20070719

നാരായണന്‍


നാരായണന്‍ എന്ന പദത്തിനു് മനുഷ്യസമൂഹത്തിന്‍റെ മനുഷ്യപരമായ നിലനില്പു് എന്നാണു് യുക്തിപരമായ അര്‍ത്ഥം. നരരുടെ അയമെന്നയാള്‍ ആണു് നാരായണര്‍ അഥവാ നാരായണന്‍. കഴിഞ്ഞതും ഇപ്പോഴത്തേതും വരാനിരിയ്ക്കുന്നതുമായ കാലത്തിലൂടെ സ്ത്രീ-പുരുഷ മനുഷ്യ സമൂഹം നടത്തിക്കൊണ്‍ടിരിയ്ക്കുന്ന നരപരമായ യാത്രയാണു് നര അയനം (നാരായണം).
നര സമൂഹത്തിന്‍റെ കാലാതിവര്‍ത്തിയായ തനിമയായിരിയ്ക്കുന്ന സ്ത്രീയും പുരുഷനുമായ നാരായണരിലാണു് മനുഷ്യവര്‍ഗത്തിന്‍റെ സ്ഥിതിയും നിലനില്പും. മനുഷ്യ സമാജത്തിന്‍റെ മൂലം എന്ന നിലയില്‍ നാരായണര്‍ മാതേവരുടെ(സര്‍വേശ്വരരുടെ) ഒരു വ്യക്തിത്വമാണു്. അതായതു് മനുഷ്യരെ തന്‍റെ തത്സ്വരൂപത്തില്‍ സൃഷ്ടിച്ച ദൈവ വ്യക്തിത്വമാണു് നാരായണന്‍.
അകാലികനായ നാരായണനും കാലികനായ മനുഷ്യനും തമ്മിലുള്ള വ്യത്യാസം തിരിച്ചറിഞ്ഞു് കാലിക മനുഷ്യന്‍ പൂര്‍ണത (മോക്ഷം/ശാന്തി/രക്ഷ) തേടി നാരായണനെപ്പോലെയായിത്തീരണമെന്നതാണു് സനാതനമായ മനുഷ്യ ധര്‍മം അഥവാ സത്യ ധര്‍മം. വ്യക്തിയുടെ പൂര്‍ണത, സമകാലിക സാര്‍വത്രിക മനുഷ്യ സമാജത്തിലും അതിന്‍റെ പൂര്‍ണത, കഴിഞ്ഞതും വരാനിരിയ്ക്കുന്നതുമായ സാര്‍വത്രിക മനുഷ്യ സമാജത്തിലുമായി വ്യാപിച്ചു് കിടക്കുന്നു. എന്നത്തെയും എവിടത്തെയുമായ സമ്പൂര്‍ണ സ്ത്രീ-പുരുഷസമാജമാണു് നാരായണ പ്രതിരൂപം.
--അവലംബം : മാവേലിരാജ്യം-ഒന്നാം പുസ്തകം