20070813

മഹാബലിചരിതം ഓണപ്പാട്ടു് (1)

“ആരോമല്‍ പൈങ്കിളിപ്പെണ്‍കിടാവേ
പാരാതെ വന്നങ്ങരികത്തിരി
തേനും കദളിപ്പഴവും പാലും
വേണ്ടുന്നതെല്ലാം തരുന്നതുണ്ടു്


ആതപഭീതികളൊന്നും വേണ്ടാ
ഇന്നാവോളം നീ നുകര്‍ന്നു് കൊള്ളൂ.”
എന്നതു് കേട്ടു് കിളിമകളും
നന്നായ് തെളിഞ്ഞു് നുകര്‍ന്നു തേനും

“എങ്ങു്ന്നു് വന്നൂ, കിളിക്കിടാവേ?”
എന്നതു് കേട്ട കിളിക്കിടാവു്
ഖിന്നത കൈവിട്ടു് ചൊല്ലി മെല്ലെ
“തൃക്കാ’ല്ക്കരെ നിന്നു് വന്നതു് ഞാന്‍”

“തൃക്കാ’ക്കരയെന്തു് വാര്‍ത്തയുള്ളൂ?”
“അക്കഥ ചൊല്ലാനെളുതല്ലൊട്ടും”
ഖിന്നത വിട്ട കിളിമകളോ
നന്നായ് തെളിഞ്ഞു് പറഞ്ഞു് കൊണ്ടാള്‍:-


ശ്രീമഹാദേവരും മാവേലിയും
ദിതിയമ്മയും തുണച്ചിടേണം
ശുക്രനുമെന്റ‍െ ഗുരുക്കന്‍മാരും
ഉള്‍ക്കാമ്പില്‍ വന്നു് തുണച്ചിടേണം

തൃക്കാ’ക്കരെ ശ്രീമഹാദേവര്‍ തന്‍
തൃപ്പാദസേവകന്‍ രാജമൌലി
മാവേലിയെന്നയരചല്ലോ
പാരിടമൊക്കെയും കേള്‍വിപൊക്കി

ഇപ്പാരിടത്തിനു് മേന്‍മ നല്കി
തിങ്ങിനാമോദം വളര്‍ത്തി പാരില്‍
തൃക്കാക്കരെ ശ്രീ മഹാമന്നന്‍റെ
വാര്‍ത്തകള്‍ കേള്‍പ്പിന്‍ മഹാജനങ്ങള്‍

ആ രാജമൌലീടെ ചെയ്തിയെല്ലാം
മാലോകര്‍ ചൊല്ലി ഞാന്‍ കേള്‍പ്പതുണ്ടു്
നാരായണന്‍റെ കളികളെല്ലാം
നാരദന്‍ ചൊല്ലി ഞാന്‍ കേള്‍പ്പതുണ്ടു്

മാവേലി നാടു് വാണീടും കാലം
മാനുഷരെല്ലാരുമൊന്നു് പോലെ
ആനന്ദത്തോടെ വസിയ്ക്കും കാലം
ആപത്തങ്ങാര്‍ക്കുമൊട്ടില്ല താനും

ആധികള്‍ വ്യാധികളൊന്നുമില്ലാ
ബാലമരണങ്ങള്‍ കേള്‍പ്പാനില്ലാ
പത്തായിരത്താണ്ടിരിയ്ക്കുമല്ലോ
ആലയമൊക്കെയുമൊന്നു് പോലെ

സ്വര്‍ണ്ണരത്നങ്ങളണിഞ്ഞു് കൊണ്ടു്
നാരിമാര്‍ ബാലന്‍മാര്‍ വൃദ്ധന്‍മാരും
ആന്ദത്തോടെ വസിയ്ക്കും കാലം
ഭൂലോകമൊക്കെ കനകമത്രേ

കള്ളക്കേടില്ല കളവുമില്ലാ
എള്ളോളമില്ല പൊളിവചനം
വെള്ളിക്കോലാദി ചെറു നാഴിയും
എല്ലാം കണക്കതിന്‍ തുല്യമായി

ദുഷ്ടരെ കണ്‍കൊണ്ടു് കാണ്‍മാനില്ല
നല്ലവരല്ലാതെയില്ല പാരില്‍
നല്ല മഴപെയ്യും വേണ്ടുന്നേരം
നല്ലപോലെല്ലാ വിളവും ചേരും

എല്ലാ കൃഷികളുമൊന്നു് പോലെ
നെല്ലിനു നൂറു് വിളവതുണ്ടു്
പത്തായമെല്ലാം നിറവതുണ്ടു്
പത്തായിരമാണ്ടിരിപ്പുമുണ്ടു്

വേദികള്‍ വേദവും സംഗീതവും
യാഗങ്ങള്‍ കര്‍മ്മം മുടങ്ങിടാതെ
രക്ഷിച്ചു് വാഴുന്ന കാലത്തിങ്കല്‍
മാവേലിയെന്നയീ രാജാവല്ലോ

തൃക്കാ’ക്കരെ ശ്രീമഹാദേവര്‍തന്‍
തൃക്കാലിണകൂപ്പി ചൊന്നീവണ്ണം :
“അല്ലല് കൈവിട്ട തിരുന്നാളല്ലോ
ചിങ്ങത്തിലുള്ള തിരുവോണം നാള്‍

നമ്മുടെ മാനുഷരെല്ലാവരും
ചിങ്ങത്തെ ഓണമനുസരിപ്പിന്‍
അന്നൊരു വേല വിചിത്രമായി
വന്ദിച്ചു് കൊണ്ടു് തുടങ്ങിടേണം

തൃക്കാ’ക്കരെയ്ക്കു് നാമൊക്കെച്ചെന്നു്
തൃക്കാ’ക്കരപ്പനു് ഓണം കാണ്‍മിന്‍.
നാരിമാര്‍ ബാലന്മാര്‍ മറ്റുള്ളോരും
പാരാതെ ചെന്നു് കുളികഴിഞ്ഞു്

ചാലവെ നല്ല കുറിപിടിച്ചും
ചേലകള്‍ ചുറ്റി കുട പിടിച്ചും
തൃക്കാ’ല്ക്കരെത്തിരു മാതേവര്‍തന്‍
തൃക്കാലിണപ്പൂ വണങ്ങിപ്പോവിന്‍.

തൃക്കാ’ക്കരെത്തിരു മാതേവരെ
ഉള്‍ക്കാമ്പില്‍ ധ്യാനിച്ചു് മേളിയ്ക്കേണം.
ഇങ്ങനെ ഓണം കഴിച്ചുവെന്നാല്‍
നിങ്ങള്‍ക്കു് പാരില്‍ വിളങ്ങും സൌഖ്യം.”

അങ്ങനെ മാവേലിത്തമ്പുരാന്റെ
കല്പന ചൊല്കൊണ്ട ഓണമല്ലോ
പൊന്നിന്‍ ചിങ്ങത്തിലെ ഓണമല്ലോ
തൃക്കാ’ക്കരപ്പനുള്ളോണമല്ലോ

അങ്ങനെ ഓണം കഴിയുംകാലം
എങ്ങനെയെന്നു് പറയുന്നു ഞാന്‍
തൃക്കാ’ക്കരെ ദേവര്‍ക്കോണം കാണ്‍മാന്‍
പോകണമെല്ലാരുമെന്നു് വന്നു

നാരിമാര്‍ വൃദ്ധന്മാര്‍ മറ്റുള്ളോരും
തൃക്കാക്കരയ്ക്കു് വഴി നടന്നു്
ദുഃഖിപ്പാനേതുമെളുതല്ലെന്നു്
കേട്ടാറെ മാവേലിയുമരുളി:

“ഇന്നു് തുടങ്ങി നാമെല്ലാവരും
ഇല്ലങ്ങള്‍ തോറുമലങ്കരിച്ചു്
ചെത്തിയടിച്ചു് മെഴുകിത്തേച്ചു്
നല്ത്തറയിട്ടു് കളമെഴുതി

തുമ്പമലരാദി പുഷ്പങ്ങളും
അമ്പോടെയിട്ടു് വിചിത്രമായി
പത്തു് നാള്‍ മുമ്പേ വന്നത്തംതൊട്ടു്
എത്രയും ഘോഷങ്ങളെന്നേ വേണ്ടൂ

നാരിമാര്‍ ബാലന്‍മാര്‍ വൃദ്ധന്‍മാരും
ആകെക്കുളിച്ചു് കുറിയുമിട്ടു്
അങ്ങനെ തന്നെയും ദിക്കു് തോറും
ഘോഷങ്ങളൊക്കെയുമൊന്നു് പോലെ”

മാവേലി രക്ഷിച്ചു് വാഴും കാലം
അക്കാലമൊക്കെയുമൊന്നു് പോലെ
അക്കാലം മാധവന്‍, ഉണ്ണിയായി
മാവേലി തന്നോടു് യാചിക്കുന്നു:

“മൂവടി മണ്ണെനിയ്ക്കാശയുണ്ടാം”
“മൂവടി മണ്ണുമളന്നു് കൊള്‍ക”
മാവേലി ഇങ്ങനെ ചൊന്ന നേരം
മാധവന്‍ തന്‍റെ ചതിവെടുത്തു

അദിതി സന്തതി മാധവന
ന്നാകാശമോളം വളര്‍ന്നു പിന്നെ,
മൂവടി മണ്ണുമളന്നനേരം
മൂവടി മണ്ണു് തികഞ്ഞതില്ല

മാവേലി തന്റെ തലയ്ക്കു് മേലെ
മാധവന്‍ തന്നുടെ കാലുയര്‍ത്തി
പാതാളത്തേയ്ക്കു് ചവിട്ടിത്താഴ്ത്തി
ലോകങ്ങള്‍ തന്നുടെ കീഴിലാക്കി

നാരായണനോ കടന്നു് വന്നു്
മാവേലി മന്നനു് കാവലായി
നാരായണനന്നരുളിച്ചെയ്തു:
“മാവേലി മന്നാ മാലോകനാഥാ

മാനുഷര്‍ നിന്നെ ഗ്രഹിയ്ക്കും കാലം
നീയിനിയും വന്നു് ലോകം വാഴിന്‍
മാവേലി മന്നാ നീ അന്നു് വരെ
സുതലം തന്നില്‍ വസിച്ചിടുക”

വാമനനായോരു മാധവനു്
നാരായണനന്ന് ശാപമേകി:
“മാനുഷര്‍ നിന്നെ പഴിച്ചിടേണം
മാലോകം നിന്നെ ത്യജിച്ചിടേണം

“മാലോകം നീയിനി വാഴുമെങ്കില്‍
മാവേലി മന്നനു് നീതി വേണം
ആധിയും വ്യാധിയും തോല്‍വിയൊന്നും
മാവേലി മന്നനു് വന്നു് കൂടാ”

മാവേലി മണ്ണുപേക്ഷിച്ചശേഷം
മാധവന്‍ നാടു് വാണീടും കാലം
അക്കാലമായിരം ബ്രാഹ്മണരെ
നിത്യവുമൂട്ടിത്തുടങ്ങിയല്ലോ

മോടികളൊക്കെയും മാറിയല്ലോ
മാവേലിയോണം മുടങ്ങിയല്ലോ
അക്കഥ കേട്ടൊരു മാവേലിയും
ഖേദിച്ചു തന്‍റെ മനസ്സു് കൊണ്ടും

ചോദിച്ചു മാധോ’നോടേവമപ്പോള്‍:
“എന്നുടെ ഭൂമിയടക്കം വാങ്ങി
ഞാനുപേക്ഷിച്ചിങ്ങു് പോന്നശേഷം
മാനുഷരൊക്കെ വലഞ്ഞു് പോയി

ദേവകീനന്ദാനാ വാസുദേവാ
അമ്പാടി തന്നില്‍ വളര്‍ന്നവനേ
കാലികള്‍ മേച്ചു് നടന്നവനേ
പാല്‍ ‍തൈരു് വെണ്ണ കട്ടുണ്ടവനേ

അച്ചൊമനെക്കൊല ചെയ്തവനേ
നാരിമാര്‍ കൂറ കവര്‍ന്നവനേ
പെണ്ണു്ങ്ങളെച്ചതി ചെയ്തവനേ
വാമനനായൊരു മാധവനേ

മണ്ണളന്നെന്നെ ചതിച്ചവനേ
മോടികളൊക്കെയും മാറ്റിയോനേ
ചിങ്ങത്തെ ഓണം മുടക്കിയോനേ
ഇങ്ങനെയാകുവാനെന്തു് മൂലം?”

മാവേലി ചൊന്നതു് കേട്ടനേരം
മാധവന്‍ താനുമരുളിച്ചെയ്തു:
“ഖേദിയ്ക്ക വേണ്ടയെന്‍ രാജമൌലീ
മാനിതനായോരരചവീരാ

കാലമൊരാണ്ടിലൊരു ദിവസം
മാനുഷരെ വന്നു് കണ്ടു് കൊള്‍ക”
അങ്ങനെ മാധവന്‍ ചൊന്നു പിന്നെ
വച്ചു് മുറപോലെ ചട്ടം കെട്ടി:

“ഗോപന്‍മാര്‍ ഗോപാല നാരിമാരും
ബാലന്‍മാര്‍ ബാലത്തരുണിമാരും
സേവകര്‍ മറ്റുള്ള ആളുകളും
ആകവേ കേള്‍പ്പിന്‍ ഞാന്‍ ചൊല്‍വതെല്ലാം,

കാലമൊരാണ്ടിലൊരു ദിവസം
മാവേലി താനും വരുമിവിടെ”
സേവിച്ചു് വാണോരു മന്നരാജന്‍
മാവേലിയപ്പോഴരുളിച്ചെയ്തു:

“ചിങ്ങമാസത്തിലെ ഓണത്തിന്‍ നാള്‍
മാനുഷരെല്ലാരും മേളിയ്ക്കുന്നു
അങ്ങനെയുള്ളയാ ഓണന്തോറും
മാനുഷരെ വന്നു് കാണ്‍കയായി”

ങ്ങനെ തന്നെ വരുന്നു മന്നന്‍
ചാവു് ജയിച്ചോരരചരാജന്‍
ചിങ്ങമാസത്തിലെ ഓണത്തിന്‍ നാള്‍
മാവേലി മന്നവന്‍ വന്നിടുന്നു

ചിങ്ങത്തെ ഓണം മുടങ്ങിടാതെ
ആഘോഷമായി നടത്തവേണം
പണ്ടേതിനേക്കോളും മോടിയായി
വേണ്ടുന്നതെല്ലാമൊരുക്കിടേണം

ചെത്തിയടിച്ചു് വഴിനടകള്‍
വെണ്‍ മണല്‍ തൂവി വഴി നടപ്പാന്‍
ചെഞ്ചെളി ചേരും നിലങ്ങളെല്ലാം
ഇട്ടലും മാടി വെയിലികെട്ടി

കുമ്മായം കൊണ്ടു് മെഴുകുന്നോരും
ചെമ്മണ്ണു് കൊണ്ടു് തറപിടിച്ചു്
മുറ്റത്തു് വട്ടക്കളവുമിട്ടു്
ഗോമയം കൊണ്ടു് മെഴുകിത്തേച്ചും

പുഷ്പങ്ങള്‍ കൊണ്ടു് മതില്‍ വളച്ചും
ആര്‍പ്പു് വിളിച്ചുമലങ്കരിച്ചും
ആന്ദമെന്നേ പറവാനുള്ളൂ
എത്രയും ഘോഷങ്ങളൊക്കെ വേണം

ആണ്ടവില്ലോടു് കടുന്തുടിയും
തംബുരു വീണകള്‍ താളവുമായ്
മദ്ദളം ചെണ്ടയുടുക്കുകളും
നല്ലകുഴല്‍ വിളിച്ചിമ്പരാഗം

വാളേറുമമ്മാനമാട്ടമെല്ലാം
പന്തടിയിത്തരമൊട്ടു് ഘോഷം
നാരിമാര്‍ ബാലന്‍മാര്‍ വൃദ്ധന്‍മാരും
ലീലകള്‍ പൂണ്ടു് വസിയ്ക്കുംകാലം

മാനം വളച്ച വളപ്പകത്തു്
നല്ല നഗരങ്ങളെല്ലാടവും
നെല്ലുമരിയും പലതരത്തില്‍
വേണ്ടുന്ന വാണിഭമൊന്നു് പോലെ

ആടു്കളാന കുതിരകളും
കെട്ടിവരുന്നതിനറ്റമില്ല
ശീലത്തരങ്ങളും വേണ്ടുവോളം
നീലക്കവിണികള്‍ വേണ്ടുവോളം

കായങ്കുളച്ചേല പോര്‍ക്കളത്തില്‍
തോരനെഴുതിയ വാളിന്‍ പിടി
നായകവീരന്‍മാര്‍ക്കറ്റമില്ല
കെട്ടിവരും പൊന്നിനറ്റമില്ല

നല്ല മണല്പാടന്‍ നല്ലെഴുത്തന്‍
മാങ്കോരത്തോരനുമെള്ളുണ്ടയും
വേണ്ടും തരങ്ങളും വേണ്ടുവോളം
നഗരിയില്‍ നല്ലതു് കോഴിക്കോടന്‍

ചീനത്തെ മുണ്ടു്കള്‍ വേണ്ടുവോളം
തെക്കര്‍ കിഴക്കര്‍ കവിണിയുണ്ടു്
ഓരോ തരങ്ങളില്‍ വേണ്ടുവോളം
പട്ടു് പുടവകള്‍ക്കറ്റമില്ല

കണ്ണാടി കസ്തൂരി കര്‍പ്പൂരവും
പച്ചപ്പുഴുച്ചാന്തും സിന്ദൂരവും
അഷ്ടഗന്ധങ്ങളും ചന്ദനവും
നല്ല കരിപ്പെട്ടി നാരങ്ങയും

ഈ വണ്ണമുള്ള വിശേഷങ്ങളും
സാന്നാഹം ചൊന്നാലൊടുക്കമില്ല
പച്ചക്കുലയും പഴക്കുലയും
പപ്പടക്കെട്ടുകള്‍ വേണ്ടുവോളം

മയ്ക്കണ്ണിമാരുടെ വാക്കു് കേള്‍പ്പിന്‍:
“മാരനോടൊന്നു് പറഞ്ഞിടട്ടെ,
ചേലയെനിയ്ക്കൊന്നു് വേണമെങ്കില്‍
നീളം കുറഞ്ഞെതൊന്നങ്ങു് വേണം

വീതിയിലൊട്ടും കുറഞ്ഞിടാതെ
രണ്ടര തന്നെയകലം വേണം
നാലു് ഭാഗത്തു് കരയും വേണം
കണ്ടാലും നല്ല വിശേഷം വേണം”

എന്നതു് കേട്ടൊരു നാരിയപ്പോള്‍
തന്റെ കണവനോടൊന്നു് ചൊല്ലി :
“വല്ലതും ഞാനൊന്നു് ചൊല്ലുന്നാകില്‍
നല്ലതെന്നുള്ളതു് തോന്നുന്നില്ല

മഞ്ഞക്കവിണിയിലൊന്നു് വേണം
നാളേയ്ക്കു് നല്ലതു് വാങ്ങിക്കൊള്‍വിന്‍”
എന്നതു് കേട്ടപ്പോള്‍ മറ്റൊരുത്തി
തന്റെ കണവനോടൊന്നു് ചൊന്നാള്‍:

“കാരണം കേള്‍പ്പിന്‍ ഞാന്‍ ചൊന്ന വാര്‍ത്ത
ദൂരം വഴി നിങ്ങള്‍ പോകുന്നാകില്‍
പൂരാടം നാള്‍ക്കിങ്ങു് വന്നിടേണം
വീരാളിയ്ക്കൊത്തൊരു ചേല വേണം

നേരെത്തെ ഞാനിതാ ചൊല്ലിടുന്നു
പിന്നെപ്പറഞ്ഞു് പിണങ്ങിപ്പോണ്ട
എന്നില്‍ കുറച്ചും കൃപയുണ്ടെങ്കില്‍
അന്നേരം കണ്ടാലറിഞ്ഞു് കൊള്ളാം”

എന്നതു് കേട്ടപ്പോള്‍ മറ്റൊരുത്തി
തന്‍റെ കണവനോടൊന്നു് ചൊല്ലി:
“ചേലയാലൊന്നിങ്ങു് വേണമെങ്കില്‍
ഈടുള്ള ചേലകള്‍ വാങ്ങിക്കൊള്‍വിന്‍”

എന്നതു് കേട്ടപ്പോള്‍ മറ്റൊരുത്തി
തന്‍റെ കണവനോടൊന്നു് ചൊല്ലി
“ചേലയുടവാത്ത വേണമല്ലോ
കേടുവരാതെയിരുന്നു പോട്ടെ”

ഇങ്ങനെ കേട്ടപ്പോള്‍ മറ്റൊരുത്തി
തന്‍റെ കണവനോടൊന്നു് ചൊല്ലി:
“നാണക്കേടൊന്നുമേ ബോധിയ്ക്കേണ്ടാ
നല്ലതരമൊക്കെ നോക്കിക്കൊള്‍വിന്‍”

എന്നതു് കേട്ടപ്പോള്‍ മറ്റൊരുത്തി
തന്നുടെ മാരനോടൊന്നു് ചൊന്നാള്‍:
“ചേലയെനിയ്ക്കൊന്നു് മുമ്പെയുണ്ടു്
മീതെയിടുന്നൊരു മുണ്ടു് വേണം”

എന്നതു് കേട്ടപ്പോള്‍ മറ്റൊരുത്തി
തന്‍റെ കണവനോടൊന്നു് ചൊല്ലി:
“നീലക്കവിണിയും വേണ്ടെനിയ്ക്കു്
കായങ്കുളച്ചേലയൊന്നു് വേണം

മേലെ ചുറ്റീടുവാനൊന്നു് വേണം
രണ്ടാം തരം തന്നെ വേണം താനും
എന്നാല്‍ മതിയെനിയ്ക്കെന്‍റെ കാന്താ”
ഇങ്ങനെ നാരിമാര്‍ വാക്കു് കേട്ടു

ബാലത്തരുണിമാര്‍ വാക്കു് കേള്‍പ്പിന്‍:
“ചേലയെനിയ്ക്കൊന്നു് വേണമെങ്കില്‍
നീലക്കവിണിയിലൊന്നു് വേണം
തോരനെഴുതിയതൊന്നും വേണം”

ഇങ്ങനെ കേട്ടൊരു കന്യകയും
മാതാവോടേവം പറഞ്ഞിടുന്നു:
“ഓണവും വന്നിങ്ങടുത്തുവല്ലോ
ഓണപ്പുടവയെനിയ്ക്കില്ലല്ലോ

അച്ഛന്‍ കൊണ്ടുന്നതെനിയ്ക്കു് വേണ്ടാ
നാണക്കേടായിട്ടു് വന്നു് കൂടും”
“എന്‍റെ പുടവയുടുത്തോ നീയു്
ഓണം കഴിഞ്ഞേയെനിയ്ക്കു് വേണ്ടൂ.”

ങ്ങനെ നാരിമാര്‍ ബാലന്മാരും
ഭംഗികളോരോന്നു് ചൊല്ലിക്കൊണ്ടു്
കാതിലെ തോടയും കൈവളയും
മാലയും താലിയും മോതിരവും

മിന്നിക്കടകം മണിക്കുടയും
പൊന്നിന്‍ ചിലമ്പും തരിവളയും
കാഞ്ചികള്‍ നൂപുരം കാല് വളയും
പച്ചച്ചരടും പവിഴമാല

കെട്ടുന്ന നാരിമാര്‍ക്കറ്റമില്ലാ
എന്നൊരു നാരി പറഞ്ഞാളല്ലോ
എന്നതു് കേട്ടോരു കന്യ ചൊല്ലി
“മാലയും താലീം എനിയ്ക്കില്ലമ്മേ”

“എന്നതു് കൊണ്ടേതും ഖേദിയ്ക്കേണ്ടാ
നാണക്കേടായി വരികയില്ല
മംഗല്യം തേച്ചു് വെളുക്കെക്കെട്ടി
വസ്ത്രം വെളുത്താല്‍ മതി മകളേ”

ഇങ്ങനെ ഘോഷങ്ങളെന്നേ വേണ്ടൂ
എത്രയുമാനന്ദമെന്നേ വേണ്ടൂ
അത്തം തുടങ്ങുന്ന നാളു് മുതല്‍
വേണ്ടുന്നതെല്ലാമൊരുക്കീടേണം

പൂവുമറുത്തു് പിള്ളാരു് വന്നു്
തുമ്പമലരാദി പൂക്കള്‍ കൊണ്ടു്
നല്ത്തറ നന്നായണിഞ്ഞു് കൊണ്ടും
നിലവിളക്കു് കൊളുത്തിവച്ചും

തൃക്കാ’ക്കരപ്പനിടവുമേകി
പട്ടൊടു് പൂപ്പട്ടു് വച്ചതിന്മേല്‍
വെള്ളവും കൊണ്ടന്നു് വട്ടകയില്‍
കുരവയായ് നാരിമാര്‍ നീര്‍ തളിച്ചു്

നല്ല കടുന്തുടി കയ്യലകും
കൊണ്ടുവന്നീടുന്നു ബാലന്‍മാരും
നില്ക്കുന്ന നാരി ഞൊറിഞ്ഞുടുത്തു്
ഉള്‍ക്കാമ്പില്‍ ധ്യാനിച്ചു് മാതേവരെ

നെല്ലുമരിയുമെതിരെ വച്ചു്
നല്ല കനകം നിറച്ചു് വച്ചു്
തേങ്ങയും വെട്ടി കലശമാടി
ആനന്ദമെന്നേ പറവാനുള്ളൂ

ആലയമൊക്കെയുമൊന്നു് പോലെ
നാരിമാര്‍ ബാലന്‍മാര്‍ മറ്റുള്ളോരും
ആകെക്കുളിച്ചു് ജപം കഴിഞ്ഞു്
മാവേലി മന്നനെ കാത്തിരുന്നു

ങ്ങയൈല്ലാമിരിക്കും കാലം
മാവേലി താനുമെഴുന്നള്ളുന്നു
നാരായണന്‍റെ യകമ്പടിയാല്‍
ഭൂലോകം കാണാനെഴുന്നള്ളുന്നു

സുര ലോകങ്ങളില്‍ കേട്ട നേരം
സുര നാരിമാരും വന്നു് ചേര്‍ന്നു
നാക ലോകങ്ങളില്‍ കേട്ട നേരം
നാക നാരിമാരും വന്നു് ചേര്‍ന്നു

നക്ഷത്ര ലോകത്തു് കേട്ടനേരം
നക്ഷത്രാദികളും വന്നു് ചേര്‍ന്നു
തൃക്കാ’ക്കരെയ്ക്കങ്ങുലകൊഴിഞ്ഞു്
അസൂര്യ ചന്ദ്രന്‍മാര്‍ വന്നു് ചേര്‍ന്നു

വെള്ളാന രണ്ടുമിരുപുറവും
ലോകം കുലുങ്ങിന വാദ്യങ്ങളും
ശംഖു് നാദങ്ങള്‍ മുഴക്കംകൊണ്ടു്
ദിക്കു്കള്‍ തോറും നിറഞ്ഞു് തോന്നി

വെള്ളാന തന്റെ കഴുത്തിലേറി
മാവേലി തന്‍റെയെഴുന്നള്ളത്തു്
ആദരവോടെ തന്‍ ചേകവരും
നാഗന്‍മാര്‍ വീരന്‍മാര്‍ നായകരും

നാരിമാര്‍ പാടിയുമാടിക്കൊണ്ടും
പാടുന്ന താളത്തില്‍ നൃത്തം വച്ചു
ആസുരമായൊരുലകം വന്നു
ആഘോഷമെന്നേ പറവാനുള്ളൂ.

ലോകങ്ങള്‍ കാണുവാനെത്തിയാറെ
മാവേലി മാനുഷരോടരുളി:
“മാനുഷരെല്ലാമനുസരിപ്പിന്‍
ചിങ്ങത്തെ ഓണം മുടങ്ങിടാതെ

നാരായണന്‍റെ സമേതനായി
കൊല്ലമൊരാണ്ടിലൊരു നാളിലു്
ചിങ്ങമാസത്തിലെ ഓണന്തോറും
മാനുഷരെക്കാണാന്‍ ഞാന്‍ വരുന്നു”

ലോകങ്ങള്‍ കണ്ടു് തെളിഞ്ഞശേഷം
മാവേലിപോകുന്ന നേരത്തിങ്കല്‍
നിന്നു് കരയുന്നു മാനുഷരു്
മാവേലിയപ്പോഴരുളിച്ചെയ്തു:

“ഖേദിയ്ക്ക വേണ്ടെന്റെ മാനുഷരേ
ഞാനിനിയും വന്നു് നാടു് വാഴും
കൊല്ലമോരോന്നു് തികഞ്ഞിടുമ്പോള്‍
ഓണത്തിനെന്നും വരുന്നുമുണ്ടു്

ചിങ്ങത്തെ ഓണം മുടങ്ങിടാതെ
ആഘോഷമായി നടത്തിടുക”
എന്നതു് കേട്ടപ്പോള്‍ മാനുഷരു്
നന്നായ് തെളിഞ്ഞു മനസ്സു് കൊണ്ടു്.

കേരളയൂഴിയ്ക്കുടയവനാം
മാവേലിയെന്നയരചരാജന്‍
ആഴി പോലുള്ള തിരുവുള്ളത്താല്‍
ഈ ലോകം വന്നിനി വീണ്ടും വാഴും

--ങ്ങനെ ചൊല്ലി കിളിമകളും
തിങ്ങിനാമോദേന തേന്‍ നുകര്‍ന്നു
മങ്ങലു് നീങ്ങീട്ടു് വീണ്ടും ചൊന്നു:
“അങ്ങയെല്ലോയിന്നോണം വന്നു”

“ഓണച്ചമയമതെന്തെല്ലാമാ?
ണോണവിളക്കമതെന്തെല്ലാമാ?
ണോണപ്പയിറ്റുകളെന്തെല്ലാമാ?”
ണപ്പോളുരത്തു കിളിമകളും:-


അപ്പവും വേണം അടയും വേണം
പര്‍പ്പേറും പപ്പടം കൂടി വേണം
കൊട്ടത്തേങ്ങായും പഴവും മലര്‍
തൈരും നെയ് തേനും ഗുളവും വേണം

കാളനുമോലനുമെല്ലാം വേണം
കൂട്ടാനുകളഞ്ചും വേറെ വേണം
മേളമായ് തുമ്പമലരൊളി പോല്‍
ചോറും പായസവും ഒക്കെ വേണം

തൃക്കാ’ക്കരെത്തിരുമാതേവരെ
ഉള്‍ക്കാമ്പില്‍ ധ്യാനിച്ചു് മേളിച്ചിട്ടു്
ഉല്ലാസമായി ഭുജിച്ചിടേണം
ഓണക്കളികള്‍ പലതും വേണം

ആണുങ്ങളെല്ലാരുമൊത്തു് കൂടി
വില്ലാളിമാരൊക്കെ കച്ചകെട്ടി
വില്ലു് കുലച്ചു് വലിച്ചു് പൂട്ടി
മല്ലരു് പോരു് നടത്തിടേണം

പെണ്ണു്ങ്ങളെല്ലാരുമൊത്തിറങ്ങി
ആട്ടവും പാട്ടും നടത്തിടേണം
ഉല്ലാസമാര്‍ന്നു് നടിച്ചു് കുമ്മി
സമ്മാനമോടെ കുരവ പാടീം

കുട്ടികളൊക്കെയും പൂവറുത്തും
നിര്‍മായമങ്ങനെയുല്ലസിക്ക
ഇങ്ങനെ ഓണം കഴിച്ചു് വന്നാല്‍
പാരില്‍ നമുക്കു് വിളങ്ങും സൌഖ്യം.

മാതേവ നിര്‍മ്മിതമായ പാട്ടു്
വിദ്യയില്ലാത്തവര്‍ ചൊല്ലുന്നേരം
വിദ്വാന്‍മാര്‍ കണ്ടതിന്‍ കുറ്റം തീര്‍പ്പിന്‍
മാവേലി കീര്‍ത്തനം പാടിടുവിന്‍

ഇക്കഥ പാടിക്കളിയ്ക്കുന്നോര്‍ക്കും
ദിക്കറിയാത്തവര്‍ കേള്‍ക്കുന്നോര്‍ക്കും
ദുഃഖമൊഴിഞ്ഞു് സുഖമുണ്ടാകും
മക്കള്‍ മരുമക്കളേറ്റമുണ്ടാം

ഇപ്പാട്ടു് പാടി സ്തുതിയ്ക്കുന്നോര്‍ക്കു്
പ്രാണനപായം വരുന്ന കാലം
മാതേവ പാദമാം നാരായണന്‍
തിലേയ്ക്കു് ചെന്നു് ചേര്‍ന്നു് കൊള്ളും

--മാവേലി കീര്‍ത്തനം പാടിക്കൊണ്ടു്
ഇക്കഥ ചൊന്നൊരു തത്തത്താനും
പാടിപ്പറന്നു് പോയ് തൃക്കാ’ല്ക്കരെ
മെല്ലെവെച്ചെന്നു് സുഖിച്ചിരുന്നു.
ശുഭം -

1 comment: