മഹാബലിക്കെതിരായ ആസൂത്രിതമായ പ്രചാരവേല നടക്കുന്നുണ്ട്. അതിനെ ചെറുക്കണം. മഹാബലിക്കെതിരായ ആക്രമണങ്ങൾ കേരളീയ സംസ്കാരത്തിനെതിരായ യുദ്ധമാണ്. മഹാബലിയും കേരളീയരും നമ്മിലുള്ള ബന്ധത്തെ മുറിക്കാനുള്ള ആസൂത്രിത ശ്രമങ്ങൾ നടക്കുന്നുണ്ട്. നമ്മുടെ പൂർവീകരുടെ രാജാവായിരുന്നു. നമ്മുടെ രാജാവാണ്. നമ്മൾ മഹാബലിയുടെ ജനമാണ്. മഹാബലി മുഴുവൻ ലോകത്തിന്റെയും രാജാവായിരുന്നു.
മഹാബലി നമ്മുടെ കേരളത്തിന്റെയും ഇന്ത്യയുടെയും സംസ്കാരത്തിന്റെ ഭാഗമാണ്. മഹാബലി ഒരു മതത്തിന്റെയും നേതാവല്ല; രാഷ്ട്രീയ നേതാവാണ്.
അല്ലൽ ഇല്ലാതായതിൻ്റെ സ്മരണയ്ക്കായി മാവേലിയുടെ കല്പന പ്രകാരമാണ് ഓണാഘോഷം സ്ഥാപിതമായത്. മാവേലി നാടൊഴിഞ്ഞശേഷം അത് മുടങ്ങിയപ്പോൾ പുനഃസ്ഥാപിതമായി.
പി. എസ്.പി ക്കാരനായിരുന്ന പട്ടംതാണുപിള്ള കേരള മുഖ്യമന്ത്രിയായിരുന്ന കാലത്ത് കേരളത്തിന്റെ ദേശീയ ആഘോഷമായി ഓണത്തെ അംഗീകരിച്ചു. ഓണം മതേതര ആഘോഷമാണ്. ഓണത്തിനെതിരായ വർഗീയവാദികളുടെയും മതതീവ്രവാദികളുടെയും ആസൂത്രിതമായ ദുഷ്പ്രചരണങ്ങളെ കരുതിയിരിക്കുവാൻ സകല കേരളീയരും ഇന്ത്യാക്കാരും ഒന്നിച്ചു നില്ക്കണം.
മഹാബലി കേവലം മിത്തല്ല. മഹാബലിയെ മിത്തെന്നും കെട്ടുകഥയെന്നും പറഞ്ഞ് ചിലർ അവഹേളിക്കുന്നതിനെ അംഗീകരിക്കാനാവില്ല. നിയമസഭാ സ്പീക്കറായിരുന്ന എ. എൻ. ഷംസീർ 2023 ജൂലൈ അവസാനം ശ്രീ ഗണപതിയെ മിത്തെന്ന് പരാമർശിച്ചെന്ന് പറഞ്ഞ് വിമർശനവും പ്രതിഷേധവും നടത്തിയവർ മഹാബലിക്കെതിരെ അത്തരം പരാമർശങ്ങൾ നടത്തുവാൻ പാടില്ല.
സാമൂഹിക നീതിക്കും സമത്വത്തിനും മാനവമോചനത്തിനുമുള്ള പോരാട്ടത്തിൽ മഹാബലിക്ക് പ്രാധാന്യമുണ്ട്. മഹാബലിയുടെ രാഷ്ട്രീയം എക്കാലവും മനുഷ്യനുള്ളിടത്തോളം മുന്നോട്ടു പോകും. ചരിത്രവും വർത്തമാനവും ഭാവിയും ആണ്. ചരിത്രാതീതനാണ് മഹാബലി. മരണമില്ല. ചിരഞ്ജീവിയാണ്. മഹാബലിയുടെയും പരിവാരങ്ങളുടെയും സംരക്ഷകൻ ഈശ്വരൻ തന്നെയാണ്. സാക്ഷാൽ നാരായണനാണ് കാവൽക്കാരൻ.
മഹാബലിയെപ്പറ്റിയുള്ള വിവരങ്ങളുടെ ഉറവിടം നമ്മുടെ പാരമ്പര്യമാണ്. മഹാബലി ചരിതവും മാവേലി ഭരണത്തെപ്പറ്റിയും മാവേലിയുടെ വാർഷിക സന്ദർശനത്തെപ്പറ്റിയും വരാനിരിയ്ക്കുന്ന രണ്ടാം വാഴ്ചയെപ്പറ്റിയുമുള്ള അറിവുകൾ വിവിധ ജനസമൂഹങ്ങൾ തലമുറകളിലൂടെ കൈമാറി വന്ന് മണ്ണിലും വായുവിലും അലിഞ്ഞു ചേർന്നതും വ്യാപകമായ പ്രചാരമുള്ളതുമാണ്. ഓണവും രക്ഷാബന്ധനവും തുലാവാവും ദീപാവലിയും നേപ്പാളിലെ തീഹാർ ഉൽസവവുമെല്ലാം മാവേലിയെന്നും ബെലി രാജാവെന്നും വിളിയ്ക്കുന്ന മഹാബലിയുമായി ബന്ധപ്പെട്ട ആ ഘോഷങ്ങളും ആചാരങ്ങളുമാണ്. ഇന്ത്യൻ സാമൂഹിക വിപ്ലവത്തിൻ്റെ പിതാവായ 19-ാം നൂറ്റാണ്ടിലെ മഹാത്മാ ഫൂലെ ഇന്ത്യയെ മാവേലിയുടെ നാട് എന്ന നിലയിൽ ബലിസ്ഥാൻ എന്നാണ് വിളിച്ചത്.
മഹാബലിയെപ്പറ്റി അസുരരുടെ നേതാവെന്ന നിലയിൽ മഹാഭാരതത്തിലും പുരാണങ്ങളിലും ഭാഗവതത്തിലും പരാമർശങ്ങളുണ്ട്.
വാമനാവതാരത്തിനു ശേഷം വന്ന പരശുരാമൻ തന്റെ മഴു കടലിലേക്ക് എറിഞ്ഞാണു കേരളം സൃഷ്ടിച്ചതെന്ന കേരളോല്പത്തിയെന്ന കൃതിയിയിലെ കഥ പറഞ്ഞ് മഹാബലി കേരളീയരുടെ രാജാവല്ലെന്നു സ്ഥാപിയ്ക്കുവാൻ ശ്രമിക്കുന്നത് നിലനില്ക്കുകയില്ല.
ദശാ വതാരക്കഥകൾക്കുമുമ്പേ മഹാബലിയുണ്ട്. ദശാവതാര കഥകള്‍ കാലാനുക്രമത്തില്‍ ക്രമീകരിച്ചിട്ടുള്ളതല്ല എന്നതാണതിന്റെ പ്രധാന അടയാളം. ഉദാഹരണത്തിനു് രണ്ടാം അവതാരം കൂര്‍മ്മമാണു്; അതിന്റെ വിശദീകരണമായി കൊടുത്തിട്ടുള്ള കഥ ഹിരണ്യ കശിപുവിന്റെ പിന്‍ഗാമി പ്രഹ്ളാദരുടെ പിന്‍ഗാമിയുടെ പിന്‍ഗാമിയായ മഹാബലിയുടെ കാലത്തു് സുരന്‍മാരും അസുരന്‍മാരും ചേര്‍ന്നു് പാലാഴി കടയുമ്പോള്‍ കടകോലായുപയോഗിച്ച ‘‘പര്‍വതം’’ താണു പോയപ്പോള്‍ താങ്ങായി മാറിയ ‘‘ആമ’’യുടെ നിര്‍ണ്ണായക പങ്കാണു്. എന്നാല്‍ മഹാബലിയുടെ മുന്‍ഗാമിമാരിലൊരാളായിരുന്ന ഹിരണ്യ കശിപു രാജാവ് നാടു നീങ്ങിയ കഥയാണു് നാലാം അവതാരമായ ‘നരസിംഹ’ത്തിനു വേണ്ടി കൊടുത്തിരിയ്ക്കുന്നതു്. മൂന്നു് ചുവടു് ഭൂമി ദാനം ചോദിച്ചു വന്ന കൊച്ചു ബ്രാഹ്മണന്‍ സകലതും കയ്യടക്കി മഹാബലിയെ ചതിച്ചു് സ്ഥാനഭ്രഷ്ടാക്കിയ ഭൂസുര വിജയമാണു് അഞ്ചാമത്തെ അവതാരമായ വാമനാവതാരത്തോടൊപ്പം വച്ച കഥ. ദശാ വതാരക്കഥകൾ പ്രചരിപ്പിയ്ക്കുന്ന മതത്തെ മഹാബലി പ്രതിനിധീകരിയ്ക്കുന്നുമില്ല. അദേഹം അസുരനാണല്ലോ.
No comments:
Post a Comment