20070731

മഹാബലിചരിതം - ഓണപ്പാട്ടു് (2)

“ആരോമല്‍ പൈങ്കിളിപ്പെണ്‍കിടാവേ,
പാരാതെ വന്നങ്ങരികത്തിരി,
എങ്ങു്ന്നു് വന്നൂ കിളിക്കിടാവേ?”
“തൃക്കടല്ക്കരേന്നു് വന്നു ഞാനും”

“തൃക്കാ’ക്കരെയെന്തു് വാര്‍ത്തയുള്ളൂ?”
“അക്കഥ ചൊല്‍വാനെളുതല്ലൊട്ടും!”
ഖിന്ന‍തവിട്ടു് കിളിക്കിടാവു്
നന്നായ് പറഞ്ഞു് തുടങ്ങിയല്ലോ:-


മാതേവരും തിരു മാവേലിയും
ദിതിയമ്മയും തുണയ്ക്കവേണം
ശുക്രനുമെ‍ന്‍റെ ഗുരുക്കന്‍മാരും
ഉള്‍ക്കാമ്പില്‍ വന്നിങ്ങുദിയ്ക്ക വേണം

തൃക്കാ’ക്കരെത്തിരു മാതേവര്‍ തന്‍,
തൃപ്പാദസേവകന്‍ മന്ന‍രാജന്‍
മാവേലിയെന്നൊരരചനല്ലോ
പാരിടമൊക്കെയും കേള്‍‍വി പൊക്കി,


ഇപ്പാരിടത്തിനു് മേന്‍മ നല്കി,
ആമോദം പാരില്‍ വളര്‍ത്തി വാണ
തൃക്കാ’ല്ക്കരെത്തിരു മന്നവന്‍റെ
വാര്‍ത്തകള്‍ കേള്‍പ്പിന്‍ മഹാലോകരേ,


മാവേലി നാടു് വാണീടും കാലം
മാനുഷരെല്ലാരുമൊന്നു് പോലെ
ആമോദത്തോടെ വസിയ്ക്കും കാലം
ആപത്തങ്ങാര്‍ക്കുമൊട്ടില്ലതാനും


ആധികള്‍ വ്യാധികളൊന്നുമില്ല
ബാലമരണങ്ങള്‍ കേള്‍പ്പാനില്ല
പത്തായിരത്താണ്ടിരിയ്ക്കുമല്ലൊ
ഭൂലോകമൊക്കെയുമൊന്നു് പോലെ


ദുഷ്ടരെ കണ്‍കൊണ്ടു് കാണ്‍മാനില്ല
നല്ലവരല്ലാതെയില്ലയാരും
ഭൂലോകമൊക്കെ കനകമത്രേ!
ആലയമൊക്കെയുമൊന്നു് പോലെ


നല്ല കനകം കൊണ്‍ടെല്ലാവരും
ആഭരണങ്ങളണിഞ്ഞു് കൊണ്ടു്
നാരിമാര്‍ ബാലന്‍മാര്‍ മറ്റുള്ളോരും
നീതിയോടെങ്ങും വസിയ്ക്കും കാലം


കള്ളവുമില്ലാ ചതിവുമില്ലാ
എള്ളോളമില്ലാ പൊളിവചനം
വെള്ളിക്കോലാദികള്‍ നാഴികളും
എല്ലാം കണക്കു്കള്‍ ഒന്നു്പോലെ


കള്ളപ്പറയും ചെറുനാഴിയും
കള്ളത്തരങ്ങള്‍ മറ്റൊന്നുമില്ല!
നല്ല മഴ പെയ്യും വേണ്ടും കാലം
നല്ലപോലെല്ലാവിളവും ചേരും


എല്ലാ കൃഷികളുമൊന്നു്പോലെ
നെല്ലിനു് നൂറു് വിളവതുണ്ടു്
പത്തായമെല്ലാം നിറവതുണ്ടു്
പത്തായിരമാണ്ടിരിപ്പുമുണ്ടു്


വേദിയര്‍ വേദവും സംഗീതവും
യാഗാദി കര്‍മ്മം മുടക്കിടാതെ
മാവേലി രക്ഷിച്ചു് വാഴും കാലം
മാനുഷരോടങ്ങരുളിച്ചെയ്തു:


“നിങ്ങളെല്ലാരുമനുസരിപ്പിന്‍
ചിങ്ങത്തിലുള്ള തിരുവോണം നാള്‍
അല്ലല് കൈവിട്ട തിരുന്നാളല്ലോ
ചിങ്ങത്തിലുള്ള തിരുവോണം നാള്‍


തൃക്കാക്കരെയ്ക്കു് നാമൊക്കെച്ചെന്നു്
മാതേവരപ്പനു് ഓണം കണ്ടു്
അന്നൊരു വേല വിചിത്രമായി
വന്ദിച്ചു് കൊണ്ടു് തുടങ്ങിടേണം”


അങ്ങനെ ഓണം കഴിയും കാലം
എങ്ങയൈന്നു് പറയുന്നു ഞാന്‍,
തൃക്കാക്കരപ്പനു് ഓണം കാണ്‍മാന്‍
പോകണമെന്നു് പുറപ്പെട്ടാറെ


നാരിമാര്‍ വൃദ്ധന്‍മാര്‍ ബാലന്‍മാരും
തൃക്കാക്കരെയ്ക്കു് വഴിനടന്നു്
ദുഃഖിപ്പാനേതുമെളുതല്ലെന്നു്
കേട്ടാറെ മാവേലിതാരുളി:


“ഇന്നു് തുടങ്ങി നാമെല്ലാവരും
ഇല്ലങ്ങള്‍ തോറുമലങ്കരിച്ചു്
ചെത്തിയടിച്ചു് മെഴുകിത്തേച്ചു്
നല്ത്തറയിട്ടു് കളമെഴുതി


തുമ്പമലരാദി പുഷ്പങ്ങളും
അമ്പോടണിയറ തന്‍നില്‍ ചാര്‍ത്തി
പത്തു് നാള്‍ മുമ്പേ വന്നത്തം തൊട്ടു്
എത്രയും ഘോഷങ്ങളെന്നേ വേണ്ടൂ


നാരിമാര്‍ വൃദ്ധന്‍മാര്‍ മറ്റുള്ളോരും
ആകെക്കുളിച്ചവരൂണ്‍ കഴിഞ്ഞും
അങ്ങനെ തന്‍നെയും ദിക്കു് തോറും
ഘോഷങ്ങളൊക്കെയുമൊന്നു് പോലെ


മാവേലി രക്ഷിച്ചു് വാഴും കാലം
അക്കാലമൊക്കെയുമൊന്നു് പോലെ
അക്കാലം മാധവന്‍, ഉണ്ണിയായി
മാവേലി തന്‍നോടു യാചിയ്ക്കുന്നു:


“മൂവടി മണ്ണെനിയ്ക്കാശയുണ്ടാം”
“മൂവടി മണ്ണുമളന്നു് കൊള്‍ക”
മൂവടി മണ്ണന്നളന്ന നേരം
മൂവടി മണ്ണു് തികഞ്ഞതില്ലമാവേലി മണ്ണുപേക്ഷിച്ചശേഷം
മാധവന്‍ നാടു് വാണിടും കാലം
ആകവേ ആയിരം ബ്രാഹ്മണരെ
നിത്യവുമൂട്ടിത്തുടങ്ങിയല്ലോ


മാവേലിയോണം മുടങ്ങിയല്ലോ
അക്കഥകേട്ടാറെ മാവേലിതാന്‍
ഖേദിച്ചു തന്‍റെ മനസ്സുകൊണ്ടും,
ചോദിച്ചുപാരം മനസ്സു്മുട്ടീം:


“എന്‍നുടെ ഭൂമി അടക്കംവാങ്ങി
ഞാനുപേക്ഷിച്ചിങ്ങു് പോന്നശേഷം
മാനുഷരൊക്കെ വലഞ്ഞുവല്ലോ
ദേവകീനന്ദനാ വാസുദേവാ


കുചേലന്റെയവില് തിന്നവനേ
അമ്മാവനെ കൊല ചെയ്തവനേ
നാരിമാര്‍ കൂറ കവര്‍ന്നവനേ
നാരിമാരെച്ചതി ചെയ്തവനേ


വാമനനായൊരു മാധവനേ
മണ്ണളന്നെന്നെ‍ച്ചെതിച്ചവനേ
മോടികളൊക്കെയും മാറ്റിയോനേ
ഇങ്ങനെയാകുവാനെന്തു് മൂലം?”


മന്ന‍വന്‍ തന്‍മൊഴി കേട്ടനേരം
മാധവന്‍ മന്ന‍വനോടു് ചൊല്ലീ:
“ഖേദിയ്ക്ക വേണ്ടങ്ങു് മാവേലിയേ
ഈ ലോകം വാണോരരചവീരാ


കാലമൊരാണ്ടിലൊരു ദിവസം
വന്നു് മാനുഷരെ കണ്ടു് കൊള്‍വിന്‍”
അങ്ങനെ മാധവന്‍ ചൊന്നനേരം
മന്ന‍വന്‍ താനുമരുളിച്ചെയ്തു:


“ചിങ്ങമാസത്തിലെ ഓണത്തിന്‍ നാള്‍
മാനുഷരെല്ലാരും മേളിയ്ക്കുന്നു
അങ്ങനെയുള്ളയാ ഓണന്തോറും
മാനുഷരെ വന്നു് കാണ്‍കയായി”


ങ്ങനെ തന്‍നെ വരുന്നു മന്‍നന്‍
ചാവുമില്ലാത്തൊരരചരാജന്‍
ചിങ്ങമാസത്തിലെ ഓണത്തിന്‍ നാള്‍
മാവേലി മന്‍നന്‍ വരികയായി


ചിങ്ങത്തെ ഓണം മുടങ്ങിടാതെ
ആഘോഷമായി നടത്തവേണം
പണ്ടേതിനേക്കാള്‍ വിചിത്രമായി
വേണ്ടുന്നതെല്ലാമൊരുക്കീടേണം


ചെത്തിയടിച്ചു് വഴി നടകള്‍
ചുറ്റും കിളച്ചങ്ങു് വേലി കെട്ടി
വെണ്‍മയില്‍ ചുവ്‍രും നിലങ്ങളെല്ലാം
പൊന്‍മയമാക്കി മെഴുകിടേണം


കുമ്മായംകൊണ്ടു് മെഴുകുന്നോരും
ചെമ്മണ്ണു് കൊണ്ടു് തറപിടിച്ചു്
മുറ്റത്തു് വട്ടക്കളവുമിട്ടു്
ഗോമയം കൊണ്ടു് മെഴുകിയെല്ലാം


പുഷ്പങ്ങള്‍ കൊണ്ടു് മതില്‍ വളച്ചും
ആര്‍പ്പു് വിളിച്ചുമലങ്കരിച്ചും
ആനന്ദമെന്നേ പറവാനുള്ളൂ
എത്രയും ഘോഷങ്ങളെന്നേ വേണ്ടൂ


ആണ്ട വില്ലമ്പു് കടുന്തുടിയും
തുംബുരു വീണ കുഴല്‍നാദവും
മദ്ദളം ചെണ്ട മുരശുടുക്കും
നല്ല കുഴല്‍ വീണ ചിന്തുരാഗം


വാളേറുമമ്മാമാട്ടമെല്ലാം
പന്തടിയിത്തരമോരോമേളം
ചിത്തമോദത്താല്‍ തരുണിമാരും
ലീല കലര്‍ന്നു് മരുവും കാലം


മാനം വളച്ച വളപ്പകത്തു്
നല്ല നഗരങ്ങളെല്ലാടവും
നെല്ലുമരിയും പലതരത്തില്‍
വേണ്ടുന്ന വാണിഭമൊന്നുപോലെ


ആന കുതിരകളാടുമാടും
കെട്ടിവരുന്നതിനറ്റമില്ലാ
ചേലത്തരങ്ങളും വേണ്ടുവോളം
നീലക്കവിണിയും ചിറ്റാടയും


കായങ്കുളച്ചേല പോര്‍ക്കളത്തില്‍
തോരനെഴുതിയ വാളിന്‍പിടി
നായകവീരന്‍മാര്‍ക്കറ്റമില്ലാ
കെട്ടിവരും പൊന്‍നിനറ്റമില്ലാ


നല്ലോണം ഘോഷിപ്പാന്‍ നല്ലെഴുത്തന്‍
നല്ലമണല്പാടന്‍ ചോഴിയനും
വേണ്ടുംതരങ്ങളും വേണ്ടുവോളം
നഗരീല് നല്ലതു് കോഴിക്കോടന്‍


ചീനത്തെ മുണ്ടു്കള്‍ വേണ്ടുവോളം
തെക്കര്‍ കിഴക്കര്‍ കവിണിയുണ്ടു്
ഓരോ തരങ്ങളില്‍ വേണ്ടുവോളം
പട്ടു് പുടവകള്‍ക്കമില്ല


കണ്ണാടി കസ്തൂരി കര്‍പ്പൂരവും
പച്ചപ്പുഴുച്ചാന്തും സിന്ദൂരവും
അഷ്ടഗന്ധങ്ങളും ചന്ദനവും
മാങ്കോരത്തോരനുമെള്ളുണ്ടയും


ഈവണ്ണമുള്ള വിശേഷങ്ങളും
സന്‍നാഹം ചൊന്നാലൊടുക്കമില്ലാ
പച്ചക്കുലയും പഴക്കുലയും
പപ്പടക്കെട്ടുകള്‍ വേണ്ടുവോളം


വെറ്റിലടയ്ക്കയും നാളികേരം
ജീരകം ഉള്ളി കടു(ക്) മുളകു്
ശര്‍ക്കര തേനോടു് പഞ്ചസാര
എണ്ണയും നെയ്യും വെളിച്ചെണ്ണയും


എണ്ണമില്ലാതോളമെന്നേ വേണ്ടൂ
കണ്ടവര്‍ കൊണ്ടും കൊടുത്തും വാങ്ങി
വേണ്ടുന്നതൊക്കെയും വേണ്ടുവോളം
ഞാനിതു് ചൊന്നാലൊടുക്കമില്ല


മാനിനിമാരുടെ വാക്കു് കേള്‍പ്പിന്‍:
“മാരനോടൊന്നു് പറഞ്ഞിടട്ടെ,
ചേലയെനിയ്ക്കൊന്നു് വേണമെങ്കില്‍
നീളം കുറഞ്ഞതൊന്നങ്ങു് വേണം


വീതിയിലൊട്ടും കുറഞ്ഞിടാതെ
രണ്ടര തന്നെയകലം വേണം
നാലു് ഭാഗത്തു് കരയും വേണം
കണ്ടാലും നല്ല വിശേഷം വേണം”


എന്നതു് കേട്ടൊരു നാരിയപ്പോള്‍
തന്‍റെ കണവനോടൊന്നു് ചൊല്ലി:
“വല്ലതും ഞാനൊന്നു് ചൊല്ലുന്നാകില്‍
നല്ലതെന്നുള്ളതു് തോന്നുന്നില്ല


ചേയു്ക്കച്ചയൊന്നെനിയ്ക്കു് വേണം
നല്ല കവിണിയാലൊന്നും വേണം”
എന്നതു് കേട്ടപ്പോള്‍ മറ്റൊരുത്തി
തന്‍റെ കണവനോടൊന്നു് ചൊന്നാള്‍:


“കാരണം കേള്‍പ്പിന്‍ ഞാന്‍ ചൊന്ന വാര്‍ത്ത
ചേലത്തരത്തിനു് പോകുന്നെങ്കില്‍
പൂരാടം നാള്‍ക്കു് വരണം നിങ്ങള്‍
വീരാളിയ്ക്കൊത്തൊരു ചേല വേണം


നേരെത്തെ ഞാനിതു് ചൊല്ലിടുന്നു
പിന്നെപ്പറഞ്ഞു് പിണങ്ങിപ്പോണ്ടാ
എന്‍നില്‍ കുറച്ചും കൃപയുണ്ടെങ്കില്‍
അന്നേരം കണ്ടാലറിഞ്ഞു് കൊള്ളാം”


എന്നതു് കേട്ടപ്പോള്‍ മറ്റൊരുത്തി
തന്‍റെ കണവനോടൊന്നു് ചൊല്ലി:
“ചേലയാലൊന്നിങ്ങു് വേണമെങ്കില്‍
ഈടുള്ള ചേലകള്‍ വാങ്ങിക്കൊള്‍വിന്‍”


എന്നതു് കേട്ടപ്പോള്‍ മറ്റൊരുത്തി
തന്റെ കണവനോടൊന്നു് ചൊല്ലി:
“ചേല ഉടവാത്ത വേണമല്ലോ
കേടു് വരാതെയിരുന്നു് പോട്ടെ”


ഇങ്ങനെ കേട്ടപ്പോള്‍ മറ്റൊരുത്തി
തന്റെ കണവനോടൊന്നു് ചൊല്ലി:
“നാണക്കേടൊന്നുമേ ബോധിയ്ക്കേണ്ടാ
നല്ലതരമൊക്കെ നോക്കിക്കൊള്‍വിന്‍”


എന്നതു് കേട്ടപ്പോള്‍ മറ്റൊരുത്തി
തന്നുടെ മാരനോടൊന്നു് ചൊന്നാള്‍:
“ചേലയെനിയ്ക്കൊന്നു് മുമ്പെയുണ്ടു്
മീതെയിടുന്നൊരു മുണ്ടു് വേണം”


എന്നതു് കേട്ടപ്പോള്‍ മറ്റൊരുത്തി
തന്‍റെ കണവനോടൊന്നു് ചൊല്ലി:
“നീലക്കവിണിയും വേണ്ടെനിയ്ക്കു്
കൈക്കോളന്‍ ചേലയാലൊന്നു് വേണം


മേലെ ചുറ്റീടുവാനൊന്നു് വേണം
രണ്ടാം തരം തന്നെ വേണം താനും
എന്നാല്‍ മതിയെനിയ്ക്കെന്റെ കാന്താ”,
ഇങ്ങനെ നാരിമാര്‍ വാക്കു് കേട്ടു


ബാലത്തരുണിമാര്‍ വാക്കു് കേള്‍പ്പിന്‍:
“ചേലയെനിയ്ക്കൊന്നു് വേണമെങ്കില്‍
നീലക്കവിണിയിലൊന്നു് വേണം
തോരനെഴുതിയതൊന്നും വേണം”


അന്നേരം മറ്റൊരു കന്യകയും
തന്‍നുടെ മാതാവോടൊന്നു് ചൊന്നാള്‍:
“ഓണവും വന്നിങ്ങടുത്തുവല്ലോ
ഓണപ്പുടവയെനിയ്ക്കില്ലമ്മേ


അച്ഛന്‍കൊണ്ടുന്നതെനിയ്ക്കു് വേണ്ടാ
നാണക്കേടായിട്ടു് വന്നു് കൂടും”
“എന്റെ പുടവയുടുത്തോ നീയു്
ഓണം കഴിഞ്ഞേയെനിയ്ക്കു് വേണ്ടൂ”


ഇങ്ങനെ നാരിമാര്‍ ബാലന്‍മാരും
ഭംഗികളോരോന്നു് ചൊല്ലിക്കൊണ്ടു്
കാതിലെ തോടയും കൈവളയും
മാറിലെ താലിയും മോതിരവും
പൊന്ന‍രഞ്ഞാണവും കാതിലയും
കാഞ്ഞാരിചുറ്റും വളകളുമായ്
കാലാഴിയും നല്ല കാല്‍ചിലമ്പും
പിന്‍നല്‍ മടക്കു് മണികുംഭവും

മുത്തു്മാലയുമിളക്കത്താലി
പട്ടു്ചരടും പവിഴമാല
കെട്ടുന്ന നാരിമാര്‍ക്കമില്ല
എന്നതു് കേട്ടൊരു കന്യ ചൊല്ലി:

“മാലയും താലിയെനിയ്ക്കില്ലമ്മേ”
“എന്നതു് കൊണ്ടേതും ഖേദിയ്ക്കേണ്ട
മംഗല്യം തേച്ചു് വെളുക്കെക്കെട്ടി
വസ്ത്രം വെളുത്താല്‍ മതി മകളേ”

ഇങ്ങനെ ഘോഷങ്ങളെന്നേ വേണ്ടൂ
എത്രയുമാനന്ദമെന്നേ വേണ്ടൂ
അത്തം തുടങ്ങുന്ന നാളു് മുതല്‍
വേണ്ടുന്നതെല്ലാമൊരുക്കിടേണം,

നാരിമാര്‍ ബാലന്മാര്‍ മറ്റുള്ളോരും
ആകെക്കുളിച്ചു് ജപം കഴിഞ്ഞു്
ആലയമൊക്കെയുമൊന്നു് പോലെ
മാവേലി മന്നനെ കാത്തിടേണം

ങ്ങനെയെല്ലാമിരിയ്ക്കും കാലം
മാവേലിതാനുമെഴുന്നള്ളുന്നു
നാരായണന്‍ തന്‍ സമേതായി
ഭൂലോകം കാണാനെഴുന്നള്ളുന്നു

സുര ലോകങ്ങളില്‍ കേട്ടനേരം
സുര നാരിമാരും വന്നവിടെ
നാക ലോകങ്ങളില്‍ കേട്ട നേരം
നാക നാരിമാരും വന്നവിടെ

നക്ഷത്ര ലോകത്തു് കേട്ട നേരം
നക്ഷത്രാദികളും വന്നവിടെ
തൃക്കാ’ല്ക്കരെയ്ക്കങ്ങുലകൊഴിഞ്ഞു്
ദിത്യചന്ദ്രന്മാരും വന്നു് ചേര്‍ന്നു

വെള്ളാന രണ്ടുമിരുപുറവും
ലോകം കുലുങ്ങിന വാദ്യങ്ങളും
ശംഖു്കള്‍ നാദം മുഴക്കം കൊണ്ടു്
ദിക്കു്കള്‍ തോറും നിറഞ്ഞു് തോന്നി

വെള്ള ഗജത്തിന്‍ കഴുത്തിലേറി
മാവേലി തന്‍റെയെഴുന്നള്ളത്തു്
ആദരവോടെ തന്‍ ചേകവരും
നായക വീരന്‍മാര്‍ക്കറ്റമില്ല

നാരിമാര്‍ പാടിയുമാടിക്കൊണ്ടും
പാടുന്ന താളത്തില്‍ നൃത്തംവച്ചു
ആഘോഷമെന്നേ പറവാനുള്ളൂ
ആസുരമായൊരുലകമായി

ലോകങ്ങള്‍ കാണുവാനെത്തിയാറെ
മാവേലി മാനുഷരോടരുളി:
ചിങ്ങത്തെ ഓണം മുടങ്ങിടാതെ
“മാനുഷരെല്ലാമനുസരിപ്പിന്‍

കാലമൊരാണ്ടിലൊരുനാളിലു്
ചിങ്ങമാസത്തിലെ ഓണന്തോറും
നാരായണന്‍തന്‍ സമേതായി
മാനുഷരെക്കാണാന്‍ ഞാന്‍ വരുന്നൂ”

ലോകങ്ങള്‍ കണ്ടു് തെളിഞ്ഞ ശേഷം
മാവേലി പോകുന്ന നേരത്തിങ്കല്‍
നിന്നു് കരയുന്നു മാനുഷരു്
മാവേലി അപ്പോഴരുളിച്ചെയ്തു:

“ഖേദിയ്ക്ക വേണ്ടെന്റെ മാനുഷരേ
ഞാനിനിയും വന്നു് നാടു് വാഴും”
എന്നതു് കേട്ടപ്പോള്‍ മാനുഷരു്
നന്നായ് തെളിഞ്ഞു മനസ്സു് കൊണ്ടു്.

മാതേവ നിര്‍മ്മിതമായ പാട്ടു്
വിദ്യയില്ലാത്തവര്‍ ചൊല്ലുന്നേരം
വിദ്വാന്മാര്‍ കണ്ടതിന്‍ കുറ്റം തീര്‍ത്തു്
മാവേലി കീര്‍ത്തനം പാടിടുവിന്‍

ഇക്കഥ പാടിക്കളിയ്ക്കുന്നോര്‍ക്കും
ദിക്കറിയാത്തവര്‍ കേള്‍ക്കുന്നോര്‍ക്കും
ദുഃഖമൊഴിഞ്ഞു് സുഖമുണ്ടാകും
നേര്‍വഴി മുമ്പില്‍ തെളിഞ്ഞു് വരും

ഇപ്പാട്ടു് പാടി സ്തുതിയ്ക്കുന്നോര്‍ക്കു്
മക്കള്‍ മരുമക്കളേറ്റമുണ്ടാം
പ്രാണനപായം വരുന്ന കാലം
മാതേവ പാദത്തില്‍ ചേര്‍ന്നു് കൊള്ളും.

--മാവേലി കീര്‍ത്തനം പാടിക്കൊണ്ടു്
ഇക്കഥ ചൊന്നോരു തത്തത്താനും
പാടിപ്പറന്നുപോയ് തൃക്കാ’ക്കരെ
മെല്ലവെച്ചെന്നു് സുഖിച്ചിരുന്നു
.
..ശുഭം..
--അവലംബം : മാവേലിരാജ്യം-ഒന്നാം പുസ്തകം

No comments:

Post a Comment