ദശാവതാര ആശയത്തില്‍ അടങ്ങിയിരിക്കുന്നതു് മനുഷ്യപരിണാമത്തിന്റെ പത്തു് ഘട്ടങ്ങളാണു്. അതായതു്, നാരായണന്റെ ഒന്‍പതു് അവതാരങ്ങളിലൂടെ ഇന്നത്തെ നിലയിലായ മനുഷ്യവര്‍ഗ്ഗം അവസാനത്തേതും പത്താമത്തേതുമായ അടുത്ത അവതാരത്തെപ്പറ്റിയുള്ള ഉല്‍ക്കണ്ഠയുമായി കഴിയുന്നു. മനുഷ്യ പരിണാമത്തി ന്റെ പത്തു് ഘട്ടങ്ങളായ അവതരണങ്ങള്‍ മല്‍സ്യം, കൂര്‍മ്മം (ആമ), വരാഹം, നരസിംഹം, വാമനന്‍, പരശുരാമന്‍, ശ്രീരാമന്‍, ബലരാമന്‍, ശ്രീകൃഷ്ണന്‍ എന്നിവയും വരാനിരിയ്ക്കുന്ന സര്‍വ സംഹാരിയോ സര്‍വ സംരക്ഷകനോ ആയ അവസാന അവതാര(കല്ക്കി)വുമാണു്. അതു് താഴെ പറയുന്നതു്പോലെ വിശദീകരിയ്ക്കാം:
1. മല്‍സ്യം - ജീവിവര്‍ഗ്ഗത്തിന്റെ ആദ്യ രൂപം വെള്ളത്തിലായിരുന്നു.
2. കൂര്‍മം(ആമ) - അടുത്ത പരിണാമത്തില്‍ കരയിലും വെള്ളത്തിലും ജീവിയ്ക്കുന്ന ജീവിയായി മാറി.
3. വരാഹം - അതു് കഴിഞ്ഞു്, കരയില്‍ മാത്രം ജീവിയ്ക്കുന്ന ജീവിയായി.
4. നരസിംഹം(അര്‍ദ്ധമനുഷ്യന്‍) - ജീവിതസാഹചര്യങ്ങളുടെമേലും മറ്റു് ജീവികളുടെ മേലും
ബുദ്ധികൊണ്ടും സാമൂഹിക ബലം കൊണ്ടും ആധിപത്യം നേടിയ ഘട്ടം.
5. വാമനന്‍ (കൊച്ചു് മനുഷ്യന്‍) - ഒരു കൊച്ചു് മനുഷ്യനായിത്തീര്‍ന്ന ഘട്ടം. മനു
ഷ്യനെന്നു് പറയാവുന്ന ജീവിയായെന്നാണു് അതിനര്‍ത്ഥം.
6. പരശുരാമന്‍ (പരശുവുള്ളവന്‍)- പരശു ആയുധമാക്കിയ ശിലായുഗ മനുഷ്യന്‍
7. ശ്രീരാമന്‍ (ശ്രീയുള്ളവന്‍) - ഇന്നത്തെ മാതൃകാ മനുഷ്യനായ ഘട്ടം -
മര്യാദാപുരുഷോത്തമന്‍ (നിയമവാഴ്ചയുടെ ഭാഗമായ മനുഷ്യന്‍)
8. ബലരാമന്‍ (കരുത്തന്‍) - കൃഷിക്കാരായ മനുഷ്യന്‍
9. ശ്രീകൃഷ്ണന്‍ - വിപ്ളവകാരിയായ മനുഷ്യന്‍
10. കല്ക്കി - വരാനിരിയ്ക്കുന്ന അവസാന മനുഷ്യഘട്ടം (അവസാനത്തവന്‍) സര്‍വ സംഹാരിയോ സര്‍വ സംരക്ഷകനോ ആയ മനുഷ്യന്‍ (സര്‍വ്വരക്ഷയുടേതായ ബൌദ്ധാവതാര മനുഷ്യഘട്ടത്തിലാണു് മഹാബലിയുടെ രണ്ടാം വാഴ്ച)
നരഅയനത്തിന്റെ ദശ അവതരണങ്ങളുടെ കഥയല്ലാത്ത
ദശാവതാരകഥകള്‍
ദശാവതാരങ്ങളായുള്ള മനുഷ്യവളര്‍ച്ചയുടെ പരിണാമങ്ങള്‍ പ്രചരിച്ചതു് കാലത്തിന്റെ ഗതി മാറ്റിയ മഹാസംഭവ കഥകളെ പ്രതീകമായി ചേര്‍ത്തു് കൊണ്ടായിരുന്നു. അസുരരുടെ തകര്‍ച്ചയ്ക്കു് ശേഷം ഭൂസുരന്‍മാര്‍ അതിപുരാതനമായ ആ കാലഘട്ടത്തില്‍നിന്നു് ഈ കാലം വരെ അസുരരുടെമേല്‍ ആധിപത്യമുറപ്പിയ്ക്കുകയെന്ന ദുര്‍ലക്ഷ്യത്തോടെ പടച്ച ദശാവതാര കഥകളിലൂടെ തലമുറകള്‍ കൈമാറി ദശാവതാര സങ്കല്പം കൊണ്ടു് നടന്നു.
അവ കാലത്തിന്റെ ഗതി നിര്‍ണ്ണയിച്ച ചില സംഭവങ്ങളുമായി ബന്ധപ്പെടുത്തിയുണ്ടാക്കിയ കഥകളായിരുന്നുവെങ്കിലും ദശാവതാരത്തിന്റെ വിവരണമല്ല. ദശാവതാര കഥകള്‍ കാലാനുക്രമത്തില്‍ ക്രമീകരിച്ചിട്ടുള്ളതല്ല എന്നതാണതിന്റെ പ്രധാന അടയാളം. ഉദാഹരണത്തിനു് രണ്ടാം അവതാരം കൂര്‍മ്മമാണു്; അതിന്റെ പ്രതീകമായി കൊടുത്തിട്ടുള്ള കഥ മഹാനായ ഹിരണ്യ കശിപുവിന്റെ പിന്‍ഗാമി പ്രഹ്ളാദരുടെ പിന്‍ഗാമിയുടെ പിന്‍ഗാമിയായ മഹാബലിയുടെ കാലത്തു് സുരന്‍മാരും അസുരന്‍മാരും ചേര്‍ന്നു് പാലാഴി കടയുമ്പോള്‍ കടകോലായുപയോഗിച്ച ‘‘പര്‍വതം’’ താണു് പോയപ്പോള്‍ താങ്ങായി മാറിയ ‘‘ആമ’’യുടെ നിര്‍ണ്ണായക പങ്കാണു്. എന്നാല്‍ മഹാബലിയുടെ മുന്‍ഗാമിമാരിലൊരാളായിരുന്ന മഹാനായ ഹിരണ്യ കശിപു തമ്പുരാന്‍ നാടു് നീങ്ങിയ കഥയാണു് നാലാം അവതാരമായ ‘നരസിംഹ’ത്തിനു് വേണ്ടി കൊടുത്തിരിയ്ക്കുന്നതു്. മൂന്നു് ചുവടു് ഭൂമി ദാനം ചോദിച്ച് വന്ന കൊച്ചു് ബ്രാഹ്മണന്‍ സകലതും കയ്യടക്കി മഹാബലിയെ ചതിച്ചു് സ്ഥാനഭ്രഷ്ടാക്കിയ ഭൂസുര വിജയമാണു് അഞ്ചാമത്തെ അവതാരമായ വാമനാവതാരത്തോടൊപ്പംവച്ച കഥ.
അസുരരുടെ മേല്‍ സുരന്മാരുടെ വിജയം ഉറപ്പിയ്ക്കാനും അസുരരെ പരമാവധി അപകീര്‍ത്തിപ്പെടുത്തുവാനും ദുഷിയ്ക്കുവാനും ബ്രാഹ്മണാധിപത്യം നിലനിറുത്തുന്ന ജാതിവ്യവസ്ഥയെ സംരക്ഷിയ്ക്കുവാനും ഉപയോഗപ്പെടുന്ന വിധത്തിലാണു് ദശാവതാര കഥകള്‍ ചമച്ചിട്ടുള്ളതു്. ദശഅവതാരങ്ങളെ ഓര്‍ക്കാന്‍ വച്ചിരുന്ന ഈ പ്രതീകാത്മകകഥകളുടെ അന്തസ്സാരം താഴെ:
വൈവസ്വത മനുവിന്റെ കഥ
(മല്‍സ്യാവതാരത്തിന്റെ ഓര്‍മ്മയ്ക്കു്)
സുമേരുവിലെ മഹാപ്രളയകാലത്തു് മനുഷ്യവംശം വേരറ്റു് പോകാതെ പെട്ടകമുണ്ടാക്കി സ്വയം രക്ഷപ്പെടുകയും ജീവജാലങ്ങളെയെല്ലാം നിലനിറു്ത്തുകയും ചെയ്ത ‘വൈവസ്വത മനുവിന്റെ അതിജീവ ചരിത്രമാണു് മത്സ്യാവതാരത്തെ ഓര്‍ക്കാന്‍ പറയുന്ന കഥയിലുളളതു്.
പാലാഴിമഥന കഥ
(കൂര്‍മാവതാരത്തിന്റെ ഓര്‍മ്മയ്ക്കു്)
മഹാബലി അസുര മഹാരാജാവായിരിയ്ക്കെ അസുരരോടൊത്തു് സുരരെക്കൂടി ചേര്‍ത്തു് ‘പാലാഴി’ കടയവെ കടയാനുപയോഗിച്ചിരുന്ന ‘മന്ദര’മെന്ന ‘പര്‍വതം’ താണു് പോയപ്പോള്‍ താങ്ങായി മാറിയ ‘ഭീമന്‍ ആമ’ വഹിച്ച നിര്‍ണായക പങ്കിന്റെ കഥ കൊണ്ടാണു് ആമയവതാരത്തെ ഓര്‍ക്കുന്നതു്.
ഭൂമിയുടെ സ്ഥാനം പുനഃസ്ഥാപിച്ച സംഭവം
(വരാഹാവതാരത്തിന്റെ ഓര്‍മ്മയ്ക്കു്)
ഹിരണ്യാക്ഷനെന്ന ‘ഭയങ്കര അസുരന്‍’ ഭൂമിയുടെ ‘സ്ഥാനം’ തെറ്റിച്ചു് കടലില്‍ താഴ്ത്തിയെന്നും ഒരു പന്നി ഭൂമിയെ യഥാസ്ഥാനത്തു് ഉറപ്പിച്ചു് രക്ഷിച്ചെന്നും പറയുന്ന കഥയാണു് വരാഹാവതാരത്തിന്റെ ഒപ്പം നല്കിയതു്.
ഹിരണ്യ കശിപുവും മനുഷ്യസിംഹവും
(നരസിംഹഅവതാരത്തിന്റെ ഓര്‍മ്മയ്ക്കു്)
അതിശക്തനും മഹാനുുമായ അസുര ഇന്ദ്രന്‍ ഹിരണ്യ കശിപു നാടു് നീങ്ങിയതാഘോഷിയ്ക്കുവാന്‍ ശത്രുക്കളുണ്ടാക്കിയ കഥകൊണ്ടാണു് നരസിംഹാവതാരത്തെ പ്രചരിപ്പിച്ചതു് . വിമതര്‍ക്കെതിരെ കടുത്ത നടപടിയെടുത്ത കടുംപിടുത്തക്കാരനായ ഹിരണ്യ കശിപു മഹാരാജാവു് ഹൃദയസ്തംഭനം മൂലം നാടു്നീങ്ങിയതു് യഥാര്‍ത്ഥത്തില്‍ സുരന്മാര്‍ക്കും ഭൂസുരന്മാര്‍ക്കും ആശ്വാസമായിരുന്നു. കാലത്തിനു് നിരക്കാത്ത അദ്ദേഹത്തിന്റെ ചില നടപടികളോടു് വിയോജിച്ചിരുന്ന മകന്‍ പ്രഹ്ളാദനാണു് പിന്‍ഗാമിയായി സ്ഥാനമേറ്റതു്.
ഹിരണ്യ കശിപു ചക്രവര്‍ത്തിയെ ആര്‍ക്കും രാത്രിയോ പകലോ കൊല്ലാനാവില്ലെന്നും മനുഷ്യസിംഹത്തിനു് മാത്രമേ അദ്ദേഹത്തെ (ഹിരണ്യ കശിപു ചക്രവര്‍ത്തിയെ) അവസാനിപ്പിയ്ക്കാനാവൂ എന്നുമായിരുന്നു വിശ്വാസം. അതു്കൊണ്ടു് ഹിരണ്യ കശിപു ചക്രവര്‍ത്തി അപ്രതീക്ഷിതമായി നാടു് നീങ്ങിയതു് സാധാരണ മരണമായി വിശ്വസിയ്ക്കാന്‍ അദ്ദേഹത്തെ കൊല്ലാന്‍ ആഗ്രഹിച്ചവര്‍ക്കു് കഴിഞ്ഞില്ല. മഹാനായ ഹിരണ്യ കശിപുവിന്റെ മരണം മനുഷ്യമൃഗമെന്ന അമാനുഷിക ശക്തിവന്നു് നെഞ്ചുപിളര്‍ത്തിയായിരുന്നുവെന്ന കല്പിത കഥ പ്രചരിപ്പിച്ചു് അവര്‍ പ്രതികാരം തീര്‍ത്തു.
മഹാബലിയുടെ മേലുളള ഭൂസുരവിജയം
(വാമനാവതാരത്തിന്റെ ഓര്‍മ്മയ്ക്കു്)
ജാതിമേധാവിത്തത്തിനു് തടയിട്ടിരുന്ന മഹാബലിയുടെ കാലം സമത്വത്തിന്റെയും ഐശ്വര്യത്തിന്റെയും കാലമായിരുന്നു. അതിന്റെ പേരില്‍ ബ്രാഹ്മണ വിരുദ്ധനെന്ന ആരോപണം പില്ക്കാലത്തു് അദ്ദേഹത്തിന്റെ മേല്‍ വര്‍ഷിയ്ക്കപ്പെട്ടു.
പക്ഷേ, മൂന്നു് ചുവടു് മണ്ണു് ചോദിച്ചു് വന്ന കൊച്ചു് ബ്രാഹ്മണനു് ഇടം കൊടുത്തതിനാണു് മഹാബലി വലിയ വില കൊടുക്കേണ്ടി വന്നതു്. പ്രകൃതി ദുരന്തമുണ്ടാക്കിയ പ്രതിസന്ധിയെ മഹാബലിയ്ക്കെതിരെ തിരിച്ചുവിട്ടു്കൊണ്ടു് കൊച്ചു് ബ്രാഹ്മണന്‍ വളര്‍ന്നു് സര്‍വ്വതും കയ്യടക്കുകയും ആഭ്യന്തരകലാപത്തിലൂടെ മഹാബലിയെ സ്ഥാനഭ്രഷ്ടനാക്കുകയും ചെയ്തു. മനുഷ്യരെല്ലാവരുമൊന്നു്പോലെയെന്നതും ജാതിമേധാവിത്തത്തിതിനെരായതുമായ മഹാബലിയുടെ നയം ബ്രാഹ്മണവിരുദ്ധ നടപടിയാണെന്നും ബ്രാഹ്മണരോടുള്ള വിരോധം മൂലമാണെന്നും അഹങ്കാരമാണെന്നും പില്ക്കാലത്തു് വ്യാഖ്യാനിയ്ക്കുകയും മുദ്രകുത്തുകയും ചെയ്തു.
കൊച്ചു് ബ്രാഹ്മണന്‍ സര്‍വ്വതും കയ്യടക്കി കാലത്തിന്റെ നിയന്ത്രണമേറ്റെടുത്തു്കൊണ്ടു് കാലമൂര്‍ത്തിയായെന്നു് സുരന്‍മാര്‍ വ്യാഖ്യാനിയ്ക്കുന്നു. എന്നാല്‍ യഥാര്‍ത്ഥ കാലമൂര്‍ത്തിയായ സാക്ഷാല്‍ നാരായണന്‍ മഹാബലിയോടൊപ്പമാണെന്നും ചിരഞ്ജീവിയായ തമ്പുരാനെ വീണ്ടും നാടുവാഴാന്‍ അനുവദിച്ചിരിയ്ക്കുകയാണെന്നും കൊച്ചു് ഭൂസുരനെ ശപിച്ചിരിക്കുകയാണെന്നും ഓര്‍ക്കുക. ഉലകത്തേക്കാള്‍ വളര്‍ന്ന ഭൂസുരന്‍, വാമനനായിരുന്നുവെന്നതു്കൊണ്ടാണു് വാമനാവതാരമോര്‍ക്കുവാനായി മഹാബലിയെ നിഷ്കാസനം ചെയ്ത കഥ ഉപയോഗിച്ചതു്.
ക്ഷത്രിയരുടെ മേലുള്ള ബ്രാഹ്മണവിജയം
(പരശുരാമാവതാരത്തിന്റെ ഓര്‍മ്മയ്ക്കു്)
ബ്രാഹ്മണരുടെ മേല്‍ ആധിപത്യം സ്ഥാപിച്ച ക്ഷത്രിയരെ അമര്‍ച്ച ചെയ്തു് ക്ഷത്രിയരുടെ അഹങ്കാരം അവസാനിപ്പിച്ച ജമദഗ്നിയുടെ മകനായ പരശുവേന്തിയ രാമന്റെ കഥ കൊണ്ടാണു് ഈ അവതാരത്തെ ഓര്‍ത്തിരിക്കുന്നതു്.
ദശരഥപുത്രനായ രാമന്‍
(ശ്രീരാമാവതാരത്തിന്റെ ഓര്‍മ്മയ്ക്കു്)
വര്‍ണ്ണാശ്രമ വ്യവസ്ഥകളും നിയമവും പരിപാലിയ്ക്കുകയും ‘‘പത്തു് തലയുള്ള’’ അസുര രാജാവിനെ വധിയ്ക്കുകയും ചെയ്ത ദശരഥപുത്രനായ രാമന്റെ കഥയാണു് ശ്രീരാമാവതാരം ഓര്‍ക്കുവാന്‍ വേണ്ടി കൊടുത്തതു്. തപസ്സനുഷ്ഠിച്ചു് കൊണ്ടിരുന്ന ശംബുകനെന്ന ശൂദ്ര മുനിയെ കൊന്നു് വര്‍ണ്ണാശ്രമ വ്യവസ്ഥ സംരക്ഷിച്ച രാമന്‍ ബാലിയെ ഒളിയമ്പെയ്തു് കൊന്നു് സുഗ്രീവന്റെ വാനരരാജസ്ഥാനമുറപ്പിയ്ക്കാന്‍ സഹായിച്ചു. അച്ഛന്റെ വാക്കു് പാലിയ്ക്കുവാന്‍ അധികാരം ത്യജിയ്ക്കുവാനും വനവാസം സ്വീകരിയ്ക്കുവാനും തയ്യാറായ ത്യാഗിയായ രാമന്‍ മറുവശത്തു് ത്യാഗത്തിന്റെയും മഹത്വത്തിന്റെയും പ്രതീകവുമായി. പൊതുജനാപവാദത്തെ നേരിടാന്‍ പത്നിയെ ഉപേക്ഷിച്ചെങ്കിലും ഏകപത്നീ-ഏകഭര്‍തൃ ബന്ധത്തിന്റെ മാതൃകയായി സീതാരാമബന്ധം നല്ല വ്യാഖ്യാനത്തോടെ ആദരിയ്ക്കപ്പെടുന്നു.
രാമനെ മര്യാദാ പുരുഷോത്തമനായി (മാതൃകാ മനുഷ്യനായി) അവതരിപ്പിയ്ക്കുന്നതിനെ ഡോ. അംബേഡ്കരും പെരിയാര്‍ രാമസ്വാമിനായ്ക്കരും എതിര്‍ത്തിരുന്നു. തന്റെ രാമന്‍ ദശരഥപുത്രനോ സീതയുടെ ഭര്‍ത്താവോ അല്ലെന്നാണു് രാമരാജ്യത്തിന്റെ പ്രഘോഷകനായിരുന്ന മഹാത്മാഗാന്ധി വ്യക്തമാക്കിയതു്. അദ്ദേഹത്തിനു് രാമന്‍ ദൈവത്തിന്റെ മറ്റൊരു പേരായിരുന്നു.
കരുത്തനായ കര്‍ഷകന്‍
(ബലരാമാവതാരത്തിന്റെ ഓര്‍മ്മയ്ക്കു്)
വരണ്ടുണങ്ങിയ ഭൂമി കൃഷിയോഗ്യമാക്കാനായി കാളിന്ദി നദിയെ കലപ്പകൊണ്ടു് ചാലു് കീറി വലിച്ചു്കെണ്ടു്വന്നു് കൃഷി ചെയ്ത വീരനായ ബലരാമന്റെ കഥയാണു് എട്ടാം അവതാരത്തോടൊപ്പം പറയുന്നതു്.
അമ്പാടിക്കണ്ണനും ഗീതാകൃഷ്ണനും
(ശ്രീകൃഷ്ണാവതാരത്തിന്റെ ഓര്‍മ്മയ്ക്കു്)
കല്പാന്തകാലത്തു്, ഭൂമിയ്ക്കു് തന്നെ ബാദ്ധ്യതയായിരുന്ന കംസനെന്ന ക്രൂരനായ രാജാവിനെ നിഗ്രഹിയ്ക്കുകയും കാളിയനെന്ന സര്‍പ്പത്തിന്റെ തല ചതയ്ക്കുകയും ചെയ്ത ഇടയകുമാരനായ കൃഷ്ണന്റെ വളരെ പുരാതനമായ കഥകൊണ്ടാണു് ശ്രീകൃഷ്ണാവതാരമെന്ന പേരോര്‍ക്കുന്നതു്. കാല്പനിക പ്രണയത്തിന്റെ പ്രതീകം കൂടിയായ ഈ ആദികൃഷ്ണന്‍ ഗോപസ്ത്രീയായ രാധയുടെ കാമുകനുമായിരുന്നു.
എന്നാല്‍ കുരുക്ഷേത്ര യുദ്ധത്തില്‍ ദുര്‍ബലരായ പാണ്ഡവര്‍ക്കു് കുതന്ത്രവും ഉപദേശവും ഓതി അവരെ ജയിപ്പിച്ചെടുക്കുകയും ഭീഷ്മരും ദ്രോണരും കര്‍ണനും സുയോധനനും ഉള്‍പ്പെട്ട കൌരവരെ തകര്‍ക്കുകയും ചെയ്ത പില്ക്കാലകൃഷ്ണന്റെ കഥയും തുടര്‍ച്ചയായി പറയുന്നുവെങ്കിലും കല്പാന്തത്തിലെ കൃഷ്ണനും അനന്തരകൃഷ്ണനും ഒരാളാണെന്നു് കരുതാനാാവില്ല. പാണ്ഡവരുടെ അമ്മമാരില്‍ ഒരാളായ കുന്തിയുടെ ബന്ധുവായി, ഹസ്തിനപുര രാഷ്ട്രീയത്തിലിടപെട്ടു്കൊണ്ടിരുന്ന രണ്ടാമത്തെ കൃഷ്ണന്‍ (ഗീതാകൃഷ്ണന്‍) കൌരവരുടെ വിട്ടു്വീഴ്ചാമനോഭാവത്തെയും തത്വദീക്ഷയെയും ദൌര്‍ബല്യമായിക്കരുതി അതു് മുതലെടുത്തും യുദ്ധനിയമങ്ങളെ ലംഘിച്ചും വിജയം നേടാന്‍ പാണ്ഡവരെ സഹായിച്ചു.
ലോകാവസാനം
(വരാനിരിയ്ക്കുന്ന കല്ക്കി അവതാരത്തിന്റെ ഓര്‍മ്മയ്ക്കു്)
വന്നിട്ടില്ലാത്തതും അതു്കൊണ്ടു് വിവരിയ്ക്കാന്‍ പറ്റാത്തതുമായ ലോകാവസാനത്തിന്റെ കഥയായി വരാനിരിക്കുന്ന അവസാന അവതാരത്തിന്റെ പേരോര്‍ക്കുന്നു. കല്ക്കി എന്നാല്‍ അവസാനത്തവന്‍ എന്നാണര്‍ത്ഥം.
മനുഷ്യകുലത്തിന്റെ വളര്‍ച്ചയുടെ പൂര്‍ത്തിയാണോ സമാപനമാണോ ഈ അവസാനത്തവനും അയാള്‍ അവതരിപ്പിയ്ക്കുന്ന ലോകാവസാനവും എന്നതിനുത്തരം വ്യക്തമാക്കാത്ത കഥയാണു് കല്ക്കി അവതാരത്തിനുള്ള സ്മാരകകഥ.
--അവലംബം : മാവേലിരാജ്യം-ഒന്നാം പുസ്തകം
20071124
Subscribe to:
Posts (Atom)