുനാളല്ലൊ
തൃച്ചിങ്ങമാസത്തിരുവോണങ്ങൾ
 
അന്നൊരു വേല വിചിത്രമായി
വന്ദിച്ചുകൊണ്ടു തുടങ്ങിടേണം
 
തൃക്കാൽകരത്തിരുമാതേവരെ
ഉൾക്കാമ്പിൽ ധ്യാനിച്ചു് മേളിയ്ക്കുവിൻ
 
നിങ്ങളെല്ലാരുമനുസരിപ്പിൻ
ചിങ്ങത്തെയോണം മുടങ്ങിടാതെ
 
അങ്ങനെയോണം കഴിയുംകാലം
എങ്ങനെയെന്നു് പറയുന്നു ഞാൻ
 
തൃക്കാക്കരതേവർക്കോണം കാണ്മാൻ
പോകണമെല്ലാരുമെന്നു് വന്നു
 
തൃക്കാൽകരയ്ക്കു് നാമൊക്കെച്ചെന്നു
ശ്രീമഹാതേവരു് തന്നെ കാൺമാൻ
 
പോകണമെന്നു പുറപ്പെട്ടാറെ
നാരിമാർ വൃദ്ധൻമാർ ബാലൻമാരും
 
തൃക്കാക്കരയ്ക്കു് വഴിനടന്നു്
ദുഃഖിപ്പാനേതുമെളുതല്ലന്നേ
 
എന്നതു കേട്ടാറെ മാവേലിയും
മാനുഷരോടങ്ങരുളിച്ചെയ്തു
 
ഇന്നുതുടങ്ങി നാമെല്ലാരും
ഇല്ലങ്ങൾ തോറുമലങ്കരിച്ചു
 
ചെത്തിയടിച്ചു് മെഴുകിത്തേച്ചു
നല്തറയിട്ടു കളംമെഴുകി 
 
തുമ്പമലരാദി പുഷ്പങ്ങളും
അമ്പൊടെയിട്ടു വിചിത്രമായി
 
തൃക്കാൽകരെതിരുമാതേവരെ
ഉൾക്കാമ്പിൽ ധ്യാനിച്ചുമേളിയ്ക്കുവിൻ
 
പത്തു് നാൾ മുമ്പേ വന്നത്തം തൊട്ടു്
എത്രയും ഘോഷങ്ങളെന്നേ വേണ്ടൂ
 
നാരിമാർ വൃദ്ധൻമാർ മറ്റുള്ളോരും
ആകെക്കുളിച്ചവരൂൺ കഴിഞ്ഞും
 
അങ്ങനെ തന്നെയും ദിക്കു് തോറും
ഘോഷങ്ങളൊക്കെയുമൊന്നു് പോലെ
 
മാവേലി രക്ഷിച്ചു് വാഴും കാലം
അക്കാലമൊക്കെയുമൊന്നു് പോലെ
 
മാവേലി നാടു് വാണീടും കാലം
മാനുഷരെല്ലാരുമൊന്നു് പോലെ
 
ആമോദത്തോടെ വസിയ്ക്കും കാലം
ആപത്തെങ്ങാർക്കുമൊട്ടില്ല താനും
 
അക്കാലം ഉണ്ണിയെപ്പോലെ വന്നോൻ
മാവേലി തൻനോടു ചോദിയ്ക്കുന്നു:
 
''മുപ്പിടി മണ്ണെനിയ്ക്കാശയുണ്ടാം''
''മുപ്പിടി മണ്ണുമളന്നു് കൊൾക''
 
മുപ്പിടി മണ്ണന്നളന്ന നേരം
മുപ്പിടി മണ്ണു് തികഞ്ഞില്ലന്നേ
 
മാവേലി മണ്ണുപേക്ഷിച്ചശേഷം
മാധവൻ നാടു് വാണിടും കാലം
 
ആകവേ ആയിരം ബ്രാഹ്മണരെ
നിത്യവുമൂട്ടിത്തുടങ്ങിയല്ലോ
 
മാവേലിയോണം മുടങ്ങിയല്ലോ
അക്കഥ കേട്ടാറെ മാവേലിയും 
 
ഖേദിച്ചു തൻറെ മനസ്സുകൊണ്ടു
ഊഴിയ്ക്കുടയരോടേവമോതി
 
എന്നുടെ ഭൂമിയടക്കം ചെയ്തു
ഞാനിങ്ങുപേക്ഷിച്ചു പോന്നശേഷം 
 
മാനുഷരൊക്കെ വലഞ്ഞുവല്ലൊ
ദേവകീനന്ദാനാ വാസുദേവാ
 
അച്ചൊമനെക്കുല ചെയ്തവനെ
തോഴന്റവൽവാരി തിന്നവനേ
 
പാൽ തൈരു് വെണ്ണ കട്ടുണ്ടവനേ 
നാരിമാർ കൂറ കവർന്നവനേ

പെണ്ണുങ്ങളെച്ചതി ചെയ്തവനേ
മണ്ണളന്നെന്നെച്ചതിച്ചവനേ
 
കുന്നുകുടയായ് പിടിച്ചവനേ
വിണ്ണൊർ ഭവനങ്ങൾ തീർത്തവനെ
 
കാളിയൻ തന്റെ വിഷം കളഞ്ഞ്
കല്പാന്തകാലമൊരാലിൻമേലിൽ
 
ഉല്പന്നമോദംകിടന്നവനേ
നീലമുകിൽ നിറംപൂണ്ടവനെ
 
മോടികളൊക്കെയും മാറിയല്ലോ
ഇങ്ങനെയാക്കുവാനെന്തുമൂലം
 
മാവേലി ചൊന്നതു് കേട്ടനേരം
മാധവൻ താനുമരുളിച്ചെയ്തു:
 
സേവിച്ചുവാണൊരരചരാജാ
ഖേദിയ്ക്ക വേണ്ടിനിയൊന്നുകൊണ്ടും

കൊല്ലമൊരാദിദിനങ്ങൾതോറും  
വന്നു മാനുഷരെക്കണ്ടു കൊൾക
 
വെച്ച് മുറപോലെ  ചട്ടംകെട്ടി
ചെല്ലുപാരം നിന്തിരുവടികൾ
 
അങ്ങനെതന്നെയും വാസുദേവൻ
ഖേദിച്ചു പാരം മനസ്സുമുട്ടി
 
മാനുഷർതന്നൊടരുളിച്ചെയ്തു   
നാരിമാർ ബാലൻമാർ വൃദ്ധൻമാരും
 
ഗോപൻമാർ ഗോപാലനാരിമാരും
ആകവേകേൾപ്പിൻ ഞാൻ ചൊല്-വതെല്ലാം
 
കൊല്ലമൊരാദി ദിനങ്ങൾതോറും
മാവേലിതാനും വരുമവിടെ
 
പണ്ടേതിനേക്കാൾ വിചിത്രമായി
വേണ്ടുന്നതൊക്കെയൊരുക്കിടേണം
 
എന്നതുകെട്ടാറെ മാവേലിയും
അന്നവർതന്നൊടരുളിച്ചെയ്തു 
 
ചിങ്ങമാസത്തിലെ ഓണക്കാലം
മാനുഷരെല്ലാരും മേളിയ്ക്കുന്നു
 
മാനുഷരെ വന്നു കണ്ടിടുവാൻ
ഓണത്തിനെന്നും വരുന്നുമുണ്ടു്
 
അങ്ങനെതന്നെ വരുന്നുമന്നൻ
മാനിയായുള്ളോരുമന്നരാജാ(വ്)
 
നാരായണന്റെ കളികളെല്ലാം
നാരദൻചൊന്നതു കേട്ടു കൊൾക
 
ചെത്തിയടിച്ചു വഴി നടകൾ
ചുറ്റും കിളച്ചങ്ങു വേലി കെട്ടി
 
വെണ്മയിൽ ചുവ്‍രും നിലങ്ങളെല്ലാം
പൊൻമയമാക്കി മെഴുകിടേണം
 
കുമ്മായംകൊണ്ടു മെഴുകുന്നോരും
ചെമ്മണ്ണുകൊണ്ടു തറപിടിച്ചു്
 
മുറ്റത്തു് വട്ടക്കളവുമിട്ടു്
ഗോമയം കൊണ്ടു് മെഴുകിത്തേച്ചും
 
പുഷ്പങ്ങൾ കൊണ്ടു് മതിൽ വളച്ചും
ആർപ്പു് വിളിച്ചുമലങ്കരിച്ചും
 
ആനന്ദമെന്നേ പറവാനുള്ളൂ
എത്രയും ഘോഷങ്ങളൊക്കെവേണം
 
ആണ്ട വില്ലമ്പു് കടുന്തുടിയും
തുംബുരു വീണ കുഴൽനാദവും
 
മദ്ദളം ചെണ്ട മുരശുടുക്കും
നല്ല കുഴൽ വീണ ചിന്തുരാഗം
 
വാളേറുമമ്മാനമാട്ടമെല്ലാം
പന്തടിയിത്തരമൊടുഘൊഷം
 
ഇത്തരമോരോരോമേളത്തോടെ
നാരിമാർ ബാലൻമാർ വൃദ്ധൻമാരും
 
ചിത്തമോദത്താൽതരുണിമാരും
ലീലകൾപൂണ്ടുവസിയ്ക്കും കാലം
 
മാനം വളച്ച വളപ്പകത്തു്
നല്ല നഗരങ്ങളെല്ലാടവും
 
നെല്ലുമരിയും പലതരത്തിൽ
വേണ്ടുന്നവാണിഭമൊന്നുപോലെ
 
ആടുകളാന കുതിരകളും
കെട്ടിവരുന്നതിനറ്റമില്ലാ
 
ശീലത്തരങ്ങളും വേണ്ടുവോളം
നീലക്കവിണിയും ചിറ്റാടയും
 
തെക്കർ കിഴക്കർ കവിണിയുണ്ടു്
 നല്ലമണപ്പാടൻ നല്ലെഴുത്തൻ
 
 കായങ്കുളച്ചേല പോർക്കളിയൻ
ചീനത്തെ മുണ്ടു്കൾ വേണ്ടുവോളം
 
ഓരോ തരങ്ങളിൽ വേണ്ടുവോളം
നഗരിയിൽ നല്ലത കൊഴിക്കൊടൻ
 
പട്ടു് പുടവകൾക്കമില്ല
കണ്ണാടി കസ്തൂരി കർപ്പൂരവും
 
പച്ചപ്പുഴുച്ചാന്തും സിന്ദൂരവും
അഷ്ടഗന്ധങ്ങളും ചന്ദനവും
 
ഈവണ്ണമുള്ള വിശേഷങ്ങളും
സൻനാഹം ചൊന്നാലൊടുക്കമില്ലാ
 
പച്ചക്കുലയും പഴക്കുലയും
പപ്പടക്കെട്ടുകൾ വേണ്ടുവോളം
 
വെറ്റിലടയ്ക്കയും നാളികേരം
ജീരകം ഉള്ളി കടു(ക്) മുളകും
 
ശർക്കര തേനോടു് പഞ്ചസാര
എണ്ണയും നെയ്യും വെളിച്ചെണ്ണയും
 
എണ്ണമില്ലാതോളമെന്നേ വേണ്ടൂ
വേണ്ടുന്നതൊക്കെയും വേണ്ടുവോളം
 
കണ്ടവർ കൊണ്ടു കൊടുത്തു വാങ്ങി
ഞാനിതുചൊന്നാലൊ ഒടുക്കമില്ല
 
മാനിനിമാരുടെ വാക്കു കെൾപ്പിൻ:
മാരനൊടൊന്നുപറയുമാറ്റ
 
ചേലയെനിയ്ക്കൊന്നു് വേണമെങ്കിൽ
നീളത്തിലേതും കുറഞ്ഞിടാതെ
 
നീളം കുറഞ്ഞിന്നങ്ങെറവെണം
വീതിയിലേതുംകുറയരുത്
 
രണ്ടര തന്നെയകലം വേണം
രണ്ടാം തരം തന്നെവേണമല്ലൊ
 
കണ്ടാലും നല്ല വിശേഷം വേണം
നാലുഭാഗത്തുകരയും വെണം
 
എന്നതു കെട്ടപ്പോൾ മറ്റൊരുത്തി
തന്റെ കണവനൊടൊന്നു ചൊല്ലി
 
കാരണം കേൾപ്പിൻ ഞാൻ ചൊന്ന വാർത്ത
ദൂരംവൈ നിങ്ങളും പൊകുന്നാകിൽ
 
പൂരാടം നാൾക്കിങ്ങുവന്നീടെണം
വീരാളിയ്ക്കൊത്തൊരു ചെല വേണം
 
നേരെത്തെ ഞാനുംപറയുന്നോർക്കിൻ
നെരത്രെ ഞാനിതു ചൊല്ലീടുന്നു
 
പിന്നെപ്പറഞ്ഞുപിണങ്ങിപ്പൊണ്ട
എന്നെ ക്കുറയ കൃപയുണ്ടെങ്കിൽ
 
അന്നെരം കണ്ടാലറിഞ്ഞുകൊള്ളാം
എന്നതു കെട്ടരു നാരിയപ്പൊൾ
 
തന്റെ കണവനൊടൊന്നു ചൊല്ലി
വല്ലതുംഞാനൊന്നുചൊല്ലുന്നാകിൽ
 
നല്ലതെന്നുള്ളതു തോന്നുന്നില്ല.
ചെയ്യിക്കച്ചായെന്നെനിയ്ക്കുവെണ്ട
 
നല്ലകവിണിയാലൊന്നുവെണം
എന്നതു കെട്ടപ്പോൾ മറ്റൊരുത്തി
 
ചേലയാലൊന്നിങ്ങു വെണമെങ്കിൽ
ഈടുള്ള ചെലകൾ വാങ്ങിക്കൊൾവിൻ 
 
എന്നതു കേട്ടപ്പോൾ മറ്റൊരുത്തി
തന്റെ കണവനൊടൊന്നു ചൊല്ലി
 
ഉടവാത്തൊരുചേലവേണമല്ലോ
കേടുവരാതെയിരുന്നുപോട്ടെ
 
ഇങ്ങനെ കേട്ടപ്പോൾ മറ്റൊരുത്തി
തന്റെ കണവനോടൊന്നു് ചൊന്നാൾ
 
നാണക്കേടൊന്നുമേ ബോധിയ്ക്കേണ്ടാ
നല്ലതരമൊക്കെ നോക്കിക്കൊൾവിൻ
 
എന്നതു കെട്ടപ്പോൾ മറ്റൊരുത്തി
തന്റെ കണവനൊടൊന്നു ചൊല്ലി
 
നീലക്കവിണിയും വെണ്ടെനിയ്ക്ക്
കൈക്കൊളൻചേലയാലൊന്നുവെണം
 
ഇങ്ങനെ നാരിമാർവാക്കുകേട്ടു
ചേലയെനിയ്ക്കൊന്നു് മുമ്പെയുണ്ടു്
 
മീതെയിടുന്നൊരു മുണ്ടു വേണം
എന്നാൽ മതിയെനിയ്ക്കെന്റെ കാന്താ
 
ബാലത്തരുണിമാർ വാക്കു് കേൾപ്പിൻ:
ചേലയെനിയ്ക്കൊന്നു് വേണമെങ്കിൽ
 
നീലക്കവിണിയിലൊന്നു് വേണം
തോരനെഴുതിയതൊന്നും വേണം 
 
അന്നേരം മറ്റൊരു കന്യകയും
മാതാവൊടെവം പറഞ്ഞീടുന്നു
 
ഓണവും വന്നിങ്ങടുത്തുവല്ലൊ
ഓണപ്പുട(വ)യെനിയ്ക്കില്ലാഞ്ഞിട്ട
 
നാണക്കേടായിട്ടുവന്നുകൂടും
അച്ഛൻ കൊണ്ടുന്നാലിനിയ്ക്കു് വേണ്ടാ
 
എന്റെ പുടവയുടുത്തൊ നീയും
ഓണം കഴിഞ്ഞുംഎനിയ്ക്കു് വേണ്ട
 
ചാലിയക്കച്ചയെന്തുനാട്ടിലില്ലെ

 
ഇങ്ങനെ നാരിമാർ ബാലൻമാരും
ഭംഗികളോരോന്നേ ചൊല്ലിക്കേട്ടു
 
കാതിലെതോടയും കൈവളയും
മാലയും താലിയും മോതിരവും
 
മാറിലെ താലിയും മോതിരവും
 
പൊന്നരഞ്ഞാണവും കാതിലയും
 
മിൻനി ക്കുടകം മണിക്കുടയും
പിൻനൽ മടക്കം മണികുംഭവും
 
പൊന്നും ചിലമ്പും തരിവളയും
കാഞ്ചികൾ നൂപുരം കാൽവളയും
 
പച്ചച്ചരടും പവിഴമാലാ
കെട്ടുന്ന നാരിമാർക്കമില്ല
 
അന്നൊരുനാരി പറഞ്ഞാളെവം
''മാലയും താലിയെനിയ്ക്കില്ലല്ലൊ
 
''എന്നതു് കൊണ്ടേതും ഖേദിയ്ക്കേണ്ട
മംഗല്യം തേച്ചു് വെളുക്കക്കെട്ടി
 
വസ്ത്രം വെളുത്താൽ മതി മകളേ'
വസ്ത്രം പലതരമെന്നേവേണ്ടു
 
ഈവകയോരോന്നുമുല്ലാസമായ്
പൌരുഷമോടെയൊരുക്കീടുന്നു
 
വേണ്ടുന്നതെല്ലാമൊരുക്കിടുന്ന
നായകവീരൻമാർക്കറ്റമില്ല
 
അങ്ങനെയെല്ലാമിരിയ്ക്കും കാലം
മാവേലിതാനുമെഴുന്നള്ളുന്നു
 
മാവേലിമന്നനും മാദേവനും
മാനുഷലോകത്തെഴുന്നെള്ളുന്നു
 
വെള്ളഗജത്തിൽ കഴുത്തിലേറി
ലോകരെ കാണാനെഴുന്നള്ളുന്നു
 
മാവേലിമന്നനെഴുന്നള്ളുന്നു
വെള്ളാന രണ്ടുമിരുപുറവും
 
ലോകംകുലുങ്ങിനവാദ്യങ്ങളും
ശംഖുകൾ നാദം മുഴക്കം കൊണ്ടു
 
തൃക്കാക്കരെക്കങ്ങുലകുഴിഞ്ഞു്
ആദിത്യചന്ദ്രന്മാർവന്നുചേർന്നു
 
കെക്കേക്കരയിലെ ദേവൻമാരും
നക്ഷത്രാദികളുംവന്നവിടെ
 
നാകലോകങ്ങളിൽ കേട്ടനേരം
നാകന്മാരെല്ലാരും വന്നവിടെ
 
ദേവനും മന്നനും ദേവിമാരും
നാരിമാർ ബാലന്മാർ മറ്റുള്ളോരും
 
ആകവെ വന്നുനിറഞ്ഞവിടെ
ആഘോഷമെന്നെ പറവാനുള്ളൂ
 
നാരദൻവീണയും വായിച്ചിട്ടു്
പാടിത്തുടങ്ങിനാർ ദേവകളും
 
നാരിമാരാരാടീം പാടിക്കൊണ്ടും
പാടുന്ന താളത്തിൽ നൃത്തം വച്ചു
 
ആലയമൊക്കെയുമൊന്നുപോലെ
ആനന്ദമെന്നതേ പറയാനുള്ളു
 
ലോകങ്ങൾ കണ്ടു തെളിഞ്ഞശെഷം
മാവേലി താനുമരുളിച്ചെയ്തു
 
കാലമൊരാണ്ടിലൊരു ദിവസം
നിങ്ങളെകാൺമാൻ വരുന്നുഞാനും
 
മാവേലി പോകുന്ന നേരത്തിങ്കൽ
മാവേലി പൊകുന്ന ദിക്കുനൊക്കി
 
നിന്നു് കരയുന്നു മാനുഷരും
അന്നേരം മാവേലി താനരുളി
 
ഖേദിയ്ക്കവെണ്ടയെൻ മാനുഷരേ
ഏറെനാൾ ചെന്നേ ഞാൻപോകയുള്ളൂ
 
എന്നതുകേട്ടുടൻ മാനുഷരും
നന്നായ് ത്തെളിഞ്ഞുമനസ്സു് കൊണ്ടു്

മാവേലി നാടു് വാണീടും കാലം
മാനുഷരെല്ലാരുമൊന്നുപോലെ
 
ആമോദത്തോടെ വസിയ്ക്കും കാലം
ആപത്തെങ്ങാർക്കുമൊട്ടില്ലതാനും

ശങ്കര നിർമ്മിതമായ പാട്ടു്
വിദ്യയില്ലാത്തവർ ചൊല്ലുന്നേരം
 
വിദ്വാന്മാർ കണ്ടതിൻ കുറ്റം തീർപ്പിൻ
ഇപ്പാട്ടു് പാടി സ്തുതിച്ചിടുവിൻ
 
ഇക്കഥ പാടിക്കളിയ്ക്കുന്നോർക്കും
ദിക്കറിയാത്തവർ കേൾക്കുന്നോർക്കും
 
ദുഃഖമൊഴിഞ്ഞു് സുഖമുണ്ടാകും
മക്കൾ മരുമക്കളേറ്റമുണ്ടാം
 
പ്രാണനപായം വരുന്ന കാലം
നാരായണപാദം ചേർന്നു് കൊള്ളും.
 
ഇക്കഥ ചൊല്ലിക്കഴിഞ്ഞശേഷം
ഇക്കഥ ചൊന്നൊരു തത്തത്താനും
 
പാടിപ്പറന്നുടൻ തൃക്കാക്കരേ
മെല്ലവെ പൊയിസ്സുഖിച്ചിരുന്നു