20210702

മാവേലി ചരിതം ഓണപ്പാട്ടു്

    "രോമൽ പൈങ്കിളി പെൺകിടാവേ

    പാരാതെ വന്നിങ്ങരികത്തിരി

 

    തേനും കദളിപ്പഴവും പാലും

    വേണ്ടുന്നതെല്ലാം തരുന്നതുണ്ട്

 

    എങ്ങുന്നു വന്നൂ കിളിക്കിടാവേ? "

    "തൃക്കടൽകരേന്നു വന്നു ഞാനും"

 

    "തൃക്കാ'ക്കരെയെന്തു വാർത്തയുള്ളൂ?"

    "അക്കഥ ചൊല്‌വാനെളുതല്ലൊട്ടും!"

 

    എന്നതുകേട്ടു കിളിമകളും

    നന്നായ് തെളിഞ്ഞു പറഞ്ഞു മെല്ലെ:

 

    "തൃക്കാക്കരെ ശ്രീമഹാദേവരെൻ

    ഉൾക്കാമ്പിൽ വന്നു തുണച്ചിടേണം

 

    തൃക്കാ'ക്കരെ ശ്രീമഹാമന്നന്റെ

    കേൾവികൾ കേൾപ്പിൻ മഹാജനങ്ങൾ

 

    ആ രാജമൌലീടെ ചെയ്തിയെല്ലാം

    മാലോകർ ചൊല്ലി ഞാൻ കേൾപ്പതുണ്ടു്

 

മാവേലി നാടു വാണീടും കാലം

മാനുഷരെല്ലാരുമൊന്നു പോലെ

 

ആമോദത്തോടെ വസിയ്ക്കും കാലം

ആപത്തെങ്ങാർക്കുമൊട്ടില്ല താനും

 

ആധികൾ വ്യാധികളൊന്നുമില്ലാ

ബാലമരണങ്ങൾ കേൾപ്പാനില്ലാ

 

പത്തായിരത്താണ്ടിരിയ്ക്കുമല്ലൊ

നല്ലവരല്ലാതെയില്ല പാരിൽ

 

എല്ലാ കൃഷികളുമൊന്നു പോലെ

നെല്ലിനു നൂറു വിളവതുണ്ടു്

 

ദുഷ്ടരെ കൺകൊണ്ടു കാൺമാനില്ലാ

നല്ലവരല്ലാതെയില്ലയാരും

 

ഭൂലോകമൊക്കെയുമൊന്നു പോലെ

ആലയമൊക്കെയുമൊന്നു പോലെ

 

ഭൂലോകമൊക്കെ കനകമത്രെ

ആലയമൊക്കെയുമൊന്നു പോലെ

 

നല്ല കനകം കൊണ്ടെല്ലാവരും

ആഭരണങ്ങളണിഞ്ഞു കൊണ്ടു്

 

നാരിമാർ ബാലൻമാർ മറ്റുള്ളോരും

ആനന്ദത്തോടെ വസിയ്ക്കും കാലം

 

കള്ളവുമില്ലാ ചതിവുമില്ലാ

എള്ളോളമില്ലാ പൊളിവചനം

 

വെള്ളിക്കോലാദികൾ നാഴികളും

എല്ലാം കണക്കതിൻ തുല്യമായി

 

കള്ളപ്പറയും ചെറുനാഴിയും

കള്ളത്തരങ്ങൾ മറ്റൊന്നുമില്ല

 

ല്ല മഴ പെയ്യും വേണ്ടുംകാലം

വേദികൾ വേദവും സംഗീതവും

 

യാഗാദി കർമ്മം മുടങ്ങിടാതെ   

രക്ഷിച്ചു വാഴുന്ന കാലത്തിങ്കൽ

 

മാവേലിയെന്നയരചനല്ലോ

മാനുഷരോടങ്ങരുളിച്ചെയ്തു:

 

'അല്ലൽ കൈവിട്ടൊരു നാളിതല്ലൊ 1     

തൃച്ചിങ്ങമാസത്തിരുവോണങ്ങൾ

 

നിങ്ങളെല്ലാരുമനുസരിപ്പിൻ

ചിങ്ങത്തെയോണം മുടങ്ങിടാതെ

 

അന്നൊരു വേല വിചിത്രമായി

വന്ദിച്ചുകൊണ്ടു തുടങ്ങിടേണം'

 

അങ്ങനെയോണം കഴിയുംകാലം

എങ്ങനെയെന്നു പറയുന്നു ഞാൻ,

 

'തൃക്കൽകരയ്ക്കു നാമൊക്കെച്ചെന്നു

ശ്രീമഹാതേവരു തന്നെ കാൺമാൻ 2

 

പോകണമെന്നു പുറപ്പെട്ടാറെ

നാരിമാർ വൃദ്ധൻമാർ ബാലൻമാരും

 

തൃക്കാക്കരയ്ക്കു വഴിനടന്നു്

ദുഃഖിപ്പാനേതുമെളുതല്ലന്നേ'

 

എന്നതു കേട്ടാറെ മാവേലിയോ

മാനുഷരോടന്നരുളിച്ചെയ്തു:

 

'ഇന്നു തുടങ്ങി നാമെല്ലാവരും

ഇല്ലങ്ങൾ തോറുമലങ്കരിച്ചു്

 

ചെത്തിയടിച്ചു മെഴുകിത്തേച്ചു്

നല്ത്തറയിട്ടു കളം മെഴുകി 

 

തുമ്പമലരാദി പുഷ്പങ്ങളും

അമ്പൊടെയിട്ടു വിചിത്രമായി

 

പത്തു നാൾ മുമ്പേ വന്നത്തം തൊട്ടു്

എത്രയും ഘോഷങ്ങളെന്നേ വേണ്ടൂ

 

നാരിമാർ വൃദ്ധൻമാർ മറ്റുള്ളോരും

ആകെക്കുളിച്ചവരൂൺ കഴിഞ്ഞും

 

അങ്ങനെ തന്നെയും ദിക്കു തോറും

ഘോഷങ്ങളൊക്കെയുമൊന്നു പോലെ 

 

അങ്ങനെ പിന്നെ ദിനങ്ങൾ തോറും

ഓണങ്ങളൊക്കെയുമൊന്നു പോലെ

 

മാവേലി രക്ഷിച്ചു് വാഴും കാലം

അക്കാലമൊക്കെയുമൊന്നു പോലെ

 

ആമോദത്തോടെ വസിയ്ക്കും കാലം

ആപത്തങ്ങാർക്കുമൊട്ടില്ല താനും

***

 

    അക്കാലമായവൻ ഉണ്ണിവന്നു

    മാവേലി തന്നോടു യാചിക്കുന്നു:

 

 “മുപ്പിടി മണ്ണെനിയ്ക്കാശയുണ്ടാം”

  “മുപ്പിടി മണ്ണുമളന്നു കൊള്‍ക”

 

    മുപ്പിടി മണ്ണന്നളന്ന നേരം

    മുപ്പിടി മണ്ണു തികഞ്ഞതില്ല

 

    മണ്ണളന്നന്നു ചതിവു ചെയ്തു

    മണ്ണുമുഴുവനളന്നെടുത്തു

 

    മാവേലി മണ്ണുപേക്ഷിച്ച ശേഷം

    മാധവൻ നാടു വാണിടും കാലം

 

    ആകവേ ആയിരം ബ്രാഹ്മണരെ

    നിത്യവുമൂട്ടിത്തുടങ്ങിയല്ലോ

 

    മാവേലിയോണം മുടങ്ങിയല്ലോ

    അക്കഥ കേട്ടാറെ മാവേലിയും 

 

    ഖേദിച്ചു തന്റെ മനസ്സുകൊണ്ട് 

    ഊഴിയ്ക്കുടയരോടേവമോതി:

 

    'എന്നുടെ ഭൂമിയടക്കം ചെയ്തു

    ഞാനിങ്ങുപേക്ഷിച്ചു പോന്ന ശേഷം 

 

    മാനുഷരൊക്കെ വലഞ്ഞുവല്ലൊ

    ദേവകീനന്ദനാ വാസുദേവാ

 

    അമ്പാടി തന്നിൽ വളർന്നവനേ

  കാലികൾമേച്ചുനടന്നവനേ

 

  കുന്നുകുടയായ് പിടിച്ചവനേ

    വിണ്ണൊർ ഭവനങ്ങൾ തീർത്തവനേ

 

    കാളിയൻ തന്റെ വിഷം കളഞ്ഞ്

    കല്പാന്തകാലമൊരാലിൻമേലിൽ

 

    ഉല്പന്നമോദംകിടന്നവനേ

    നീലമുകിൽ നിറംപൂണ്ടവനെ

   

  അച്ചൊമനെക്കൊല ചെയ്തവനേ

    തോഴന്റവൽ വാരി തിന്നവനേ

 

    പാൽ തൈരു വെണ്ണ കട്ടുണ്ടവനേ 

    നാരിമാർ കൂറ കവർന്നവനേ

 

    പെണ്ണുങ്ങളെച്ചതി ചെയ്തവനേ

    മണ്ണളന്നെന്നെച്ചതിച്ചവനേ

 

 ചിങ്ങത്തെയോണം മുടങ്ങിയല്ലോ

 ഇങ്ങനെയാകുവാനെന്തുമൂലം

 

    മോടികളൊക്കെയും മാറിയല്ലോ

    ഇങ്ങനെയാക്കുവാനെന്തുമൂലം'

 

    മാവേലി ചൊന്നതു കേട്ടനേരം

    മാധവൻ താനുമരുളിച്ചെയ്തു:

 

 ഖേദിയ്ക്കവേണ്ടയെൻ രാജമൗലേ,

 സേവിച്ചുവാണൊരരചരാജാ,

 

    കാലമൊരാദി ദിനങ്ങൾതോറും      

    വന്നു മാനുഷരെക്കണ്ടു കൊൾക’

 

    ചിങ്ങമാസത്തിലെ ഓണം കാണ്മാൻ

    ഭംഗ്യാ വരികെന്നരുളിച്ചെയ്തു്

 

    വെച്ചു് മുറപോലെ  ചട്ടംകെട്ടി

    അങ്ങനെതന്നെയും വാസുദേവൻ

 

    മാനുഷർ തന്നൊടരുളിച്ചെയ്തു:   

    'നാരിമാർ ബാലൻമാർ വൃദ്ധൻമാരും

 

    ഗോപൻമാർ ഗോപാലനാരിമാരും

    ആകവേകേൾപ്പിൻ ഞാൻ ചൊല്‌വതെല്ലാം

 

    കാലമൊരാദി ദിനങ്ങൾ തോറും

    മാവേലിതാനും വരുമവിടെ

 

    പണ്ടേതിനേക്കാൾ വിചിത്രമായി

    വേണ്ടുന്നതൊക്കെയൊരുക്കിടേണം'

 

    അങ്ങനെതന്നെ വരുന്നുമന്നൻ

    മാനിയായുള്ളോരുമന്നരാജാ

 

 

ചെത്തിയടിച്ചു വഴി നടകൾ

ചുറ്റും കിളച്ചങ്ങു വേലി കെട്ടി

 

വെണ്മയിൽ ചുവ്‍രും നിലങ്ങളെല്ലാം

പൊൻമയമാക്കി മെഴുകിടേണം

 

കുമ്മായം കൊണ്ടു മെഴുകുന്നോരും

ചെമ്മണ്ണു കൊണ്ടു തറ പിടിച്ചു്

 

മുറ്റത്തു വട്ടക്കളവുമിട്ടു്

ഗോമയം കൊണ്ടു് മെഴുകിത്തേച്ചും

 

പുഷ്പങ്ങൾ കൊണ്ടു് മതിൽ വളച്ചും

ആർപ്പു വിളിച്ചുമലങ്കരിച്ചും

 

ആനന്ദമെന്നേ പറവാനുള്ളൂ

എത്രയും ഘോഷങ്ങളൊക്കെവേണം

 

ആണ്ട വില്ലമ്പു കടുന്തുടിയും

തുംബുരു വീണ കുഴൽനാദവും

 

മദ്ദളം ചെണ്ട മുരശുടുക്കും

നല്ല കുഴൽ വീണ ചിന്തുരാഗം

 

വാളേറുമമ്മാനമാട്ടമെല്ലാം

പന്തടിയിത്തരമൊടുഘൊഷം

 

ഇത്തരമോരോരോ മേളത്തോടെ

നാരിമാർ ബാലൻമാർ വൃദ്ധൻമാരും

 

ചിത്തമോദത്താൽ തരുണിമാരും

ലീലകൾ പൂണ്ടുവസിയ്ക്കും കാലം


***

 

മാനം വളച്ച വളപ്പകത്തു്

നല്ല നഗരങ്ങളെല്ലാടവും

 

നെല്ലുമരിയും പലതരത്തിൽ

വേണ്ടുന്ന വാണിഭമൊന്നുപോലെ

 

ആടുകളാന കുതിരകളും

കെട്ടിവരുന്നതിനറ്റമില്ലാ

 

ശീലത്തരങ്ങളും വേണ്ടുവോളം

നീലക്കവിണിയും ചിറ്റാടയും

 

തെക്കർ കിഴക്കർ കവിണിയുണ്ടു്

നല്ലമണപ്പാടൻ നല്ലെഴുത്തൻ

 

കായങ്കുളച്ചേല പോർക്കളയിൽ

ചീനത്തെ മുണ്ടുകൾ വേണ്ടുവോളം

 

ഓരോ തരങ്ങളിൽ വേണ്ടുവോളം

നഗരിയിൽ നല്ലതു കോഴിക്കോടൻ

 

പട്ടുപുടവകൾക്കമില്ല

കണ്ണാടി കസ്തൂരി കർപ്പൂരവും

 

പച്ചപ്പുഴുച്ചാന്തും സിന്ദൂരവും

അഷ്ടഗന്ധങ്ങളും ചന്ദനവും

 

ഈവണ്ണമുള്ള വിശേഷങ്ങളും

സൻനാഹം ചൊന്നാലൊടുക്കമില്ലാ

 

പച്ചക്കുലയും പഴക്കുലയും

പപ്പടക്കെട്ടുകൾ വേണ്ടുവോളം

 

വെറ്റിലടയ്ക്കയും നാളികേരം

ജീരകം ഉള്ളി കടു(ക്) മുളകും

 

ശർക്കര തേനോടു പഞ്ചസാര

എണ്ണയും നെയ്യും വെളിച്ചെണ്ണയും

 

എണ്ണമില്ലാതോളമെന്നേ വേണ്ടൂ

വേണ്ടുന്നതൊക്കെയും വേണ്ടുവോളം

 

കണ്ടവർ കൊണ്ടു കൊടുത്തു വാങ്ങി

ഞാനിതുചൊന്നാലൊടുക്കമില്ല

 

മാനിനിമാരുടെ വാക്കു കേൾപ്പിൻ:

മാരനൊടൊന്നു പറയുമാറ്റ

 

ചേലയെനിയ്ക്കൊന്നു വേണമെങ്കിൽ

നീളത്തിലേതും കുറഞ്ഞിടാതെ

 

നീളം കുറഞ്ഞൊന്നങ്ങേറെ വേണം

വീതിയിലേതും കുറയരുത്

 

രണ്ടര തന്നെയകലം വേണം

രണ്ടാം തരം തന്നെ വേണമല്ലൊ

 

കണ്ടാലും നല്ല വിശേഷം വേണം

നാലുഭാഗത്തു കരയും വെണം

 

എന്നതു കെട്ടപ്പോൾ മറ്റൊരുത്തി

തന്റെ കണവനൊടൊന്നു ചൊല്ലി

 

കാരണം കേൾപ്പിൻ ഞാൻ ചൊന്ന വാർത്ത

ദൂരംവയി നിങ്ങൾ പൊകുന്നാകിൽ

 

പൂരാടം നാൾക്കിങ്ങു വന്നിടേണം

വീരാളിയ്ക്കൊത്തൊരു ചേല വേണം

 

നേരേത്ര ഞാനിതു ചൊല്ലീടുന്നു

പിന്നെപ്പറഞ്ഞുപിണങ്ങിപ്പോണ്ട

 

എന്നെക്കുറയും കൃപയുണ്ടെങ്കിൽ

അന്നെരം കണ്ടാലറിഞ്ഞുകൊള്ളാം

 

എന്നതു കേട്ടോരു നാരിയപ്പൊൾ

തന്റെ കണവനൊടൊന്നു ചൊല്ലി

 

വല്ലതുംഞാനൊന്നുചൊല്ലുന്നാകിൽ

നല്ലതെന്നുള്ളതു തോന്നുന്നില്ല.

 

ചെയ്യിക്കച്ചായെന്നെനിയ്ക്കുവെണ്ട

നല്ലകവിണിയാലൊന്നുവെണം

 

എന്നതു കെട്ടപ്പോൾ മറ്റൊരുത്തി

ചേലയാലൊന്നിങ്ങു വെണമെങ്കിൽ

 

ഈടുള്ള ചെലകൾ വാങ്ങിക്കൊൾവിൻ 

നേരെത്തെ ഞാനും പറയുന്നോർക്കിൻ

 

എന്നതു കേട്ടപ്പോൾ മറ്റൊരുത്തി

തന്റെ കണവനൊടൊന്നു ചൊല്ലി

 

ഉടവാത്തൊരു ചേലവേണമല്ലോ

കേടുവരാതെയിരുന്നു പോട്ടെ

 

ഇങ്ങനെ കേട്ടപ്പോൾ മറ്റൊരുത്തി

തന്റെ കണവനോടൊന്നു ചൊന്നാൾ

 

നാണക്കേടൊന്നുമേ ബോധിയ്ക്കേണ്ടാ

നല്ലതരമൊക്കെ നോക്കിക്കൊൾവിൻ

 

എന്നതു കെട്ടപ്പോൾ മറ്റൊരുത്തി

തന്റെ കണവനൊടൊന്നു ചൊല്ലി

 

നീലക്കവിണിയും വേണ്ടെനിയ്ക്ക്

കൈക്കൊളൻ ചേലയാലൊന്നു വേണം

 

ഇങ്ങനെ നാരിമാർ വാക്കുകേട്ടു

ചേലയെനിയ്ക്കൊന്നു് മുമ്പെയുണ്ടു്

 

മീതെയിടുന്നൊരു മുണ്ടു വേണം

എന്നാൽ മതിയെനിയ്ക്കെന്റെ കാന്താ

 

ബാലത്തരുണിമാർ വാക്കു് കേൾപ്പിൻ:

ചേലയെനിയ്ക്കൊന്നു് വേണമെങ്കിൽ

 

നീലക്കവിണിയിലൊന്നു് വേണം

തോരനെഴുതിയതൊന്നും വേണം 

 

അന്നേരം മറ്റൊരു കന്യകയും

മാതാവൊടേവം പറഞ്ഞീടുന്നു

 

ഓണവും വന്നിങ്ങടുത്തുവല്ലൊ

ഓണപ്പുട(വ)യെനിയ്ക്കില്ലാഞ്ഞിട്ടു

 

നാണക്കേടായിട്ടുവന്നുകൂടും

അച്ഛൻ കൊണ്ടുന്നാലെനിയ്ക്കു് വേണ്ടാ

 

എന്റെ പുടവയുടുത്തൊ നീയും

ഓണം കഴിഞ്ഞുമെനിയ്ക്കു് വേണ്ട

 

ഇങ്ങനെ നാരിമാർ ബാലൻമാരും

ഭംഗികളോരോന്നേ ചൊല്ലിക്കേട്ടു

 

കാതിലെ തോടയും കൈവളയും

മാലയും താലിയും മോതിരവും 3

 

മുത്തുമാലയുമിളക്കത്താലി  

പൊന്നരഞ്ഞാണവും കാതിലയും

 

മിൻനി ക്കുടകം മണിക്കുടയും

പിൻനൽ മടക്കം മണികുംഭവും

 

പൊന്നും ചിലമ്പും തരിവളയും

കാഞ്ചികൾ നൂപുരം കാൽവളയും

 

പച്ചച്ചരടും പവിഴമാലാ

കെട്ടുന്ന നാരിമാർക്കമില്ല

 

അന്നൊരുനാരി പറഞ്ഞാളേവം

''മാലയും താലിയെനിയ്ക്കില്ലല്ലൊ

 

''എന്നതു കൊണ്ടേതും ഖേദിയ്ക്കേണ്ട

മംഗല്യം തേച്ചു് വെളുക്കക്കെട്ടി

 

വസ്ത്രം വെളുത്താൽ മതി മകളേ'

വസ്ത്രം പലതരമെന്നേവേണ്ടു

 

ഈവകയോരോന്നുമുല്ലാസമായ്

വേണ്ടുന്നതെല്ലാമൊരുക്കിടുന്നു

 

***

 

ങ്ങനെയെല്ലാമിരിയ്ക്കും കാലം

മാവേലിമന്നനെഴുന്നള്ളുന്നു

 

വെള്ള ഗജത്തിൽ കഴുത്തിലേറി 

ഭൂലോകം കാണാനെഴുന്നള്ളുന്നു

 

വെള്ളാന രണ്ടുമിരുപുറവും

ലോകംകുലുങ്ങിനവാദ്യങ്ങളും

 

ശംഖുകൾ നാദം മുഴക്കം കൊണ്ടു

ദിക്കുകൾതോറും നിറഞ്ഞുതോന്നി

 

 

തൃക്കാക്കരെയ്ക്കങ്ങുലകൊഴിഞ്ഞു്

ആദിത്യചന്ദ്രന്മാർ വന്നു ചേർന്നു

 

നാകലോകങ്ങളിൽ കേട്ടനേരം

നാകന്മാരെല്ലാരും വന്നവിടെ

 

കെഴ്ക്കേക്കരയിലെ ദേവൻമാരും

നക്ഷത്രാദികളും വന്നവിടെ

 

ദേവനും മന്നനും ദേവിമാരും

നാരിമാർ ബാലന്മാർ മറ്റുള്ളോരും

 

ആകവെ വന്നുനിറഞ്ഞവിടെ

ആഘോഷമെന്നേ പറവാനുള്ളൂ

 

നാരിമാരാടിയും പാടിക്കൊണ്ടും

പാടുന്ന താളത്തിൽ നൃത്തം വച്ചു

 

ലോകങ്ങൾ കണ്ടു തെളിഞ്ഞശേഷം

മാവേലി താനുമരുളിച്ചെയ്തു

 

കൊല്ലമൊരാദി ദിനങ്ങൾ തോറും

നിങ്ങളെ കാൺമാൻ വരുന്നതുണ്ട്

 

മാവേലി പോകുന്ന നേരത്തിങ്കൽ

മാവേലി പൊകുന്ന ദിക്കുനോക്കി

 

നിന്നു കരയുന്നു മാനുഷരു്

അന്നേരം മാവേലി താനരുളി:

 

'ഖേദിയ്ക്കേണ്ട നിങ്ങൾ മാനുഷരേ

ഏറെ നാൾ ചെന്നേ ഞാൻ പോകയുള്ളൂ'

 

എന്നതു കേട്ടുടൻ മാനുഷരും

നന്നായ് ത്തെളിഞ്ഞു മനസ്സു കൊണ്ടു്.

 

മാവേലി രക്ഷിച്ചു് വാഴും കാലം

മാനുഷരെല്ലാരുമൊന്നുപോലെ.

 

ആമോദത്തോടെ വസിയ്ക്കും കാലം

ആപത്തെങ്ങാർക്കുമൊട്ടില്ലതാനും.

 

***

 

ങ്കര നിർമ്മിതമായ പാട്ടു്

വിദ്യയില്ലാത്തവർ ചൊല്ലുന്നേരം

 

വിദ്വാന്മാർ കണ്ടതിൻ കുറ്റം തീർപ്പിൻ

ഇപ്പാട്ടു പാടി സ്തുതിച്ചിടുവിൻ

 

ഇക്കഥ പാടിക്കളിയ്ക്കുന്നോർക്കും

ദിക്കറിയാത്തവർ കേൾക്കുന്നോർക്കും

 

ദുഃഖമൊഴിഞ്ഞു് സുഖമുണ്ടാകും

മക്കൾ മരുമക്കളേറ്റമുണ്ടാം

 

പ്രാണനപായം വരുന്ന കാലം

ഈശ്വരനിൽ ചെന്നു ചേർന്നു് കൊള്ളും.

 

    ഇക്കഥ ചൊല്ലിക്കഴിഞ്ഞശേഷം

    ഇക്കഥ ചൊന്നൊരു തത്തത്താനും

 

    പാടിപ്പറന്നുടൻ തൃക്കാക്കരേ

    മെല്ലവെ പോയിസ്സുഖിച്ചിരുന്നു

 

-----

1   അല്ലൽ കൈവിട്ട തിരുനാളല്ലൊ 

2 തൃക്കാക്കരതേവർക്കോണം കാൺമാൻ

3 മാറിലെ താലിയും മോതിരവും

20200224

ഓണച്ചൊല്ലുകള്‍


  1. ഓണത്തെക്കാള്‍ വലിയ മകമുണ്ടോ?
    (ഓണത്തേക്കാൾ വലിയ വാവില്ല)
  2. ഓണത്തപ്പാ കുടവയറാ എന്നു തീരും കല്യാണം
  3. ഓണത്തിനിടയ്ക്കാണോ പൂട്ടുകച്ചവടം?
    (ഓണത്തിനടയ്ക്ക് പുട്ടുകച്ചവടം)
  4. ഓണവും വിഷുവും വരാതെ പോകട്ടെ
  5. ഓണാട്ടന്‍ വിതച്ചാല്‍ ഓണത്തിന് പുത്തരി
  6. ഓണം പോലാണോ തിരുവാതിര?
    (തിരുവോണത്തിനില്ലാത്തത് തിരുവാതിരയ്ക്കോ?)
  7. ഓണം വന്നാലും കാണം വന്നാലും കോരന് കുമ്പിളില്‍ തന്നെ കഞ്ഞി
    (ഓണം വന്നാലും ഉണ്ണി പിറന്നാലും കോരന് കുമ്പിളില്‍ തന്നെ കഞ്ഞി)
  8. ഓണമുണ്ട വയറേ ചൂളംപാടിക്കിട
    (ഓണമുണ്ട വയറേ ചൂള പാടുകയുള്ളൂ)
  9. ഓണത്തിനല്ലയൊ ഓണപ്പുടവ
  10. അവിട്ടക്കട്ട ചവിട്ടി പൊട്ടിക്കണം
  11. ഉത്രാടമുച്ച കഴിഞ്ഞാൽ അച്ചിമാർക്കൊക്കെയും വെപ്രാളം
  12. ഓണം കേറാമൂല
  13. തിരുവോണം തിരുതകൃതി
  14. ഓണത്തിനടയ്ക്കാണോ പുട്ടു കച്ചോടം?
  15. ഓണത്തിനല്ലയൊ ഓണപ്പുടവ.
  16. ഓണം മുഴക്കോലുപോലെ
  17. കാണംവിറ്റും ഓണമുണ്ണണം
  18. അത്തം കറുത്താല്‍ ഓണം വെളുക്കും
    (അത്തം വെളുത്താൽ ഓണം കറുക്കും)
  19. ഓണം വന്ന് ഓടിപ്പോയി
  20. ഓണം വരാനൊരു മൂലം വേണം
  21. ഓണത്തിനില്ലാത്തതോ ചംക്രാന്തിയ്ക്ക്
  22. കിട്ടുമ്പോള്‍ തിരുവോണം കിട്ടാഞ്ഞാല്‍ ഏകാദശി
    (ഉണ്ടെങ്കിലോണം പോലെ അല്ലെങ്കിലേകാദശി)
  23. ഓണംകഴിഞ്ഞാല്‍ ഓട്ടക്കലം
  24. ഓണം കഴിഞ്ഞാല്‍ ഓലപ്പുര ഓട്ടപ്പുര
  25. ഓണം വന്നാല്‍ വെളുത്തു വിഷു വന്നാല്‍ കറുത്തു
  26. ഓണമടുത്ത ചാലിയനെപ്പോലെ
  27. തിരുവോണം തിരുതകൃതി
    രണ്ടോണം ഞണ്ടും ഞവണീം
    മൂന്നോണം മുക്കീം മൂളീം
    നാലോണം നക്കിയും തുടച്ചും
    അഞ്ചോണം പിന്ചോണം
    ആറോണം അരിവാളും വള്ളിയും
    അത്തം പത്തിനു പൊന്നോണം
  28. തിരുവോണം തിരിഞ്ഞും മറിഞ്ഞും
    രണ്ടോണം ഞണ്ടും ഞൗഞ്ഞീനും
    മൂന്നോണം മുക്കിയും മൂളിയും
    നാലോണം നക്കിയും നുണഞ്ഞും
    അഞ്ചോണം അഞ്ചാം കഞ്ഞി അടുപ്പത്തും, അച്ഛൻ പാടത്തും
  29. അത്തത്തിനു വിതച്ചാല്‍ പത്തായം പത്തുവേണം
    അത്തം പത്തോണം
  30. അത്തപ്പത്തോണം വന്നടുത്തെടോ നായരേ,ചോതി പുഴുങ്ങാനും നെല്ലു തായോ
  31. ഉറുമ്പു ഓണം കരുതും പോലെ
  32. ഉള്ളതുകൊണ്ടു ഓണം പോലെ

20160918

ദേവലോകത്ത് ഒരുമയുടെ ഓണം ഒരുക്കി പരിശുദ്ധ കാതോലിക്കാ ബാവാ


 

2016 സെപ്തംബർ 17

കേരളത്തിലെ വിവിധ വിദ്യാലയങ്ങളിൽ നിന്നും എത്തിയ കുട്ടികളോടൊപ്പം ഓണസദ്യ ഉണ്ട് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവായുടെ സപ്തതി ആചരണം വ്യത്യസ്ഥമായി. 

സ്‌പെഷ്യൽ സ്‌ക്കൂളുകളിലും, ഓർഫനേജസും അടക്കം 21 സ്ഥാപനങ്ങളിൽ നിന്നും എത്തിയ 400 കുട്ടികൾ ദേവലോകം കാതോലിക്കേറ്റ് അരമന ഹാളിൽ കലാപരിപാടികൾ അവതരിപ്പിക്കുകയും ഓണസദ്യ ഉണ്ണുകയും ചെയ്തു.ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്ത, ആർച്ച് ബിഷപ്പ് മാർ ജോസഫ് പവ്വത്തിൽ, ബിഷപ്പ് മാർ മാത്യൂ അറയ്ക്കൽ, ഓർത്തഡോക്‌സ് സഭയിലെ മെത്രാപ്പോലീത്താമാർ എന്നിവരും മന്ത്രിമാരായ എ.സി മൊയ്തീൻ, മാത്യൂ ടി തോമസ്, ജോസ് കെ. മാണി എം.പി, എം.എൽ.എ മാരായ സി.എഫ് തോമസ്, മോൻസ് ജോസഫ്, വീണ ജോർജ്ജ്, വി.എൻ.വാസവൻ എക്‌സ്. എം.എൽ.എ, സിനിമാ താരം ക്യാപ്റ്റൻ രാജു, മുൻ ദേവസ്വം ബോർഡ് പ്രസിഡൻറ് എം. പി. ഗോവിന്ദൻ നായർ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

 കുരിയാക്കോസ് മാർ ക്ലിമ്മീസ്, ഫാ. ഡോ. ടി.ജെ. ജോഷ്വാ, എന്നിവർ പ്രാർത്ഥന നയിച്ചു. ഡോ. യൂഹാനോൻ മാർ ദിയസ്‌ക്കോറോസ് മെത്രാപ്പോലീത്ത, സഭാ സെക്രട്ടറി ഡോ. ജോർജ്ജ് ജോസഫ്, സഭാ മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ എന്നിവർ നേത്യത്വം നൽകി. ഭിന്നശേഷിയുളളവർ എന്ന് വിവക്ഷിക്കപ്പെടുന്ന അവരുടെ പരിമിതികൾ മറന്ന് ആടുകയും പാടുകയും ചെയ്തു. 

മണ്ണപ്ര മാർ ബസേലിയോസ് ചിൽഡ്രൻസ് ഹോം കുട്ടികളുടെ ഗാനാലാപത്തോടെ ആരംഭിച്ച കലാസദ്യ കോതമംഗലം സാന്ത്വനം സ്‌പെഷ്യൽ സ്‌ക്കൂൾ കുട്ടികളുടെ ചെണ്ടമേളത്തോടെ സമാപിച്ചു.

ഉറവിടം: മലങ്കര ഓർത്തഡോക്സ്‌ ടിവി

 

20160101

മഹാബലിയെ ആനയിയ്ക്കുന്നതാണു് ദീപാവലി

ഇന്ത്യയുടെ മറ്റുഭാഗങ്ങളിലും ആചരിച്ചുവരുന്ന ഉൽസവങ്ങളിലൊന്നായ ദീപാവലി കേരളത്തിലും അനുഷ്ഠിച്ചുപോരുന്നതാണു്. തുലാമാസത്തിലെ കറുത്തപക്ഷ ചതുർദ്ദശിദിവസമാണു് ദീപാവലി ആഘോഷം നടത്താറു് പതിവു്.
വാമനൻ മഹാബലിയെ പാതാളത്തിലേയ്ക്കു് ചവിട്ടിത്താഴ്ത്തിയതിന്റെ അനുസ്മരണമാണെന്നുള്ള ഐതിഹ്യം ദീപാവലിയുടെ പിന്നിലുണ്ടു്. മദ്ധ്യഭാരതീയർക്കിടയിലും കേരളീയരിലും ഈ വിശ്വാസമുണ്ടെന്നു് കേരളത്തിലെ നാടോടി വിജ്ഞാനീയത്തിനൊരു മുഖവുര എന്ന പുസ്തകത്തിൽ (പുറം 82,സാഹിത്യപ്രവർത്തക സഹകരണസംഘം, നാഷണൽ ബുക്ക് സ്റ്റാൾ, ജൂൺ 2012) ഡോ. എം.വി. വിഷ്ണു നമ്പൂതിരി ചൂണ്ടിക്കാണിച്ചിട്ടുണ്ടു്.

ഉത്തരകേരളത്തിലെ ബ്രാഹ്മണർക്കിടയിൽ നടപ്പുള്ള മഹാബലിപൂജ (വലിയ ചന്ദ്രനെ* വരുത്തൽ എന്നാണതിന്നു് പറയുന്നതു്.) ഇതിനു് ദൃഷ്ടാന്തമാണു്. അന്തർജനങ്ങൾ കളം വരച്ചു് മൂന്നു് ദിവസം മഹാബലിയെ പൂജിയ്ക്കുന്നു. ഒന്നാം ദിവസം പ്രഭാതത്തിൽ കിണറ്റിൽ നിന്നു് വെള്ളമെടുത്തു് നിറകുടമായി വെയ്ക്കണം. ആ വെള്ളം മൂന്നാം ദിവസം പൂജകഴിഞ്ഞശേഷം കിണറ്റിൽ ഒഴിയ്ക്കുകയും ചെയ്യും. പാതാളത്തിൽ നിന്നും മഹാബലിയെ ആനയിയ്ക്കുകയും അവിടേയ്ക്കുതന്നെ യാത്രയയ്ക്കകയും ചെയ്യുകയെന്നതാണു് അതിലെ സങ്കല്പം.

*വലിയ ചന്ദ്രൻ പൊലീന്ദ്രൻ, ബലീന്ദ്രൻ

20141004

സഹോദരൻ കെ. അയ്യപ്പന്റെ ഓണപ്പാട്ട്


ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ നവോത്ഥാന, സാമൂഹിക വിപ്ലവങ്ങളുടെ ഭാഗമായി സഹോദരൻ കെ. അയ്യപ്പൻ ഒരു സവിശേഷ സംസ്‌കാര, രാഷ്ട്രീയ രചനയായി ഒരു ഓണപ്പാട്ടെഴുതുകയും പാടിനടക്കുകയും 1934-ലെ തന്റെ പദ്യകൃതികളിൽ അച്ചടിച്ച് പ്രസിദ്ധീകരിക്കുകയും ചെയ്തു.പതിനാറാം നൂറ്റാണ്ടിൽ വിരചിതമായതെന്നു് കരുതപ്പെടുന്ന മാവേലിചരിതം ഓണപ്പാട്ടിലെ ആറുവരികളോടെയാണതിന്റെ തുടക്കം.

സഹോദരൻ കെ. അയ്യപ്പൻറെ ഓണപ്പാട്ട് ചുവടെ:-


മാവേലി നാടു വാണീടും കാലം
മാനുഷരെല്ലാരുമൊന്നുപോലെ

ആമോദത്തോടെ വസിക്കും കാലം
ആപത്തങ്ങാർക്കുമൊട്ടില്ലതാനും

കള്ളവുമില്ല ചതിവുമില്ല
എള്ളോളമില്ല പൊളി വചനം

തീണ്ടലുമില്ല തൊടീലുമില്ല
വേണ്ടാതനങ്ങൾ മറ്റൊന്നുമില്ല

ചോറുകൾവച്ചുള്ള പൂജയില്ല
ജീവിയെക്കൊല്ലുന്ന യാഗമില്ല

ദല്ലാൾവഴിക്കീശസേവയില്ല
വല്ലാത്ത ദൈവങ്ങളൊന്നുമില്ല

സാധുധനിക വിഭാഗമില്ല
മൂലധനത്തിൻ ഞെരുക്കലില്ല

ആവതവരവർ ചെയ്തു നാട്ടിൽ
ഭൂതി വളർത്താൻ ജനം ശ്രമിച്ചു

വിദ്യ പഠിക്കാൻ വഴിയേവർക്കും
സിദ്ധിച്ചു മാബലി വാഴും കാലം

സ്ത്രീക്കും പുരുഷനും തുല്യമായി
വാച്ചുസ്വതന്ത്രതയെന്തു ഭാഗ്യം?

കാലിയ്ക്കുകൂടി ചികിത്സ ചെയ്യാൻ
ആലയം സ്ഥാപിച്ചിതന്നു മർത്ത്യർ

സൗഗതരേവം പരിഷ്‌കൃതരായ്
സർവ്വം ജയിച്ചു ഭരിച്ചുപോന്നാർ

ബ്രാഹ്മണർക്കീർഷ്യ വളർന്നുവന്നീ
ഭൂതി കെടുക്കാനവർ തുനിഞ്ഞു

കൗശലമാർന്നൊരു വാമനനെ
വിട്ടു ചതിച്ചവർ മാബലിയെ

ദാനം കൊടുത്ത സുമതിതന്റെ
ശീർഷം ചവിട്ടിയാ യാചകനും.

അന്നുതൊട്ടിന്ത്യയധഃപതിച്ചു
മന്നിലധർമ്മം സ്ഥലം പിടിച്ചു.

ദല്ലാൽമതങ്ങൾ നിറഞ്ഞു കഷ്ടം!
കൊല്ലുന്ന ക്രൂരമതവുമെത്തി

വർണ്ണവിഭാഗവ്യവസ്ഥ വന്നു
മന്നിടം തന്നെ നരകമാക്കി

മർത്ത്യനെ മർത്ത്യനശുദ്ധനാക്കു-
മയ്ത്തപ്പിശാചും കടന്നുകൂടി

തന്നിലശക്തന്റെമേലിൽക്കേറി
തന്നിൽ ബലിഷ്ഠന്റെ കാലുതാങ്ങും

സ്നേഹവും നാണവും കെട്ട രീതി
മാനവർക്കേകമാം ധർമ്മമായി.

സാധുജനത്തിൻ വിയർപ്പു ഞെക്കി
നക്കിക്കുടിച്ചു മടിയർ വീർത്തു

നന്ദിയും ദീനകരുണതാനും
തിന്നുകൊഴുത്തിവർക്കേതുമില്ല

സാധുക്കളക്ഷരം ചൊല്ലിയെങ്കിൽ
ഗർവ്വിഷ്ഠരീ ദുഷ്ടർ നാക്കറുത്തു

സ്ത്രീകളിവർക്കു കളിപ്പാനുള്ള
പാവകളെന്നു വരുത്തിവച്ചു

ആന്ധ്യമസൂയയും മൂത്തു പാരം
സ്വാന്തബലം പോയ് ജനങ്ങളെല്ലാം

കഷ്ടമേ, കഷ്ടം! പുറത്തുനിന്നു-
മെത്തിയോർക്കൊക്കെയടിമപ്പട്ടു

എത്ര നൂറ്റാണ്ടുകൾ നമ്മളേവം
ബുദ്ധിമുട്ടുന്നു സഹോദരരേ

നമ്മെയുയർത്തുവാൻ നമ്മളെല്ലാ-
മൊന്നിച്ചുണരണം കേൾക്ക നിങ്ങൾ

ബ്രാഹ്മണോപജ്ഞമാം കെട്ട മതം
സേവിപ്പവരെ ചവിട്ടും മതം

നമ്മളെത്തമ്മിലകറ്റും മതം
നമ്മൾ വെടിയണം നന്മ വരാൻ.

സത്യവും ധർമ്മവും മാത്രമല്ലൊ
സിദ്ധിവരുത്തുന്ന ശുദ്ധമതം

ധ്യാനത്തിനാലെ പ്രബുദ്ധരായ
ദിവ്യരാൽ നിർദ്ദിഷ്ടമായ മതം.

ആ മതത്തിന്നായ് ശ്രമിച്ചിടേണം
ആ മതത്തിന്നു നാം ചത്തിടേണം

വാമനാദർശം വെടിഞ്ഞിടേണം
മാബലിവാഴ്ച വരുത്തിടേണം

ഓണം നമുക്കിനി നിത്യമെങ്കിൽ
ഊനംവരാതെയിരുന്നുകൊള്ളും.



(ഡോ.ഷൊർണൂർ കാർത്തികേയൻ എഴുതി 2012-ൽ സാഹിത്യ പ്രവർത്തക സംഘം നാഷണൽ ബുക്ക് സ്റ്റാൾ പ്രസിദ്ധീകരിച്ച സഹോദരൻ അയ്യപ്പൻ എന്നപുസ്തകത്തിൽ നിന്നും ഉദ്ധരിച്ചതു്.)

ഇവ കാണുക

20141002

കാസര്‍കോടിന്റെ വടക്കന്‍ ഗ്രാമങ്ങളിലെ മഹാബലി ആരാധന

തൃക്കരിപ്പൂര്‍ മുതല്‍ കുന്താപുരം നീളുന്ന പഴയ തുളുനാട്ടില്‍ തുലാമസത്തില്‍ കറുത്തവാവ് വരുന്ന ദീപാവലി നാളില്‍ മഹാബലിയെ വരവേല്‍ക്കുന്നു

മാതൃഭൂമി .കോം ഓണം സ്പെഷ്യല്‍ താളില്‍ ഇ.വി ജയകൃഷ്ണന്‍ എഴുതിയ ലേഖനത്തില്‍ നിന്നു് 

കാഞ്ഞങ്ങാടിനടുത്ത് കൊടവലം ഗ്രാമത്തിലെ കൊടവലം ക്ഷേത്രത്തില്‍ മഹാബലി കണ്ട വാമനന്റെ വിശ്വരൂപമാണ് പ്രതിഷ്ഠ. മഹാബലിയെ മോക്ഷപ്രാപ്തനാക്കും മുമ്പ് വാമനന്‍ അദ്ദേഹത്തിന് കാട്ടിക്കൊടുത്ത ത്രിവിക്രമ സങ്കല്‍പ്പത്തിലാണ് ഇവിടുത്തെ ആരാധന. ദേശീയ പാതയില്‍ പൂല്ലൂര്‍ ബസ് സ്റ്റോപ്പിലെത്തിയാല്‍ മൂന്നര കിലോമീറ്റര്‍ കിഴക്ക്-തെക്ക് മാറിയാണ് കൊടവലം ക്ഷേത്രം.

കൊടവലം-മിത്തും യാഥാര്‍ഥ്യവും എന്ന ലേഖനത്തില്‍ എഴുത്തുകാരന്‍ ഡോ.അംബികാസുതന്‍ മാങ്ങാട് ഇങ്ങനെ വിവരിക്കുന്നു:- മൂന്നാമത്തെ കാല്‍വെപ്പിന് മഹാബലിയെ പാതാളത്തിലേക്ക് ചവുട്ടി താഴ്ത്തിയ വിഷ്ണു അവതാരത്തെ കുറിച്ചാണ് പറയുന്നതും പ്രചരിക്കുന്നതും.

എന്നാല്‍ പുരാണങ്ങളില്‍ വിഷ്ണുഭക്തനായ മഹാബലിയാണുള്ളത്.ബലിയെ എല്ലാ ഐശ്വര്യങ്ങളോടെയും ഏഴുകടലുകള്‍ക്കപ്പുറത്തുള്ള സുതലത്തില്‍ വാഴിക്കുകയാണ് അവതാരമൂര്‍ത്തി ചെയ്തതത്രെ.തുളുനാട്ടുകാര്‍ വൃശ്ചികത്തിലെ തിരുവോണമാണ് ആഘോഷിച്ചിരുന്നത്.

കൊടവലം ക്ഷേത്രത്തിലെ തിരുവോണോത്സവവും വൃശ്ചികത്തിലാണ്. തൃക്കരിപ്പൂര്‍ മുതല്‍ കുന്താപുരം നീളുന്ന പഴയ തുളുനാട്ടില്‍ തുലാമസത്തില്‍ കറുത്തവാവ് വരുന്ന ദീപാവലി നാളിലാണ് മഹാബലിയെ വരവേല്‍ക്കുന്നത്.പാലമരക്കൊമ്പ് മുറിച്ചെടുത്ത് പൊലിയന്ത്രമാക്കിയും ബലീന്ദ്ര പൂജ നടത്തിയും തുളുനാട്ടുകാര്‍ ആഘോഷം കൊണ്ടാടുന്നു.

ഈ ആഘോഷത്തിന് ഓണമെന്ന പേരൊന്നുമില്ല.പക്ഷെ മഹാബലി ആരാധനയാണ് ഈ ദിവസം നടക്കുന്നത്. കാസര്‍കോടിന്റെ വടക്കന്‍ ഗ്രാമങ്ങളിലാണ് ബലി ആരാധന കൂടുതലെന്നും അംബികാസുതന്റെ ലേഖനത്തിലുണ്ട്.
അവലംബം
മാതൃഭൂമി .കോം ഓണം സ്പെഷ്യല്‍ താള്‍


പൊലീന്ദ്രന്‍ വിളി



തുളുനാട്ടിലെ തുലാവാവിനെപ്പറ്റി

മാതൃഭൂമി .കോം  ഓണം സ്പെഷ്യല്‍ താളില്‍ പി.വി. ഷാജികുമാര്‍ എഴുതിയ ലേഖനത്തില്‍ നിന്നു്. പൂര്‍ണരൂപം ഇവിടെ

'കല്ല് കായാവുന്ന കാലത്ത് ,വെള്ളാരം കല്ല് പൂക്കുന്ന സമയത്ത്, ഉപ്പ് കര്‍പ്പൂരമാകുന്ന കാലത്ത്, ഉഴുന്ന് മദ്ദളം ആവുന്ന കാലത്ത്, നെച്ചിക്കാടിനടിയില്‍ വയല്‍ക്കൂട്ടം നടക്കുന്ന കാലത്ത്, കുന്നിക്കുരുവിന്റെ കറുത്ത കല മായുന്ന കാലത്ത്, മോരില്‍ വെണ്ണ മുങ്ങുന്ന കാലത്ത്, മരംകൊത്തി പക്ഷി തന്റെ കുടുമ താഴെയിറക്കുന്ന കാലത്ത് അല്ലയോഭൂമിപുത്രാ, ബലിയീന്ദ്രാ, നിനക്ക് തിരിച്ചു വന്നു നാട് ഭരിക്കാം.'

മറ്റ് സ്ഥലങ്ങളില്‍ അത്തം മുതല്‍ പത്ത് ദിവസം വരെ മാത്രം പൂവിടുമ്പോള്‍ ഞങ്ങള്‍ കാസര്‍ഗോഡുകാര്‍ ചിങ്ങം ഒന്ന് തൊട്ട് പൂവിട്ട് മഹാബലിയെ സ്‌നേഹിച്ച് കൊല്ലും. ഞങ്ങളുടെ സ്‌നേഹാധിക്യം കൊണ്ടാണോ എന്തോ തെക്കുള്ളവരില്‍ നിന്ന് വ്യത്യസ്തമായി ഞങ്ങള്‍ കാസര്‍ഗോഡുകാരെ കാണാന്‍ മാവേലി രണ്ട് പ്രാവശ്യം വരുന്നുണ്ട്. ആദ്യം വരുന്നത് എല്ലാവര്‍ക്കുമറിയാവുന്നത് പോലെ കേരളത്തില്‍ മൊത്തം സന്ദര്‍ശിക്കുന്ന ചിങ്ങമാസത്തില്‍.

രണ്ടാമത്തെ വരവ് തുലാം മാസത്തിലാണ്. പുതിയ കാസര്‍ഗോഡുകാര്‍ അതിന്റെ ഓര്‍മകള്‍ ഏറെക്കുറെ മായ്ച്ച് കളഞ്ഞെങ്കിലും കുറച്ച് മുന്നോട്ടുള്ള കാസര്‍ഗോഡുകാര്‍ക്ക് തുലാം മാസത്തെ ഓണം പരമപ്രധാനവും സവിശേഷതയാര്‍ന്നതുമായിരുന്നു.

തുലാം മാസത്തില്‍ മൂന്ന് ദിവസം മാവേലി ജനങ്ങളുടെയടുത്തുണ്ടാവുമെന്നാണ് തുളുനാട്ടിലെ വിശ്വാസം. എല്ലാം മറന്ന് ദാനം ചെയ്യുന്ന, സോഷ്യലിസത്തിന്റെ തലതൊട്ടപ്പനായ മാവേലിയുടെ മുന്നില്‍ മഹാവിഷ്ണു വാമനന്‍ എന്ന ചെറിയ മനുഷ്യനായി രംഗപ്രവേശം ചെയ്യുകയും മൂന്നടി മണ്ണ് ചോദിക്കുകയും രണ്ട് അടി കൊണ്ട് എല്ലാം അളന്നെടുക്കുകയും മൂന്നാമത്തെയടി മാവേലിയുടെ ശിരസ്സില്‍ വെച്ച് പാതാളത്തിലേക്ക് ചവുട്ടിത്താഴ്ത്തുകയും ചെയ്തു എന്നതാണല്ലോ ഐതിഹ്യം. അടിച്ചമര്‍ത്തപ്പെട്ടവര്‍ ഏതെങ്കിലും ഒരു കാലത്ത് ഉയര്‍ത്തെഴുന്നേല്‍ക്കുക തന്നെ ചെയ്യും എന്ന് മഹാബലി പറയാതെ പറയുന്നുണ്ട്. ഈ കഥ തന്നെയാണ് തുളുനാട്ടിലെ തുലാം മാസമിത്തിലും ആവര്‍ത്തിക്കുന്നത്. മഹാബലിയുടെ ഭരണത്തില്‍ അസൂയ മൂത്ത് ഭ്രാന്തായ ദേവേന്ദ്രനാണല്ലോ ഇതിന്റെ മുഖ്യഹേതു. ചവുട്ടിത്താഴ്ത്തിയപ്പോള്‍ കുറ്റബോധം തോന്നിയിട്ടോ എന്തോ, മഹാവിഷ്ണു മഹാബലിയോട് മൂന്ന് ദിവസം സ്വര്‍ഗ്ഗവും ഭൂമിയും ഭരിക്കാന്‍ അനുവാദം നല്‍കുന്നു. തുലാം മാസത്തെ ഈ മൂന്ന് ദിവസങ്ങളാണ് പഴയകാലത്തെ കാസര്‍ഗോഡുകാര്‍ സവിശേഷമായ ചടങ്ങുകളോടെ ആചരിക്കുന്നത്.

പൊലീന്ദ്രന്‍ വിളി എന്ന് അതിനെ പേരിട്ട് വിളിക്കാമെങ്കിലും ചടങ്ങിന് കൃത്യമായ പേരൊന്നുമില്ല. മൂന്ന് ദിവസങ്ങളിലെ സന്ധ്യകളിലാണ് പൊലീന്ദ്രന്‍ വിളികള്‍ കാസര്‍ഗോട്ടെ നാട്ടിന്‍പുറങ്ങളില്‍ മുഴങ്ങിക്കേള്‍ക്കുക. പാലമരത്തിന്റെ ചെറിയ കൊമ്പുകള്‍ വെട്ടി, കവണരൂപത്തിലാക്കി ഒരു താക്കമുണ്ടാക്കും. അത് വീട്ടുമുറ്റത്തും കിണറ്റിന് മുന്നിലും തൊഴുത്തിന് മുന്നിലും കുത്തിനിര്‍ത്തും. ചിരട്ട മൂന്ന് കഷണങ്ങളായി പൊട്ടിച്ചെടുത്ത് കുത്തിനിര്‍ത്തിയ പാലമരക്കൊമ്പിന് മേല്‍ വിളക്ക് കത്തിക്കുന്നതിനായി വെയ്ക്കും. സന്ധ്യാ നേരത്ത് വിളക്ക് വെച്ചുകഴിഞ്ഞാല്‍ വിളക്കും ഒരു പാത്രത്തില്‍ അരിയുമായി മുതിര്‍ന്ന സ്ത്രീകളും കുട്ടികളും ആദ്യം കിണറ്റിന്‍കരയിലെത്തും. പാലക്കൊമ്പില്‍ വെച്ചിരിക്കുന്ന ചിരട്ടകഷണത്തിന് മേല്‍ കൂട്ടത്തില്‍ ഏറ്റവും മുതിര്‍ന്നയാള്‍ എണ്ണയില്‍ കുതിര്‍ന്ന തിരി വെയ്ക്കും. വിളക്ക് കൊളുത്തിയ ശേഷം മുതിര്‍ന്നയാള്‍ എല്ലാവര്‍ക്കും കുറച്ച് അരിമണികള്‍ പകരും. കിണറ്റിന്‍ കരയില്‍ കത്തിച്ച് തിരിക്ക് നേര്‍ക്ക് തിരിഞ്ഞ് 'പൊലീന്ദ്രാ.. പൊലീന്ദ്രാ. അരിയോ.. അരി..' എന്ന് (ഹരിയോ.. ഹരി.. എന്നാണ് കൃത്യമായ വാക്ക്, പക്ഷേ അരിയിടുന്നതായത് കൊണ്ട് ഹരി പോയി, അരിയായി.) എല്ലാവരും ഉച്ചത്തില്‍ മൂന്ന് പ്രാവശ്യം വിളിച്ച് കൈയ്യിലെ അരി കത്തിക്കൊണ്ടിരിക്കുന്ന തിരിക്ക് മേലിടും. അതിന് ശേഷം തൊഴുത്തിനരികില്‍ കുത്തിനിര്‍ത്തിയ പാലക്കൊമ്പിലെ ചിരട്ടയിലും വീട്ടുമുറ്റത്തും വിളക്ക് കത്തിച്ച് പൊലീന്ദ്രനെ വിളിക്കും. ശേഷം വിളക്കിലെ തിരി കെടാതെ വിളക്ക് പടിഞ്ഞാറ്റക്കകത്തെത്തിക്കും. (പടിഞ്ഞാറ്റ- പൂജാമുറി.) തുടര്‍ന്നുള്ള രണ്ട് ദിവസങ്ങളിലെ സന്ധ്യകളിലും ഇതാവര്‍ത്തിക്കും. മഹാബലിയെ വിളക്ക് കാണിച്ച്, ഞങ്ങളിവിടെ പ്രകാശമാനമായ ജീവിതം എങ്ങനെയൊക്കെയോ കൊണ്ടുനടക്കുന്നുണ്ടെന്ന് മഹാബലിക്ക് കാണിച്ചുകൊടുക്കുകയാണ് പൊലീന്ദ്രന്‍ വിളിയിലൂടെ.

കുട്ടിക്കാലത്ത് വല്ല്യമ്മയോടൊത്ത് പൊലീന്ദ്രന്‍ വിളിച്ചിട്ടുണ്ട് കുറേ വര്‍ഷങ്ങള്‍. പൊലീന്ദ്രന്‍ വിളികള്‍ കൊണ്ട് വൈകുന്നേരങ്ങള്‍ ഉണരും. വെയില്‍ ചാഞ്ഞ് ഇരുട്ടിലേക്ക് കണ്ണടയ്ക്കുന്ന വൈകുന്നേരങ്ങളില്‍ വിളക്കുമെടുത്ത് വല്ല്യമ്മ കിണറ്റിന്‍കരയിലേക്ക് നടക്കും. തൊഴുത്തില്‍ നിന്ന് പശുക്കള്‍ ഞങ്ങളുടെ പൊലീന്ദ്രന്‍ വിളികള്‍ കേട്ട് തലയുയര്‍ത്തും. തെങ്ങിന്‍ പൊത്തുകളിലെ മൈനകള്‍ കണ്ണുമിഴിക്കും. വയലുകളില്‍ നിന്ന് മണ്ണിന്റെ മണവും കൊണ്ട് വരുന്ന കാറ്റ് തിരി കെടുത്താതെ ഞങ്ങളെ വന്ന് ആശ്ലേഷിക്കും.

ഇന്ന് ആരും പൊലീന്ദ്രന്‍ വിളിക്കാറില്ല. വൈകുന്നേരങ്ങളില്‍ ആരും ഒത്തുചേരാറുമില്ല. അന്ന് പൊലീന്ദ്രന് മാത്രമായിരുന്നില്ല, അരി നേര്‍ന്നത് എന്ന് ഇപ്പോള്‍ വിചാരിക്കുമ്പോള്‍ മനസ്സിലാകുന്നു. വെള്ളത്തിനും (കിണറ്റുകര) മൃഗങ്ങള്‍ക്കും (തൊഴുത്ത്) വീടിനുമായിരുന്നു. ദൈവം പ്രകൃതിയിലും ജീവജാലങ്ങളിലും വിഹരിക്കുന്നു എന്ന് മനസ്സിലാക്കാതെ മനസ്സിലാക്കിയവരായിരുന്നു മുന്‍തലമുറക്കാര്‍.
കടപ്പാടു്  മാതൃഭൂമി .കോം  2014 ഓഗസ്റ്റ് 14